Current Date

Search
Close this search box.
Search
Close this search box.

നിയമവും കോടതിയും

”ജനാധിപത്യ സംവിധാനത്തില്‍ പൗരന്റെ ജീവിതം നിയമങ്ങള്‍ക്ക് വിധേയമാണ്. നിയമജ്ഞരും അഭിഭാഷകരും ആ നിയമങ്ങളെ വ്യാഖ്യാനിക്കാനുള്ളവരാണ്. മനുഷ്യനിര്‍മ്മിതനിയമങ്ങള്‍ക്കെല്ലാം തന്നെ പഴുതുണ്ട്. ആ പഴുതുകള്‍ കണ്ടെത്താനാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ധൈര്യമായി കടന്നുവരിക” ഒരു അഭിഭാഷകന്റെ ആപ്പീസ് വാതില്‍ പടിയിലെ വാചകങ്ങളാണിത്.

നിയമത്തില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗം കോടതിയില്‍ പോകുന്നതാണ്. സമര്‍ത്ഥനായൊരു വക്കീലുണ്ടെങ്കില്‍  25 വര്‍ഷം വരെ സ്റ്റേ നീട്ടിക്കൊണ്ട് പോകാം. അപ്പോഴേക്കും എതിര്‍കക്ഷി ഇഹലോകവാസം വെടിഞ്ഞിരിക്കും. ആരുടെ വസ്തുവില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് അതിക്രമിച്ചുകയറി ഉടമസ്ഥനെ പുറത്താക്കാം. എന്നിട്ട് ഒരു സ്റ്റേ സമ്പാദിച്ചാല്‍ മാത്രം മതി. കേസിന്മേല്‍ വിധിയുണ്ടാകുന്നതുവരെ ഉടമസ്ഥന് തെരുവില്‍ കഴിയാം. വിധിയുണ്ടായാലും  സ്റ്റേ വാങ്ങാം. ഉടമസ്ഥന്‍ വീണ്ടും തെരുവില്‍ തന്നെ. അക്രമി മനപൂര്‍വ്വം താഴെയറ്റത്തെ കോടതിയില്‍ നിന്നായിരിക്കും കേസ് തുടങ്ങുന്നത്. അടുത്ത അഞ്ചു കോടതികളില്‍ പത്ത് വര്‍ഷം വീതം ഉടമസ്ഥന്‍ കേസ് വാദിക്കേണ്ടിവരും. അയാളുടേയോ അടുത്ത തലമുറയുടേയോ കാലത്ത് വസ്തു തിരിച്ചുകിട്ടുകയില്ലെന്ന് തീര്‍ച്ച. ഇത്തരത്തില്‍ ലക്ഷക്കണക്കില്‍ കേസ്സുകളാണ് ഇന്ന് നമ്മുടെ കോടതികളിലുള്ളത്.

ഡല്‍ഹി ഡവലപ്‌മെന്റ അതോറിറ്റി വക സ്ഥലത്ത് അതിക്രമിച്ച് കയറിയിട്ട് ഒഴിപ്പിക്കലിനെതിരെ നിങ്ങള്‍ക്ക് സ്റ്റേ വാങ്ങാം. സ്റ്റേയുടെമറവില്‍ അവിടെ കെട്ടിടങ്ങള്‍ കെട്ടാം. അവ നിരപരാധികള്‍ക്ക് വിറ്റ് ആ പണവുമായി അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങാം. ഡി.ഡി.എ. യ്ക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോര്‍ട്ടലക്ഷ്യമായി. പിന്നെ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങണം. ഡി.ഡി.എ. യ്‌ക്കെതിരെ വിവിധ കോടതികളില്‍ നിലവിലുള്ള ഇരുപതിനായിരത്തോളം കേസുകളില്‍ ഭൂരിഭാഗവും ഒഴിപ്പിക്കലിനെതിരെ സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുള്ളവയാണ്. സ്റ്റേ ഉത്തരവ് പിന്‍വലിക്കുമ്പോഴേക്കും വര്‍ഷം പത്ത് കഴിഞ്ഞിരിക്കും കൈയേറ്റക്കാര്‍ അതിനു മുമ്പ് കോടികള്‍ സമ്പാദിച്ച് സ്ഥലം വിടും. അവരെ സഹായിച്ചവര്‍ക്കും ലക്ഷങ്ങള്‍ കിട്ടും.

