Current Date

Search
Close this search box.
Search
Close this search box.

ആദിവാസികൾ ഹിന്ദുക്കളല്ല!

എൻ.പി.ആർ, എൻ.ആർ.സി, സി.എ.എ എന്നിവക്കെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. അതുപോലെ 2021-ലെ ദശവത്സര സെൻസസിന്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ പോവുകയാണ്. എൻ.പി.ആർ, എൻ.സി.ആർ, സി.എ.എ അനുകൂല പ്രചാരണ പ്രവർത്തനങ്ങൾ ആർ.എസ്.എസ് സജീവമായി തന്നെ നടത്തുന്നുണ്ട്. അതേസമയം, ‘മറ്റു മതങ്ങൾ’ എന്ന കോളം ടിക്ക് ചെയ്യുന്നതിനു പകരം ആദിവാസികൾ തങ്ങളെ ഹിന്ദുക്കളായി രജിസ്റ്റർ ചെയ്യണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെടുന്നുമുണ്ട്. അവരുടെ വക്താവ് പറയുന്നത് അനുസരിച്ച്, 2011ലെ സെൻസസിൽ ഒരുപാട് ആദിവാസികൾ ‘മറ്റു മതങ്ങൾ’ എന്ന കോളം ടിക്ക് ചെയ്തെന്നും, അതിന്റെ ഫലമായി ഹിന്ദുക്കളുടെ ജനസംഖ്യ 0.7 ശതമാനം താഴ്ന്ന് 79.8 ശതമാനമായി കുറഞ്ഞത്രെ. ഇക്കാരണത്താലാണ് ആദിവാസികൾ ഹിന്ദുക്കളുടെ കോളത്തിൽ ടിക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആർ.എസ്.എസ് പദ്ധതിയിടുന്നത്.

സിന്ധുനദീതടത്തിന്റെ കിഴക്ക് ഭാഗത്തെ ഭൂമിയെ തങ്ങളുടെ വിശുദ്ധഭൂമിയായും മാതൃഭൂമിയായും കരുതുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആദ്യമായി പറഞ്ഞത് സവർക്കറാണ്. ഇത് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പുറന്തള്ളി, ബാക്കിയുള്ളവരെയെല്ലാം ഹിന്ദു മതത്തിനുള്ളിലേക്ക് ചേർത്തു. 1980കൾ മുതൽക്ക്, തെരഞ്ഞെടുപ്പ് സംബന്ധിയായ സമ്മർദ്ദങ്ങൾ കാരണത്താൽ, ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുസ്ലിംകളെല്ലാം അഹമദിയ്യ ഹിന്ദുക്കളാണെന്നും ക്രിസ്ത്യാനികൾ ക്രിസ്റ്റി ഹിന്ദുക്കളാണെന്നും മുരളി മനോഹർ ജോഷി പറഞ്ഞുവെച്ചു. അടുത്തിടെ, സിഖു മതം വേറിട്ടൊരു മതമല്ലെന്നും അത് ഹിന്ദുമതത്തിലെ ഒരു വിഭാഗമാണെന്നും പറഞ്ഞത് വിവാദങ്ങൾക്കു കാരണമായിരുന്നു. ഒരുപാട് സിഖ് സംഘടനങ്ങൾ ഇതിനെതിരെ രംഗത്തുവരികയും, സിഖിസം ഒരു മതമാണെന്ന് ഉറക്കെ വിളിച്ചു പറയുകയും, ‘ഞങ്ങൾ ഹിന്ദുക്കളല്ല’ എന്ന കഹാൻ സിങ് നാഭയുടെ പുസ്തകം ഉയർത്തിപിടിക്കുകയും ചെയ്തിരുന്നു.

Also read: ജനാധിപത്യസൂചികയില്‍ ഇന്ത്യ പിറകോട്ടടിക്കുമ്പോള്‍

തങ്ങളുടെ സ്വത്വം അടയാളപ്പെടുത്താൻ രേഖകളിൽ കോളം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിവാസി സംഘടനകൾ രംഗത്തുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ നടത്തപ്പെട്ട പ്രഥമ സെൻസസിൽ ‘ആദിവാസികൾ’ എന്ന കോളം ഉണ്ടായിരുന്നു, പിന്നീട് അത് നീക്കം ചെയ്യപ്പെടുകയും, മറ്റു മതങ്ങളുടെ കോളത്തിൽ അടയാളപ്പെടുത്താൻ ആദിവാസികൾ നിർബന്ധിതരാവുകയുമായിരുന്നു.

