Current Date

Search
Close this search box.
Search
Close this search box.

ചിലര്‍ക്ക് മോക്കയും ചിലര്‍ക്ക് ബൊക്കെയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കുറ്റക്കാരായവര്‍ക്കെതിരെ ‘മോക്ക’യും ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗി(രാഷ്ട്രീയ ചേരി)ല്‍ കുറ്റക്കാര്‍ക്ക് ബൊക്കയുമാണ് ഭരണകൂടം നല്‍കുന്നത്. ഇന്ത്യയില്‍ കൊഴുക്കുന്ന കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയക്കാരും അധോലോകവും ബോളീവുഡും ആലോചിച്ചെടുത്ത തീരുമാനമാണ് ഐ.പി.എല്‍. ക്രിക്കറ്റാരാധകരേയും സാധാരണക്കാരനെയും കാഴ്ചക്കാരനാക്കി ഈ അധോലോക വ്യവസായം പൊലിമയോടെയും തിമര്‍പ്പുകളോടെയും കൊയ്‌തെടുത്തത് ചൂതാട്ടത്തിന്റെയും കോഴയുടെയും വാതുവെപ്പിന്റെയും വമ്പന്‍ വ്യവസായങ്ങളാണ്. ശ്രീശാന്ത് ഈ വലിയ സമുദ്രത്തിലെ വെറും പരല്‍ മീന്‍ മാത്രമാണ്.

കള്ളും പെണ്ണും കോഴയും വാതുവെപ്പും ചൂതാട്ടവും കള്ളപ്പണവും കൊഴുപ്പിച്ചെടുത്ത കളിയുടെ താളനൃത്തമറിയാതെ പാടങ്ങളിലും മൈതാനങ്ങളിലും ബൗളറിഞ്ഞവരും ഉശിരോടെ ബാറ്റ് വീശിയവരും വെറും നോക്കുകുത്തികളായി മാറി. വാതുവെപ്പു മാഫിയയും അവരുമായി ബന്ധമുള്ള ഏതാനും കളിക്കാരും ഇടനിലക്കാരും മാത്രം പങ്കാളികളായ ചില റാകറ്റു മാത്രമല്ല, ഇതിനുവേണ്ടി രൂപകല്‍പ്പന ചെയ്ത ‘ക്രിക്കറ്റ്’ ടൂര്‍ണമെന്റെന്ന വ്യാജേന സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന മാമാങ്കമാണ് ഇതില്‍ മുഖ്യപ്രതിയായി നില്‍ക്കുന്നത്. ചിയര്‍ ഗേള്‍സ് എന്ന പേരില്‍ മത്സര വേദിക്ക് കൊഴുപ്പേകാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത സ്ത്രീകളില്‍ പലരും ഇത്തരം വാണിഭങ്ങളിലെ പ്രധാന കണ്ണികളാണ്. കപില്‍ദേവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ ഇല്ലാതാക്കാന്‍ ബി.സി.സി.ഐ മുന്‍കൈ എടുത്ത് രൂപവല്‍കരിച്ചതാണ് ഐ.പി.എല്‍. ഇതിന്റെ എല്ലാ ഘടകങ്ങളും പരസ്യമായി തന്നെ ഇത്തരം വാതുവെപ്പുകള്‍ക്കും ചൂതാട്ടങ്ങള്‍ക്കും തുറന്നുകൊടുക്കുന്നതാണ്. വിദേശവിനിമയ ചട്ടം ലംഘിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന് രാജസ്ഥാന്‍ റോയല്‍സിനോട് 100 കോടി പിഴയടക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത് ഈയിടെയാണ്. ഇന്ത്യയിലെ ശരദ്പവാറടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പലര്‍ക്കും ഈ വാതുവെപ്പ് കളികളില്‍ നിന്ന് ധാര്‍മികമായി മാറിനില്‍ക്കാനാവില്ല. ശരത് പവാറിന്റെ വിശ്വസ്തനായ ലളിത് മോഡി കുറ്റാരോപിതനായിട്ടും ഇന്ത്യയിലെ ഒരേജന്‍സിക്കും ചോദ്യം ചെയ്യാനാവാതെ സുഖമായി ലണ്ടനില്‍ സൈ്വര്യജീവിതം നടത്തുന്നു. ലളിത് മോഡി അന്ന് വായ തുറന്നിരുന്നുവെങ്കില്‍ പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുമായിരുന്നു.

