Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിദ്വേഷത്തിൻെറ വികൃതരൂപം

അധികാരത്തിൽ ഏഴ് വർഷം പൂർത്തിയാക്കിയ മോദി ഭരണത്തിന് കീഴിലുള്ള മുസ്‌ലിം വിരുദ്ധ അജണ്ടയുടെയും ആക്രമണങ്ങളുടെയും അസുരന്മാർ വളരെ സജീവമാണെന്ന് തെളിയിക്കുന്ന തരത്തിൽ ആൾക്കൂട്ട കൊലപാതകം വീണ്ടും അരങ്ങേറിയിരിക്കുന്നു. ഇക്കഴിഞ്ഞ മെയ് മാസം മൂന്നാം വാരം രാജ്യത്തെ രണ്ടാമത്തെ വലിയ മതസമൂഹമായ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം നിർഭാഗ്യകരമായ സമയമായിരുന്നു. ഈയൊരു ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് പേരാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരകളായത്. അധിലധികം പേർ പൊലീസ് പീഢനത്തിൽ നിന്നും ആൾക്കൂട്ട ആക്രമണത്തിൽ നിന്നും ഭാഗ്യവശാൽ മാത്രം രക്ഷപ്പെട്ടവരാണ്.

താഴെ പറയുന്ന സംഭവങ്ങൾ ആരുടെയും നട്ടെല്ലുകൾക്ക് വിറയലുണ്ടാക്കുന്നവയാണ്:
1- ആസിഫ് ഖാൻ, ഹരിയാനയിലെ മേവാത്തിൽ നിന്നുള്ള മുസ്‌ലിം ജിം ട്രൈനർ. മെയ് 16ന് ഹിന്ദുത്വ തീവ്രവാദികൾ ജയ് ശ്രീ രാം വിളിക്കാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ കൊലനടത്തിയത്.

2- ഫൈസൽ ഹുസൈൻ, പച്ചക്കറിക്കച്ചവടക്കാരൻ. മെയ് 21 ഉത്തർപ്രദേശിലെ ഉന്നാവോ പൊലീസാണ് അദ്ദേഹത്തെ മർദ്ദിച്ചു കൊലപ്പെടുത്തിയത്.

3- അഖീൽ ഖുറൈശി. പശുവിനെ അറവു നടത്തിയെന്ന് ആരോപിച്ചാണ് യു.പി പൊലീസ് രാത്രി വന്ന് അദ്ദേഹത്തെ വീടിന് മുകളിൽ നിന്നും താഴേക്ക് തള്ളിയിടുന്നത്. വീഴ്ചയിൽ വന്ന സാരമായ പരിക്ക് കാരണം ഏതാനും ദിവസങ്ങൾക്കകം തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

4- മെയ് 22, 23 തീയതികളിലൊരു രാത്രിയാണ് ഡൽഹി സ്വരൂപ് നഗർ പ്രദേശത്ത് വെച്ച് ഒരു കൂട്ടം ആളുകൾ സർഫറാസ് എന്ന കൗമാരക്കാരനെ മർദ്ദിച്ചുകൊലപ്പെടുത്തിയത്.

5- ഹൈദരാബാദ് വിമാനത്താവളത്തിനടുത്ത് നഗരത്തിന്റെ പ്രാന്തപ്രദേശമായ ഷംശാബാദിലെ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഡ്രൈവറായ മുഹമ്മദ് സുബ്ഹാനെ പൊലീസ് ഉദ്യേഗസ്ഥർ ചേർന്ന് പീഢിപ്പിച്ചത്.

6- മെയ് 16നാണ് ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ മനോജ് താക്കൂർ എന്ന വ്യക്തിയും മറ്റു പശു സംരക്ഷകരും ചേർന്ന് മുഹമ്മദ് ശാക്കിർ എന്ന വ്യക്തിയെ കയ്യേറ്റം ചെയ്തത്.

7- ജമ്മുവിലെ സാമ്പ ജില്ലയിൽ നിന്നും ജീവിതോപാദികളുമായി രണ്ട് ട്രക്കിൽ കശ്മീരിലേക്ക് വാർഷിക വേനൽക്കാല കുടിയേറ്റം നടത്തുകയായിരുന്ന നാടോടികളായ ബക്കർവാൾ ഗോത്രത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് വീടുവിട്ട ഉടനെ പശു സംരക്ഷകർ ചേർന്ന് ആക്രമിച്ചത്.

