Current Date

Search
Close this search box.
Search
Close this search box.

ചൈനയുടെ ‘ബെൽറ്റ് & റോഡ് ‘ കടക്കെണി

ചൈന അതിന്റെ സിൽക്ക് റൂട്ട് പദ്ധതിക്ക്, പിന്നീട് ബെൽറ്റ് ആന്റ് റോഡ് എന്ന പേരിൽ അറിയപ്പെട്ട പദ്ധതിക്ക് 2013 – ൽ തുടക്കമിട്ടപ്പോൾ ലക്ഷ്യങ്ങൾ വളരെ വ്യക്തമായിരുന്നു. വിവിധ രാജ്യങ്ങളുടെ അടിസ്ഥാന / ഇൻഫ്രാസ്ട്രക്ചർ വികസനം അതിൽ പ്രധാനമായിരുന്നു. ആ രാജ്യങ്ങൾക്ക് അത് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ചൈനക്കും അതിന്റെതായ ലക്ഷ്യങ്ങളും താൽപ്പര്യങ്ങളുമുണ്ട്. അടിസ്ഥാന വികസന മേഖലയിൽ ഒരൊറ്റ രാഷ്ട്രം മുൻകൈയെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടാണിത്. ഇത്തരം ഭീമൻ പ്രോജക്ടുകൾക്ക് പിന്നിൽ അപകടങ്ങളും പതിയിരിക്കുന്നുണ്ടാകും. ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിൽ വികസ്വര രാജ്യങ്ങളാണ് അണിനിരന്നിട്ടുള്ളത് എന്നതിനാൽ വിശേഷിച്ചും. അത്ര ശുഭകരമല്ലല്ലോ ഇവയുടെയൊന്നും സാമ്പത്തിക വളർച്ചാ നിരക്ക്. അപ്പോൾ സ്വാഭാവികമായും ഈ പ്രോജക്ടിന് വേണ്ട ഉരുപ്പടികളൊക്കെ ചൈന തന്നെ ഒരുക്കിക്കൊടുക്കേണ്ടിവരും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഈ വികസ്വര രാജ്യങ്ങളുടെ കടം തിരിച്ചടവ് മുടങ്ങാനുള്ള സാധ്യതയും കൂടുതലാണ്. ഇതൊക്കെ മനസ്സിലാക്കി തന്നെയാണ് ചൈന ഈ രാഷ്ട്രങ്ങളിൽ പല രീതിയിൽ പണം മുടക്കിയിരിക്കുന്നത്. കാരണം ഈ പ്രോജക്ട് മുന്നോട്ട് കൊണ്ട് പോകാൻ ഇതല്ലാതെ വേറേ വഴിയില്ല. തുടക്കത്തിൽ പങ്കാളികളായ രാഷ്ട്രങ്ങൾക്ക് ഇത് സംബന്ധമായി അശുഭചിന്തകളോ സംശയങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷെ ലോകവ്യാപകമായി കടമടവ് പ്രതിസന്ധി രൂക്ഷമായപ്പോൾ ചൈനക്ക് നേരെയും ആരോപണത്തിന്റെ ചൂണ്ടുവിരൽ ഉയരാൻ തുടങ്ങിയിരിക്കുന്നു. ദരിദ്ര, അവികസിത രാജ്യങ്ങളെ അവക്ക് താങ്ങാനാവാത്ത കടഭാരം ചുമപ്പിച്ചു എന്നാണ് ചൈനക്കെതിരെ ഉയരുന്ന ആരോപണം.

