ഒരിക്കൽ ഒരു സിദ്ധന്റെ അത്ഭുത സിദ്ധികളുടെ വർത്തമാനങ്ങൾ നാട്ടിൽ പരന്നപ്പോൾ ഒരു ക്ലാസിനിടയിൽ കെ.ടി അന്ത്രു മൗലവി(പെരിങ്ങത്തൂർ)പറഞ്ഞ കഥ ഇങ്ങനെ:
“…..നാല് കെട്ടിന്നകത്ത് താമസിക്കുന്ന ഒരു അമ്മക്ക് ചക്ക ഇല്ലാത്ത കാലത്ത് ചക്ക തിന്നാൽ മോഹമുണ്ടായി. വേലക്കാരനോട് ചക്ക എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു കൊണ്ടുവരാൻ കൽപ്പിച്ചു. യജമാനത്തിയെ അനുസരിക്കലും തൃപ്തിപ്പെടുത്തലും എപ്പോഴും തന്റെ ബാധ്യതയായി ഗണിച്ച് വേലക്കാരൻ ചക്കതേടി വളരെ ദൂരം സഞ്ചരിച്ചു. ഒടുവിൽ ഒരു വീട്ടിലെ പുതിയ പ്ലാവിൽ ഇദം പ്രഥമമായി ചക്കകായ്ച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ കായ്ക്കുന്നത് അകാലത്തുമായിരിക്കും. ( ഇത്തരം ചക്കയുടെ ഉള്ളിൽ ചുളയുണ്ടാകാറില്ല) ഏതായാലും അത് വില ഉറപ്പിച്ചു വാങ്ങി. ചക്ക തോളിലേറ്റി കൊണ്ട് മടങ്ങി വരുമ്പോൾ വഴിമധ്യേ അങ്ങാടിയിൽ വെച്ച് പൊക്കൻ എന്ന പേരായ ഒരാൾ ( പൊക്കൻ, ചാത്തൻ തുടങ്ങിയ പേരുകൾ അധ:കൃതർക്കണുണ്ടാവാറ് ) പറഞ്ഞു:
” നീ എന്തിനാണ് ഇത് വാങ്ങി കൊണ്ടു പോകുന്നത്? ഇതിന്റെ ഉള്ളിൽ ചുളയൊന്നുമുണ്ടാവില്ല….. ” വേലക്കാരൻ ചോദിച്ചു:” നിനക്കെന്താ ഉള്ളറിയാനാകുമോ… ” പൊക്കൻ പറഞ്ഞു :” ശരി നിനക്ക് വീട്ടിലെത്തിയാൽ മനസ്സിലാകും… “അങ്ങനെ വീട്ടിൽ തിരിച്ചെത്തി. അമ്മ ചക്ക ലഭിച്ചതിൽ വളരെ സന്തുഷ്ടയായി. വേലക്കാരൻ ചക്ക കൊത്തി പിളർത്തിയ അപ്പോൾ ഉള്ളിൽ ചുളയൊന്നുമില്ല. ഉടൻ വേലക്കാരൻ ഇത്തിരി വിസ്മയത്തോടെ അമ്മയോട് പറഞ്ഞു :”…. അമ്മേ, ഇതെന്ത് അതിശയമാണ് ; ഞാൻ ഇതുമായി വരുമ്പോൾ അങ്ങാടിയിൽ വെച്ച് പൊക്കൻ എന്നൊരാൾ ഇതിൽ ചുളയൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു, സംഗതി അയാൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു….” ഇത് കേട്ടപ്പോൾ അമ്മയുടെ കൗതുകം പൊക്കന്റെ വർത്തമാനത്തിന്റെ നേരെയായി. അങ്ങനെ അമ്മ പൊക്കനെ വിളിച്ചുവരുത്തി, അന്വേഷണം നടത്തി. അമ്മക്ക് പൊക്കൻ അദൃശ്യജ്ഞാനമുള്ള സിദ്ധനാണെന്ന തോന്നൽ ഉണ്ടായി. അങ്ങനെയിരിക്കെ മറ്റൊരിക്കൽ അമ്മയുടെ ആഭരണം കൈമോശം വന്നു. തദവസരത്തിൽ പൊക്കനെ ഓർമ്മവന്നു വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു :” നമ്മുടെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട് ഒരുമാസത്തിനകം കണ്ടുപിടിച്ചു തുമ്പുണ്ടാക്കണം… ” മറുത്തൊന്നും പറയാനാവാതെ നിസ്സഹായതയിൽ പൊക്കൻ മടങ്ങി. ഈ സാധനം താനെ കണ്ടു കിട്ടിയെങ്കിൽ സമാധാനമാകുമല്ലോ എന്ന ചിന്തയിൽ പൊക്കൻ ഇടയ്ക്കിടെ പോയി ആഭരണം കണ്ടു കിട്ടിയോ എന്ന് അന്വേഷിക്കും. ഇല്ലെന്ന് മറുപടിയും കിട്ടും. അങ്ങിനെ ദിവസങ്ങൾ നീങ്ങി. അമ്മയുടെ വീടിന്റെ അകത്തളത്തിൽ പ്രഗത്ഭനായ മഹാ സിദ്ധനെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത് എന്നും അടുത്തുതന്നെ കേസ് തെളിയുമെന്നും മറ്റും സംസാരം പരന്നു. എല്ലാവരും ഉദ്യേഗത്തിലായിരുന്നു . ഒരു ദിവസം അതിരാവിലെ വീട്ടിലെ വേലക്കാരി പൊക്കന്റെ വീട്ടിലെത്തി തനിക്കൊരു അബദ്ധം പറ്റിയതാണെന്നും രക്ഷിക്കണമെന്നും മറ്റും കരഞ്ഞുകൊണ്ട് സങ്കടം പറഞ്ഞു. പൊക്കൻ അവളെ കണക്കിന് ശകാരിക്കുകയും ശാസിക്കുകയും ചെയ്തു. അവസാനം പൊക്കൻ ഇങ്ങനെ പറഞ്ഞു :” ശരി, ഇനി നിന്റെ ഈ കഥ ആരോടും പറയരുത്. നീ ആഭരണം വീട്ടിനകത്തെ വലതുവശത്തെ അലമാരയിലെ ഭരണിയിൽ കൊണ്ടു വച്ചേക്കുക ആരോടും ഒന്നും പറയണ്ട- മേലിൽ ഇത്തരം തെറ്റ് ചെയ്യരുത്. വേലക്കാരി അപ്രകാരം പ്രവർത്തിച്ചു. നാലഞ്ചു ദിവസങ്ങൾക്ക് ശേഷം വീട്ടിലെത്തിയ പൊക്കൻ ആഭരണം കിട്ടിയോ എന്ന് അന്വേഷിച്ചു ഇല്ലെന്ന് മറുപടിയും കിട്ടി. ” നിങ്ങൾ അകത്ത് അലമാരയിലും അതിനകത്തെ ഭരണികളിലും മറ്റും നോക്കിയോ എന്ന് അന്വേഷിച്ചു. ഒടുവിൽ ആഭരണം അകത്തെ അലമാരയിലെ ഭരണിയിൽ നിന്ന് കിട്ടി. ഇതോടെ നമ്മുടെ പൊക്കൻ ആസ്ഥാന സിദ്ധനായി അംഗീകരിക്കപ്പെട്ടു. തുടർന്ന് മറ്റൊരു നാളിൽ അമ്മ കുളിക്കാനായി കുളക്കരയിലെത്തി അവിടെ തുമ്പികൾ പാറി പറക്കുന്നുണ്ടായിരുന്നു. അമ്മ തുമ്പിയെ കൈവീശി പിടിക്കാൻ ശ്രമിച്ചു. ( തുമ്പിക്ക് വടക്കൻ കേരളത്തിലെ പലേടത്തും പൊക്കൻ എന്നാണ് പറയാറ്) രണ്ടാമതും തുമ്പിയെ( പൊക്കനെ ) പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണ ഒരു തുമ്പി അമ്മയുടെ കൈപ്പിടിയിൽ ഒതുങ്ങി. കൈകളിലെ തുമ്പിയെയും കൊണ്ട് നിവർന്ന് നിന്നപ്പോൾ അകലെ നിന്ന് പൊക്കൻ വരുന്നതായി കണ്ടു. അവനെ വിളിച്ചു, തന്റെ കൈപിടിക്കുള്ളിലുള്ളതെന്തെന്ന് പറയണം എന്ന് പറഞ്ഞു. നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞുകൊണ്ട് പൊക്കൻ ഇങ്ങനെ മൊഴിഞ്ഞു :” പൊക്കൻ ഒന്നാം തവണയും രക്ഷപ്പെട്ടു രണ്ടാംതവണയും രക്ഷപ്പെട്ടു ഇത്തവണ രക്ഷപ്പെട്ടില്ല ” ഇത് ശ്രവിച്ച അമ്മ തന്റെ കൈപ്പിടിക്കുള്ളിലെ പൊക്കനെ(തുമ്പി)പറ്റി ആണെന്ന് ധരിച്ചുകൊണ്ട് പൊക്കന്റെ സിദ്ധിയെ വാഴ്ത്തി പറയുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഇങ്ങനെയൊരു കഥ പറഞ്ഞപ്പോൾ എന്റെ പിതാവ് (വി.സി അഹമ്മദ് കുട്ടി ) പറഞ്ഞ ഒരു വർത്തമാനം ഞാൻ കൂട്ടിചേർത്തു, അതിങ്ങനെ : ഒരു സിദ്ധൻ (ഔലിയ) കടലിലെ വെള്ളത്തിന് മുകളിലൂടെ നടന്നതായ കഥ ഒരാൾ ഒരു പണ്ഡിതനോട് പറഞ്ഞു. അപ്പോൾ പണ്ഡിതൻ പറഞ്ഞു :” അപ്പോൾ അദ്ദേഹം ഒരു താറാവിന്റെ നിലവാരം പ്രാപിച്ചു”. സിദ്ധ മഹാത്മ്യത്തെ കൊച്ചാക്കിയതിൽ നീരസമനുഭവപ്പെട്ടപ്പോൾ അയാൾ വീണ്ടും “അദ്ദേഹം ചിലപ്പോൾ പറക്കാറുണ്ടെന്നും മഹത്വം പറഞ്ഞു. പണ്ഡിതൻ പറഞ്ഞു : അങ്ങനെയെങ്കിൽ അദ്ദേഹം ഒരു ഈച്ചയുടെ നിലവാരം പ്രാപിച്ചു”. ഇതിൽ കടുത്ത അരിശം തോന്നിയ പ്രസ്തുത വ്യക്തി സിദ്ധ മഹത്വമായി പറഞ്ഞതിങ്ങനെ :
” അദ്ദേഹത്തെ ഒരേസമയം പല സ്ഥലത്തും കാണാറുണ്ട്..” പണ്ഡിതൻ പറഞ്ഞു : എങ്കിൽ സംശയമൊന്നും വേണ്ട അദ്ദേഹം ശൈത്വാന്റെ നിലവാരം പ്രാപിച്ചു. എന്റെ ഈ കൂട്ടിച്ചേർക്കൽ മൗലവിക്ക് ഏറെ ഇഷ്ടപ്പെട്ടു.