1951ന് ശേഷം, ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ, ജൈൻ, ബുദ്ധ മതങ്ങൾ കൂടാതെ ‘മറ്റുള്ളവ’ എന്ന കോളവും ഉണ്ടായിരുന്നു, 2011ലാണ് പ്രസ്തുത കോളം നീക്കം ചെയ്യപ്പെട്ടത്. ബ്രിട്ടീഷ് കാലത്തു പോലും ‘ആദിവാസികൾ’ എന്ന ഒരു കോളം തെരഞ്ഞെടുക്കാൻ ഗോത്രവർഗക്കാർക്ക് വ്യവസ്ഥ ഉണ്ടായിരുന്നു. 83ൽ പരം മതങ്ങൾ ആദിവാസികൾക്കിടയിൽ ഉണ്ട്. സർന, ഗോണ്ടി, പൂനെം, അടി, കോയ എന്നിവയാണ് അവയിൽ പ്രമുഖം. ഇവർക്കിടയിലെ പൊതുവായ ഒരു ഘടകം, അവർ പ്രകൃതിയെയും മുൻഗാമികളുടെ ആത്മാക്കളെയും ആരാധിക്കുന്നവരാണ് എന്നതാണ്. പുരോഹിത വർഗമോ, വിശുദ്ധ ഗ്രന്ഥങ്ങളോ, വിശാല ഹിന്ദുമതത്തിന്റെ സവിശേഷതയായ ദേവീദേവതകളോ അവർക്കില്ല.

ആർ.എസ്.എസ്സിന്റെ ഹിന്ദു രാഷ്ട്രമെന്ന രാഷ്ട്രീയ അജണ്ട ആദിവാസികളെ വനവാസികളായാണ് കണക്കാക്കുന്നത്. ആദിവാസികൾ ഹിന്ദു സമൂഹത്തിന്റെ ഭാഗമാണെന്നും മുസ്ലിം അധിനിവേശകരുടെ നിർബന്ധിത മതപരിവർത്തനത്തിൽ നിന്നും രക്ഷപ്പെടാൻ കാടുകളിലേക്ക് ഓടിപ്പോകാൻ ആദിവാസികൾ നിർബന്ധിക്കപ്പെടുകയായിരുന്നെന്നും ആർ.എസ്.എസ് വാദിക്കുന്നു. ജനസംഖ്യ ജനിതകശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനങ്ങൾക്കു കടകവിരുദ്ധമാണ് ഈ കെട്ടുകഥ. രാജ്യത്തെ യഥാർഥ നിവാസികൾ ആര്യൻമാരാണെന്നും ഇവിടെ നിന്നാണ് അവർ ലോകം മുഴുവൻ വ്യാപിച്ചതെന്നും ഹിന്ദു ദേശീയവാദികൾ വാദിക്കുന്നു. വംശ സിദ്ധാന്തത്തിനു വിരുദ്ധമായി, നാമെല്ലാവരും ഇടകലർന്നവരാണെന്നാണ് ടോണി ജോസഫിന്റെ ‘Early Indians’ എന്ന കൃതി നമ്മോടു പറയുന്നത്. അറുപതിനായിരം വർഷങ്ങൾക്കു മുൻപ് ദക്ഷിണേഷ്യയിൽ നിന്നും കുടിയേറിയവരാണ് നമ്മുടെ ദേശത്തെ ആദ്യ നിവാസികൾ.

Also read: ഇനി ഉറക്കത്തിന്റെയല്ല; നമസ്കാരത്തിന്റെ രാത്രികൾ

ഇന്തോ-ആര്യൻമാർ ഏകദേശം മൂവായിരം വർഷങ്ങൾക്കു മുമ്പ് ഇവിടെയെത്തി, അവർ ആദിവാസികളെ വനങ്ങളിലേക്കും കുന്നുകളിലേക്കും ഓടിച്ചുവിട്ടു, ഇങ്ങനെ ആട്ടിയോടിക്കപ്പെട്ടവരാണ് ഇന്ത്യയിലെ ഇന്നത്തെ ആദിവാസി സമൂഹം.

തങ്ങളുടെ മതത്തെ ഉപയോഗിച്ച് ദേശീയത കെട്ടിപ്പടുക്കുന്ന എല്ലാ ദേശീയവാദികളെയും പോലെ ഹിന്ദു ദേശീയവാദികളും അവരാണ് രാജ്യത്തെ യഥാർഥ നിവാസികളെന്ന് അവകാശപ്പെടുന്നു, അതിനനുസരിച്ചാണ് ഭൂതകാലത്തെ കുറിച്ചുള്ള അവരുടെ വ്യാഖ്യാനങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. ആർ.എസ്.എസ് തുടക്കം മുതൽ തന്നെ ആദിവാസി എന്ന വാക്ക് ഉപയോഗിക്കുന്നില്ല, പകരം വനവാസി എന്നാണ് അവർ ആദിവാസികളെ വിശേഷിപ്പിക്കുന്നത്. തങ്ങൾ ഹിന്ദുക്കളല്ലെന്നും, ഹിന്ദുമതത്തിൽ നിന്നും വളരെ വ്യത്യസ്തമായ വിശ്വാസങ്ങളു ആചാരങ്ങളും തങ്ങൾക്കുണ്ടെന്നും ആദിവാസികൾ പറയുമ്പോഴും, തങ്ങളുടെ അജണ്ട പ്രകാരം അവർ ഹിന്ദുമതത്തിന്റെ ഭാഗമാകണമെന്നാണ് ആർ.എസ്.എസ്സിന്റെ ആഗ്രഹം.

