Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് മുതൽ ഗ്യാൻവാപി വരെ

( 1991-ലെ ആരാധനാലയ നിയമപ്രകാരം (Places of Worship Act, 1991) അത്തരം കേസുകൾ തള്ളികളയുന്നതിനുപകരം, കോടതികൾ പലപ്പോഴും പള്ളികൾക്കെതിരായ ഹർജികൾക്ക് പ്രോത്സാഹനം നൽകുകയും ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയുമാണ് ചെയ്യുന്നത്.)

“1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്.

1986-ലെ ഉത്തരവ് ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുന്നതിലേക്കും, തുടർന്ന് ദേശീയ തലത്തിൽ (അന്തർദ്ദേശീയ തലത്തിലും) തർക്കം സൃഷ്ടിക്കുന്നതിലേക്കും നയിച്ചു”, ഖാൻ തന്റെ വിധിന്യായത്തിൽ കുറിക്കുന്നു. അതിനുമുമ്പ് അയോധ്യയ്ക്കും ഫൈസാബാദിനും അപ്പുറത്തുള്ള ആരും തന്നെ പ്രസ്തുത തർക്കത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

1992ൽ ഹിന്ദുത്വ അനുകൂലികൾ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നു

അയോധ്യയിലെ ബാബറി മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, ഡൽഹിയിലെ ഖുത്തുബ് മിനാർ, മധ്യപ്രദേശിലെ കമാലുദ്ധീൻ മസ്ജിദ് എന്നിങ്ങനെ മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള നിരവധി തർക്കങ്ങളിൽ കാണുന്ന ഒരു പൊതുസ്വഭാത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ഈ തർക്കങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കോടതികൾ, പ്രത്യേകിച്ച് താഴേത്തട്ടിലുള്ളവർ, സജീവമായ പങ്ക് വഹിച്ചിട്ടുണ്ടന്നും കാണാം.

ബാബരി മസ്ജിദിന്റെ പൂട്ടുകൾ തുറക്കുമ്പോൾ
അയോധ്യയിലാണ് ഇത് ആദ്യം പ്രകടമായത്. ബാബരി മസ്ജിദിനുള്ളിൽ ഹിന്ദു ദൈവമായ രാമന്റെ വിഗ്രഹം രഹസ്യമായി സ്ഥാപിച്ച് 1949ന് ശേഷം പതിറ്റാണ്ടുകളോളം, മതപരമായ ചടങ്ങുകൾ നടത്തുന്ന ഏതാനും പൂജാരിമാർക്ക് മാത്രമേ മസ്ജിദിനകത്ത് പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. ഒരു ഗ്രില്ലിന് അപ്പുറത്ത് നിന്ന് കാണാനുള്ള അനുവാദം മാത്രമേ പൊതുജനങ്ങൾക്കുണ്ടായിരുന്നുള്ളൂ.

എന്നിരിക്കെയാണ്, തർക്കവുമായി ബന്ധമില്ലാത്ത ഒരു അഭിഭാഷകൻ 1986 ജനുവരി 31-ന് ഫൈസാബാദിലെ ജില്ലാ ജഡ്ജി കെ.എൻ. പാണ്ഡെ മുമ്പാകെ ഒരു അപ്പീൽ ഫയൽ ചെയ്യുന്നത്. അപ്പീൽ ഒരു ദിവസത്തിന് ശേഷം അനുവദിച്ചു. ഹിന്ദുക്കൾക്ക് ആരാധന നടത്താനായി ഗേറ്റുകൾ തുറക്കാൻ ജഡ്ജി നിർദേശിച്ചു. ഉത്തരവ് വന്ന് മിനിറ്റുകൾക്കകം ബാബരി മസ്ജിദിന്റെ കവാടം തുറക്കപ്പെട്ടു.

