Current Date

Search
Close this search box.
Search
Close this search box.

നിരപരാധികളുടെ ചോര വിതരണം ചെയ്യുന്ന ഇസ്രായേലിനാണ് നാം കുടിവെള്ളം നല്‍കുന്നത്!

കേരളത്തിലെ കുടിവെള്ള വിതരണം 25 ഇസ്രായേല്‍ കമ്പനികള്‍ക്ക് നല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ധാരണയാവുന്നു. ഗവണ്‍മെന്റ് തന്നെ ചുതലപ്പെടുത്തിയ ഉദ്യേഗസ്ഥന്‍ ഈ കമ്പനികളുടെ അരമനകളില്‍ കയറിയിറങ്ങി കച്ചവടത്തിന് തയ്യാറാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. വരള്‍ച്ച കൊണ്ട് വാടിപ്പോവുന്ന മലയാളിയുടെ ചങ്കിലെ കുടിനീരിന് കച്ചവടമുറപ്പിച്ചിരിക്കുന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍! കിട്ടിയതെല്ലാം വിറ്റുതുലച്ച് നികുതി പിരിക്കാന്‍ മാത്രം ഒരു ഗവണ്‍മെന്റെന്തിനാണ്? അതിനു ടോള്‍ബൂത്തോ ചെക്‌പോസ്‌റ്റോ തുടങ്ങി 21 മന്ത്രിമാരെ തീറ്റിപ്പോറ്റുന്ന ഭാരം ഒഴിവാക്കാമായിരുന്നു.  എണ്ണയും പഞ്ചസാരയും വൈദ്യുതിയും ഇപ്പോള്‍ കുടിവെള്ളവുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി പൗരന്റെ മേലുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ കളം മാറ്റി ചവിട്ടുമ്പോള്‍ നീതിബോധമുള്ളവര്‍ക്ക് അമാന്തിച്ചു നില്‍ക്കാന്‍ കഴിയില്ല. കണ്‍മുന്നില്‍ സ്വന്തം മാനത്തിനുപോലും വില പറയുമ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ട മധ്യവര്‍ഗമാണ് കേരളത്തിന് ശാപം. ഈ മധ്യവര്‍ഗ യുക്തിയെ നേരാവണ്ണം പഠിച്ചിട്ടാണ് രാഷ്ട്രീയക്കാര്‍ ഇവിടെ സര്‍കസ്സുകള്‍ കളിക്കുന്നത്.

ഇപ്പോള്‍ കുടിവെള്ളം ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത രാജ്യമാണ് ഇസ്രായേല്‍. സര്‍വലോക ധിക്കാരിയും കവല ചട്ടമ്പിയുമായ രാഷ്ട്രത്തിന്റെ ചങ്ങാത്തം പോലും മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തനമായി മനുഷ്യസ്‌നേഹികള്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക് സ്വന്തം നാടിന്റെ കുടിവെള്ളം താലത്തില്‍ വെച്ച്‌നീട്ടുന്നത് ധാര്‍ഷ്ട്യമാണ്. നിരപരാധികളുടെ ചോര ലോകം മുഴുവന്‍ വിതരണം ചെയ്യുന്ന, പിഞ്ചുകുഞ്ഞുങ്ങളുടെ ആര്‍ത്തനാദങ്ങളില്‍ അഭിരമിച്ച് അന്തിയുറങ്ങുന്ന, രക്തത്തിന്റെ കറ സുഗന്ധമായി ഉപയോഗിക്കുന്ന ഒരു രാഷ്ട്രവുമായി തോളില്‍ കയ്യിട്ട് നടക്കാന്‍ അപാര തൊലിക്കട്ടിയുള്ളവര്‍ക്ക് മാത്രമാണ് സാധ്യമാവുക. ഇന്ത്യാ ഗവണ്‍മെന്റ് പതിനായിരം കോടിയുടെ സൈനികാഭ്യാസ കരാറിന് ഇസ്രായേലുമായി ധാരണയായിട്ടുണ്ട്. അതിലുപരി കേരളത്തിന്റെ ഇസ്രായേല്‍ ബന്ധത്തെ കുറിച്ചാണ് വലിയ സംശയങ്ങള്‍ ഉണ്ടാവുന്നത്.