മേൽസൂചിപ്പിച്ച സംഭവങ്ങളിൽ ഒന്നുപോലും അസാധാരണമായവയല്ല, മറിച്ച് മുസ്‌ലിം സമുദായത്തിനും മറ്റു ദുർബല വിഭാഗങ്ങൾക്കുമിടയിൽ ഭീകരത പ്രചരിപ്പിക്കാനുള്ള തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യവസ്ഥാപിതമായ പദ്ധതിയാണിത്. ഗവൺമെന്റിന്റെ നിഷ്‌ക്രിയത്വവും ബാലിഷമായ നിയമങ്ങളും മതോന്മത്തരായ ഹിന്ദുത്വശക്തികളെ നിയമങ്ങളെ ഒട്ടും പേടിക്കാതെ തന്നെ അക്രമങ്ങൾ അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നു.
ബിജെപി രാജ്യത്ത് അധികാരമേറ്റതിന് ശേഷം മുസ്‌ലിംകൾക്കും ദലിത് ഇടയന്മാർക്കുമെതിരെ ഹിന്ദുത്വ മതഭ്രാന്തന്മാരും പശു സംരക്ഷകരും നടത്തുന്ന ആക്രമണങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 2015 മുതൽ തന്നെ ഗോമാംസം കൈവശം വെച്ചു, പാചകം ചെയ്തു, ഭക്ഷിച്ചു തുടങ്ങിയ ഒരുപാട് സംശയത്തിന്റെ അടിസ്ഥാനത്തിൽ നിരവധി മുസ്‌ലിംകൾ ക്രൂരമായി കൊലചെയ്യപ്പെടുകയോ തൂക്കിക്കൊല്ലപ്പെടുകയോ ബലമായി പീഢിപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.

2015 സെപ്റ്റംബർ 28ന് ഉത്തർപ്രദേശിലെ ദാദ്രിക്കടുത്ത ബിസാര ഗ്രാമത്തിലെ 52 വയസ്സുള്ള മുഹമ്മദ് അഖ്‌ലാഖ് എന്ന വ്യക്തിയെ കൊലപ്പെടുത്തിയാണ് ശിക്ഷാനടപടികളില്ലാത്ത ഈ മുസ്‌ലിം വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഹിന്ദുത്വ ഭീകരവാദികൾ തുടക്കം കുറിക്കുന്നത്.
ഇംഗ്ലീഷ് മാധ്യങ്ങൾ നടത്തിയ ഇന്ത്യസ്‌പെൻഡ് കണ്ടന്റ് അനലൈസിസ് പ്രകാരം, ഇത്തരം ആക്രമണങ്ങളിൽ 97 ശതമാനവും 2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് സംഭവിച്ചത്. മാത്രമല്ല, പശുവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ പകുതിയും(63 കേസുകളിൽ 32 എണ്ണം) ബിജെപി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മതന്യൂനപക്ഷങ്ങളെ രാജ്യത്തെ രണ്ടാംകിട പൗരന്മാരുടെ പദവിയിലേക്ക് തള്ളിയിടുകയെന്നതാണ് പശു സംരക്ഷകർ എന്ന് പറയപ്പെടുന്ന അവർ തങ്ങൾ അഴിച്ചുവിടുന്ന ഭീകരതയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ കൊലപാതകങ്ങളൊന്നും തന്നെ യാദൃശ്ചികമല്ല, മറിച്ച് ധ്രുവീകരണ രാഷ്ട്രീയത്തിന് അനുയോജ്യമായ ഭരണകക്ഷിയുടെ നിശബ്ദ അംഗീകാരത്തോടെയോ ഒത്താശയോടെയോ ആണ് ഇവയെല്ലാം നടപ്പിലാക്കപ്പെടുന്നത്. ബിജെപി നേതാക്കൾ പശുവിന്റെ പേരിലോ അല്ലാതെയോ ഉള്ള ആൾക്കൂട്ട കൊലപാതകങ്ങളെ അവഗണിക്കുകയോ ചില സമയങ്ങളിൽ പിന്താങ്ങുകയോ ചെയ്യുന്ന നീചമായ സമീപനങ്ങൾക്കെല്ലാം നാം സാക്ഷിയായതാണ്.

