Current Date

Search
Close this search box.
Search
Close this search box.

മോഡിയുടെ മോടി കൂട്ടാന്‍ ഐ ബി വക അഞ്ചു വെടി!

എന്തൊരു പുകിലായിരുന്നു! മീഡിയകളും ഐ ബിയും പോലീസും കൂടി അതീവ രഹസ്യമായി കണ്ടെത്തിയതാണ് ഇന്ത്യയില്‍ ഒളിച്ചു കഴിയുന്ന ഭീകരവാദികളെ. പോലീസ് അവരെ വളഞ്ഞ് പിടിച്ച് വെടിവച്ച വീഴ്ത്തുന്നു. സാഹസികമായ ഏറ്റുമുട്ടലിനൊടുവില്‍ ഭീകരവാദികള്‍ കൊല്ലപ്പെടുന്നു. വെടിവെപ്പിന് നേതൃത്വം നല്‍കിയ പോലീസുകാരന് മീഡിയാ കവറേജും താരപദവിയും മെഡലുകളും ലഭിക്കുന്നു. ഐ പി എസ്സുകാരും ഐ ബിക്കാരും നിറഞ്ഞു കളിച്ച വ്യാജ ഏറ്റുമുട്ടലില്‍ നിരപരാധികളുടെ രക്തം തെരുവില്‍ തളം കെട്ടി നിന്നു. ലഷ്‌കറെ ത്വയ്ബ, ജയ്‌ശെ മുഹമ്മദ്, അല്‍ഖായിദ തുടങ്ങിയ പേരുകളില്‍ ഊരുചുറ്റി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ തിരുമുറ്റത്ത് തോക്കും പിടിച്ച് ഉന്നം പാര്‍ത്തു നിന്നിരുന്ന ഭീകരവാദികളെക്കുറിച്ച കല്‍പിത കഥകളായിരുന്ന കവര്‍ സ്‌റ്റോറിയും ബ്രേക്കിംഗ് ന്യൂസും. തിമിര്‍ത്താഘോഷിച്ച 5 വര്‍ഷങ്ങള്‍.

 2004 മുതല്‍ 2009 വരെ ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ ഏറ്റുമുട്ടല്‍ കഥകള്‍ അഥവാ പോലീസ് തന്നെ ക്വട്ടേഷന്‍ ഏറ്റെടുത്ത കൊലപാതകങ്ങള്‍ നടന്നിരുന്നു. അഹമദാബാദ്, ബട്‌ലാ ഹൗസ്, അന്‍സര്‍ പ്ലാസ, നാഗപൂര്‍ ഇങ്ങനെ നിരവധി ഭീരാക്രമണ പരമ്പരകളില്‍ നിന്ന് നമ്മുടെ ദേശസ്‌നേഹികളായ പോലീസുകാര്‍ ഈ രാജ്യത്തെ കാത്ത് രക്ഷിച്ചിരുന്നു. ആകാശത്തേക്ക് നാല് വെടി പൊട്ടിച്ച് ഏറ്റുമുട്ടല്‍ പ്രതീതി സൃഷ്ടിച്ച പോലീസുകാര്‍ നിരപരാധികളായ ചെറുപ്പക്കാരെ നേരത്തെ തന്നെ കൊന്നു തള്ളിയതായിരുന്നു. പോലീസിനേക്കാള്‍ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഘ്ഭാഷയില്‍ വിവര്‍ത്തനം ചെയ്തത് പ്രവീണ്‍ സ്വാമിയായിരുന്നു. ഇശ്രത്ത് ജഹാനെയും മറ്റും വെടിവെച്ച ദൂരം, അവരുടെ പക്കലുള്ള ആയുധങ്ങള്‍ വാങ്ങിയ രാജ്യം, ഇവര്‍ക്ക് പരിശീലനം നല്‍കിയ സ്ഥലം തുടങ്ങി സാമി ഏമാന്‍ കണ്ടുപിടിച്ച എത്ര നഗ്ന സത്യങ്ങളാണ് പൊട്ടിത്തകര്‍ന്നത്. മയക്കുമരുന്നു നല്‍കി ബോധംകെടുത്തി ഇനി എഴുന്നേറ്റു വരില്ലെന്ന് ഉറപ്പുവരുത്തി വെടിവച്ച പോലീസിനാണ് നമ്മള്‍ ‘ധീരമെഡല്‍’ കൊടുത്തത്. നിറഞ്ഞു തുളുമ്പിയ രാജ്യസ്‌നേഹം കൊണ്ട് നമ്മള്‍ ഇവരെയെല്ലാം പാടിപ്പുകഴ്ത്തി. വെടിയേറ്റ് തെരുവില്‍ വീണു കിടക്കുന്നവരുടെ കുടുംബവും തറവാടും തിരഞ്ഞുപിടിച്ച് അല്‍ഖായിദയുടെ വേരുകള്‍ കണ്ടെത്തി. രാജ്യസ്‌നേഹത്തിന്റെ മതേതര മൂന്നാം കണ്ണുകള്‍ ചാനല്‍ മുറിയിലിരുന്ന് ഏറ്റുമുട്ടലിന്റെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ബി ജെ പിയുടെ നിര്‍വ്വാഹക സമിതി തീരുമാനിക്കും മുമ്പ് തന്നെ ‘ഭീകരവാദികള്‍’ ഉറപ്പിച്ചിരുന്നു അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയാവുമെന്ന്. ഡല്‍ഹിയിലുള്ളവരൊന്നും മതിയാവാതെ അഹമദാബാദിലെത്തി മോഡിയെ വധിക്കാനാണ് ലഷ്‌കറെ ത്വയ്ബയുടെ ട്രെയ്‌നികള്‍ ശ്രമിച്ചിരുന്നത്. മോഡി നീണാള്‍ വാഴട്ടെ. ഇശ്രത്ത ജഹാന്റെയും പ്രാണേഷ്(ജാവേദ്)ന്റെയും രക്തം അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു ! അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തെഴുനേല്‍ക്കട്ടെ ! ഇതായിരുന്നു ഐ ബിയുടെ വഴിപാടുകളും പ്രാര്‍ത്ഥനയും.