വാതുവെപ്പ് കേസില്‍ അറസ്റ്റിലായ വിന്ദു ധാരാ സിങ്ങ് ബി.സി.സി.ഐ പ്രസിഡണ്ടും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുതലാളിയുമായ ശ്രീനിവാസനെ നിരന്തരം വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഉന്നതങ്ങളിലേക്ക് നീളുന്ന നീരാളിക്കൈകളാണ് ഈ വാതുവെപ്പ് വ്യവസായത്തില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ ആര്‍ത്തുവിളിച്ചും ഹലേലുയ്യ പാടിയും വാഴ്ത്തിയ തമ്പുരാക്കന്മാര്‍ ആര്‍ത്തിപൂണ്ട കഴുകക്കണ്ണുകളുമായി ഗ്രീസുനിറഞ്ഞാടുമ്പോള്‍ ഇനി കണ്ണുപൊത്തിക്കളിക്കാം. ശ്രീശാന്തിനെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ‘മോക്കോ’ ചുമത്തിയിരിക്കുകയാണ്. ലക്ഷം കോടി മുക്കിയവര്‍ തിഹാര്‍ ജയിലില്‍ വിസിറ്റ് നടത്തി നാട്ടില്‍ സുഖമായി ഉണ്ടുറങ്ങുമ്പോള്‍ ഭീകര നിയമം അസ്ഥാനത്ത് പ്രയോഗിക്കുന്നത് അല്‍പം കടന്നു പോയി. യു.എ.പി.എയും പോട്ടയും ടാഡയുമെല്ലാം ഇത്തരം അധോലോക മാഫിയകള്‍ക്ക് തീണ്ടാപാടകലയും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ജയിലറകളുമാണ് സമ്മാനിക്കുന്നത്. ഏത് ഭീകര നിയമവും ജനാധിപത്യ സമൂഹത്തിന് ഗുണകരമല്ല. അപരാധികള്‍ നേരായ വഴിയിലൂടെ തന്നെ ശിക്ഷിക്കപ്പെടണം. അങ്ങനെ സാധിക്കാതെ വരുമ്പോഴാണ് ഭീകര നിയമങ്ങള്‍ പടച്ചുണ്ടാക്കുന്നത്.

ആര്‍ത്തിപൂണ്ട ആഗ്രഹങ്ങള്‍ക്ക് പിന്നാലെ നുരയും പതയുമായി കിതച്ചോടുന്നവര്‍ക്ക് എന്ത് രാജ്യസ്‌നേഹം? പണക്കൊഴുപ്പാണ് ജീവിതത്തിന്റെ താരാട്ടും പാട്ടും താളവുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് അധോലോകത്തിന്റെ കുറുക്കുവഴികളില്‍ കറങ്ങിതിരിയുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വമ്പന്‍ സ്രാവുകളെ വലിച്ച് പുറത്തിറക്കുന്ന സത്യസന്ധമായ അന്വേഷണത്തിനുള്ള ആര്‍ജവമാണ് ഇനി ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടത്. അതിലുപരി കണ്ടതും കിട്ടിയതുമെല്ലാം പണമാക്കി മാറ്റുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മുന്നില്‍ എറിയുന്ന ഓരോ പന്തും വീശുന്ന ഓരോ ബാറ്റും മുന്‍കൂട്ടിയെഴുതിയ തിരക്കഥയുടെ പകര്‍ന്നാട്ടങ്ങളായി മാറുന്ന കാലത്ത് പെരുമാറ്റച്ചട്ടവും പൊളിച്ചെഴുത്തും അനിവാര്യമാണ്.


ഫ്ലാഷ്ബാക്ക്
: ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയെന്ന വാര്‍ത്ത കേട്ട് സുകുമാരന്‍ നായര്‍ ചന്ദ്രികക്കെതിരെ ഒരു ‘നോക്ക’യും പാസാക്കി. നായര്‍ ഓഡിനന്‍സ് എഗൈന്‍സ്റ്റ് ചന്ദ്രിക ക്രിമിനല്‍ ആക്റ്റ്(NOCCA). അതോടെ ഖേദപ്രകടനത്തിനു പകരം ലീഗ് നേതാക്കള്‍ കൂട്ടം കൂട്ടമായി ചങ്ങനാശ്ശേരിയിലെത്തി ശയനപ്രദക്ഷിണം നടത്തി.

Related Articles