മുൻ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്‌ലാമിന്റെ അഭിപ്രായ പ്രകാരം, മുസ്‌ലിം ന്യൂനപക്ഷത്തെ അരികുവൽകരിക്കാനും അധാർമ്മികവൽകരിക്കാനുമുള്ള ഒരു രാഷ്ട്രീയ പ്രത്യേയശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആൾക്കൂട്ട കൊലപാതകങ്ങളെല്ലാം തന്നെ സംഭവിക്കുന്നത്.

അധികാരികളും പൊലീസും തങ്ങൾക്കൊപ്പമാണെന്ന ധൈര്യം ഈ ആൾക്കൂട്ട കൊലപാതകർക്കുണ്ട്. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ഏഴുവർഷവും അവർക്കെതിരെ കാര്യമായ നടപടികളൊന്നും തന്നെ സ്വീകരിക്കപ്പെടാതിരുന്നത്. മിക്കവാറും എല്ലാ കേസുകളും, ഇരകൾ മരിച്ചാൽ പോലും അതിനെയെല്ലാം പശു കശാപ്പ്, ഗോമാംസ ഉപഭോഗം, കച്ചവടം അല്ലെങ്കിൽ കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ചു ലഘൂകരിക്കലാണ് പതിവെന്ന് ഖാൻ എന്ന വ്യക്തി റേഡിയൻസിനോട് പറഞ്ഞു.

മുസ്‌ലിംകൾക്കെതിരായ ഈ കുറ്റകൃത്യങ്ങളിൽ ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്യാസും സമാനവും വ്യക്തവുമായ ഒരു മാതൃകയാണ് കാണുന്നത്. വെൽഫയർ പാർട്ടിയുടെ നേതാവായ അദ്ദേഹം പറയുന്നു: അധികാരികളിൽ നിന്നും പൂർണ്ണമായ സുരക്ഷിതത്വം തേടുന്ന മുസ്‌ലിംകളെ നിരന്തരം ആക്രണങ്ങൾ നടത്തി ഭീകരതയുടെ ഒരു സ്‌റ്റേറ്റിനകത്തേക്ക് അവരെ കൊണ്ടുവരികയെന്നതാണ് ഹിന്ദുത്വ ഗുണ്ടകൾ ആഗ്രഹിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ രഹസ്യവും പരസ്യവുമായ പിന്തുണ ആസ്വദിക്കുന്ന ഹിന്ദുത്വ ഗുണ്ടകൾ തങ്ങളുടേതായ മാർഗത്തിലൂടെ ആക്രമണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ഭരണകൂടം അവരുടേതായ മാർഗവും മുസ്‌ലിംകൾക്കെതിരെ പ്രയോഗിക്കുന്നുണ്ട്.

ദിവസക്കൂലിക്കാരനോ കന്നുകാലി കർഷകനോ പച്ചക്കറി വിൽപനക്കാരനോ കച്ചവടക്കാരനോ ആയ ഒരു മുസ്‌ലിം യുവാവിനോട് ആദ്യമായി അവർ ആക്രോശിക്കും. പിന്നീട് ബലമായി വലിച്ചിഴച്ചു കൊണ്ടുവരികയും മരണം വരെ നിഷ്‌കരുണം മർദ്ധിക്കുകയും ചെയ്യും. മാത്രമല്ല, അതെല്ലാം ഷൂട്ട് ചെയ്തു മുസ്‌ലിംകളെ ഭയപ്പെടുത്തി നിർത്തുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യും. ഒരു വർഗീയ കലാപത്തേക്കാൾ ഏറ്റവും ഫലപ്രദമായ മാർഗം ഇതാണെന്നാണ് അവർ കരുതുന്നത്, ഇല്യാസ് പറയുന്നു.

