Current Date

Search
Close this search box.
Search
Close this search box.

മറ്റൊരു റുവാണ്ടയിലേക്കുള്ള പാതയിലാണ് ഇന്ത്യ

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ഗവൺമെന്റ് മുസ്ലീം ന്യൂനപക്ഷത്തെ വംശഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുകയാണ്. എന്നാൽ ഇക്കഴിഞ്ഞ ജൂൺ അവസാന വാരം, രാജ്യം ഉണർന്നത് ഉദയ്പൂരിൽ ഒരു ഹിന്ദു തയ്യൽക്കാരനെ രണ്ട് മുസ്‌ലീംകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടുകൊണ്ടാണ്. മുഹമ്മദ് നബിക്കെതിരെ മുൻ സർക്കാർ വക്താവ് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ പങ്കുവെച്ചതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം. അക്രമ ദൃശ്യങ്ങൾ കൊലയാളികൾ തന്നെ ഓൺലൈനിൽ പങ്കുവച്ചിരുന്നു.

1990-കളുടെ തുടക്കത്തിൽ റുവാണ്ടയിൽ സംഭവിച്ചതിന് സമാനമാണ് ഇന്ത്യയിൽ സംഭവിക്കുന്നതെന്ന ആശങ്കകൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഹുട്ടു പ്രസിഡന്റ് ജുവനൽ ഹബ്യാരിമാനയെ വഹിച്ചുള്ള വിമാനം വെടിവെച്ചിട്ട ഒരൊറ്റ സംഭവമാണ് ടുട്സികൾക്കെതിരെയുളള വംശഹത്യയ്ക്ക് തുടക്കമിട്ടത്. അവിടെ ന്യൂനപക്ഷ സമുദായം വർഷങ്ങളോളം വംശീയ പ്രൊപഗണ്ടകൾക്ക് വിധേയരാവുകയും അവരെ ദേശവിരുദ്ധരും വിദേശ ആക്രമണകാരികളുമായി ചിത്രീകരിക്കുന്ന പ്രയോഗങ്ങൾ വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്.

റുവാണ്ടയുടെ പ്രതിധ്വനികൾ ഇന്ന് ഇന്ത്യയിൽ അത്യുച്ചത്തിൽ മുഴങ്ങിക്കേൾക്കുകയാണ്. ഉദയ്പൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രകാരന്മാർ ആ പഴയ സാഹചര്യത്തിലേക്ക് തിരിഞ്ഞു നോക്കുന്നതിന് പിന്നിൽ പരമപ്രധാനമായ നിരവധി കാരണങ്ങളുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങളായി, മുസ്ലീങ്ങളെ ദേശവിരുദ്ധരും പാകിസ്ഥാനിൽ നിന്നുള്ള അധിനിവേശക്കാരുമായി ചിത്രീകരിച്ച് അന്യവൽക്കരിക്കുകയായിരുന്നു മോദി സർക്കാർ. 2014-ൽ അധികാരം നേടാനും ശേഷം അഞ്ച് വർഷത്തെ അധികാരത്തുടർച്ച ഉറപ്പിക്കാനും ഈ പ്രയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ നിന്നുള്ള സാങ്കൽപ്പിക ഭീഷണിയാണ് രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തെ ഒന്നിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുന്ന ഏക ഘടകമായി വർത്തിക്കുന്നത്. അതുകൊണ്ടാണ് മോദി ഭരണകൂടം കൊലപാതകത്തെ തൊട്ടയല്പക്കത്തുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്താനുമായി ബന്ധിപ്പിക്കാൻ തീവ്രമായി ശ്രമിക്കുന്നത്. ഈയൊരു സങ്കൽപ്പം എത്രമാത്രം അസാംഗത്യവും പരിഹാസ്യവുമാണെന്ന് ആലോചിക്കുന്നില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ സംഭവത്തിൽ ഏതെങ്കിലും സംഘടനകളുടെ ഇടപെടലുകളും അന്താരാഷ്ട്ര ബന്ധങ്ങളും പരിശോധിക്കുമെന്ന് വാക്ക് നൽകിയതും ഇതിനോട് ചേർത്തു വായിക്കണം.

ഇത് കേവലമൊരു ദ്വയാർത്ഥ പ്രയോഗങ്ങളായി തള്ളിക്കളയരുത്. മുസ്‌ലിം ജനസംഖ്യയുടെ വലിയൊരു പക്ഷത്തിന് വീരപരിവേഷമുളള പാകിസ്ഥാനുമായി ബന്ധമുള്ളതായി ചിത്രീകരിച്ച് യാഥാർത്ഥ്യമാണെന്ന ബോധത്തോടെയാണവരിത് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിൽ വംശഹത്യ യാഥാർഥ്യമാകണമെങ്കിൽ, ഏതെങ്കിലും യഥാർത്ഥ സംഭവങ്ങളെ അതി വിദഗ്ദമായി വക്രീകരിക്കുകയും അതിനെ ആയുധമാക്കുകയും വേണമെന്ന് തൽപരരാഷ്ട്രീയ കക്ഷികൾക്ക് നന്നായറിയാം. ഇതേപ്പറ്റി വിശ്വസ്ഥരായ പല വിദഗ്‌ധരും മുന്നറിയിപ്പ് നൽകിയിരുന്നു.

