Current Date

Search
Close this search box.
Search
Close this search box.

ഓങ് സാൻ സൂകി മുതൽ ജെറാഡ് കുഷ്നർ വരെ

ഭൂമി എങ്ങോട്ടാണ് തിരിയുന്നതെന്ന് ആരുമൊന്ന് സംശയിച്ചുപോകുന്ന രണ്ടു വാർത്തകൾ ഈ മാസം ആദ്യം ആഗോളമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു, മ്യാൻമറിലെ സൈനിക അട്ടിമറിയും, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്നർ സമാധാന നോബൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായിരുന്നു ആ രണ്ടു വാർത്തകൾ. ഈ രണ്ടു വാർത്തകൾ തമ്മിൽ എന്താണ് ബന്ധമെന്ന് നിങ്ങൾ ചോദിച്ചേക്കാം; വിശദീകരിക്കാം.

മ്യാൻമറിൽ, ഫെബ്രുവരി 1ന് പുലർച്ചെ അരങ്ങേറിയ സൈനിക അട്ടിമറി, സർക്കാറിനെ പിരിച്ചുവിടുകയും, അതിന്റെ നേതാവായ ഓങ് സാൻ സൂകിയെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. സീനിയർ ജനറൽ മിൻ ഓങ് ലൈങ് ഭരണം ഭരണചുമതല ഏറ്റെടുത്തിട്ടുണ്ട്.

റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ മ്യാൻമർ സൈന്യം വംശഹത്യ നടത്തിയപ്പോൾ, കൊലയാളികളായ സൈനിക ജനറൽമാരെ വിശുദ്ധരാക്കാൻ സ്വന്തം പേരും പ്രശസ്തിയും ബോധപൂർവം ഉപയോഗിച്ച നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂകിയോട് നിങ്ങൾ സഹതാപം കാണിക്കുന്നത് തീർച്ചയായും വെറുതെയാകും. ലോകം മുഴുവൻ അറിയുന്നതു പോലെ, ഇത് ഓങ് സാൻ സൂകിയും അവരുടെ സൈനിക രക്ഷാധികാരികളും തമ്മിലുള്ള ഒരു ആഭ്യന്തര കാര്യമാണ്. അതേ സൈന്യം തന്നെയാണ് തങ്ങളുടെ ദുഷ്ടചെയ്തികൾക്കു വേണ്ടി സൂകിയെ വീട്ടുതടങ്കലിൽ അടക്കുകയും, രാജ്യത്തെ മുസ്ലിംകളെ വംശീയമായി ഉൻമൂലനം ചെയ്തുകൊണ്ടിരിക്കുന്നതും.

2019 ഡിസംബറിൽ, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വംശഹത്യാ കുറ്റത്തിന്റെ പേരിൽ വിചാരണ നേരിട്ട അതേ സൈനിക ജനറൽമാരെ സജീവമായി പിന്തുണച്ചു കൊണ്ട് വാദിച്ച ആളാണ് ഓങ് സാൻ സൂകി. “സാമുദായിക സംഘർഷം”, അല്ലെങ്കിൽ “ഭീകരവാദികൾക്കെതിരായ നടപടി” എന്നൊക്കെയാണ് മുസ്ലിംകൾക്കെതിരെയുള്ള വംശഹത്യയെ അവർ വിശേഷിപ്പിച്ചത്. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും വെളുത്ത വർഗക്കാരെ സംബന്ധിച്ചിടത്തോളം കാണപ്പെട്ട “മനുഷ്യാവകാശ ഹീറോ” ആയ സൂകിയിൽ മുസ്ലിം ലോകം കണ്ടത്, ആയിരക്കണക്കിന് മനുഷ്യരെ അറുംകൊല ചെയ്യാൻ എല്ലാവിധ അനുഗ്രഹാശിസ്സുകളും നൽകിയ, വംശഹത്യയെ ന്യായീകരിക്കാൻ യാതൊരു മടിയും കാണിക്കാത്ത ഒരു ദുഷ്ടജന്മത്തെയാണ്.

ഒരിക്കൽ ഓങ് സാൻ സൂകിക്ക് നൽകപ്പെട്ട അതേ സമാധാന നൊബേൽ പുരസ്കാരത്തിനാണ് ഇപ്പോൾ ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്നറും നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതാണ് ആ രണ്ടു വാർത്തകൾ തമ്മിലുള്ള ബന്ധം. യുദ്ധകുറ്റവാളി ഹെന്റി കിസ്സിംജർക്കും സമാധാന നൊബേൽ ലഭിച്ചിട്ടുണ്ട് എന്നത് സാന്ദർഭികമായി സൂചിപ്പിക്കുന്നു.