ഉദാഹരണത്തിന്, മുഹമ്മദ് ശാകിർ ഖുറൈശി(32). മുറാദാബാദിലെ മാംസ വിൽപനക്കാരനായിരുന്ന അദ്ദേഹത്തെ മനോജ് താക്കൂറു അദ്ദേഹത്തിന്റെ ആളുകളും ചേർന്നാണ് മെയ് 23ന് കൊവാഡിനടുത്തെ ഒരു പ്രൈവറ്റ് സ്‌കൂളിന് സമീപം വെച്ച് കയ്യേറ്റം നടത്തിയത്. മാർക്കറ്റിലേക്ക് എരുമ ഇറച്ചിയുമായി വരികയായിരുന്നു അദ്ദേഹം. ആളുകൾ ഉടനെ ശാക്കിറിന്റെ വണ്ടി നിർത്തിക്കുകയും അദ്ദേഹത്തെ അടിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരനായ ജുനൈദ് ആലം സംഭവം വിശദീകരിക്കുന്നു: ‘എന്ത് മാംസമാണ് കൊണ്ടുപോകുന്നതെന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. അത് എരുമ ഇറച്ചിയാണെന്ന പറഞ്ഞിട്ടും അവരത് കേൾക്കാതെ പശു ഇറച്ചിയാണെന്ന് ആരോപിക്കുകയും അമ്പതിനായിരും രൂപ ആവശ്യപ്പെടുകയും ചെയ്തു’.

സംസ്ഥാനത്തെ കോവിഡ്-19 കർഫ്യു ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബംഗർമാവിലെ ഫൈസൽ ഹുസൈൻ എന്ന പത്തൊമ്പതുകാരനെ പൊലീസുകർ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയത്. ആൾ ഇന്ത്യ ലോയേഴ്‌സ് കൗൺസിലിന്റെ(എ.ഐ.എൽ.സി) വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാരം, യുപിയിലെ ഉന്നാവോ ജില്ലയിലെ ബംഗർമാവിലെ കോൺസ്റ്റബിൾ വിജയ് ചൗധരി മറ്റു പൊലീസുകാരുമായി ചേർന്ന് മെയ് 21 പകൽവെളിച്ചത്തിലാണ് ഫൈസലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ ഏക തണലായിരുന്നു അവൻ. താമസസ്ഥലത്തിന് സമീപത്തുള്ള പച്ചക്കറി മാർക്കറ്റിന്റെ നടപ്പാതകൾക്കരികിൽ പച്ചക്കറി വിറ്റാണ് അദ്ദേഹവും കുടുംബവും കഴിഞ്ഞിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഫൈസലിന്റെ പിതാവ് ഇസ്‌ലാം ഹുസൈൻ കടുത്ത ആസ്ത്മയും മറ്റു രോഗങ്ങളുമായി കഴിയുകയാണ്. അതിനാൽ തന്നെ ജോലിക്ക് പോകാനുള്ള ശേഷിയില്ല. ഫൈസലിന്റെ മൂത്ത സഹോദരൻ സുഫിയാൻ ഫിലേറിയസിസ് ബാധിച്ച് കാഴ്ചശക്തി കുറഞ്ഞ വ്യക്തിയാണ്. മറ്റൊരു സഹോദരൻ അയാന് പതിനാല് വയസ്സ് മാത്രമാണ് പ്രായം. അതിനാൽ തന്നെ കുടുംബത്തിന്റെ ഭാരിച്ച ചുമതല ഏറ്റെടുത്ത നടത്തിയിരുന്നത് ഫൈസലായിരുന്നു. രാവിലെ മൊത്തക്കച്ചവടക്കാരിൽ നിന്നും പച്ചക്കറി കടമെടുത്ത് മാർക്കറ്റിൽ വന്ന് വിൽക്കുകയും കൈവകുന്നേരം കടം തിരിച്ചടയ്ക്കുകയും ചെയ്യലായിരുന്നു പതിവ്. അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ലാഭമായിരുന്നു കുടുംബം പുലർത്താനായി അവൻ കണ്ടെത്തിയ വരുമാനം.

