Current Date

Search
Close this search box.
Search
Close this search box.

ഫേസ്ബുക്ക് ഇസ്രായേലിന് സഹായകമാകുന്ന വിധം

2020 മെയ് മാസത്തിൽ, ഗാസ മുനമ്പിൽ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ, ലോകമെമ്പാടുമുള്ള ജനലക്ഷങ്ങൾ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തെരുവുകളിലിറങ്ങിയിരുന്നു. മറ്റു ചിലർ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്താനും, അപലപിക്കാനും, അവബോധം ഉയർത്തുവാനും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി.

എന്നാൽ അധികം താമസിയാതെ, പല ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും തങ്ങളുടെ പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതായും, അക്കൗണ്ടുകൾ സസ്‌പെൻഡ്‌ ചെയ്യുന്നതായും, ഉള്ളടക്കങ്ങളുടെ ദൃശ്യപരത കുറയുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഈ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും, ഉപയോക്താക്കളുടെ ഉള്ളടക്കത്തെ അടിച്ചമർത്തുകയും, നീക്കം ചെയ്യുകയും ചെയ്തുവെന്ന് മാത്രമല്ല, പല കേസുകളിലും ചട്ടവിരുദ്ധമായും, അന്യായമായുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ഒരു പുതിയ റിപ്പോർട്ട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഈ പിഴവുകളെയും, അന്യായമായി ഉള്ളടക്കങ്ങൾ നീക്കം ചെയ്തതിനെയും സംബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ചിന് ഫേസ്ബുക് നൽകിയ മറുപടി തീർത്തും അപര്യാപ്തമായിരുന്നു. “റിപ്പോർട് ചെയ്യപ്പെട്ടത് പ്രകാരം, ഉള്ളടക്കങ്ങളുടെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ വ്യാപ്തിയും സാധ്യതയും സംബന്ധിച്ച് അഭിസംബോധന ചെയ്യുന്നതിലും, ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് പര്യാപ്‌തമായ വിശദീകരണം നൽകുന്നതിലും” ഫേസ്ബുക് പരാജയപ്പെട്ടുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസ്താവിച്ചു.

ഫലസ്തീനികൾക്കനുകൂലമായ ഉള്ളടക്കം സെൻസർ ചെയ്യുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ പുറത്ത് നിന്നുള്ള ഒരു സ്വതന്ത്ര ഏജൻസിയെ നിയമിക്കുന്നതായി രണ്ടാഴ്ച മുമ്പ് ഫേസ്ബുക്  പ്രഖ്യാപിച്ചിരുന്നു. തീർച്ചയായും അന്വേഷകർക്ക് പരിശോധിക്കുവാൻ അടിച്ചമർത്തലുകളുടെ അനവധി തെളിവുകൾ അവരുടെ മുമ്പിലുണ്ടാകും.

സെൻസർഷിപ്പ്‌

ഗാസക്കെതിരായ ഇസ്രായേൽ ആക്രമണം ഉൾപ്പെടുന്ന മെയ്‌ ആറാം തിയ്യതി മുതൽ ഒമ്പതാം തിയ്യതി വരെയുള്ള കാലയളവിൽ, ഓൺലൈൻ ഇടങ്ങളിൽ ഫലസ്‌തീൻ പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ലംഘിച്ച അഞ്ഞൂറോളം സംഭവങ്ങൾ, ഫലസ്‌തീനിലെ ഡിജിറ്റൽ അവകാശങ്ങങ്ങൾക്കായി നിലകൊള്ളുന്ന 7amleh (ഹംലേഹ് എന്നാണ് ഉച്ചാരണം) എന്ന സംഘടന രേഖപ്പെടുത്തി. ഉള്ളടക്കം നീക്കംചെയ്യൽ, അക്കൗണ്ട് അടച്ചു പൂട്ടൽ, ഹാഷ്‌ടാഗുകൾ ബ്ലോക്ക് ചെയ്യൽ, നിശ്ചിത ഉള്ളടക്കങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുന്നതിന് തടസ്സം സൃഷ്ടിക്കൽ എന്നിവ ഇതിൽ പെടുന്നു. ഈ ലംഘനങ്ങളിൽ 85 ശതമാനവും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സംഭവിച്ചതാണ്. സ്റ്റോറികൾ നീക്കം ചെയ്തത സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പകുതിയോളം ഉള്ളടക്കങ്ങൾ നീക്കം ചെയ്തത് യാതൊരു വിധത്തിലുള്ള മുന്നറിയിപ്പോ ജാഗ്രത നിർദേശമോ കൂടാതെയായിരുന്നു. മറ്റൊരു 20 ശതമാനം നീക്കം ചെയ്യാനുള്ള കാരണം പോലും വ്യക്തമാക്കിയിട്ടില്ലായിരുന്നു.