ഇത്തരം അധാർമിക വ്യക്തികൾക്ക് നൽകപ്പെട്ടതിനാൽ പറയപ്പെടുന്നത് പോലെയുള്ള ഒരു ആദരവോ വിശുദ്ധിയോ ഈ പുരസ്കാരത്തിന് ഇപ്പോൾ അവശേഷിക്കുന്നില്ലെങ്കിലും, ജെറാഡ് കുഷ്നർ എങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെട്ടു? അതെങ്ങനെ സംഭവിച്ചു?

അതെ, അലൻ ഡെർഷോവിറ്റ്സ് ആണത് സംഭവിപ്പിച്ചത്. യു.എസിന് പുറത്തുള്ളവർക്ക് ഒരുപക്ഷേ ഇദ്ദേഹത്തെ പറ്റി അറിവുണ്ടായിരിക്കില്ല. ഇസ്രായേലിനു വേണ്ടി ഉന്നതതലത്തിൽ പ്രവർത്തിക്കുന്ന ഇദ്ദേഹമാണ് കുഷ്നറെ സമാധാന നൊബേലിനു വേണ്ടി നാമനിർദ്ദേശം ചെയ്തത്. തീർച്ചയായും ഇതൊരു വാർത്താമൂല്യമുള്ള സംഭവമേയല്ല. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നൊബേലിന് സ്വയം നാമനിർദ്ദേശം ചെയ്തിരുന്നു, പിന്നെ എന്തുകൊണ്ട് മരുമകനും ആയിക്കൂടാ?

ഞങ്ങൾ ന്യൂയോർക്ക് നിവാസികളെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കൾ കാശു കൊടുത്ത് വാങ്ങിക്കൊടുത്ത ഹാർവാർഡ് ഡിഗ്രിയുള്ള ഒരു “സ്ലംലോർഡ് മില്യനയർ” ആണ് കുഷ്നർ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രിയപ്പെട്ട സുഹൃത്തായും കുഷ്നറെ ലോകം അറിയും. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ രാജകുമാന്റെ പങ്ക് മറച്ചുവെക്കാൻ കുഷ്നർ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി കവർന്നെടുക്കാൻ ഇസ്രായേലിനെ സഹായിക്കുകയെന്ന ഏക ലക്ഷ്യമുള്ള ഒരു തീവ്ര സയണിസ്റ്റ് എന്ന നിലയിലാണ് നമുക്ക് ജെറാഡ് കുഷ്നറെ അറിയുക. ഫലസ്തീൻ അഭയാർഥികളുടെ അഭയാർഥി പദവി അവസാനിപ്പിക്കാനും, മറച്ചുവെക്കാനും, നിഷേധിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ സഹായം നിർത്തലാക്കുന്നിൽ കുഷ്നറുടെ വിനാശകരമായ പങ്കിനെ കുറിച്ചും ലോകത്തിന് അറിയാം.

എന്താണ് കുഷ്നറെ നോബേലിന് അർഹനാക്കുന്നത്? ഏതാനും അറബ് ദുർഭരണാധികാരികളെ കൈവെള്ളയിൽ ഒതുക്കി, തന്റെ ഭാര്യാപിതാവിന്റെ ഓഫീസ് അധികാരം ഉപയോഗിച്ച് പ്രസ്തുത അറബ് ദുർഭരണാധികാരികളെ കൊണ്ട് ഇസ്രായേൽ എന്ന അപ്പാർത്തീഡ് രാഷ്ട്രവുമായി ഉടമ്പടയിൽ ഒപ്പുവെപ്പിച്ചു എന്നതാണ് വസ്തുത. ഇത് അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഒന്നുമാത്രമാണ്. അദ്ദേഹത്തിന്റെ മറ്റു നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആത്മപ്രശംസയുടെയും വംശീയതയുടെയും പേരിൽ യു.എസിൽ അറിയപ്പെടുന്ന ഒരാളാണ് കുഷ്നർ. കാമറയുടെ മുഖത്തു നോക്കി ആഫ്രിക്കൻ അമേരിക്കൻ വംശജർക്കെതിരെ വെറുപ്പ് തുപ്പാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇത് ഞാൻ മാത്രം പറയുന്നതല്ല, ലോകത്തിൽ ലിബറൽ സയണിസത്തിന്റെ മുഖ്യജിഹ്വയായ ന്യൂയോർക്ക് ടൈംസിൽ അച്ചടിച്ചു വന്നതാണിത്.