ഹരജിയിൽ കക്ഷിചേരാൻ അനുവാദമില്ലാതിരുന്ന ഒരാൾക്കൊഴികെ, ഹരജിയിലെ യഥാർത്ഥ കക്ഷികൾക്ക് ഈ നടപടികളെക്കുറിച്ച് അറിയില്ലായിരുന്നു. പൂട്ടുകൾ തുറന്നാൽ ഒരു കുഴപ്പവുമുണ്ടാകില്ലെന്നാണ് കോടതിയിൽ ഹാജരായ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും അന്ന് പറഞ്ഞത്.
അജ്ഞാതനായ ഒരാൾ അപ്പീൽ ഫയൽ ചെയ്താൽ നിലനിൽക്കില്ല എന്നിരിക്കെത്തന്നെ, അങ്ങനെയൊരാൾ അപ്പീൽ ഫയൽ ചെയ്യുന്നു. ഒരു കക്ഷിയുടെ ഹരജി അന്യായമായി നിരസിക്കപ്പെട്ടതിനെത്തുടർന്ന് അപ്പീലിനെ എതിർക്കാൻ ആരുമില്ലാതാവുന്നു. ഈ സംഭവവികാസങ്ങളോടുള്ള അമ്പരപ്പ് 2010-ൽ, ജസ്റ്റിസ് എസ്.യു. ഖാൻ പ്രകടിപ്പിച്ചിരുന്നു.
“അത്തരം അനാവശ്യ ഗൗരവം” നൽകാൻ മാത്രമുള്ള യുക്തി അതിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.

ഗ്യാൻവാപിയിലെ പുരാവസ്തു സർവേ
മുഗൾ കാലഘട്ടത്തിലെ ഗ്യാൻവാപി പള്ളിയെക്കുറിച്ചുള്ള ഹിന്ദുത്വ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട്, വാരണാസിയിലെ സിവിൽ കോടതികളുടെ മുമ്പാകെയുള്ള രണ്ട് കേസുകൾ ഒരു വിവാദത്തിന് നാന്ദികുറിക്കുന്നു. 1991-ൽ വാരാണസി സിവിൽ കോടതിയിൽ “സ്വയംഭൂ ഭഗവാൻ വിശ്വേശ്വരന്റെ” (Swayambhu Lord Vishweshwar) ഭക്തരാണ് ആദ്യത്തെ കേസ് ഫയൽ ചെയ്തത്. ഗ്യാൻവാപി മസ്ജിഡിന്റെ പ്ലോട്ട് യഥാർത്ഥത്തിൽ ഒരു ക്ഷേത്രത്തിന്റെതാണെന്നും, വസ്തുവിൽ ആരാധനകർമ്മങ്ങൾ നടത്താൻ അനുമതി നൽകണമെന്നും അവർ അവകാശപ്പെട്ടു. 1991ലെ ആരാധനാലയ നിയമപ്രകാരം (Places of Worship (Special Provisions) Act, 1991) ഹർജിയിലെ ചില ഭാഗങ്ങൾ തടഞ്ഞിട്ടുണ്ടെന്ന് 1997-ൽ കോടതി പറഞ്ഞു.

ഗ്യാൻവാപി പള്ളിയിൽ പ്രാർത്ഥന നടത്താൻ കനത്ത പോലീസ് കാവലിൽ വിശ്വാസികൾ എത്തുന്നു

1947 ഓഗസ്റ്റ് 15-ന് ഒരു സ്ഥലത്തിന്റെ മതപരമായ സ്വഭാവം എന്തായിരുന്നോ, അത് നിലനിർത്തണമെന്ന് അയോധ്യ ക്ഷേത്ര മൂവ്മെന്റിന്റെ കാലത്ത് പാസാക്കിയ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അപ്പീലിനെത്തുടർന്ന്, തെളിവുകൾ ശേഖരിക്കാതെ ഈ പ്രശ്‌നങ്ങൾ തീർപ്പാക്കാനാവില്ലെന്ന് പറഞ്ഞ് 1998 സെപ്റ്റംബറിൽ ഒരു ജില്ലാ ജഡ്ജി ഈ ഉത്തരവ് റദ്ദാക്കി. അതേവർഷം തന്നെ അലഹബാദ് ഹൈക്കോടതി ഈ നടപടികൾ സ്റ്റേ ചെയ്തു.