അധിനിവേശ ജറുസലേമിലെ അൽ-അഖ്‌സ പള്ളിയെ സൂചിപ്പിക്കുന്ന #alAqsa എന്ന ഹാഷ്‌ടാഗ് ഇംഗ്ലീഷിലും അറബിയിലും ഉപയോഗിക്കുന്നതിന് ഇൻസ്റ്റാഗ്രാം  ഒരിക്കൽ നിയന്ത്രണം ഏർപെടുത്തുകയുണ്ടായി. എന്നാൽ 7amleh ശക്തമായി ഇതിനെ എതിർത്ത് രംഗത്ത് വന്നതിനെ തുടർന്ന് ഹാഷ്‌ടാഗ് പുനഃസ്ഥാപിച്ചു.

ഒരു ഉപയോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രവേശിക്കുന്നതിന് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തുന്ന “ജിയോ-ബ്ലോക്കിം” (Geo-blocking) എന്ന സാങ്കേതികവിദ്യയിലും വർദ്ധനവ് ഉണ്ടാകുന്നതായി 7amleh നിരീക്ഷിച്ചു. ഇൻസ്റ്റാഗ്രാം നീക്കം ചെയ്ത ചില പോസ്റ്റുകൾ, അക്രമമോ വിദ്വേഷമോ ഉളവാക്കുന്നതായി വിദൂരമായി വ്യാഖ്യാനിക്കാൻ പോലും കഴിയാത്ത, മുൻനിര മാധ്യമങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തിന്റെ റീപോസ്റ്റുകൾ മാത്രമായിരുന്നു. എന്നിട്ട് പോലും അവയെ അത്തരത്തിൽ ഇൻസ്റ്റാഗ്രാം മുദ്രകുത്തുന്നതിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നതെന്തെന്നാൽ, “പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഈ പ്ലാറ്റ്‌ഫോം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുവെന്നാണെന്ന്” ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയ കമ്പനികൾ പിന്നീട് തങ്ങളുടെ പിഴവുകകൾ തിരിച്ചറിയുകയും, പോസ്റ്റുകൾ പുനഃസ്ഥാപിക്കുകയും ചെയ്തെങ്കിലും, ഇതിനോടകം തന്നെ ഭവിഷ്യത്തുകൾ സംഭവിച്ചു കഴിഞ്ഞിരുന്നു. “നിർണായക നിമിഷങ്ങളിൽ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒഴുക്കിനെയാണ് ഈ പിഴവുകൾ മൂലം തടസ്സപ്പെട്ടതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുകയുണ്ടായി. ഫേസ്ബുക്കിന്റെ അടിച്ചമർത്തൽ നടപടികളെക്കുറിച്ച് ഒരു ബാഹ്യ അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു.