ബംഗർമാവിലെ പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ചുമതല ഏറ്റെടുത്തത് മുതൽ തന്നെ കച്ചവടക്കാരെയും നടപ്പാത വിൽപനക്കാരെയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിരുന്നു. മെയ് 21ന് വജയ് ചൗധരി മാർക്കറ്റിലെത്തിയപ്പോൾ പച്ചക്കറി വിൽപനക്കാരും ചില്ലറ വിൽപനക്കാരും എല്ലാവരും എല്ലാം ഇട്ടെറിഞ്ഞ് ഓടിയെങ്കിലും ഫൈസൽ പിടിക്കപ്പെട്ടു. അദ്ദേഹത്തെ അവർ ക്രൂരമായി മർദ്ദിക്കുകയും മോട്ടോർസൈക്കിളിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐയുടെയും മറ്റു പൊലീസുകാരുടെയും മുമ്പിൽ വെച്ചാണ് ഫൈസൽ ധാരുണമായി കൊല്ലപ്പെടുന്നത്. ഈ സംഭവത്തിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കപ്പെട്ടു.

ദുഖിതരായ ഫൈസലിന്റെ കുടുംബത്തെ സന്ദർശിക്കാൻ ചെന്ന പ്രതിനിധി സംഘത്തെ നയിച്ച എ.ഐ.എൽ.സിയുടെ സെക്രട്ടറി ജനറലായ അഡ്വ. ഷറഫുദ്ധീൻ അഹ്മദ് റേഡിയൻസിനോട് പറയുന്നു: ഒരു കുടുംബത്തിന്റെ നാഥനായ ഒരു യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസാണിത്. യുപി പൊലീസിന് ഇത്രമാത്രം മനുഷ്യത്വരഹിതരും മൃഗീയരുമാകാൻ കഴിയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
2021 മെയ് 16ന് ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മേവാത്തിൽ നിന്നുള്ള ജിം ഇൻസ്ട്രക്ടർ ആസിഫ് ഹുസൈൻ(27) മരുന്നു വാങ്ങിവരും വഴിയേ ആണ് ഹിന്ദുത്വ ഗുണ്ടകളാൽ കൊല്ലപ്പെട്ടതെന്ന് കുടുംബവും അവയൽവാസികളും പറയുന്നു. ജയ് ശ്രീ രാം വിളിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചതായും മുസ്‌ലിം വിരുദ്ധ കാര്യങ്ങൾ പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപിച്ചതായും ആസിഫിന്റെ കുടുംബം ആരോപിക്കുന്നു.

ആസിഫിന്റെ പിതാവ് സക്കീർ ഹുസൈൻ റേഡിയൻസിനോട് സംസാരിക്കുന്നു: ‘മെയ് 16ന് എന്റെ മരുമകൻ റാഷിദുമൊത്ത്(31) ആസിഫ് മരുന്ന് വാങ്ങാനായി സോഹ്നയിലെ ഒരു മെഡിക്കൽ സ്‌റ്റോറിൽ പോയിരുന്നു. തിരികെ വരുമ്പോൾ കൂട്ടുകാരൻ വാസിഫും(22) അവർക്കൊപ്പമുണ്ടായിരുന്നു. മൂന്ന് നാല് കാറുകളിൽ വന്ന പ്രതികൾ എന്റെ മകന്റെ വാഹനത്തിൽ ആവർത്തിച്ച് അടിക്കുകയും നാല് ഭാഗത്തുനിന്നും അവരെ വളയുകയും ചെയ്തു’.

മൂന്ന് പേരും നന്നായി മർദ്ദിക്കപ്പെട്ടിരുന്നു. വാസിഫിന്റെ ആരോഗ്യ നില ഗുരുതരമായിരുന്നു. റാഷിദ് ക്രൂരമായി മർദ്ദിക്കപ്പെട്ടിരുന്നെങ്കിലും അവൻ രക്ഷപ്പെട്ടു. കാർ കീഴ്‌മേൽ മറിഞ്ഞിട്ടും അവർ വിടാതെ ആസിഫിനെയും വാസിഫിനെയും അക്രമിക്കുകയായിരുന്നെന്ന് ദൃക്ഷാസിക്ഷിയായ റാഷിദ് പറയുന്നു. നിങ്ങളിൽ ഒരാളെയും ഞങ്ങൾ ജീവനോടെ വിടുകയില്ല എന്ന് ആക്രോശിക്കുക മാത്രമല്ല ജയ് ശ്രീ രാം വിളിക്കാൻ അവർ ഞങ്ങളെ നിർബന്ധിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ റാഷിദ് വിശദീകരിച്ചു.