ശക്തമായ അടിച്ചമർത്തലുകൾ
ഒരു ഹിന്ദു തയ്യൽക്കാരന്റെ ദാരുണമായ കൊലപാതകത്തെ ഒരവസരമായി ഉപയോഗപ്പെടുത്താൻ സാധ്യതയേറെയാണ്. കൊലയാളികൾക്ക് പാകിസ്ഥാനിലെ ദഅവത്തെ-ഇസ്‌ലാമിയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. സർക്കാർ അനുകൂലികൾ സംഭവം അടുത്തിടെ പുറത്തിറങ്ങിയ ദ കാശ്മീർ ഫയൽസ് എന്ന സിനിമയിലേതിന് സമാനമായ ഒരവസ്ഥയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഹിന്ദു ദേശീയതയുടെ ഒരു പ്രചാരണത്തിന് വേണ്ടി നിർമിക്കപ്പെട്ടതായിരുന്നു പ്രസ്തുത സിനിമ. കശ്മീരി മുസ്ലീങ്ങളെ രക്തദാഹികളായ ജിഹാദികളായും പാകിസ്ഥാൻ പോരാളികളുമാക്കി ചിത്രീകരിക്കാൻ ഈയൊരു സിനിമയെ മോദി ഗവൺമെന്റ് ആയുധമാക്കുകയാണ്.

പ്രധാന ഇന്ത്യൻ മുസ്ലിം ജേർണലിസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിശബ്ദരാക്കപ്പെടുന്നത് പതിവായിയിരിക്കുകയാണ്.. അവരുടെ ജോലി നിർവ്വഹണത്തിന്റെ ഭാഗമായി സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തത് കാരണമായി ഇന്ത്യയിലെയും കാശ്മീരിലെയും പത്രപ്രവർത്തകർ ജയിലിലടക്കപ്പെടുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്നത് വംശഹത്യയുടെ ഒരു ഭാഗമാണ് . ഈയൊരു അടിച്ചമർത്തൽ ശ്രമം ആഗോള തലത്തിൽ തന്നെ ചർച്ചയാവുകയും CPJ (Committee to Protect Journalists),RWB (Reporters Without Borders) ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.

മുസ്‌ലിംകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന അവരുടെ വാദം വിശ്വസിപ്പിക്കാൻ ഉദയ്‌പൂർ സംഭവം ഉയർത്തിക്കൊണ്ടുവരലാണ് അവരുടെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്. പ്രസ്തുത സംഭവം മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിടുന്നവർക്ക് ഒരു മുതൽക്കൂട്ടാവുമെന്നത് തീർച്ചയാണ് .രണ്ട് പതിറ്റാണ്ടു കാലത്തെ “ഭീകരതയ്‌ക്കെതിരായ യുദ്ധം” നമ്മെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് ഏറ്റവും നികൃഷ്ടമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് “ദേശീയ സുരക്ഷ” എന്ന സമസ്യക്ക് കീഴിലാണ് എന്നതാണ്.

മോദിയുടെ എട്ട് വർഷത്തെ ഭരണത്തിൽ മുസ്ലീങ്ങൾക്കെതിരെ ഹിന്ദു തീവ്രവാദികൾ നടത്തിയ നൂറുകണക്കിന് ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ഒരിക്കൽ പോലും ഉപയോഗിക്കാത്ത “ഭീകര സംഭവം” (terrorist incident) എന്ന് ഉദയ്പൂർ സംഭവത്തെ ഇന്ത്യൻ സർക്കാർ” വിളിച്ചത് വെറുതെയാണെന്ന് കരുതാനാവില്ല. 2009-2019 വരെയുള്ള ഒരു ദശകത്തിൽ, വിദ്വേഷ കുറ്റകൃത്യങ്ങളിൽ 91 ശതമാനവും നടന്നത് മോദിയുടെ ആദ്യ ഭരണകാലത്താണ് എന്നതും സ്വാഭാവികമായി കാണാനാകില്ല.

ഇന്ത്യൻ ടെലിവിഷൻ ശൃംഖലയായ എൻ‌ഡി‌ടി‌വി നടത്തിയ ഒരു വിശകലനത്തിൽ, 2014 മുതൽ രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായതായിട്ടുണ്ടെന്നും , അതിന്റെ 80 ശതമാനത്തിലധികവും മോദിയുടെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഭാഗത്തു നിന്നാണെന്നും കണ്ടെത്തുകയുണ്ടായി. ഈ വെറുപ്പിൻ്റെ രാഷ്ട്രീയം തീവ്ര വലതുപക്ഷ മാധ്യമങ്ങൾ ഏറ്റുപാടുകയും രാജ്യത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുഖ്യധാരാ പത്രപ്രവർത്തനത്തിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലേക്ക് അവർ മാറിയിട്ടുണ്ട്.