 

ഫേസ്ബുക്കിന്റെ ‘അപകടകാരികളുടെ പട്ടിക’

15,000- ത്തിലധികം ഫോളോവേഴ്‌സുള്ള ഈജിപ്തുകാരാനായ ഒരു ഉപയോക്താവ് പങ്കുവെച്ചൊരു പോസ്റ്റ്‌ ഫേസ്ബുക് ഒരിക്കൽ നീക്കം ചെയ്യുകയുണ്ടായി. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ കുറിച്ചുള്ള അൽ ജസീറയുടെ ഒരു വാർത്താവിവരണമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

നിർദ്ദിഷ്ട സംഘടനകളുടെയും വ്യക്തികളെയും സാന്നിധ്യം ഫേസ്ബുക്കിൽ ഇല്ലാതിരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ‘അപകടകാരികളായ വ്യക്​തികളെയും സംഘടനകളെയും’ സംബന്ധിക്കുന്ന കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ്, ആദ്യം പ്രസ്തുത പോസ്റ്റ്‌ ഫേസ്ബുക് നീക്കം ചെയ്യുന്നത്. എന്നാൽ പിന്നീട് തങ്ങളുടെ ‘ഓവർസൈറ്റ് ബോർഡ്‌’ നടത്തിയ പരിശോധനയെ തുടർന്ന് ഫേസ്ബുക് പോസ്റ്റ് പുനഃസ്ഥാപിച്ചു. ഖസ്സാം ബ്രിഗേഡിന്റെ “സ്തുതിയോ പിന്തുണയോ പ്രാതിനിധ്യമോ” പോസ്റ്റിൽ ഇല്ലെന്ന നിഗമനത്തിൽ ബോർഡ് എത്തിച്ചേരുകയായിരുന്നു. പ്രസ്തുത നയത്തിൽ നിലനിൽക്കുന്ന അവ്യക്തതയെ വിമർശിച്ച ഓവർസൈറ്റ് ബോർഡ്‌, “സ്തുതി, പിന്തുണ, പ്രാതിനിധ്യം” എന്നതിനെ കൃത്യവും വ്യക്തവുമായി നിർവചിക്കാൻ കമ്പനി മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.

തങ്ങൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ഓവർസൈറ്റ് ബോർഡ്‌, പലപ്പോഴും കമ്പനി നിലപാടുകളെ വിമർശിക്കാറുമുണ്ട്. എന്നാൽ, ഇസ്രായേൽ ഗവണ്മെന്റിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന എമി പാൽമോറിനെ ബോർഡ്‌ അംഗമായി ഫേസ്ബുക് നിയമിച്ചത്തിന് പിന്നാലെ അപായസൂചനയുമായി പലരും രംഗത്ത് വന്നിരുന്നു. പലസ്തീൻ ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ സെൻസർഷിപ്പ് നടപ്പിലാക്കിക്കൊണ്ട് ഇസ്രായേലിന്റെ നീതിന്യായ മന്ത്രാലയത്തിൽ വർഷങ്ങളോളം ചെലവഴിച്ച വ്യക്തിയാണ് പാമോർ.

‘അപകടകാരികളായ വ്യക്​തികളുടെയും സംഘടനകളുടെയും’ പട്ടിക പ്രസിദ്ധീകരിക്കാൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ കാര്യം ഓവർസൈറ്റ് ബോർഡും മുമ്പ് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് തങ്ങളുടെ ജീവനക്കാരെ ദോഷകരമായി ബാധിക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് ഫേസ്ബുക് നിരന്തരം നിരസിക്കുകയായിരുന്നു.

ഏതാനും ആഴ്ച്ചകൾക്ക് മുമ്പ്, അമേരിക്കയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ഇന്റർസെപ്റ്റ് (Intercept) ഈ പട്ടികയുടെ ഒരു ചോർന്ന പതിപ്പ് പുറത്ത് വിട്ടിരുന്നു. “രാഷ്ട്രീയ പ്രവർത്തകർ, എഴുത്തുകാർ, ചാരിറ്റികൾ, ആശുപത്രികൾ, നൂറുകണക്കിന് സംഗീത പരിപാടികൾ, വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞ ചരിത്ര വ്യക്തിത്വങ്ങൾ എന്നിവരുൾപ്പെടെ 4000-ത്തിലധികം വ്യക്തികളെയും സംഘടനകളെയും പട്ടികയിൽ പരാമർശിച്ചതായി ഇന്റർസെപ്റ്റ് റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ലിസ്റ്റിലെ “അപകടകാരികൾ” എന്ന് കരുതപ്പെടുന്നവരും, അമേരിക്കയും ഇസ്രായേലും ശത്രുക്കളായി കണക്കാക്കുന്നവരും തമ്മിൽ വലിയ സമാനതകൾ തന്നെയുണ്ട്. എന്നാൽ ഇതിലും ഏറെ ഗൗരവകരമാണ് കാര്യങ്ങൾ എന്നതാണ് വസ്തുത.

ഇന്റർസെപ്റ്റ് സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം, കശ്മീരിൽ കൊല്ലപ്പെട്ട 14 കാരനായ ബാല സൈനികൻ മുദ്ദസിർ റാഷിദ് പരേ മുതൽ 200-ലധികം മ്യൂസിക്കൽ ആക്​ടുകളും, ടെലിവിഷൻ സ്റ്റേഷനുകളും, ഒരു വീഡിയോ ഗെയിം സ്റ്റുഡിയോയും, വിമാന കമ്പനികളും, തദ്ദേശീയ കോവിഡ് -19 വാക്സിൻ നിർമ്മിക്കാൻ ശ്രമിക്കുന്ന ഇറാനിലെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയും, ബെനിറ്റോ മുസ്സോളിനി, ജോസഫ് ഗീബൽസ് പോലുള്ള വർഷങ്ങൾക്ക്​ മുമ്പ്​ മരണപ്പെട്ട ചരിത്ര വ്യക്തികൾ വരെ ​ഫേസ്ബുക്കി​ന്റെ പട്ടികയിലുണ്ട്​.

ഹമാസിനെയും അതിന്റെ സൈനിക വിഭാഗത്തെയും കൂടാതെ, 1967-ൽ സ്ഥാപിതമായ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആദർശങ്ങൾ പിന്തുടരുന്ന പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീനും (PFLP) എന്ന രാഷ്ട്രീയ പാർട്ടിയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഫലസ്തീനിലെ എല്ലാ രാഷ്ട്രീയ സംഘടനകളെയും അവാസ്‌തവികമായി “ഭീകര” സംഘടനകളായിട്ടാണ് ഇസ്രായേൽ കണക്കാക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ നിത്യേന ഫലസ്തീനികളെ അറസ്റ്റ് ചെയ്യാനുള്ള ഒരു ഉപായം കൂടിയാണ് ഈ മുദ്രകുത്തൽ.

ഫേസ്ബുക്കിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സയണിസ്റ്റ് സംഘടനകൾ ആകെ മൂന്നെണ്ണമാണ്. ഇവയാകട്ടെ, ഭീകരതയുടെ പര്യായങ്ങളായി നിലകൊള്ളുന്നവയുമാണ്. ജ്യൂയിഷ് ഡിഫന്‍സ് ലീഗ് (JDL), കഹാനെ ചായ്, ലെഹാവ എന്നിവയാണവ. ഇതിൽ ‘കഹാനെ ചായ’യെ ഇസ്രായേൽ സർക്കാർ തന്നെ നിരോധിച്ചതാണ്. കഹാനെ ചായ് അഥവാ കാച്ച് എന്നത്, ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്തിൽ നിന്ന് പൂർണ്ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അങ്ങേയറ്റം തീവ്രചിന്തഗതിക്കാരനായ മെയർ കഹാനെ എന്ന കുടിയേറ്റക്കാരൻ സ്ഥാപിച്ച ഇസ്രായേൽ സംഘടനയാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഒരു വിദേശ തീവ്രവാദ സംഘമായി പ്രഖ്യാപിച്ച പാർട്ടി കൂടിയാണ് കഹാനെ ചായ്.

