‘ഭീകര വിരുദ്ധയുദ്ധ’ത്തിന്റെ ഭാഗമായി പിടിക്കപ്പെടുന്ന തടവുകാരെ പാര്‍പ്പിക്കുന്നതിനായുള്ള ഗ്വാണ്ടനാമോ ബേ തടങ്കല്‍ പാളയം സ്ഥാപിതമായിട്ട് 19 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഓറഞ്ച് നിറത്തിലുള്ള ജമ്പ്‌സ്യൂട്ടുകള്‍ അണിയിപ്പിച്ച്, ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്, ചവിട്ടിമെതിക്കപ്പെട്ട് ക്യാമ്പ് എക്‌സ്‌റേയിലെ ഇരുമ്പുകൂട്ടുകളിലേക്ക് ‘ആനയിക്കപ്പെടുന്ന’ മനുഷ്യരുടെ ചിത്രങ്ങള്‍ നാം ഓര്‍ക്കുന്നുണ്ടാവും.
ജയില്‍ മതിലുകള്‍ക്കുള്ളിലൂടെ നേര്‍സാക്ഷ്യങ്ങള്‍ പുറത്തേക്ക് ചോര്‍ന്നു തുടങ്ങിയപ്പോഴാണ് അകത്ത് അരങ്ങേറുന്ന പീഡനപര്‍വങ്ങളുടെ വ്യാപ്തി നമുക്ക് മനസ്സിലായത്. മതാനുഷ്ഠാനങ്ങള്‍ അവഹേളിക്കപ്പെടുന്നതായും, തുടര്‍ച്ചയായി ഉച്ചത്തില്‍ ഹെവി മെറ്റല്‍ സംഗീതം കേള്‍ക്കാന്‍ തടവുകാര്‍ നിര്‍ബന്ധിക്കപ്പെടുന്നതായും, അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങള്‍ ഏറ്റുപറയുന്നതുവരെ മുസ്ലിം തടവുകാരെ ‘തകര്‍ക്കാനുള്ള’ മാര്‍ഗമായി ലൈംഗിക അവഹേളനത്തെ ഉപയോഗിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
കസേരയില്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട തടവുകാരുടെ മൂക്കിലൂടെ ട്യൂബ് കയറ്റി ഭക്ഷണം കുത്തിയിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് നാം ഞെട്ടിയിരുന്നു. നിരാഹാരം കിടക്കുക എന്നതായിരുന്നു തങ്ങള്‍ അനുഭവിക്കുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ തടങ്കലിനെതിരെ അവരുടെ മുന്നിലുണ്ടായിരുന്നു ഏക പ്രതിഷേധമാര്‍ഗം, എന്നാല്‍ അവരുടെ പ്രതിഷേധം അവര്‍ക്കു മേല്‍ കൂടുതല്‍ പീഡനമേല്‍പ്പിക്കുന്നതിനുള്ള ശിക്ഷാമാര്‍ഗമായാണ് ഉപയോഗിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ കടന്നുപോയി, ഗ്വാണ്ടനാമോ എന്ന പേര് കേട്ടാല്‍ നമുക്ക് പ്രത്യേകിച്ച് വികാരമൊന്നും തോന്നാത്ത അവസ്ഥവന്നു, നമ്മുടെ മനസ്സുകളില്‍ നിന്നും അതിന്റെ ചിത്രങ്ങള്‍ പതുക്കെ മാഞ്ഞുപോയി.