ന്യൂന പക്ഷ സമുദായങ്ങൾ ടാർഗറ്റ് ചെയ്യപ്പെടുന്നു
ന്യൂനപക്ഷ സമുദായങ്ങളെ ടാർഗെറ്റുചെയ്യുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ “മനപ്പൂർവ്വം” സൃഷ്ടിക്കുന്ന “നിരുത്തരവാദപരമായ പെരുമാറ്റത്തിന്” കഴിഞ്ഞ മാസം, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ സർക്കാർ അനുകൂല മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. “വ്യൂവർഷിപ്പും ലാഭവും വർദ്ധിപ്പിക്കാനുള്ള ആഗ്രഹം കാരണം ഈ ചാനലുകളിൽ ചിലതിനെ ആഫ്രിക്കൻ രാജ്യത്ത് വംശഹത്യയ്ക്ക് കാരണമായ റേഡിയോ റുവാണ്ടയുടെ മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.” എന്നാണ് കുറ്റപ്പെടുത്തിയത്.

ഈ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ രാജ്യവ്യാപകമായി വലിയ തോതിലുള്ള മുസ്‌ലിം വിരുദ്ധ അക്രമത്തിലേക്ക് വഴി മാറാൻ ചെറിയൊരു തീപ്പൊരി മാത്രം മതി. ആറ് ദിവസങ്ങളിലായി മൂന്ന് ഡസൻ മുസ്‌ലിംകളെ വെട്ടിയും വെടിവെച്ചും ചുട്ടുകൊല്ലുകയും ചെയ്ത രക്തരൂക്ഷിതമായ ഡൽഹി കലാപം ആളിക്കത്തിക്കാൻ 2020 ഫെബ്രുവരിയിലെ ഒരു ബിജെപി മന്ത്രിയുടെ പ്രസംഗം മാത്രമാണ് വേണ്ടിവന്നത്.

കഴിഞ്ഞ വ്യാഴാഴ്ച, ആയിരക്കണക്കിന് ഹിന്ദു ദേശീയതാവക്താക്കൾ ഉദയ്പൂർ നഗരത്തിലൂടെ മാർച്ച് നടത്തുകയും ഹിന്ദുത്വയുടെ കാവി പതാകകൾ പിടിച്ച് വംശഹത്യ മുദ്രാവാക്യം മുഴക്കി ഹിന്ദു തയ്യൽക്കാരനെ കൊന്നതിന് പ്രതികളായ രണ്ട് മുസ്ലീംകൾക്ക് വധശിക്ഷ നൽകണമെന്ന് പലരും ആഹ്വാനം നടത്തുകയും ചെയ്തിരുന്നു.

ആൾകൂട്ട കൊലപാതകങ്ങളും വംശഹത്യയും ഒഴിവാക്കണമെങ്കിൽ, കാര്യങ്ങൽ സൗമ്യമായി കൈകാര്യം ചെയ്യുന്ന നേതാക്കൾ വിജയിക്കേണ്ടതുണ്ട്. പക്ഷേ ഇന്ത്യൻ ഗവൺമെൻ്റിന് അങ്ങനെയൊരു നേതാവ് ഇല്ലതാനും. ഒരിക്കൽ പോലും വർഗീയ അക്രമങ്ങളെയോ വിദ്വേഷ കുറ്റകൃത്യങ്ങളെയോ മോദി അപലപിച്ചിട്ടില്ല.നൂറുകണക്കിന് മുസ്ലീങ്ങളുടെ മരണത്തിന് കാരണമായ 2002-ലെ ഗുജറാത്ത് കലാപത്തിന് പ്രേരിപ്പിച്ചതിന് ഉത്തരവാദി എന്ന് യു.എസ് ഗവൺമെന്റ് വിശേഷിപ്പിച്ചയാളാണദ്ധേഹം.

ആയിരക്കണക്കിന് റോഹിങ്ക്യൻ മുസ്ലീങ്ങൾ കൊല്ലപ്പെട്ട മ്യാൻമറിലെയും റുവാണ്ടയിലെയും സംഭവങ്ങളുമായി മോദി ഭരണത്തിൻ കീഴിലെ സാഹചര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ട് റുവാണ്ടയിലെ വംശഹത്യ നടക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് അതേപ്പറ്റി പ്രവചിച്ച വ്യക്തിയാണ് ഇതേകാരണങ്ങൾ മുന്നിൽ വെച്ച്കൊണ്ട് ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വരാനിരിക്കുന്ന വംശഹത്യയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
200 മില്യൺ വരുന്ന ഇന്ത്യൻ മുസ്‌ലിംകൾക്ക് ഇപ്പോഴുള്ളതിനേക്കാൾ ഭയാനകമായ ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles