Current Date

Search
Close this search box.
Search
Close this search box.

സൂര്യനെല്ലിയില്‍ നിന്ന് ശരീഅത്തിലേക്കുള്ള ദൂരം

പെണ്‍വാണിഭങ്ങള്‍ വഴിവാണിഭങ്ങളായി മാറിയിരിക്കുന്നു കേരളത്തിലെ പല സ്ഥലനാമങ്ങളും അറിയപ്പെടുന്നത് പ്രമാദമായ പെണ്‍വാണിഭങ്ങളുടെ പേരിലാണ്. പോയവാരം പത്രമാധ്യമങ്ങളിലും ചാനലുകളിലും വാരികകളിലും സൂര്യനെല്ലി പീഡന കേസും അതിനനുബന്ധിച്ച വിവാദങ്ങളുമാണ് ലീഡിംങ്ങും, ബ്രേക്കിംഗും, എക്‌സ്‌ക്ലൂസീവുമായി നിറഞ്ഞ് നിന്നത്. ഇന്ത്യയില്‍ ഓരോ മിനുറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. നാനൂറിലധികം ചാലനലുകളും ആയിരത്തോളം പത്ര പ്രസിദ്ധീകരണങ്ങളുമുള്ള ഈ രാജ്യത്ത് അവയില്‍ ഒരു ശതമാനം പോലും വാര്‍ത്തയാക്കപ്പെടുന്നില്ല. മദ്രസാധ്യാപകര്‍ മുതല്‍ മതപണ്ഡിതര്‍ വരെയും കപ്യാര്‍ മുതല്‍ ബിഷപ്പുമാര്‍ വരെയും പൂജാരി മുതല്‍ സന്യാസിമാര്‍ വരെയും എത്തി നില്‍ക്കുന്ന പീഡന പരമ്പരകള്‍ ചിലത് മാത്രമാണ് മുളക് പുരട്ടി ചാനലുകളില്‍ വേവിച്ചെടുക്കുന്നത്. പെണ്‍വാണിഭങ്ങളിലും ബലാല്‍സംഗങ്ങളിലും ഉള്‍പ്പെട്ടവരെ അയോഗ്യരാക്കണമെന്ന നിര്‍ദേശം വന്നപ്പോഴാണ് ഡല്‍ഹി മാനഭംഗത്തിന്റെ പേരില്‍ മാറത്തടിച്ച് വിലപിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ മഹാമൗനത്തിലായത്. രാജ്യത്തെ രാഷ്ട്രീയാധികാരത്തിന്റെ സിരാകേന്ദ്രമായാ ഡല്‍ഹിയാണ് സ്ത്രീ പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ രാജ്യം ഭരിക്കുന്ന 543 എം.പിമാരുടെ ആവാസ കേന്ദ്രങ്ങളില്‍ സ്ത്രീ ഇത്ര മാത്രം അരക്ഷിതയാണെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ചൈനയും ഇറാനും ജര്‍മ്മനിയും ഇറ്റലിയും ഫ്രാന്‍സും എംബസികള്‍ മുഖേന തങ്ങളുടെ സ്ത്രീകള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തിരിക്കുന്നു. ഡല്‍ഹിയില്‍ ഒറ്റക്ക് പുറത്തിറങ്ങി നടക്കാന്‍ പാടില്ല. അതങ്ങു ഹോളിവുഡ് സിനിമയില്‍ പറഞ്ഞാല്‍ മതി. കൂടെ ആണ്‍തുണയുണ്ടെങ്കിലും രക്ഷപെടില്ലെന്നാണ് ഡല്‍ഹിയിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന പ്രധാന നഗരങ്ങളിലൊന്നായി ഡല്‍ഹി മാറിയിട്ടുണ്ട്. ഭാരതത്തിലേക്കുള്ള വിദേശികളുടെ അധിനിവേശത്തെ ബലാല്‍സംഗം കൊണ്ട് ചെറുത്തു നിന്നവരാണ് ഭാരതത്തിലെ യുവാക്കളെന്ന് മോഹന്‍ ഭഗതിനു അഭിമാനിക്കാം. സോണിസോറിയടക്കം പാവപ്പെട്ട ദലിതരെയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളും ഇന്ത്യയുടെ ഗ്രാമങ്ങളില്‍ സവര്‍ണ മാടമ്പിമാരും കാശ്മീരിലെയും വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ത്രീകളെ സൈന്യവും ഒരായുധമെന്ന നിലയില്‍ ബലാല്‍സംഗത്തിനു വിധേയമാക്കുമ്പോള്‍ ഭാരതത്തില്‍ (ഇന്ത്യയിലല്ല) ആരും ആരെയും പീഡിപ്പിക്കപ്പെടുന്നില്ലെന്ന് പറയാന്‍ ആര്‍.എസ്.എസ് മേധാവി ധൈര്യം കാണിച്ചിരുന്നു. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബീഹാറിലും സ്വന്തം ഭാര്യയുടെ ആദ്യരാത്രി ജന്മിമാര്‍ക്ക് കാഴ്ചവെക്കണമെന്ന ആചാരമുള്ള ഗ്രാമങ്ങളില്‍ മാനഭംഗം നടക്കുന്നില്ലെന്ന് പറയാന്‍ അപാരതൊലിക്കട്ടിയും അതിലേറെ ഹിംസയുമുള്ളവര്‍ക്കേ സാധ്യമാവൂ.