തെക്കുകിഴക്കന്‍ ക്യൂബയില്‍ സ്ഥിതി ചെയ്യുന്ന ഈ തടങ്കല്‍ പാളയം ഒരു അമേരിക്കന്‍ നാവിക കേന്ദ്രത്തിനകത്താണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അല്‍ഖാഇദയുമായി ബന്ധമുള്ളവര്‍, എന്തെങ്കിലും തരത്തില്‍ വിവരമുള്ളവര്‍ എന്ന് അമേരിക്ക വിശ്വസിക്കുന്നവരെ തടവിലിടാനും ചോദ്യം ചെയ്യാനുള്ള യു.എസ് മിഷന്റെ ആസ്ഥാനമായി ഗ്വോണ്ടനാമോ മാറി. 750ലധികം മുസ്ലിം പുരുഷന്‍മാരാണ് ഗ്വോണ്ടനാമോയിലെ പീഡനമര്‍ദനങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടത്, അവരില്‍ 15 വയസ്സുകാരനും ഉള്‍പ്പെടും. 73 വയസ്സുള്ള സൈഫുല്ല പ്രാച്ചയാണ് കൂട്ടത്തിലെ മുതിര്‍ന്നയാള്‍, അദ്ദേഹം ഇപ്പോഴും കുറ്റമൊന്നും ചുമത്തപ്പെടാതെ തടങ്കലില്‍ തന്നെ കഴിയുകയാണ്.


വാസ്തവത്തില്‍, പ്രായമായ തടവുകാര്‍ക്ക് വേണ്ടി ഒരു അഭയകേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്, കൂടാതെ, സ്വദേശത്തേക്ക് പോകാന്‍ കഴിയാതെ തടങ്കലില്‍ മരണപ്പെടുന്നവര്‍ക്കു വേണ്ടിയുള്ള ഒരു ഇസ്ലാമിക ശ്മശാനവും ഇപ്പോള്‍ അവിടെയുണ്ട്. ഇതുവരെ ഒമ്പത് മരണങ്ങള്‍ ഗ്വോണ്ടനാമോയില്‍ നടന്നിട്ടുണ്ടെങ്കിലും, ശ്മശാനത്തില്‍ ആരെയും ഇതുവരെ അടക്കം ചെയ്തിട്ടില്ല. 2043 വരേക്കും നാവിക ആസ്ഥാനത്തിന്റെ അറ്റക്കുറ്റപണികള്‍ ചെയ്യുന്നതിനായുള്ള മള്‍ട്ടിമില്ല്യണ്‍ ഡോളര്‍ കരാറില്‍ ട്രംപ് ഭരണകൂടം അടുത്തിടെ ഒപ്പുവെച്ചതോടെ, അടിയന്തിരമായി ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്നതിന്റെ ലക്ഷണമൊന്നും തന്നെ കാണുന്നില്ല എന്നാണ് മനസ്സിലാവുന്നത്.
അതേസമയം, തടങ്കല്‍ പാളയത്തിലെ സ്ഥിതിഗതികള്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. ന്യയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനമനുസരിച്ച്, പ്രദേശത്ത് അടുത്തിടെയുണ്ടായ ഉഷ്ണമേഖലാ മഴയ്ക്ക് ശേഷം, ‘അസംസ്‌കൃത മലിനജലം സെല്ലുകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറി…. വൈദ്യൂതിബന്ധം വിച്ഛേദിക്കപ്പെട്ടു, ടോയിലറ്റുകള്‍ കവിഞ്ഞൊഴുകി.’ നിലവിലെ മഹാമാരിയുട വ്യാപന പ്രത്യാഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍ അത്തരം വൃത്തിഹീനമായ സാഹചര്യങ്ങള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നു.
ഈ അവസ്ഥകള്‍ ജയിലിനെ മനുഷ്യജീവിതത്തിന് അനുയോജ്യമല്ലാത്ത ഒരിടമാക്കി മാറ്റുന്നുണ്ട്, എന്നാല്‍ ഗ്വോണ്ടനാമോയുടെ കാര്യം ഇതാണ് തടവുകാര്‍ അവിടെ മനുഷ്യരായി പരിഗണിക്കപ്പെടുകയില്ല.