അമാനുഷദൃഷ്ടാന്തങ്ങൾ ചോദിക്കുന്നതിനുള്ള ഒരു മറുപടി:
وَلَقَدۡ صَرَّفۡنَا لِلنَّاسِ فِىۡ هٰذَا الۡقُرۡاٰنِ مِنۡ كُلِّ مَثَلٍ فَاَبٰٓى اَكۡثَرُ النَّاسِ اِلَّا كُفُوۡرًا ﴿17:89﴾ وَقَالُوۡا لَنۡ نُّـؤۡمِنَ لَـكَ حَتّٰى تَفۡجُرَ لَنَا مِنَ الۡاَرۡضِ يَنۡۢبُوۡعًا ۙ ﴿17:90﴾ اَوۡ تَكُوۡنَ لَـكَ جَنَّةٌ مِّنۡ نَّخِيۡلٍ وَّعِنَبٍ فَتُفَجِّرَ الۡاَنۡهٰرَ خِلٰلَهَا تَفۡجِيۡرًا ۙ ﴿17:91﴾ اَوۡ تُسۡقِطَ السَّمَآءَ كَمَا زَعَمۡتَ عَلَيۡنَا كِسَفًا اَوۡ تَاۡتِىَ بِاللّٰهِ وَالۡمَلٰۤـئِكَةِ قَبِيۡلًا ۙ ﴿17:92﴾ اَوۡ يَكُوۡنَ لَـكَ بَيۡتٌ مِّنۡ زُخۡرُفٍ اَوۡ تَرۡقٰى فِى السَّمَآءِ ؕ وَلَنۡ نُّـؤۡمِنَ لِرُقِيِّكَ حَتّٰى تُنَزِّلَ عَلَيۡنَا كِتٰبًا نَّـقۡرَؤُهٗ ؕ قُلۡ سُبۡحَانَ رَبِّىۡ هَلۡ كُنۡتُ اِلَّا بَشَرًا رَّسُوۡلً(17:93﴾
നാം ഈ ഖുർആനിൽ വിവിധ ഉപമകളിലൂടെ ജനങ്ങളെ കാര്യം ധരിപ്പിച്ചു. പക്ഷേ അധികജനവും നിഷേധത്തിൽ തന്നെ ഉറച്ചുനിന്നു. അവർ പറഞ്ഞു : നീ ഞങ്ങൾക്കായി ഭൂമി പിളർന്ന ഒരു ഉറവൊഴുക്കുന്നതു വരെ ഞങ്ങൾ നിന്റെ സന്ദേശം വിശ്വസിക്കുന്നതല്ല.അല്ലെങ്കിൽ, നിനക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ; അതിൽ നീ നദികൾ ഒഴുക്കുകയും വേണം. അതല്ലെങ്കിൽ, നീ വാദിക്കും പോലെ ആകാശത്തെ ഞങ്ങളുടെ മേൽ കഷ്ണങ്ങളായി വീഴ്ത്തുകയോ, ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുന്നിൽ നേരിട്ട് ഹാജരാക്കുകയും ചെയ്യുക. അതുമല്ലെങ്കിൽ നിനക്ക് ഒരു സ്വർണ്ണ മാളികയുണ്ടാവട്ടെ, അല്ലെങ്കിൽ നീ മാനത്തേക്കു കയറിപ്പോകുക. ഞങ്ങൾക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കി കൊണ്ടു വരുന്നതുവരെ നിന്റെ ആകാശാരോഹണവും നാം വിശ്വസിക്കുകയില്ല.പ്രവാചകൻ അവരോട് പറയുക: എന്റെ നാഥൻ പരമപരിശുദ്ധൻ. ഞാനോ, സന്ദേശവാഹകനായ ഒരു മനുഷ്യനല്ലാതെ മറ്റെന്തെങ്കിലുമാണോ?
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp