Current Date

Search
Close this search box.
Search
Close this search box.

മതവിരുദ്ധത: കമ്മ്യൂണിസത്തിൻ്റെ രാഷ്ട്രീയം

മതവും വിശ്വാസവുമായി കമ്മ്യൂണിസം യോജിച്ചുപോകുമോ എന്നതു സംബന്ധിച്ച ചർച്ചകൾ സാർവത്രികമാണ്. കമ്മ്യൂണിസം സംബന്ധിച്ച് അനുകൂല-പ്രതികൂല ചർച്ചകളും വാഗ്വാദങ്ങളും ലോകവ്യാപമകമായി തന്നെ നടക്കുന്നുമുണ്ട്. സാർവജനീനവും സാർവകാലികവുമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ഇവ്വിഷയകമായി എന്താണ് എന്നതു സംബന്ധിച്ചുള്ള വിശകലനം പുതിയ കാലത്ത്, വർത്തമാന രാഷട്രീയാന്തരീക്ഷത്തിൽ അനിവാര്യമാണെന്ന് തോന്നുന്നു.

യൂറോപ്യൻ മുതലാളിത്വം അതിന്റെ ഉത്തുംഗതയിലെത്തിയ കാലത്താണ് മർക്‌സിസത്തിന്റെ ഉത്ഭവം.1818-ൽ ജർമനിയിലെ ട്രിയർ പട്ടണത്തിൽ യഹൂദി വംശജനായി ജനിച്ച്, നാട്ടുകാർക്കിടയിൽ നിർഭയനും സർവതന്ത്ര സ്വതന്ത്രനുമായി ജീവിച്ച കാറൽമാർക്‌സിനെയാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ശിൽപിയായി ഗണിക്കുന്നത്. സാമ്പത്തിക വിദഗ്ദന്മാരായിരുന്ന സെന്റ്-സൈമൺ, ചാർലെസ് ഫൗരിയർ, റോബർട്ട് ഓവൻ, ലൂയിബ്ലാൻ എന്നിവരുടെ ചിന്താഗതികളിൽ ആകൃഷ്ടനായ കാറൽമാർക്‌സ് അവരുടെ ആശയങ്ങളാണ് ആവാഹിച്ചത്.

ഇംഗ്ലണ്ടിലെ റിക്കാർഡോ, അഡം സ്മിത്ത് എന്നിവരുടെ സാമ്പത്തിക ആദർശങ്ങളും ഫ്രാൻസിലെ വോൾടയർ, റൂസ്സോ എന്നിവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ജർമനിയിലെ ഹെഗലിന്റെ തത്വശാസ്ത്രവുമെല്ലാം മാർക്‌സിനെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. 1844-ൽ ഫ്രെഡറിക് എംഗൽസിനെ കൂടി ലഭിച്ചതോടെ തന്റെ ആശയ പ്രചരണം കൂടുതൽ വിപുലമാക്കി.

അക്കാലത്തുണ്ടായിരുന്ന സാമ്പത്തിക വ്യവസ്ഥയിൽ സമൂലമായ പരിവർത്തനം ഉണ്ടാക്കുക എന്നതായിരുന്നു മാർക്‌സിന്റെ ആദ്യതീരുമാനം. അതിനായി ഒരു തത്വശാസ്ത്രവും നിർമിച്ചു. തന്റെ ചിന്തയിൽ ഭൗതികത്വത്തിന്നും ഭക്ഷണ പ്രശ്‌നത്തിന്നുമല്ലാതെ മറ്റൊന്നിന്നും ഇടമില്ലാതിരുന്നതിനാൽ പ്രകൃതിക്കനുസരിച്ച് നിയമിക്കപ്പെട്ട ജീവിത ലക്ഷ്യവും ശാസ്ത്രീയ പദ്ധതിയും കേവലം ഭൗതികമായ ലക്ഷ്യവും മാത്രമാണ് തന്റെ തത്വശാസ്ത്രത്തിൽ ഉൾപെടുത്തിയത്. അതാണ് മാർക്‌സിസം അഥവാ കമ്മ്യൂണിസമായി പ്രചരിച്ചത്.