പതിവുപോലെ തന്നെ, ഹരിയാന പൊലീസ് റാഷിദിന്റെ മൊഴി നിഷേധിച്ചുവെന്ന് മാത്രമല്ല, അത് വിദ്വേഷത്തിൽ നിന്നുണ്ടായ ഒരു ആക്രമണമല്ലെന്നും രണ്ട് ഗ്രൂപ്പുകളും തമ്മിലുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും വരുത്തിത്തീർക്കുകയും ചെയ്തു. അതേസമയം, ആസിഫിന്റെ കൊലപാതകത്തെക്കുറിച്ച് വസ്തുതാപരമായ അന്വേഷണത്തിന് നാഷണൽ കോൺഫിഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ ഹരിയാന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി സമർപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ സർക്കാർ കാണിക്കുന്ന നിഷ്‌ക്രിയത്വം ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷെ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ പോലുള്ള അവകാശ നിരീക്ഷണ സംഘടനകളുടെ നിശബ്ദത അമ്പരപ്പിക്കുന്നതാണ്. ദേശീയ ന്യൂനപക്ഷ പാനലുമായി റേഡയൻസ് ബന്ധപ്പെട്ടപ്പോൾ പാനൽ വൈസ് ചെയർപേഴ്‌സൻ ആതിഫ് റഷീദ് വളരെ ലാഘവത്തോടെ പറഞ്ഞത് ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങൾക്കെതിരെ വെറുപ്പ് അടിസ്ഥാനത്തിൽ നടക്കുന്ന ആക്രമണങ്ങളൊന്നും തന്നെ കമ്മീഷൻ അറിഞ്ഞിട്ടില്ലെന്നാണ്. അതേസമയം, ഇ-മെയിലുകൾ വഴി കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നാണ് പാനലിൽ നിലവിലുള്ള ഏകാംഗമായ റഷീദ് പറഞ്ഞത്.

മുസ്‌ലിംകൾക്കെതിരെയുള്ള ആൾക്കൂട്ടത്തിന്റെ കയ്യേറ്റം, പകൽവെളിച്ചത്തിലുള്ള കൊലപാതകം(പലപ്പോഴും പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ) എന്നിവ രാജ്യത്ത് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നത് വളരെ ആശങ്കാജനകമാണ്. എത്രയും വേഗം ഇതിനൊരു അറുതി വരുത്തേണ്ടതുണ്ട്.
രാഷ്ട്രീയക്കാരിൽ നിന്നും പൊലീസിൽ നിന്നുമുള്ള പിന്തുണ അവസാനിക്കുമ്പോൾ മാത്രമേ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കുകയുള്ളൂവെന്ന് ഖാൻ പറയുന്നു. അദ്ദേഹം പറയുന്നു: ‘ഞങ്ങളൊരു സമഗ്ര പഠനം തയ്യാറാക്കിയിട്ടുണ്ട്. അതിൽ അഞ്ഞൂറോളം ആൾക്കൂട്ട ആക്രമണങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈയടുത്തായി തന്നെ അത് പ്രസിദ്ധീകരിക്കപ്പെടും’.

ഇസ്‌ലാമോഫോബിക് കുറ്റകൃത്യങ്ങളെ നിയന്ത്രിച്ചുനിർത്താനുളള ചില മാർഗങ്ങൾ മുന്നോട്ട് വെക്കുമ്പോൾ തന്നെ, ഹിന്ദുത്വ ഗുണ്ടകളെ വെറുതെ വിടില്ലെന്നും മുസ്‌ലിംകൾക്കെതിരെ അവർ നടത്തിയ പരസ്യമായ കൊലപാതകങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷാ വിധേയരാക്കുമെന്നുമുള്ള വ്യക്തമായ മുന്നറിയിപ്പും ഡോ. ഇല്യാസ് അവർക്ക് നൽകുന്നു.

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

Related Articles