ഇത്തരം അപര്യാപ്തമായ സാഹചര്യങ്ങളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ എങ്ങനെ അനുവാദം നല്‍കപ്പെടുന്നു എന്ന് ചിലര്‍ ചോദിച്ചേക്കാം. ഗ്വോണ്ടനാമോയുടെ നിയമ രൂപകല്‍പനയിലാണ് അതിന്റെ ഉത്തരം കുടികൊള്ളുന്നത്. നിയമപരമായ സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്ന ഒരിടമാണ് ഗ്വോണ്ടനാമോ, നീതിയുടെ അഭാവത്താല്‍ നിര്‍വചിക്കപ്പെടുന്ന ഒരു ‘നിയമരഹിത ഇടം’.
ഒരിക്കല്‍ നിങ്ങള്‍ ഗ്വോണ്ടനാമോയില്‍ പ്രവേശിച്ചാല്‍, എപ്പോഴാണ് പുറത്തിറങ്ങുക, അല്ലെങ്കില്‍ എന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിയുമോ എന്നതിനെ കുറിച്ച് യാതൊരു ഉറപ്പും പറയാന്‍ കഴിയില്ല. ഗ്വോണ്ടനാമോയില്‍ അടക്കപ്പെടുന്നവര്‍ക്ക് യു.എസ് ഫെഡറല്‍ കോടതികളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, യു.എസ് ഭരണകൂടം തന്നെയാണ് അവരെ തടങ്കലില്‍ അടക്കുന്നതെന്ന് ഓര്‍ക്കണം. പകരം, മിലിറ്ററി കമ്മീഷനുകളാണ് അവരെ വിചാരണ ചെയ്യുക, അവിടങ്ങളില്‍ തടവുകാര്‍ക്കെതിരെ ഹാജറാക്കുന്ന തെളിവുകളെല്ലാം തന്നെ പീഡനമര്‍ദനങ്ങളിലൂടെ സമ്മതിപ്പിക്കുന്ന കുറ്റസമ്മതമൊഴികളായിരിക്കും.
2021ലോക്ക് വരുമ്പോള്‍, അവശേഷിക്കുന്ന തടവുകാരുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ? യു.എസിലെ ഓരോ ഭരണമാറ്റവും പുതിയ അജണ്ടകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ആദ്യത്തെ ഭരണകാലയളവില്‍ ഗ്വോണ്ടനാമോ അടച്ചുപൂട്ടുമെന്ന് ഒബാമ ഉറപ്പുനല്‍കിയിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. ഗ്വോണ്ടനാമോ തുറന്നുതന്നെ കിടക്കുമെന്നും, ‘ചില മോശം ആളുകളെ കൊണ്ട് അത് നിറക്കുമെന്നും’ ആയിരുന്നു ട്രംപിന്റെ വാഗ്ദാനം. അതും സംഭവിച്ചില്ലെങ്കിലും, ഇപ്പോഴും 40 തടവുകാര്‍ നിയമപരമായ തടസ്സങ്ങളില്‍ അവിടെ കുടുങ്ങികിടക്കുന്നുണ്ട്, അവരില്‍ ചിലരെ ഇതിനകം മോചിപ്പിക്കാന്‍ അനുവാദം നല്‍കപ്പെട്ടിട്ടുണ്ട്.
ഗ്വോണ്ടാനാമോയുടെ കാര്യത്തില്‍ വരാന്‍ പോകുന്ന ബൈഡന്‍ ഭരണകൂടത്തിന് കാര്യമായി തന്നെ അധ്വാനിക്കേണ്ടി വരും, അത് തുറന്നുകിടക്കുന്നതിന് ഒരു തടവുകാരന് 13 മില്ല്യണ്‍ ഡോളറാണ് ഇപ്പോള്‍ ചെലവുവരുന്നത്. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് ഉപയോഗിക്കുന്നതിന് മുമ്പ്, ഹെയ്തിയന്‍ അഭയാര്‍ഥികള്‍ യുഎസിലേക്ക് പലായനം ചെയ്യുന്നത് തടയാന്‍ ഗ്വാണ്ടനാമോ ഒരു തടങ്കല്‍ കേന്ദ്രമായി ഉപയോഗിച്ചിരുന്നു. പൊതുജനാരോഗ്യത്തിന്റെ പേരുപറഞ്ഞാണ്, 1990കളില്‍ സ്വന്തം രാജ്യത്തെ കലുഷിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഹെയ്തിയന്‍ അഭയാര്‍ഥികളെ യു.എസ് ഭരണകൂടം ഗ്വോണ്ടനാമോയില്‍ അനന്തമായി തടവില്‍ അടച്ചിരുന്നത്.