2020 വരെ സ്റ്റേ നിലവിലുണ്ടായിരുന്നു. എന്നാൽ, പരാതിക്കാർ നൽകിയ അപേക്ഷയെത്തുടർന്ന്, സ്‌റ്റേ ഉത്തരവ് വ്യക്തമായി നീട്ടി നൽകാത്തപക്ഷം ആറ് മാസത്തിൽ കൂടുതൽ സ്‌റ്റേ നിലനിൽക്കില്ലായെന്ന 2018 ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി, തർക്കം നിലനിൽക്കുന്ന സിവിൽ കോടതി വീണ്ടും കേസിന്റെ വാദം കേൾക്കാൻ തുടങ്ങി. 2020 ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ഈ നടപടികൾ വീണ്ടും സ്റ്റേ ചെയ്തു. 2020 മാർച്ചിൽ, അതേകോടതി പ്രസ്തുത വിധി റിസർവ് (പ്രത്യേകമായി മാറ്റിവച്ചു) ചെയ്തു.
ഇതിന് പിന്നാലെയാണ് സിവിൽ കോടതിയിൽ വീണ്ടും വാദം കേൾക്കാൻ തുടങ്ങിയത്. 2021 ഏപ്രിലിൽ, മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നോ എന്നത് ഉറപ്പുവരുത്താനായി സർവേ ആരംഭിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി ഉത്തരവിട്ടു. നൂറുവർഷത്തിലേറെ പഴക്കമുള്ള, ചരിത്രപ്രാധാന്യമുള്ള “പുരാതന സ്മാരകങ്ങൾക്ക്” ആരാധനാലയ നിയമത്തിന്റെ (Places of Worship (Special Provisions) Act, 1991) അധികാരപരിധിയിൽ നിന്ന് ഇളവ് ലഭിക്കണമെന്ന് വാദിക്കാൻ ഈ സർവേ ഉപയോഗിക്കപ്പെട്ടേക്കാമെന്ന് Scroll.in റിപ്പോർട്ട് ചെയ്തിരുന്നു.

2021 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി, സിവിൽ കോടതിയുടെ ഉത്തരവിനെ ശാസിക്കുകയും പുരാവസ്തു സർവേയ്ക്കുള്ള നിർദ്ദേശങ്ങൾ സ്റ്റേ ചെയ്യുകയും ചെയ്തു. “കോടതിനടപടികളിലുണ്ടാവേണ്ട മര്യാദയും ഔചിത്യവുമനുസരിച്ച്, കീഴ്‌ക്കോടതികളുടെ ഭാഗത്തുനിന്ന് അത്തരം ചിട്ടകൾ [അലഹബാദ് ഹൈക്കോടതി വിധിക്കായി കാത്തിരിക്കുന്നത്] ഉണ്ടാവേണ്ടതാണ്, പക്ഷേ അവ്യക്തമായ കാരണങ്ങളാൽ, ഇവയൊന്നും വകവെക്കപ്പെട്ടില്ല”. കോടതി ചൂണ്ടിക്കാട്ടി.

ഗ്യാൻവാപിയുടെ വീഡിയോഗ്രാഫി
2021 ഓഗസ്റ്റിൽ, അലഹബാദ് ഹൈക്കോടതിയിൽ ഒരു കേസ് നിലവിലിരിക്കെതന്നെ, വാരാണസിയിലെ സിവിൽ കോടതിയിൽ രണ്ടാമത്തെ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഗ്യാൻവാപി സമുച്ചയത്തിൽ ആചാരാനുഷ്ഠാനങ്ങൾ നടത്താനുള്ള അവകാശവും “ഹിന്ദു ദൈവങ്ങളായ “മാ ശൃംഗാർ ഗൗരി, ഗണേശൻ, ഹനുമാൻ, മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകൾ” എന്നിവയെ സംരക്ഷിക്കാൻ പ്രസ്തുത ഹരജിയിലൂടെ ആവശ്യപ്പെട്ടു.
2022 ഏപ്രിൽ 8 ന് ഒരു സിവിൽ ജഡ്ജ്, പള്ളിയുടെ വീഡിയോഗ്രാഫിക് സർവേ നടത്തി അത് കോടതിയിൽ സമർപ്പിക്കാനുള്ള അഡ്വക്കേറ്റ് കമ്മീഷണറായി അജയ് കുമാറിനെ നിയമിച്ചു. ആവശ്യമെങ്കിൽ അദ്ദേഹത്തിന് പോലീസിന്റെ സഹായവും ആവശ്യപ്പെടാമെന്നും വ്യസ്ഥ ചെയ്യപ്പെട്ടു. ഹർജിക്കാർ കുമാറിന്റെ പേര് നിർദ്ദേശിചിരുന്നുവെന്ന വസ്തുത ഉയർത്തിക്കാട്ടിയ മുസ്ലീം വിഭാഗം, കുമാറിന്റെ നിയമനത്തിൽ പ്രതിഷേധിച്ചു.