തനിക്കു പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു കാലത്ത് പ്രവാചകന്‍ മുഹമ്മദ് ഒരു പെണ്‍കുട്ടിക്ക് നിര്‍ഭയമായി ഒരു രാജ്യം മുഴുവന്‍ സഞ്ചരിക്കാന്‍ പറ്റുന്ന കാലത്തെയാണ് വിഭാവന ചെയ്യുന്നത്. ഏറ്റവും സുരക്ഷയുള്ള രാഷ്ട്രങ്ങളെ തെരെഞ്ഞെടുക്കാനും ഐക്യരാഷ്ട്രസഭ മാനദണ്ഡമാക്കുന്നത് ആ രാജ്യങ്ങളിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തെയാണ് സ്ത്രീക്ക് നിര്‍ഭയമായ ആവിഷ്‌കാര സ്വതന്ത്ര്യം സാധ്യമാകുമ്പോഴാണ് ഓരോ നാടും സുരക്ഷിതമാണെന്ന വിലയിരുത്തപ്പെടുകയുള്ളൂ. സൂര്യനെല്ലി വാണിഭത്തിന്റെ പുതിയ വെളിപ്പെടുത്തലുകളോടെയും ഡല്‍ഹി മാനഭംഗത്തോടെയും സ്ത്രീ സുരക്ഷയെ കുറിച്ച് നാം ഏറെ ചര്‍ച്ചയിലാണ്. എല്ലാവരും സ്ത്രീകളെ ഉപദേശിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ പൊതുഇടപെടലുകള്‍ വസ്ത്രധാരണം തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ ധാരാളം നിര്‍ദേശങ്ങളും വന്നു കൊണ്ടിരിക്കുന്നു. കുറ്റവാളികളായ പുരുഷന്‍മാരെ കുറിച്ച് മഹാമൗനവുമാണ് അവലംബിച്ച് കൊണ്ടിരിക്കുന്നത്. സ്ത്രീക്ക് മാത്രമല്ല പുരുഷനും സമൂഹ്യബോധത്തിനും മീഡിയകള്‍ക്കും ഒരു പോലെയാവശ്യമുള്ള ചികിത്സയിലൂടെ മാത്രമാണ് കുറ്റകൃത്യങ്ങള്‍ അപ്രത്യക്ഷമാകുന്നത്.