ഈ പ്രോജക്ടിൽ വികസ്വര രാഷ്ട്രങ്ങൾക്ക് പണം നൽകുന്നതിലുളള ചൈനയുടെ താൽപര്യങ്ങൾ എന്ത് എന്ന് ആദ്യമേ അറിഞ്ഞിരിക്കണം. പല പല താൽപര്യങ്ങളാണ്. രാഷ്ട്രങ്ങൾക്കും കടത്തിന്റെ സ്വഭാവത്തിനുമനുസരിച്ച് അത് മാറി ക്കൊണ്ടിരിക്കും. ഒന്നാമത്തേത്, ഏത് വിധേനയും ബെൽറ്റ് ആന്റ് റോഡ് പദ്ധതി വിജയിപ്പിച്ചെടുക്കുക എന്നതാണ്. കാരണം ചൈനയെ പുറം നാടുകളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഈ നാടുകൾ ചിലപ്പോൾ ചൈനീസ് ഉൽപ്പന്നങ്ങളുടെ മാർക്കറ്റുകളായിരിക്കാം; അല്ലെങ്കിൽ ചൈനീസ് വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ സപ്ലൈ ചെയ്യുന്നവയായിരിക്കാം. ഈ പ്രോജക്ടിൽ ഏർപ്പെട്ടിരിക്കുന്നത് ചൈനീസ് കമ്പനികളാണ് എന്നതാണ് രണ്ടാമത്തെത്. അവരാണ് പണം മുടക്കുന്നത്. എണ്ണത്തിൽ വളരെക്കൂടുതലുള്ള ഈ കമ്പനികൾക്ക് ആവശ്യമായത്ര തൊഴിൽ ചൈനയിൽ ഇല്ല. അത് കൊണ്ടാണ് ചൈനയുടെ പുറത്തേക്ക് പ്രോജക്ടുകൾ വ്യാപിപ്പിക്കുന്നത്. പരോക്ഷമായി ഇതിന്റെയൊക്കെ വരുമാന വിഹിതം ചൈനയിലെത്തുകയും ചെയ്യും. കൊടുത്ത കടങ്ങൾക്ക് പലിശ ലഭിച്ചു കൊണ്ടിരിക്കും എന്നതാണ് മൂന്നാമത്തെ താൽപ്പര്യം. കടം തിരിച്ചടക്കാൻ ആ രാഷ്ട്രങ്ങൾക്ക് കഴിയാതെ വന്നാൽ അത് ചൈനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വശമുണ്ട്. ചൈന ഈ രാഷ്ട്രങ്ങളെ അവയ്ക്ക് തിരിച്ചടക്കാൻ കഴിയാത്ത കട ബാധ്യതകളിലേക്ക് തള്ളിയിട്ടതാണ് എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. തിരിച്ചടക്കാൻ കഴിയാത്ത കടങ്ങളുടെ പേരിൽ ആ നാടുകളിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും അത് പോലുള്ള സ്ഥാവര സ്വത്തുക്കളും ചൈനക്ക് സ്വന്തമാക്കാമല്ലോ എന്നാണ് വാദം. ഇത് ശരിയാവണമെന്നില്ല. കാരണം കൊടുത്ത കടവും അതിന്റെ പലിശയും തിരിച്ച് കിട്ടുന്നത് തന്നെയാണ് ചൈനക്ക് ലാഭകരം. കാരണം അന്യ നാടുകളിലെ തുറമുഖമോ എയർപോർട്ടോ അക്വയർ ചെയ്ത് അവ നടത്തിക്കൊണ്ട് പോവുക എന്നത് വളരെ ചെലവേറിയതാണ്.

ഏറ്റവുമൊടുവിൽ രൂപപ്പെട്ട പ്രതിസന്ധി ഈ രാഷ്ട്രങ്ങൾക്ക് കടം തിരിച്ചടക്കാൻ കഴിയുന്നില്ല എന്നതാണ്. കാരണങ്ങൾ എല്ലാവർക്കുമറിയാം. കാരണങ്ങളിൽ ഏറ്റവും പ്രധാനം കൊറോണ മഹാമാരിയും രൂക്ഷമായ പണപ്പെരുപ്പവും തന്നെ. ചില രാജ്യങ്ങളിലെ അഴിമതിയും കാര്യങ്ങൾ താളം തെറ്റിച്ചിട്ടുണ്ട്. പണം കടം വാങ്ങി യാതൊരു തത്ത്വദീക്ഷയുമില്ലാതെ പലതിലും ഇൻവെസ്റ്റ് ചെയ്തതും തിരിച്ചടിയായി. ശ്രീലങ്ക ഉദാഹരണം. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ചൈന ശ്രീലങ്കക്ക് നൽകിയത് പന്ത്രണ്ട് ബില്യൻ ഡോളർ. അത് കൊണ്ട് നിർമിച്ചതോ അംബരചുംബികളായ കെട്ടിടങ്ങളും കളി മൈതാനങ്ങളും മറ്റും മറ്റും. ഇതിൽ നിന്നൊന്നും കാര്യമായ വരുമാനം വരാനില്ലല്ലോ. പക്ഷെ ചൈനയുടെ ഈ പട്ടുപാത സംരംഭത്തിൽ പ്രയോജനകരമായ പദ്ധതികളുമുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് എത്യോപ്യക്കും ജിബൂത്തിക്കുമിടയിൽ നിർമിച്ച 750 കി.മി റെയിൽപാതയാണ്. ഈ രണ്ട് സ്റ്റേഷനുകൾക്കുമിടയിലെ യാത്രാ ദൂരം ഇത് വഴി മൂന്ന് ദിവസത്തിൽ നിന്ന് പന്ത്രണ്ട് മണിക്കൂറായി ചുരുങ്ങുകയുണ്ടായി.