മോഡിയുടെ മോടി കൂട്ടാന്‍ ഗുജറാത്ത് പോലീസിന്റെയും ഐ ബിയുടെയും വകയായിരുന്നു ഈ  അഞ്ച് ജീവനുകള്‍. ആയിരക്കണക്കിന് ജീവന്‍കൊണ്ട് അമ്മാനമാടിയ മോഡിജിക്ക് ‘അഞ്ചൊ’ന്നും വലിയ സംഭാവനയായിരുന്നില്ല. അതുകൊണ്ട് അരിശം തീരാതെ തന്നെ കൊല്ലാന്‍ ലഷ്‌കറെ ത്വയ്ബ വരുന്നേ എന്ന നിലവിളികള്‍ ഇദ്ദേഹത്തിന്റെ പതിവായിരുന്നു. ഇനിയും ഒരു പത്ത് പതിനഞ്ചെണ്ണത്തിനെയെങ്കിലും കൊല്ലണമെന്നായിരുന്നു ഇതിന്റെയര്‍ത്ഥം. അസാമാന്യ നീതി ബോധമാണ് കേന്ദ്ര സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചത് എന്ന് കരുതാന്‍ പ്രയാസമാണ്. 8 കൊല്ലം ഇതൊന്നും അന്വേഷിക്കാതെ മോഡി ഡല്‍ഹിയിലേക്ക് വണ്ടി കയറയപ്പോള്‍ മാത്രം കാണിക്കുന്ന രാഷ്ട്രീയ ഗിമ്മിക്കുകളാണ് ഈ സി ബി ഐ ഡ്രാമയിലുള്ളത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബട്‌ല ഹൗസും അന്‍സര്‍ പ്ലാസയും മുതല്‍ എല്ലാ ഏറ്റുമുട്ടലുകളും പുനരന്വേഷിക്കണം. കുറ്റവാളികള്‍ എത്ര കൊമ്പത്തായാലും മതിയായ ശിക്ഷ നല്‍കണം. അരക്ഷിത ബോധമുള്ള ന്യൂനപക്ഷത്തിന് സുരക്ഷിതത്വം വാഗ്ദാനം ചെയ്യണം. റിക്ഷവലിച്ച് ചുമച്ച് രക്തം തുപ്പുന്നവന്റെ താടി നോക്കി ഉന്നം പിടിക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കരുത്. ഒരു ശരാശരി പൗര കിനാവുകളാണിതെല്ലാം! പൂവണിയുമോ ആവോ?

ഫഌഷ് ബാക്ക്. മതേതര പ്രതിഛായ കൂട്ടാന്‍ ബി ജെ പി, മോഡിയുടെ നേതൃത്വത്തില്‍ മുസ്‌ലിം സമ്മേളനങ്ങള്‍ വിളിക്കുന്നു. ബോലോ തക്ബീര്‍ കൊണ്ടാണ് സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്. അനീതിക്കെതിരെ സമരം ചെയ്യാനുള്ള പുറപ്പാടുകളാണ് തക്ബീര്‍ ധ്വനികള്‍. ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ച് മോഡിയേക്കാള്‍ വലിയ അനീതിയില്ലല്ലോ. ഇതൊന്നുമറിയാതെ തന്റെ മിന്നിമറയുന്ന മതേതര പ്രതിഛായയില്‍ മോഡി അഭിമാന പുളകിതനാവുന്നുണ്ടാകും!

Related Articles