വിതുര, കിളിരൂര്‍, സൂര്യനെല്ലി, ഇരിട്ടി, ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയ നിരവധി വാണിഭങ്ങളുടെ പേരില്‍ പെണ്ണുടലുകളെ പിച്ചിച്ചീന്തിയതില്‍ മുന്‍നിര രാഷ്ട്രീയക്കാര്‍  ഏറെയാണ്. വാര്‍ഡ് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് മെമ്പര്‍മാര്‍ വരെ ഇതില്‍ പങ്കാളികളാണ്. സൗമ്യയെന്ന പെണ്‍കുട്ടിയെ കൊലചെയ്ത ഗോവിന്ദഛാമി ജയിലിലും മറ്റു കേസുകളിലെ പ്രമുഖര്‍ നാട്ടിലും ഒരു പോലെ സ്വൈരവിഹാരം നടത്തുമ്പോള്‍ നമ്മുടെ നിയമ വ്യവസ്ഥയാണ് മാനഭംഗത്തിനിരയാവുന്നത്. ഇടുക്കിയിലെ എം.എം മണി വെളിപ്പെടുത്തിയ കേസില്‍ പുനരന്വേഷണം നടത്തിയ ഭരണകൂടം സൂര്യനെല്ലി കേസില്‍ കുര്യന്റെ കാര്യത്തില്‍ അന്വേഷണം വേണ്ടയെന്ന നിലപാട് ഇരട്ടത്താപ്പാണ്. അല്ലെങ്കിലും അന്വേഷണങ്ങളും കമ്മീഷനുകളും ഒരു വഴിപാടാണ്. വിവാദവെടിക്കെട്ടുകളെ തളച്ചിടാനുള്ള ഒരു ഒറ്റമൂലി മാത്രമാണ് കമ്മീഷനുകള്‍. രജീന്ദര്‍ സച്ചാര്‍, ശ്രീകൃഷ്ണ, ലിബര്‍ഹാന്‍ തുടങ്ങിയ കമ്മീഷനുകളെ പോലെ വര്‍മ്മ കമ്മീഷനും ഒരു പാഴ്‌വേലയായി മാറും. ഡല്‍ഹിയില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കൂടെ നമുക്ക് വര്‍മ്മകമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലും റീത്ത് വെക്കാം.

‘സൗദി അറേബ്യാണ് രാജ്യം, ശരീഅത്താണ് നിയമം’ എന്നു പരിഹസിച്ചവര്‍ ഒടുവില്‍ ശരീഅത്തിനു വേണ്ടി മുറവിളി കൂട്ടി. തോന്നുമ്പോള്‍ ശരീഅത്തിനും മറ്റുസമയങ്ങളിലെല്ലാം ശരീരത്തിനും മുന്‍ഗണന നല്‍കുന്നവര്‍ക്കുള്ളതല്ല ഇസ്‌ലാമിക നിയമാവലി. മനുഷ്യന്റെ അന്തസും ബുദ്ധിയും സമ്പത്തും ശരീരവും ഒരു പോലെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ശരീഅത്ത്. അത് കേവലം നിര്‍ഗുണ പരിഹാര ശാലയല്ല. ശരീഅത്തിനു വേണ്ടി മുറവിളി കൂട്ടിയവരുടെ പൊതുബോധം അത് കാടന്‍ നിയമങ്ങളുടെ സമാഹാരമാണെന്ന് തന്നെയാണ്.

ഇന്ത്യയില്‍ നടക്കുന്ന പല സ്ത്രീ പീഡനങ്ങളും രാഷ്ട്രീയമായ കീഴ്‌പ്പെടുത്തലാണ്. ജന്മിമാരും സൈന്യവും അതാണ് നിര്‍വഹിക്കുന്നത്. മറ്റു സ്ത്രീപീഡനങ്ങളില് ശരീരത്തിന്റെ മാത്രം റിയാലിറ്റി കാണിക്കുന്ന റിയാലിറ്റി ഷോകളും ഐറ്റം ഡാന്‍സുകളും പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങളും കൂട്ടുപ്രതികളാണ്. സ്ത്രീപീഡന കേസുകളിലെ പ്രതികളോടൊപ്പം പൈങ്കിളി മാധ്യമങ്ങളെയും നമുക്ക് വിചാരണ ചെയ്യാന്‍ സാധിക്കണം. സമൂലമായ ചികിത്സയിലൂടെ മാത്രം ഭേദമാകുന്ന മഹാരോഗങ്ങളാണ് സ്ത്രീ പീഡനങ്ങള്‍. അതിലേക്കുള്ള പ്രയാണമാണ് സൂര്യനെല്ലിയില്‍ നിന്നും തുടങ്ങേണ്ടത്.

ഫ്ലാഷ്ബാക്ക് : അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്‍നിരയിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ. അതെ, ആര്‍ക്കും, ആരെയും എവിടെവെച്ചും പീഡിപ്പിക്കാവുന്ന സര്‍വ്വസ്വതന്ത്ര പരമാധികാര രാജ്യമായി ഇന്ത്യ മുന്‍നിരയിലുണ്ടാവും!

Related Articles