മുമ്പ് ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പൂമാലയിട്ട് സ്വീകരിക്കാന്‍ ഒറ്റ സംസ്ഥാനമാണ് തയ്യാറായത്. അത് കേരളമാണ്. മുംബൈ സ്‌ഫോടനത്തില്‍ സംശയിക്കപ്പെടുന്ന ഇസ്രായേല്‍ പൗരന്‍ വളരെ സുരക്ഷിതമായി വിസപോലുമില്ലാതെ താമസിച്ചത് കേരളത്തിലാണ്. ഇ-മെയില്‍ ചോര്‍ത്തലിന് നേതൃത്വം നല്‍കിയ പോലീസ് മേധാവി ഇടക്കിട സന്ദര്‍ശിക്കുന്ന രാഷ്ട്രവും ഇസ്രായേലാണ്. മതസമാധാനത്തെ കുറിച്ച് ശിവഗിരിയില്‍ പ്രസംഗിക്കാന്‍ വരുന്നത് നരേന്ദ്ര മോധിയും കേരളത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ തയ്യാറാവുന്നത് ഇസ്രായേലും. എങ്ങനെയുണ്ട് നമ്മുടെ തലതിരിഞ്ഞ സഞ്ചാരങ്ങള്‍.

നമ്മുടെ നാട്ടിലെ കുടിവെള്ളമൂറ്റി വിതരണം ചെയ്യാന്‍ ഒരിഞ്ച് സ്ഥലം ഇസ്രായേലിന് കൊടുത്താല്‍ നാളെ നമ്മുടെ മുഴുവന്‍ കിണറുകളും പുഴകളും അവര്‍ തീറെഴുതി വാങ്ങും. മുമ്പ് രാജ്യമില്ലാത്ത ജനതക്ക് മധ്യേഷ്യയില്‍ അല്‍പം സ്ഥലം അനുവദിച്ച് കൊടുത്തപ്പോള്‍ വെട്ടിപ്പിടിച്ച ഫലസ്തീന്‍ എന്ന രാജ്യത്തെ കേവലം പഞ്ചായത്താക്കി മാറ്റിയവരാണ് ഇക്കൂട്ടര്‍. വെട്ടിപ്പിടിക്കാനും വെട്ടിപ്പിടിച്ച് കൊല്ലാനും ഈ തെമ്മാടി രാഷ്ട്രത്തെ പോലെ മിടുക്കുള്ളവര്‍ ഈ ദുനിയാവിലില്ല. അവരുടെ മുന്നില്‍ നമ്മുടെ നാടിന്റെ സ്വത്ത് അറിഞ്ഞുകൊണ്ട് ഏല്‍പിക്കുന്നത് വലിയ കൂട്ടിക്കൊടുപ്പാണ്. യഥാര്‍ഥത്തില്‍ അതിനുള്ള കണ്ണാടി മോഡിക്കും ഷാരോണിനുമൊന്നുമല്ല യുഡിഎഫ് നല്‍കേണ്ടത്. സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിച്ച് ചോര്‍ന്നു പോവുന്ന ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഊര്‍ധശ്വാസം വലിക്കുന്ന സര്‍ക്കാറിന് ഒരിറ്റുവെള്ളം നല്‍കാന്‍ ഇസ്രായേല്‍ കമ്പനികള്‍ തയ്യാറാവില്ല.

 ആറുമാസം മഴയും 44നദികളും ഹെക്ടര്‍ കണക്കിന് വനവുമുള്ള ഒരു സംസ്ഥാനത്ത് എങ്ങനെയാണ് വരള്‍ച്ച വന്നത്. ഇതിനെ കുറിച്ച് പഠിച്ച് അടിയന്തിരമായി ഈ പ്രകൃതി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം എല്ലാ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ കൈകൂലി വാങ്ങുന്ന ഉദ്യേഗസ്ഥന്മാരെ പ്രമൊഷന്‍ കൊടുത്ത് സംരക്ഷിക്കുന്നവര്‍ക്ക് കുടിവെള്ളവും ഒരു കമ്മീഷന്റെ മാത്രം പ്രശ്‌നമാണ്. ഇസ്രായേല്‍ കമ്പനികള്‍ കൊടുക്കുന്ന വിഹിതം കിനാവ് കണ്ടുറങ്ങുന്നവര്‍ക്കു പാവപ്പെട്ടവന്റെ ചങ്കിലെ ചോരയും വില്‍പന ചരക്ക് മാത്രമാണ്.

ഫ്ലാഷ്ബാക്ക്: ഡല്‍ഹിയില്‍ വീണ്ടും നടന്ന മാനഭംഗക്കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് മാതാപിതാക്കല്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന്. പാര്‍ലമെന്റിലിരിക്കുന്നവരെ കണ്ടല്ലേ പോലീസ് പഠിക്കുന്നത്. വോട്ടിന് നോട്ട് കൊടുക്കുന്നവര്‍ ഭരിക്കുമ്പോള്‍ പോലീസില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം.

Related Articles