തന്റെ ഭാര്യയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഡല്‍ഹിയിലെ സ്വന്തം റെസ്റ്റോറണ്ടിലെ തന്തൂരി അടുപ്പിലിട്ട് ചുട്ടതിന് പോലീസ് തേടിക്കൊണ്ടിരുന്ന സുശീല്‍ ശര്‍മ്മക്ക് ഹൈക്കോടതിയിലേക്ക് പ്രമോഷനാകാറായ ഒരു ജില്ലാ ജഡ്ജി ജാമ്യം  അനുവദിച്ചു. ജാഗരൂകനായൊരു പോലീസ് കണ്‍സ്റ്റബിളും ഫുട്പാത്തില്‍ പച്ചക്കറികച്ചവടം നടത്തിയിരുന്ന മനസ്സാന്നിദ്ധ്യമുള്ള ഒരു സ്ത്രീയും കാരണം ഡല്‍ഹി യൂത്ത്‌കോണ്‍ഗ്രസ്സിലെ നേതാവായിരുന്ന സുശീല്‍ ശര്‍മ്മ പിടിയിലായി. ഇവര്‍ രണ്ടുപേരുമില്ലായിരുന്നെങ്കില്‍ നൈനാ ശര്‍മ്മയുടെ പൊടിപോലും കണ്ടുകിട്ടുമായിരുന്നില്ല. നാട്ടിലെ എല്ലാരാഷ്ട്രീയ കക്ഷികളിലും ആയിരക്കണക്കിനു സുശീല്‍ശര്‍മ്മമാരുണ്ട്. അവര്‍ ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുന്നു. മുവായിരം കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്തെ വ്യാജമേല്‍വിലാസത്തില്‍ ജാമ്യം നേടാന്‍ പ്രതിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. അതേ ആഴ്ചയില്‍തന്നെ സിങ്കപ്പൂര്‍ ഗവണ്മെന്റിന് പിടികിട്ടേണ്ടിയിരുന്ന രാജന്‍ പിള്ളയെ ഡല്‍ഹിയില  ഒരു മജിസ്‌ട്രേട്ട് മുമ്പാകെ പോലീസ് ഹാജരാക്കി. രാജന്‍പിള്ള കരള്‍ വീക്കം ബാധിച്ചു മരിക്കാറായിരുന്നു. മജിസ്‌ട്രേട്ട് ജാമ്യം നിഷേധിച്ചു. ഏറ്റവും കുപ്രസിദ്ധരായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന തിഹാര്‍ ജയിലില്‍ രാജന്‍ പിള്ളയെ അടച്ചു. സമാധാനമായി ജയിലില്‍ കഴിയാനും കൈക്കുലി കൊടുക്കേണ്ട ഗതികേടിലാണ് നമ്മള്‍. ജയില്‍ പീഡനങ്ങളില്‍നിന്നൊഴിവാക്കാന്‍ രാജന്‍ പിള്ളയോടാവശ്യപ്പെട്ടത് ഒരു മാരുതികാറും പണവും പണ്ടങ്ങളുമാണ്. പിള്ളയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും മൂന്നു ദിവസം മരുന്നൊന്നും കൊടുത്തില്ല.  രക്തം ചര്‍ദ്ദിച്ച് അബോധാവസ്തയിലായിട്ടും ആരും ശ്രദ്ധിച്ചില്ല. രാജന്‍പിള്ള മരിച്ചു.