എച്ച്.ഐ.വിക്ക് മരുന്ന് കണ്ടെത്തുന്നതു വരെ ഗ്വോണ്ടനാമോയില്‍ കഴിയണമെന്ന് അവരോട് പറയപ്പെട്ടു. അവര്‍ ഒരു കുറ്റവും ചെയ്തിട്ടുണ്ടായിരുന്നില്ല, എന്നിട്ടും ഈ അഭയാര്‍ഥികളെ യാതൊരു കുറ്റവും ചുമത്താതെ തടങ്കല്‍ പാളയങ്ങളില്‍ അനിശ്ചിതകാലത്തോളം അടച്ചിട്ടു. നിയമത്തിന്റെ പിന്‍ബലത്തോടെയാണ് ഗ്വോണ്ടനാമോയെന്ന നിയമരഹിത ഇടം നിര്‍മിക്കപ്പെട്ടിട്ടുള്ളത്, അതായത് തങ്ങള്‍ ‘അപകടകാരികള്‍’ എന്ന കണക്കാക്കുന്നവരെ ഒറ്റപ്പെടുത്തി കൈകാര്യം ചെയ്യാന്‍ യു.എസ് ഭരണകൂടത്തിന് എളുപ്പം സാധിക്കുന്ന ഇടമാണ് ഗ്വോണ്ടനാമോ എന്ന് അര്‍ഥം.
നിലവില്‍ ഗ്വോണ്ടനാമോയില്‍ തടവലില്‍ കഴിയുന്നവര്‍ അഭിമുഖീകരിക്കുന്ന തുടര്‍ച്ചയായ നീതിനിഷേധത്തെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ ലേഖനം. ‘ഭീകരവിരുദ്ധ യുദ്ധം’ അവസാനിച്ചിട്ടില്ലെന്നാണ് ഗ്വോണ്ടനാമോയുടെ നിലനില്‍പ്പ് സൂചിപ്പിക്കുന്നത്. ചില ശബ്ദങ്ങളും അനുഭവങ്ങളും ആരാലും കേള്‍ക്കപ്പെടാതെ പോകുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.
ഒരിക്കലും അവസാനിക്കാത്ത ഒരു യുദ്ധത്തിന്റെ തുടക്കമായിരുന്നു ഗ്വോണ്ടനാമോ, ഇന്നിപ്പോള്‍ അത് ആഗോളതലത്തില്‍ വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് കരുതപ്പെടുന്നവരെ ജയിലിലടക്കുന്നതിനുള്ള മാതൃകയാണ് ഗ്വോണ്ടനാമോ. അത് തകര്‍ക്കപ്പെടുന്നത് വരേക്കും അതിനെ കുറിച്ച് സംസാരിക്കുക എന്നത് മനുഷ്യരെന്ന നിലയിലുള്ള നമ്മുടെ ബാധ്യതയാണ്.
മൊഴിമാറ്റം : അബൂ ഈസ
അവലംബം : middleeasteye
( ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ ജിയോഗ്രഫി ലക്ചററാണ് ഡോ. ഷെറീന്‍ ഫെര്‍ണാണ്ടസ്. ഭീകരവിരുദ്ധ യുദ്ധം ബ്രിട്ടീഷ് മുസ്ലിംകളില്‍ ഉണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നു.)