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ഗ്യാൻവാപി മസ്ജിദ് സമുച്ചയവും

മെയ് 12 ന്, കുമാറിനെ മാറ്റാൻ കോടതി വിസമ്മതിച്ചെങ്കിലും വീഡിയോഗ്രാഫിയിൽ അദ്ദേഹത്തെ സഹായിക്കാൻ രണ്ട് അഭിഭാഷക കമ്മീഷണർമാരെ കൂടി നിയമിച്ചു. ആവശ്യമെങ്കിൽ പൂട്ട് പൊളിക്കാനും തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയും മേയ് 17നകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾക്ക് രൂപമാറ്റം വരുത്താനുമുള്ള ശ്രമങ്ങളെപ്പോലും വിലക്കുന്ന ആരാധനാലയ നിയമത്തിന് (Places of Worship (Special Provisions) Act, 1991) വിരുദ്ധമാണ് ഈ സർവേയെന്ന് അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അമർ ശരൺ ‘ദി ക്വിന്റി’നോട് പറഞ്ഞിരുന്നു. അതിനാൽതന്നെ, “കീഴ്‌ക്കോടതികൾ ഈ നിയമവിരുദ്ധത പ്രവർത്തിക്കുന്നതിൽ പങ്കാളികളാണെന്നും” അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത തിങ്കളാഴ്ച, റിപ്പോർട്ട് സമർപ്പിക്കുന്നതിനും മുൻപ്, മസ്ജിദ് പ്രതിനിധികൾ ഹാജരാകാതിരുന്ന ഒരു ഹിയറിംഗിൽ, പള്ളിയിലെ ജലസംഭരണിയിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദു ഹരജിക്കാരുടെ വാദം കോടതി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗം സീൽ ചെയ്യാൻ ഉത്തരവിട്ടത്. 20 മുസ്ലീങ്ങൾക്ക് മാത്രമേ പള്ളിയിൽ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ എന്നും ഉത്തരവിൽ പറഞ്ഞു.

മസ്ജിദുമായി ബന്ധപ്പെട്ടവർ ഈ അവകാശവാദത്തെ എതിർക്കുകയും, പ്രസ്തുത നിർമ്മിതി യഥാർത്ഥത്തിൽ ഒരു ജലധാരയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. അടുത്ത ദിവസം, പത്രമാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് അഭിഭാഷക കമ്മീഷണറെ നീക്കം ചെയ്തു. ശേഷിക്കുന്ന രണ്ട് കമ്മീഷണർമാരുടെ റിപ്പോർട്ട് മെയ് 19നകം സമർപ്പിക്കപ്പെട്ടു.

പള്ളിയുടെ വീഡിയോഗ്രാഫി സർവേ നടത്തുന്നതിനെ മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നിരുന്നാലും, 2021 ഏപ്രിലിൽ ഹൈക്കോടതി അവരുടെ അപേക്ഷ നിരസിച്ചു. “ചില പ്രോസസുകളിലൂടെ കടന്നുപോകാതെ കോടതി ഉത്തരവുകളിലൂടെ മാത്രം കാര്യങ്ങൾക്ക് തീർപ്പുണ്ടാക്കുകയെന്നത് പ്രയാസമാണ്. അതുകൊണ്ടുതന്നെ പ്രാദേശിക പരിശോധനാ റിപ്പോർട്ട് ആവശ്യമാണ്”-കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചൊവ്വാഴ്ച, മുസ്ലീങ്ങൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും സുപ്രീം കോടതി നീക്കി. എന്നാൽ, സർവേയിൽ കണ്ടെത്തിയ ‘നിർമ്മിതി’ സംരക്ഷിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകി.