യഹൂദരും ഫലസ്തീനികളും തമ്മിലുള്ള മിശ്രവിവാഹങ്ങൾ തടയാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു വംശീയ സംഘമാണ് ലെഹാവ (Lehava). ഇസ്രായേൽ അധിനിവേശത്തിന് കീഴിലുള്ള കിഴക്കൻ ജറുസലേമിൽ “അറബികൾക്ക് നാശം” എന്ന ആക്രോശങ്ങളുമായി ഈ സംഘത്തിലെ അംഗങ്ങൾ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പലപ്പോഴായി സമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക് വഴി ഫലസ്‌തീൻ വംശഹത്യ ആഹ്വാനം നടത്തിയ ഇസ്രായേൽ ആഭ്യന്തര മന്ത്രി അയ്‌ലെറ്റ് ഷെയ്ക്കിനെ പോലുള്ള, വിദ്വേഷപ്രചാരണവും അക്രമപ്രേരണയും സ്ഥിരം തൊഴിലാക്കിയ പല ഇസ്രയേലി രാഷ്ട്രീയക്കാരും, പാർട്ടികളും, മതനേതാക്കളും ഫേസ്ബുക്കിന്റെ പട്ടികയിലില്ല. ഇസ്രായേൽ സൈന്യവും അപ്രകാരം തന്നെ. ഫലസ്തീനിയൻ കുടുംബങ്ങളെ നിരന്തരം കൂട്ടക്കൊലക്ക് വിധേയമാക്കിയിട്ടും, കുട്ടികൾക്കെതിരെ അതിക്രമങ്ങൾ അഴിച്ചുവിട്ടിട്ടും, നിയമവിരുദ്ധ വധശിക്ഷകളും, നിർബന്ധിത കുടിയൊഴിപ്പിക്കലുമുൾപ്പടെ നടത്തിയിട്ടും ഫേസ്ബുക്കിന്റെ ലിസ്റ്റിൽ ഉൾപ്പെടാൻ മാത്രം ‘അപകടകാരികൾ’ ആയിരുന്നില്ല ഇസ്രായേൽ സൈന്യം.

മാത്രമല്ല, ഫലസ്തീനിയൻ കുടുംബങ്ങൾക്ക് നേരെ കൂടുതൽ അക്രമണ ഭീഷണികൾ മുഴക്കാൻ ഇസ്രായേൽ ഇപ്പോഴും നിരന്തരം ഫേസ്ബുക് ഉപയോഗിക്കുന്നു. ഗാസയിലെ 20 ലക്ഷം ഫലസ്തീൻ പൗരന്മാരെ കൂട്ടമായ ശിക്ഷാനടപടിക്ക് വിധേയമാക്കുമെന്ന് ഭീഷണി ഉയർത്തികൊണ്ടുള്ള ഇസ്രായേൽ സൈന്യത്തിന്റെ പതിവായുള്ള ഫേസ്ബുക് പോസ്റ്റുകൾ ഇതിനുദാഹരണമാണ്.