സ്വീഡനുമായി നടത്തിയ ബോഫോഴ്‌സ് പീരങ്കി ഇടപാട് 1987 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ഒരു വിവാദമായി തുടരുന്നു. അവിടെ കേസന്വേഷിച്ച സ്റ്റെന്‍ലിന്‍സ്റ്റോം എന്ന സ്വീഡിഷ് പോലീസ് മേധാവി ഗാന്ധി-നെഹ്‌റു കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒക്‌ടേവിയോ ക്വാട്ടറോച്ചിയും ഈ വ്യവഹാരത്തില്‍ കമ്മീഷന്‍ കൈപ്പറ്റിയ വ്യക്തികളില്‍ ഒരാളാണെന്നതിന് നിര്‍ണ്ണായക തെളിവ്‌ലഭിച്ചിട്ടുണ്ട്. പണം നല്‍കി എന്നതിനോ, ആയുധങ്ങളുടെ മേന്മയിലോ ഒരു സംശയവുമില്ല. ഈ പണം ആരുവാങ്ങി എന്ന് മാത്രമാണ് മനസ്സിലാവാത്തത്. കോണ്‍ഗ്രസ്സ് ഭരണകാലത്ത് ക്വാട്ടറോച്ചി ഇവിടന്ന് രക്ഷപ്പെട്ടത് അയാള്‍ക്കിവിടെയുള്ള സുഹൃത്തുക്കളുടെ ശക്തിയുമാണ് തെളിയിക്കുന്നത്. സി.ബി.ഐ. അടക്കമുള്ള അന്വേഷണസംഘങ്ങള്‍ മനപൂര്‍വ്വം ആ കേസ് തുമ്പില്ലാതാക്കിയതിനാല്‍ ബ്രിട്ടന്‍, മലേഷ്യ, അര്‍ജന്റീനയടക്കമുള്ള കോടതികളിലെ നടപടികള്‍ പരാജയപ്പെടുകയായിരുന്നു. അയാള്‍ക്കെതിരെ ഇന്റര്‍പോള്‍ പുറപ്പെടുവിച്ച ‘റെഡ്‌കോര്‍ണര്‍ നോട്ടീസ് ‘ നടപ്പിലാക്കാനായി പോലീസിന്ന് ക്വാട്ടറോച്ചിയെ കണ്ടെത്താനായില്ലെങ്കിലും പത്രപ്രവര്‍ത്തകര്‍ പലരും അയാളുമായി അഭിമുഖം നടത്തി

ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതിന്റപിന്നിലെ ഉന്നത തലത്തിലുള്ള ഇടപെടലാണ്. ബോഫോഴ്‌സ് കരാറിലെ പണമിടപാടുകളെകുറിച്ചറിയാന്‍ ഇന്ത്യന്‍ അന്വേഷണസംഘം സ്വിസ്സ് ബേങ്കിലെത്തിയപ്പോള്‍. അന്ന് അഭ്യന്തര വകുപ്പ്  മന്ത്രിയായിരുന്ന എം.എസ്. സോലങ്കി സ്വിസ്സ് സര്‍ക്കാരിന്നയച്ച പ്രത്യേക നോട്ട് പാര്‍ലിമെന്റില്‍ പ്രസ്താവിക്കാതെ പദവി രാജിവച്ചത് ഇതിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചു. രാജീവ് ഗാന്ധി അല്ലെങ്കില്‍ പിന്നെ ആരാണ് പണം വാങ്ങിയത്? എന്തിനാണ് അന്വേഷണസംഘം കേസ് പരാജയപ്പെടുത്തിയത്.? അന്ന് കള്ളപ്പണത്തെകുറിച്ച്  അഭിമുഖം തയാറാക്കാന്‍ ചെന്ന ഒരു പത്രപ്രവര്‍ത്തകനോട് ഒരു മന്ത്രി ”ഞാന്‍ ബോഫോഴ്‌സ് ഫയലുമായി പ്രധാനമന്ത്രിയുടെ മുമ്പില്‍ ചെന്നപ്പോള്‍ ”ഫയല്‍ ഉടനെ ക്ലോസ് ചെയ്യുക. അത് എന്റെ ജീവന്ന് ഭീഷണിക്കിടയാക്കും” എന്നാണത്രെ പറഞ്ഞത്. കോണ്‍ഗ്രസ്സ്‌കാരനല്ലാത്ത ഒരു പ്രധാനമന്ത്രിയും ഈ കേസില്‍ ഒരു പുനരന്വേഷണം നടത്താത്തതില്‍ എന്താണത്ഭുതം?

Related Articles