മഥുര കേസ്
അതേസമയം, മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിക്കെതിരെ മഥുരയിലെ വിവിധ കീഴ്‌ക്കോടതികളിലും അലഹബാദ് ഹൈക്കോടതിയിലുമായി പത്തിലധികം കേസുകൾ നിലവിലുണ്ട്. ഹിന്ദു ദൈവമായ കൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി പണിതതെന്ന് പല ഹിന്ദുക്കളും അവകാശപ്പെടുന്നു. തങ്ങളുടെ ഹർജികൾ തീർപ്പാക്കുന്നതുവരെ ഭൂമിയുടെ ഉടമസ്ഥതയും പള്ളിയിൽ ആരാധന നടത്താനുള്ള അവകാശവുമാണ് ഹിന്ദുക്കൾക്ക് ആവശ്യപ്പെടുന്നത്. 2019-ൽ ഹിന്ദുക്കൾക്ക് അനുകൂലമായി അയോധ്യാ തർക്കം തീർപ്പാക്കിയതിന് ശേഷം 2020 സെപ്റ്റംബറിലാണ് ഇതിൽ ആദ്യത്തെ കേസ് ആരംഭിച്ചത്. മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ആറ് ഹിന്ദു ഭക്തർ, അഭിഭാഷകയായ രഞ്ജന അഗ്നിഹോത്രി മുഖേന മഥുര കോടതിയിൽ ഹർജി സമർപ്പിച്ചു.

അഗ്നിഹോത്രിയുടെ ഹർജി 2020 സെപ്റ്റംബറിൽ തള്ളപ്പെട്ടു. എന്നിരുന്നാലും, അപ്പീലിനെത്തുടർന്ന് ഒരു മാസത്തിനുശേഷം, ഒരു ജില്ലാ ജഡ്ജി വീണ്ടും വിഷയം കേൾക്കാൻ തീരുമാനിച്ചു. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട്, ധർമ്മ രക്ഷാ സംഘ് വൃന്ദബൻ തുടങ്ങിയ സംഘടനകളും നിരവധി അഭിഭാഷകരും 2020 ഡിസംബറിൽ മറ്റൊരു ഹർജി സമർപ്പിച്ചു. ഈ ഹർജിയിലുള്ള അടുത്ത വാദം ജൂലൈ ഒന്നിനാണ്. 2021 ജനുവരിയിൽ, മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഒരു റിട്ട് ഹർജി, ഹർജിക്കാരൻ ഹാജരാകാത്തതിനാൽ തള്ളിയിരുന്നു. എന്നാൽ, 2022 മാർച്ചിൽ, അത് പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഉടനടി ഫയൽ ചെയ്തതായി ചൂണ്ടിക്കാട്ടി റിട്ട് പുനഃസ്ഥാപിച്ചു. ഇത് ജൂലൈയിൽ പരിഗണിക്കും.

ആരാധനാലയ നിയമപ്രകാരം (Places of Worship (Special Provisions) Act, 1991) ഇത്തരം ഹരജികൾ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ഹർജികളിൽ പലതും ഒന്നര വർഷത്തിലേറെയായി കോടതികളിൽ തള്ളപ്പെടാതെ കിടക്കുകയാണ്. തന്നെയുമല്ല, 2019 ലെ അയോധ്യ വിധിയിൽ, “മുഗൾ ഭരണാധികാരികളുടെ ഹിന്ദു ആരാധനാലയങ്ങൾക്കെതിരായ നടപടികളെത്തുടർന്നുള്ള അവകാശവാദങ്ങൾ കോടതികൾക്ക് പരിഗണിക്കാനാവില്ല” എന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുകയും ചെയ്തു.