2020 മെയ്‌ മാസത്തിൽ, ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് 2014-ൽ ഗാസയിൽ ഉത്തരവിട്ടതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ വിതക്കുമെന്ന് ഭീഷണി പുറപ്പെടുവിച്ചതും ഫേസ്ബുക് ഉപയോഗിച്ചായിരുന്നു. അന്ന് ഇസ്രായേലിന്റെ സൈനിക മേധാവിയായിരിക്കവേ, ഇദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം അരങ്ങേറിയ 51 ദിവസം നീണ്ടുനിന്ന അക്രമപരമ്പരകളിൽ 551 കുട്ടികളുൾപ്പടെ 2200 പേർക്കാണ് ജീവൻ നഷ്ടമായത്. “ഗാസ കത്തിയടങ്ങും” എന്ന് മെയ്‌ മാസത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയിൽ ഗാന്റ്‌സ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രത്യക്ഷ ഭീഷണി, യുദ്ധക്കുറ്റങ്ങൾ ചെയ്യാനുള്ള മുൻകൂർ ഉദ്ദേശ്യത്തിന്റെ തെളിവായി കണക്കാവുന്നതാണ്. “ഗാസ നിവാസികളേ, അവസാനമായി നാം കണ്ടുമുട്ടിയത് ഈദുൽ ഫിതറിന്റെ വേളയിലായിരുന്നു. അന്ന് അരങ്ങേറിയ ‘ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജിന്റെ സൈനിക മേധാവി ഞാനായിരുന്നു.”- വീഡിയോയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാണിക്കവേ അദ്ദേഹം പറഞ്ഞു. അക്രമം അവസാനിപ്പിക്കാൻ ഹമാസ് തയ്യാറല്ലെങ്കിൽ, 2014ലേക്കാൾ കഠിനവും വേദനാജനകവുമായിരിക്കും 2021ലെ ആക്രമണമെന്ന് അദ്ദേഹം ഉറപ്പുനൽകുകയുമുണ്ടായി.

തീരുമാനം ആരുടേത്?

ഇവിടെ ഏറ്റവും വലിയ ചോദ്യമെന്തെന്നാൽ, ആകെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നിനെയും ഉൾകൊള്ളുന്ന പ്ലാറ്റ്ഫോം എന്ന നിലക്ക്, എന്തു കാരണത്താലാണ് ആരാണ്/ എന്താണ് ‘അപകടകരം’ എന്ന് തീരുമാനിക്കാൻ ഫേസ്ബുക്കിന് സാധിക്കുന്നത്? കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോസഫ് മസാദ് അടുത്തിടെ എഴുതിയത് പോലെ, എന്താണ് ‘അപകടകരം’ അല്ലെങ്കിൽ ആരാണ് ‘ഭീകരർ’ എന്ന് നിർണയിക്കുന്നതിന്റെ മാനദണ്ഡം ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളെക്കാൾ ഉപരി, അദ്ദേഹത്തിന്റെ ഐഡന്റിറ്റിയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് വസ്തുത. മസാദ് പറയുന്നു: ‘തീവ്രവാദ’ പ്രവർത്തനത്തിന്റെ പേരിലല്ല ഒരു വ്യക്തിയെ തീവ്രവാദിയായി നിർവചിക്കപ്പെടുന്നത്. നേരെ മറിച്ച്, ഒരു വ്യക്തിയുടെ മേൽ ചാർത്തപ്പെടുന്ന തീവ്രവാദിയെന്ന ഐഡന്റിറ്റിയാണ് അവന്റെ/ അവളുടെ പ്രവർത്തനങ്ങളെ ‘തീവ്രവാദ’ പ്രകൃതമുള്ളതായി നിർവചിക്കുന്നത്.

അതേസമയം, ഫേസ്ബുക് ഫലസ്തീനികൾക്കെതിരായ നടപടികൾ കൂടുതൽ കഠിനമാക്കിയപ്പോൾ, ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്ക് നേരെ ആൾക്കൂട്ട ആക്രമണങ്ങൾ അഴിച്ചുവിടാൻ ഇസ്രായേലി ജൂത തീവ്രവാദികൾ ഇൻസ്റ്റന്റ് മെസ്സേജിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തി. ഫേസ്ബുക് ഗ്രൂപ്പുകളും, ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പും ഇതിൽ ഉൾപ്പെടുന്നു. ഫലസ്തീനിലെ രാഷ്ട്രീയ സംഘടനകൾ, മാധ്യമ പ്രവർത്തകർ, ചർച്ചകൾ എന്നിവക്കെലാം ഇസ്രയേലിന്റെ ആജ്ഞപ്രകാരം വിലക്കേർപ്പെടുത്തുന്ന ഫേസ്ബുക്ക്, തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഇത്തരത്തിലുള്ള ദുരുപയോഗത്തെ കണ്ട ഭാവം പോലും നടിക്കുന്നില്ല.