മുസ്ലിംകൾക്കും ഫലസ്തീനികൾക്കും കറുത്തവർഗ്ഗക്കാർക്കുമെതിരായ വംശീയത മാത്രമല്ല കുഷ്നറുടെ പ്രശ്നം. അദ്ദേഹത്തിന്റെ കുറ്റകരമായ വിഡ്ഢിത്തം അമേരിക്കയിൽ വൻ ദുരിതങ്ങൾ സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, കാരണം കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട ചുമതല ട്രംപ് കുഷ്നർക്കായിരുന്നു നൽകിയത്. എന്താണ് അതിനുള്ള യോഗ്യത?

കുഷ്നർ ഒരു സാധാരണ വിഡ്ഢിയല്ല; താനെന്ന ഭാവമുള്ള, അഹങ്കാരിയായ, ആത്മവിശ്വാസമുള്ള വിഡ്ഢിയാണ് കുഷ്നർ. ഒരു സാധാരണ വിഡ്ഢി നിരുപദ്രവകാരിയും സ്നേഹസമ്പന്നനുമായേക്കാം. ദസ്തയോവ്സ്കിയുടെ മാസ്റ്റർപീസുകളിൽ ഒന്നായ ‘ദി ഇഡിയറ്റ്’ എന്ന കൃതിയിലെ മിഷ്കിൻ രാജകുമാരൻ, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നും, ഒരു നല്ല മനുഷ്യനുമാണ്. ട്രംപിനെയും കുഷ്നറിനെയും പോലെയുള്ള ആളുകൾ കുറ്റകരമായ വിഡ്ഢിത്തം വെച്ചുപുലർത്തുന്ന ആളുകളും, ദശലക്ഷക്കണക്കിന് മനുഷ്യർക്ക് ദുരിതം വരുത്തിവെക്കുന്നവരുമാണ്.

കുഷ്നർക്ക് സമാധാന നൊബേൽ ലഭിക്കണമെന്നു തന്നെയാണ് ഡെർഷോവിറ്റ്സ് കരുതുന്നത്. ഞാനും അതു തന്നെയാണ് പ്രത്യാശിക്കുന്നത്, കാരണം കുഷ്നറും, കിസ്സിംജറും, ഓങ് സാൻ സൂകിയും പരസ്പരം അർഹിക്കുന്നവർ തന്നെയാണ്.

എന്നാൽ താൻ എന്താണ് ചെയ്യുന്നതെന്ന് ഡെർഷോവിറ്റ്സിന് നന്നായറിയാം. സമാധാന നൊബേലിനായി കുഷ്നറെ നാമനിർദ്ദേശം ചെയ്ത് ഡെർഷോവിറ്റ്സിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന് തികച്ചു വ്യത്യസ്തമായ ഒരു ലക്ഷ്യമുണ്ട്. ട്രംപിന്റെ ഉയർച്ചയിൽ നിന്നും തകർച്ചയിൽ നിന്നും തങ്ങളുടെ പ്രിയപ്പെട്ട അപ്പാർത്തീഡ് രാഷ്ട്രത്തെ ഒഴിച്ചു നിർത്താനാണ് ഡെർഷോവിറ്റ്സിനെ പോലുള്ള പ്രൊപഗണ്ട ഉദ്യോഗസ്ഥർ സജീവമായി ശ്രമിക്കുന്നത്.

ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ കീഴടക്കിയിരിക്കുന്ന ഭ്രാന്തൻ സംഘമൊഴികെ, എല്ലാ ആത്മാഭിമാനികളായ അമേരിക്കക്കാരും ട്രംപിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും തള്ളിക്കളയുമെന്ന് പ്രൊപഗണ്ട ഉദ്യോഗസ്ഥർക്ക് നന്നായറിയാം. കുഷ്നറെ കുറ്റവിമുക്തനാക്കുകയും ഇസ്രായേലിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സംരക്ഷിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്.

എന്നാൽ ലോകത്തിന് നന്നായറിയാം: അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും ഇസ്രായേലിന് ഒരു അനുഗ്രഹവുമായിരുന്നു ട്രംപ്. ഇസ്രായേലികൾ ഫലസ്തീനികളോട് ചെയ്തത് അമേരിക്കക്കാരോട് ചെയ്യാനാണ് ട്രംപ് ആഗ്രഹിച്ചത്: അതായത് എല്ലാവിധ സ്വാതന്ത്ര്യവും നിഷേധിച്ച് വെളുത്തവർഗാധിപത്യം സ്ഥാപിക്കാനായിരുന്നു ട്രംപിന്റെ ലക്ഷ്യം.

സ്വതന്ത്രാഖ്യാനം: അബൂ ഈസ
അവലംബം: middleeasteye

Related Articles