മാർക്‌സിന്റെ ഭൗതിക തത്വശാസ്ത്രത്തിനു സാങ്കേതികമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമെന്നാണ് പറയുക. പ്രപഞ്ചത്തെ കുറിച്ചുള്ള തന്റെ വിശകലനം വൈരുദ്ധ്യാധിഷ്ഠിതമായതാണ് അങ്ങനെ പറയാൻ കാരണം. ഈ വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം വ്‌ലാഡിമിർ ലെനിന്റെ ഭാഷയിൽ പറഞ്ഞാൽ മാർക്‌സിസത്തിന്റെ ജീവനും അടിക്കല്ലുമാണ്. വർഗ സമരവും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ രണ്ട് വശങ്ങളാണ്. ലോകത്ത് ഇതുവരെ ഉണ്ടായിക്കൊണ്ടിരുന്നതെല്ലാം സാമ്പത്തിക പ്രശ്‌നത്തിന്റെയും വർഗ സമരത്തിന്റെയും തുടർച്ചയായ കഥാപരമ്പരയാണെന്നാണ് അദ്ദേഹം പറയുന്നത്. മതമാകട്ടെ, സദാചാരമാകട്ടെ, ഒന്നും തന്നെ അതിന്റെ പ്രവർത്തന പരിധിയിൽ നിന്നു പുറത്തുപോകുന്നില്ലെന്ന് സാരം.

യേശുവിന്റെ ആത്മീയ ഉപദേശങ്ങളും പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ഇസ്‌ലാം മത പ്രബോധനവുമെല്ലാം വയറിന്നും റൊട്ടിക്കും വേണ്ടി ആയിരുന്നുവെന്നാണ് മാർക്‌സിസത്തിന്റെ വ്യാഖ്യാനം.

ലോകത്ത് സംഭവിച്ചതെല്ലാം വർഗപരവും സാമ്പത്തികവുമായ സംഘട്ടനങ്ങളുടെ തുടർച്ചയാണെന്ന മാർക്‌സിന്റെ വാദം അംഗീകരിച്ചാൽ പിന്നെ മതവും ദൈവവും അസ്ഥാനത്താകും. തനി ഭൗതിക വാദത്തിന്മേൽ അധിഷ്ഠിതമായ ആ തത്വശാസ്ത്രത്തിൽ മതപരമോ, ആത്മീയമോ ആയ യാതൊരു ആദർശത്തിന്റെയും പ്രസക്തിയില്ല. അദൃശ്യനായ ലോകസ്രഷ്ടാവിനെ കുറിച്ചുള്ള ഭാവന പോലും ഉണ്ടാകില്ല.

എന്നാൽ ഇസ്‌ലാമിക ചിന്തകളുടെ ആവിർഭാവം തന്നെ ലോകസ്രഷ്ടാവിനെക്കുറിച്ചുള്ള ബോധത്തിൽ നിന്നാണ്. ആദ്യമായി ലോക സ്രഷ്ടാവിനെ് ഗ്രഹിക്കുന്നു. പിന്നെയാണ് മറ്റുള്ളതെല്ലാം. ഈ തത്വത്തിൽ ഇസ്‌ലാമും കമ്മ്യൂണിസവും രണ്ട് ധ്രുവങ്ങളിലാണ്. അവ രണ്ടും യോജിച്ചു പോവുക എന്നത് അസാധ്യവുമാണ്. ഒന്നിനോടു എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതിൽ നിന്നു അകന്നുപോകുന്നു.