ആദിവാസി മേഖലകളിൽ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുന്നതിനു വേണ്ടി 1980കൾ മുതൽ തന്നെ ആർ.എസ്.എസ് അവിടങ്ങളിലേക്ക് തങ്ങളുടെ പ്രചാരകരെ അയച്ചു കൊണ്ട് പ്രവർത്തനം ശക്തമാക്കിയിരുന്നു. ആദിവാസികൾക്കിടയിൽ വിദ്യാഭ്യസ ആരോഗ്യ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്ത്യൻ മിഷണറിമാർ ആദിവാസികളുടെ ഹൈന്ദവവത്കരണത്തിനു തടസ്സമാണെന്ന് ആർ.എസ്.എസ് മനസ്സിലാക്കി. ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയുള്ള ആർ.എസ്.എസ് പ്രചാരണമാണ് പാസ്റ്റർ ഗ്രഹാം സ്റ്റെയിനിന്റെ അരുംകൊലയിലേക്കും, 2008ലെ കണ്ഡമാൽ കൂട്ടക്കൊലയിലേക്കും നയിച്ചത്.

Also read: പുരുഷ മനസ്സിലെ നാല് പെണ്ണുങ്ങള്‍

ആദിവാസികളെ സാംസ്കാരികമായി ഹിന്ദുമതത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിനായി ആർ.എസ്.എസ് കുംഭമേളകളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. ആദിവാസി ഭൂരിപക്ഷ മേഖലകളിലെ കുംഭമേളകൾ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു, ആദിവാസികളോട് അതിൽ പങ്കെടുക്കാൻ ആജ്ഞാപിക്കപ്പെട്ടു, അവർക്കിടയിൽ കാവിക്കൊടികൾ വിതരണം ചെയ്യപ്പെടുകയും അവ വീടുകളിൽ സ്ഥാപിക്കാൻ പറയപ്പെടുകയും ചെയ്തു. രണ്ട് മതപ്രതീകങ്ങൾ ആദിവാസികൾക്കിടയിൽ ജനകീയമാക്കി, ഒന്ന് ശബരിയും മറ്റൊന്ന് ഹനുമാനും. ഇതിനെല്ലാമുപരി, ഏകൽ വിദ്യാലയങ്ങൾ, ആർ.എസ്.എസ്സിന്റെ ചരിത്ര വ്യാഖ്യാനം ആദിവാസി മേഖലകളിൽ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതിന്റെയെല്ലാം മറ്റൊരു വശമെന്താണെന്നാൽ, ധാതുലവണങ്ങളാൽ സമ്പന്നമായ പ്രദേശങ്ങളിലാണ് ആദിവാസികൾ താമസിക്കുന്നത്, ഈ മേഖലകൾ കൈയ്യടക്കുകയാണ് ബി.ജെ.പി അനുകൂല കോർപറേറ്റ് ശക്തികളുടെ ലക്ഷ്യം.

ലോകമെമ്പാടുമുള്ള ആദിവാസികൾക്കിടയിൽ പൊതുവായ ചില ഘടകങ്ങളുണ്ട്. അവർ പ്രകൃതിയെ ആരാധിക്കുന്നവരാണ്, അത്തരമൊരു സംസ്കാരമാണ് അവർ പിന്തുടരുന്നത്. ഒരുപാടു പേർ സ്വന്തം ഇഷ്ടപ്രകാരം മറ്റു മതങ്ങളിലേക്ക് പരിവർത്തനം നടത്തിയിട്ടുണ്ട്, സ്വന്തം കാഴ്ചപ്പാട് തന്നെയാണ് ഏറ്റവും പ്രധാനം. “ആദിവാസികൾ ഹിന്ദുക്കൾ അല്ലെന്ന്” ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ചൂണ്ടികാട്ടിയിരുന്നു. അതുകൊണ്ടു തന്നെ സെൻസർ ഫോമുകളിൽ ‘ആദിവാസികൾ’ എന്ന കോളം ചേർക്കുക തന്നെ വേണം.

മൊഴിമാറ്റം : മുഹമ്മദ് ഇർഷാദ്

Related Articles