കടങ്ങൾ അനുവദിക്കുന്നതിന് മുമ്പ് ചൈന കൃത്യമായ സാധ്യതാ പഠനങ്ങൾ നടത്തുന്നില്ല എന്നാണ് മനസ്സിലാവുന്നത്. അതത് രാഷ്ട്രങ്ങൾക്ക് കടം തിരിച്ചടക്കാനുള്ള ശേഷി ഉണ്ടോ എന്ന് നോക്കുന്നില്ല. പല രാഷ്ട്രങ്ങൾക്കും തിരിച്ചടക്കാൻ കഴിയാത്തത് അത് കൊണ്ടാണ്. ഇത് ഏഷ്യയില്യം ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വലിയ തോതിലുളള തിരിച്ചടവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. 2020 ലും 2021 ലുമായി 52 ബില്യൻ ഡോളറാണ് ചൈന കടമായി നൽകിയത്. അതിന് മുമ്പുള്ള രണ്ട് വർഷം നൽകിയ(16 ബില്യൻ) തിനേക്കാൾ മൂന്നിരട്ടിയാണിത്. ഇങ്ങനെയാണ് ചൈന നൽകിയ പുറം കടങ്ങൾ പ്രതിസന്ധിയിലായത്. 2001 മുതൽ ചൈന നൽകിയ മൊത്തം കടങ്ങൾ ചേർത്തു വെച്ചാൽ അത് 118 ബില്യൻ ഡോളർ വരും.

ചൈന തങ്ങളുടെ സാമ്പത്തിക ശക്തി ഉപയോഗിച്ചു നിരവധി രാഷ്ട്രങ്ങൾക്ക് സാമ്പത്തിക സഹായമെത്തിച്ചു. അപ്പോഴെല്ലാം സ്വന്തം താൽപ്പര്യം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. മറ്റു രാജ്യങ്ങളിലെ അടിസ്ഥാന വികസനത്തിന് പ്രാമുഖ്യം നൽകുകയും ചെയ്തു. അതാണ് ലോക സമ്പദ്ഘടനയെ സാരമായി ബാധിക്കുന്ന പ്രതിസന്ധിയായി രൂപപ്പെടുന്നത്. കടം തിരിച്ചടക്കാൻ ചൈന ആവശ്യപ്പെടുന്നുണ്ടെങ്കിലും ശ്രീലങ്കയെപ്പോലെ തിരിച്ചടക്കാൻ കഴിയാത്ത നിലയിലാണ്. അടുത്ത ദിവസങ്ങളിൽ ഇനി നാം കേൾക്കാൻ പോകുന്നത് മിക്കവാറും സാംബിയയെക്കുറിച്ചായിരിക്കും. ആ രാഷ്ട്രത്തിന്റെ വിദേശകടങ്ങളിൽ മൂന്നിലൊന്നും ചൈനക്ക് നൽകാനുള്ളതാണ്. സാംബിയയോടുള്ള ചൈനയുടെ സമീപനം എന്തായിരിക്കാമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കടം കൊടുത്തപ്പോഴുണ്ടായിരുന്ന സൗഹൃദവും സൗമനസ്യവും ചൈന നില നിർത്തുമോ? അതോ തിരിച്ചടച്ചേ തീരൂ എന്ന് വാശി പിടിച്ച് മൊത്തം ലോകത്തെയും കഴിഞ്ഞ നൂറ്റാണ്ടിലെ എൺപതുകളിലുണ്ടായ വായ്പാ തിരിച്ചടവ് പ്രതിസന്ധിക്ക് സമാനമായ ഒരവസ്ഥയിലേക്ക് ചൈന തള്ളിവിടുമോ?

വിവ : അശ്റഫ് കീഴുപറമ്പ്
(സഊദി സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ. )

Related Articles