മാർക്‌സ് തന്നെ പറയുന്നത് ഇങ്ങനെയാണ്: ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’. പ്രമുഖ ചിന്തകനും തത്വജ്ഞാനിയുമായ എം.എൻ റോയി എഴുതുന്നു: ‘കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം ഭൗതികവാദമാകുന്നു. അതു മതത്തെ പിന്നാമ്പുറത്തേക്ക് എറിയുന്നു. ആത്മീയമായ യാതൊന്നും അത് സമ്മതിക്കുന്നില്ല. ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചുമുള്ള മതപരമായ അഭിപ്രായത്തെ അതു നിഷേധിക്കുന്നു…. മാർക്‌സിന്റെ തത്വശാസ്ത്രത്തിൽ മനുഷ്യൻ ഏതോ ഒരു അദൃശ്യ ശക്തിയുടെ കയ്യിലുള്ള ഉപകരണമല്ല. മനുഷ്യൻ അധിവസിക്കുന്ന ലോകത്തെ അവൻ തന്നെയാണ് സൃഷ്ടിക്കുന്നത്. അവൻ തന്നെയാണ് സമുദായത്തേയും സൃഷ്ടിക്കുന്നത്. ആകയാൽ ഒരു വ്യക്തിപരമായ ദൈവവിശ്വാസമാകട്ടെ ആരാധാനാഫലത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഉള്ള മതപരമായ അഭിപ്രായമാകട്ടെ അവയിലൊന്നും തന്നെ മാർക്‌സിന്റെ സിദ്ധാന്തത്തോടിണങ്ങിച്ചേരില്ല എന്നുള്ളത് തികച്ചും വ്യക്തമാണ്. Independence of India (January 29, 1939).

ലെനിൻ പറയുന്നത് കാണുക: കമ്മ്യൂണിസത്തിന്റെ താത്വികമായ അടിസ്ഥാനം മാർക്ക്‌സും, ഏംഗൽസും പ്രസ്താവിച്ച പോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഇതാകട്ടെ തികച്ചും നിരീശ്വരപരവും സർവ മതവിരുദ്ധവുമാകുന്നു. (മാർക്‌സ് ഏംഗൽസ് മാർക്‌സിസം 273). കമ്മ്യൂണിസ്റ്റ് ഗ്രന്ഥകർത്താവായ ബുഖാറിൻപ്രിയോ ബ്രാസൻസ്‌കി അദ്ദേഹത്തിന്റ എ. ബി. സി ഓഫ് കമ്മ്യൂണിസം എന്ന പുസ്തകത്തിൽ എഴുതിയത് ഇങ്ങനെയാണ്: ”മതവും കമ്മ്യൂണിസവും കേവലം പരസ്പരവിരുദ്ധങ്ങളായ രണ്ടാശയങ്ങളാണ്. താത്വികമായും പ്രായോഗികമായും അവ പരസ്പരം വിരുദ്ധങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആവുകയും അതേ അവസരത്തിൽ ഒരു മതത്തിൽ വിശ്വസിക്കുകയും ചെയ്താൽ അക്കാരണം കൊണ്ടു തന്നെ അവൻ കമ്മ്യണിസ്റ്റ് അല്ലാതെയാകുന്നു.” ലെനിൻ പറയുന്നു: ‘നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാകുന്നു. അതിനാൽ വർഗബോധമുള്ള മാർക്‌സിസ്റ്റ് പാർട്ടി നിരീശ്വരത്വത്തിനുവേണ്ടി പ്രചാര വേല ചെയ്യണം.’ (റിലീജൻ പേജ് 7).

മേൽ ഉദ്ധരണികളിൽ നിന്നെല്ലാം കാര്യങ്ങൾ വ്യക്തമാണ്. കമ്മ്യൂണിസമെന്ന ‘ഇസം’ തന്നെ നിരീശ്വരത്വത്തിൽ അധിഷ്ഠിതമാണെന്നും ദൈവനിഷേധം അതിന്റെ അവിഭാജ്യഘടകമാണെന്നും കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നവർക്ക് നിരീശ്വരവാദിയാകാതെ തരമില്ലെന്നും സുവ്യക്തം.

കമ്മ്യൂണിസത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദഗതി നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ റഷ്യയിലും ചൈനയിലും മാത്രമാണ്. ഇന്ത്യയിലെ കമ്മ്യൂണിസവും അതിന്റെ അനുയായികളും ഏറെ വിഭിന്നമാണ്. പൊതുജനങ്ങളെയും സാധാരണക്കാരെയും അജ്ഞരും മൂഢരുമാക്കാനാള്ള വാദങ്ങൾ മാത്രമാണിത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്ത്യൻ കമ്മ്യൂണിസത്തെ സംബന്ധിച്ച് പറഞ്ഞത്, നൂറ് വർഷം മുമ്പ് ആവിഷ്‌കരിക്കപ്പെട്ട ഒരു കർമ്മപദ്ധതി (മാർക്ക്‌സിസം) ഇന്ത്യക്കു പറ്റില്ലെന്നാണ്. എന്നാൽ നാളിതുവരെ ഉത്തരവാദിത്വപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഞങ്ങൾ മാർക്‌സിസത്തിൽ വിശ്വസിക്കുന്നവരോ, മാർക്ക്‌സിയൻ സിദ്ധാന്തം ഇവിടെ നടപ്പിൽ വരുത്താനുദ്ദേശിക്കുന്നവരോ അല്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നേരേമറിച്ചു അവരിൽ പലരും തങ്ങൾ മാർക്ക്‌സിസ്റ്റുകളാണെന്നും പാർട്ടി ഇവിടെ നിരീശ്വരത്വം പ്രചരിപ്പിക്കുമെന്നും തുറന്നു പ്രസ്താവിച്ചിട്ടുണ്ട്.

സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദൻ ഈയടുത്തായി നടത്തിയ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാർട്ടികകത്ത് തന്നെ ഏറെ കോളിളക്കമുണ്ടായിരുന്നു. മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. എന്നാൽ ഇതിനെതിരെ പാർട്ടികത്ത് തന്നെ ശക്തമായ വിമർശനങ്ങളുണ്ടാവുകയും അദ്ദേഹത്തെ നേതൃത്വം തള്ളിപ്പറയുകയും ചെയ്തു. അതായത് തങ്ങളുടെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ നി്ന്നു ഒരടിപോലും പിന്നോട്ടുപോയിട്ടില്ലെന്നർത്ഥം.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ പാർട്ടിയുടെ തലയെടുപ്പുള്ള നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സഖാവ് സി. അച്ചുതമേനോൻ എഴുതിയ ‘സോവിയറ്റു നാട്’ എന്ന പുസ്തകത്തിലെ വരികൾ നോക്കൂ: ‘പ്രധാനമായി നാലു കാര്യങ്ങളാണ് സോവിയറ്റു ഗവൺമെന്റ് ഇതിനു (മതത്തെ നശിപ്പിക്കുന്നതിനു) സ്വീകരിച്ചിട്ടുള്ളത്. (ഒന്ന്) വിദ്യാലയങ്ങളിൽ മതം പഠിപ്പിക്കാൻ പാടില്ല. (രണ്ട്) സമുദായ സേവനപരങ്ങളായ സ്ഥാപനങ്ങളൊന്നും ഏർപെടുത്താനും നടത്താനും പുരോഹിതന്മാർക്കു പാടില്ല. പുരോഹിതന്മാർക്കെന്നല്ല മതാവശ്യത്തിന്നായി ആർക്കും പാടില്ല (മൂന്ന്) മതവിരോധ പ്രചാരവേലക്കുള്ള സൗകര്യം നിയമം അനുവദിക്കുന്നുണ്ട്. (നാല്) മത പ്രചാരകന്മാർക്കു മറ്റൊരു വലിയ വിഷമം നേരിടുന്നത്, തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കത്തക്ക പുസ്തകങ്ങൾ കിട്ടാൻ വളരെ പ്രയാസമാണെന്നതാണ്. റഷ്യയിൽ പുസ്തക പ്രസിദ്ധീകരണം ഒരു സർക്കാർ കുത്തകയാണ്. സർക്കാരിൽനിന്നു അതിനായി പ്രത്യേകം ഏർപ്പെടുത്തുന്ന വകുപ്പിൽ നിന്നാണ് ഇന്നയിന്ന പുസ്തകങ്ങൾ അടിക്കണമെന്നു നിർണയിക്കുന്നത്. അതിൽ മതഗ്രന്ഥങ്ങൾ ഒരിക്കലും പെടുകയില്ല”.

ഈ ആശയം ഇന്നും നിലനിൽക്കുന്നുണ്ടെങ്കിൽ കാര്യം കൂടുതൽ അപകടകരമാണ്. ഭരണസിരാകേന്ദ്രത്തിൽ കമ്മ്യൂണിസം പിടിമുറുക്കിയാൽ മതസംഘടനകളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും മദ്‌റസാ സംവിധാനങ്ങളെയും നിഷ്‌കാസനം ചെയ്യാനുള്ള കരുക്കൾ ഒളിഞ്ഞും പതിഞ്ഞും കളത്തിലറക്കിയേക്കാം.

നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണ്. നിരീശ്വരത്വം ഇല്ലെങ്കിൽ അത് കമ്മ്യൂണിസമേ ആവുന്നില്ല. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും കമ്മ്യൂണിസം നിൽനിൽക്കുന്ന കാലത്തോളം അതിന്റെ പ്രത്യയശാസ്ത്രത്തിൽ മാറ്റങ്ങളുണ്ടാവുകയില്ല. റഷ്യയിലെ കമ്മ്യൂണിസമല്ല ഇന്ത്യയിലെ കമ്മ്യൂണിസമെന്ന് പറയുന്നത് അറേബ്യയിലെ ഇസ്‌ലാം അല്ല ഇന്ത്യയിലെ ഇസ്‌ലാം എന്ന് പറയുന്നതുപോലെയാണ്.

മുസ്‌ലിംകളുടെ പ്രീതിയും അനുഭാവവും നേടാൻ കമ്മ്യൂണിസ്റ്റുകാർ ചില താത്കാലിക ആനുകൂല്യങ്ങളും സഹായവാഗ്ദാനങ്ങളും നൽകുമെന്നതിനു ചരിത്രം സാക്ഷിയാണ്. ഏക സിവിൽകോഡും പൗരത്വഭേദഗതി ബില്ലും തലക്കുമീതെ അപായസൂചകങ്ങളായി നിലിനൽക്കുന്ന പുതിയ സാഹചര്യത്തിൽ, റഷ്യൻ വിപ്ലവകാലത്തെ ലെനിൻ വാഗ്ദാനങ്ങളെ നാം മറന്നുകൂടാ. സാർ ചക്രവർത്തിമാരുടെ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഉസ്മാൻ (റ)ന്റെ രക്തംപുരണ്ട ഖുർആൻ പിടിച്ചെടുത്ത് നിങ്ങളുടെ കൈവശം തിരിച്ചേൽപിക്കാമെന്നായിരുന്നു മുസ്‌ലിംകൾക്ക് നൽകിയ വാഗ്ദാനം. ഇതുകേട്ട മുസ്‌ലിംകൾ കമ്മ്യൂണിസ്റ്റുകളോട് സഖ്യം ചേർന്നു. വിപ്ലവം വിജയിച്ചതോടെ മുസ്‌ലിംകളെ തിരസ്‌കരിക്കുകായിരുന്നു കമ്മ്യൂണിസ്റ്റുകാർ. വിശുദ്ധഗ്രന്ഥത്തെയും ആരാധനാലയങ്ങളെയും തമസ്‌കരിക്കുകയും അപഹരിക്കപ്പെടുകയും ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളെ പാഴ് വസ്തുക്കളാക്കി മാറ്റുകയും ചെയ്തു. 1917-ലെ ബോൾഷെവിക്ക് വിപ്ലവം മുതൽ ഇക്കാലയളവിലായി 143 മില്യണിലധികം ആളുകളെ കമ്മ്യൂണിസ്റ്റുകാർ നിഷ്ഠുരമായി കൊലചെയ്തിട്ടുണ്ടെന്നാണ് രേഖകൾ പറയുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ഉയിഗൂർ മുസ്‌ലിംകളോടുള്ള മനുഷ്യത്വരഹിതവും പ്രാകൃതവും പൈശാചികവുമായ പീഡനങ്ങൾ ഇന്നും അഭംഗുരം തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഭൗതിക സാഹചര്യങ്ങൾ ഏത്ര അനുകൂലമായാലും ചരിത്ര യാഥാർഥ്യങ്ങളോട് നാം മുഖം തിരിയരുത്. രാഷ്ട്രീയത്തിന്റെ ശരിതെറ്റുകൾ കൃത്യമായി ഗ്രഹിക്കേണ്ടതും പുതുതലമുറകൾക്ക് പകർന്നുനൽകേണ്ടതുമുണ്ട്. ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തിനും നിലനിൽപ്പിനും ഭീഷണിയുണ്ടാക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കേണ്ടതും ജനാധിപത്യപ്രക്രിയയിൽ അത്തരക്കാർക്കെതിരെ സമ്മതിദാനവാകാശം വിനിയോഗിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്.

Related Articles