കൂടുതൽ സെൻസർഷിപ്പിന് വേണ്ടിയുള്ള ആവശ്യമുയരുമ്പോൾ

ഗാസയിൽ മെയ്‌ മാസത്തിലുണ്ടായ ഇസ്രായേൽ ആക്രമണത്തിന്റെ എത്രയോ മുമ്പ് തന്നെ, ഫലസ്തീനിയൻ വാർത്താ സ്ഥാപനങ്ങളുടെ പേജുകൾ യാതൊരുവിധ മുന്നറിയിപ്പൊ, ഔദ്യോഗിമായ കാരണംകാണിക്കലോ കൂടാതെ തന്നെ പതിവായി ഫേസ്ബുക് നീക്കം ചെയ്യുമായിരുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പേജ് പോലും ഫേസ്ബുക് നീക്കം ചെയ്യുകയുണ്ടായി. സുപ്രധാനമായ അറിയിപ്പുകൾ ലഭിക്കുന്നതിന്നായി ജനങ്ങൾ ആശ്രയിച്ചിരുന്ന ഒരു സ്രോതസ്സായിരുന്നു ഇത്. പിന്നീട് ‘ദി ഇലക്ട്രോണിക് ഇൻതിഫാദ’യുടെ (The Electronic Intifada) ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ തുടർന്നാണ് അത് പുനസ്ഥാപിച്ചത്.

പക്ഷെ, ഇങ്ങനെയൊക്കെ ആയിട്ടും സെൻസർഷിപ്പ് മതിയാകാത്ത അവസ്ഥയാനുള്ളത്. അമേരിക്കൻ മാധ്യമങ്ങളും രാഷ്ട്രീയ ഉന്നതരും കഴിഞ്ഞ വർഷങ്ങളിലായി, സാമൂഹ്യ മാധ്യമങ്ങൾക്ക് മേലുള്ള ഗവണ്മെന്റിന്റെ നിയന്ത്രണവും, സെൻസർഷിപ്പും കൂടുതൽ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രംപിനെ വിജയിപ്പിക്കാൻ 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലത്തിൽ കൃത്രിമം കാണിക്കാൻ റഷ്യ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചു എന്ന തെളിവുകളില്ലാത്ത ആരോപണങ്ങളാണ് ഇതിന്റെ പ്രാരംഭ കാരണം.

ഹോഗന്റെ വെളിപ്പെടുത്തലുകൾ
ദി ഇന്റർസെപ്‌റ്റിലെയും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടിലെയും ചോർച്ചയും, ഫേസ്ബുക്കിൽ നിന്ന് ചോർന്നതെന്ന് പറയപ്പെടുന്ന ചില രേഖകളെ ആസ്പദമാക്കി അടുത്തിടെ നടന്ന വാൾസ്ട്രീറ്റ് ജേണലിന്റെ “അന്വേഷണവും” തമ്മിൽ പൊരുത്തപ്പെടുന്നതായി നമുക്ക് കാണാൻ സാധിക്കും. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് അപകർഷതബോധവും മാനസികാരോഗ്യ പ്രശ്നഞങ്ങളും ഉണ്ടാക്കുന്നത് മുതൽ എത്യോപ്യയിലെ സംഘർഷാവസ്ഥ വരെയുള്ള ഒരു പറ്റം ‘ഉപദ്രവപരമായ’ കാര്യങ്ങൾക്ക് ഫേസ്ബുക്ക് ഉത്തരമാവാദിയാണെന്ന് ഫേസ്ബുക്കിന്റെതെന്ന് പറയപ്പെടുന്ന രേഖകൾ വെളിപ്പെടുത്തുന്നതായി പത്രം വാദിക്കുന്നു.