മെയ് 12ന്, മഥുരയിലെ സിവിൽ ജഡ്ജി തങ്ങളുടെ അപേക്ഷകൾ തീർപ്പാക്കുന്നില്ലെന്ന് അപ്പീൽ നൽകിയ ഹർജിക്കാരനോടുള്ള പ്രതികരണത്തിൽ, കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത നിരവധി കേസുകൾ വേഗത്തിലാക്കണമെന്നും, നാല് മാസത്തിനകമെങ്കിലും തീരുമാനമാക്കണമെന്നും കീഴ്ക്കോടതിയോട് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചു. .
അടുത്തിടെ, ഗ്യാൻവാപി തർക്കത്തിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിൽ “മുസ്ലീങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന” ഹിന്ദു വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, സമാനമായ വീഡിയോ സർവേയ്ക്കായി നിരവധി ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. മെയ് 18 ന് മഥുരയിലെ ഒരു പ്രാദേശിക കോടതി പ്രസ്തുത ഹർജി കേൾക്കാമെന്ന് സമ്മതിച്ചു. ഈ ഹർജികളിന്മേൽ വരും മാസങ്ങളിൽ കോടതി തീരുമാനമെടുക്കും.

മഥുരയിലെ കൃഷ്ണ ക്ഷേത്രവും അതിനടുത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദും

കുത്തബ് മിനാർ
മധ്യപ്രദേശിൽ, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വ്യത്യസ്ത ദിവസങ്ങളിൽ കമാലുദ്ധീൻ മസ്ജിദ് ഉപയോഗിക്കാൻ അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2003-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു ഹിന്ദു സംഘടന നൽകിയ ഹർജികളിൽ മെയ് 11ന് ഹൈക്കോടതി നോട്ടീസയച്ചു. പള്ളിയാണെന്ന് മുസ്‌ലിംകളും, ഭോജ്ശാല എന്ന് വിളിക്കപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്രമാണെന്ന് ഹിന്ദുക്കളും അവകാശപ്പെടുന്ന കെട്ടിടമാണിത്.

കുത്തബ് മിനാറുമായി ബന്ധപ്പെട്ട കേസിൽ, സ്മാരകത്തിനുള്ളിൽ മുസ്ലീം പള്ളി നിർമ്മിക്കുന്നതിനായി നിരവധി ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്തുവെന്ന് അവകാശപ്പെടുന്ന ഹരജി ഡൽഹിയിലെ സാകേത് കോടതി മെയ് 24ന് പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ഒരു കോടതിയിൽ ഈ കേസ് പരിഗണിക്കപ്പെടുന്നത്. “മുൻകാല തെറ്റുകൾ നമ്മുടെ വർത്തമാനത്തെയും ഭാവിയെയും അസ്വസ്ഥപ്പെടുത്തുന്നതിന് നിമിത്തമാകാൻപാടില്ല” എന്ന് പറഞ്ഞുകൊണ്ടാണ് ഈ കേസ് ആദ്യം പരിഗണിച്ച സിവിൽ കോടതി, 2021 നവംബറിൽ അപ്പീൽ നിരസിച്ചത്.

പലപ്പോഴും വർഗീയ തർക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവ രൂക്ഷമാകാൻ അനുവദിക്കുകയും ചെയ്ത ഈ മുൻകാല ഉദാഹരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ആഗ്രയിലെ താജ്മഹലുമായി ബന്ധപ്പെട്ട സമാനമായ ഒരു ശ്രമം ഇല്ലാതാക്കാൻ കോടതി ശക്തമായ നടപടി സ്വീകരിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ അയോധ്യ മീഡിയ യൂണിറ്റിന്റെ തലവനായ രജനീഷ് സിംഗ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി മെയ് 12 ന് അലഹബാദ് ഹൈക്കോടതി തള്ളി. താജ്മഹലിന്റെ പുരാവസ്തു സർവേ നടത്തണമെന്നാണ് അയാൾ ആവശ്യപ്പെട്ടത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ ന്യായീകരിക്കാനാവാത്തതാണെന്നും, അവ ചരിത്രകാരന്മാർക്ക് വിട്ടുകൊടുക്കുന്നതാണ് ഏറ്റവും നല്ലതെന്നുമാണ് കോടതി പ്രതികരിച്ചത്.

വിവ: ശുഐബ് മുഹമ്മദ് ആർ.വി

Related Articles