രേഖകൾ ചോർത്തിയ മുൻ ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജർ ഫ്രാൻസസ് ഹോഗനെ അമേരിക്കൻ കോൺഗ്രസ് നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും “വിസിൽബ്ലോവർ” (ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്നു അധികാരികൾക്ക് വിവരം നല്കുന്നയാൾ) പദവി നൽകിയാണ് സ്വീകരിച്ചത്. ചൈനയും ഇറാനും പോലുള്ള രാജ്യങ്ങൾ തങ്ങളുടെ ഹീനമായ ലക്ഷ്യങ്ങൾക്കായി പ്ലാറ്റ്ഫോമിനെ ഉപയോഗിക്കുന്നതിൽ നിന്ന് തടയുകയെന്ന വ്യാജേന, കൂടുതൽ സെൻസർഷിപ്പും, ഫേസ്ബുക്കിലെ പൊതു ചർച്ചകളുടെ മേലുള്ള നിയന്ത്രണവും ആവശ്യപ്പെടുന്നവരുടെ വാദങ്ങൾക്ക് കൂടുതൽ കരുത്തേക്കാനാണ് ഹോഗനെ അമേരിക്കൻ കോൺഗ്രസിന് മുമ്പിൽ കൊണ്ടുവന്നത്. ഒരു തരത്തിൽ പഴയ റഷ്യഗേറ്റ് ആഖ്യാനത്തിന്റെ പുനരാവിഷ്‌ക്കരണമായി ഇതിനെ കാണാവുന്നതാണ്.

“വിപുലമവും ഉത്‌കര്‍ഷേച്ഛയുള്ളതുമെന്ന്” വാഷിങ്ടൺ പോസ്റ്റ്‌ വിശേഷിപ്പിച്ച ഫേസ്ബുക്കിന്റെ മേൽ ഗവണ്മെന്റ് നിയന്ത്രണം കൊണ്ടുവരാനുള്ള ഹോഗന്റെ ആഹ്വാനത്തെ പ്രമുഖരായ പല നിയമനിർമ്മാതാക്കളും ആവേശത്തോടെയാണ് സ്വീകരിച്ചത്. ഹോഗന്റെ അവകാശവാദങ്ങൾ “സാമ്രാജ്യത്വ യു.എസ് ആഖ്യാനവുമായി വളരെ അടുത്ത് നിൽക്കുന്നതാണ്” എന്ന് മാധ്യമ പ്രവർത്തകനായ മാക്സ് ബ്ലൂമെന്റൽ അഭിപ്രായപ്പെട്ടു.

സ്വാഭാവികമായും, ഓൺലൈനിൽ ആളുകളുടെ ആവിഷ്കാരത്തിന് മേലുള്ള സെൻസർഷിപ്പ് വർധിപ്പിക്കാനുള്ള ഹോഗന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്ന കേന്ദ്രങ്ങൾ, ഫലസ്തീനികൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന സമാനമായ യാഥാർത്ഥ്യത്തെ മനഃപൂർവ്വം അവഗണിക്കുകയാണ്. സത്യത്തിന്റെ മദ്ധ്യസ്ഥരായി സിലിക്കൺ വാലി കോർപ്പറേഷനുകൾ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത്, ആത്യന്തികമായി വിയോജിപ്പുകളെ തകർക്കാനും ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളൂ. ഇതുകൊണ്ട് തന്നെയാവണം ഓൺലൈനിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഗവൺമെന്റ് നിയന്ത്രണം രാഷ്ട്രീയത്തിലെ വരേണ്യരെ സംബന്ധിച്ചെടുത്തോളം ആകർഷകമാകുന്നതും.

വിവ- മുബഷിർ മാണൂർ

Related Articles