Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ ‘ഹരിത’ എം എല്‍ എമാരും ‘സരിത’ എം എല്‍ എമാരും!

ഇനി ഉമ്മന്‍ ചാണ്ടിയുടെ ‘സുതാര്യ’ കേരളം ‘സരിത’ കേരളമായി മാറുകയാണ്. തിരുവനന്തപുരം മുതല്‍ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന തട്ടിപ്പിന്റെ ചുരുളഴിയുമ്പോള്‍ രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖര്‍ ഇതില്‍ കണ്ണികളായി അണിനിരക്കുന്നു. ഭരണപക്ഷത്തെ പ്രമുഖരും ഉദ്യേഗസ്ഥ താപ്പാനകളും മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരും ഉള്‍പ്പെട്ട തട്ടിപ്പിന്റെ ഒരു ഗ്രാന്റ്ഫിനാലെയാണ് സോളാര്‍. കേന്ദ്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നീരാറാഡിയ മോഡല്‍ തട്ടിപ്പുകളും അഴിമതികളുമാണ് സരിതയിലടെ കേരളത്തിലും തമിഴ്‌നാട്ടിലും അരങ്ങേറിയത്. സോളാര്‍ ടീം കമ്പനി നൂറുകോടിയോളം രൂപയുടെ വെട്ടിപ്പാണ് നടത്തിയിട്ടുള്ളത്. എമര്‍ജിംഗ് കേരളയില്‍ ഈ കമ്പനിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിരുന്നു. ദല്‍ഹിയിലെ കേരള ഹൗസില്‍ ഇവരുമായി  കൂടിക്കാഴ്ച നടത്തിയതിന് തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞിരിക്കുന്നു.

മുഖ്യമന്ത്രിയുടെ സുതാര്യ ഓഫീസില്‍ നടമാടിയത് സരിതയുടെ തട്ടിപ്പുകളായിരുന്നു. ഭരണപക്ഷത്തെ ചില എം എല്‍ എമാരുടെ പേരും ഈ തട്ടിപ്പ് കേസുമായി ഉയര്‍ന്നുവന്നു. കേരളത്തില്‍ ഇങ്ങനെ ‘സരിതോര്‍ജ്ജം’ കത്തിനില്‍ക്കുമ്പോഴും മുഖ്യമന്ത്രി ഇതെല്ലാം നിഷേധിച്ച് ഒരു ജനസമ്പര്‍ക്ക കസര്‍ത്തുകളില്‍ പിടിച്ചുനില്‍ക്കുകയാണ്. നേരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്തുപോയ ഗണേഷ് കുമാര്‍ ഈ വിവാദത്തിലും പ്രതിസ്ഥാനത്താണ്. നൂറുകോടിയുടെ തട്ടിപ്പു നടത്തിയ ഒരു കമ്പനിയുമായുള്ള ബന്ധം ഭാഗികമായിട്ടെങ്കിലും വെളിപ്പെട്ട സ്ഥിതിക്ക് രാജിവെച്ച് അന്വേഷണത്തിനുത്തരവിടുമെന്ന് ചാണ്ടിയെ അറിയുന്നവര്‍ പ്രതീക്ഷിക്കരുത്.

നമ്മുടെ രാഷ്ട്രീയക്കാരുടെ അരമനകളില്‍ ഇനിയും എത്ര സരിതമാരും നീരാ റാഡിയമാരും ഉണ്ടാകും. ഓരോന്നു മുറക്ക് പുറത്തുവരുമ്പോഴും ചില പൊറാട്ട് നാടകങ്ങളും പഴകിപ്പുളിച്ച പ്രതിഷേധങ്ങളും അരങ്ങേറും. ആരുടെ കയ്യും ശുദ്ധമല്ലാത്തതുകൊണ്ട് വിളിക്കുന്ന മുദ്രാവാക്യത്തിന് തൊണ്ടക്കപ്പുറത്തേക്ക് സ്ഥാനമുണ്ടാവില്ല. സഭ ബഹിഷ്‌കരിച്ചും നിയമസഭയുടെ മുന്നില്‍ ജലപീരങ്കികളും ബാരിക്കേഡ് ഗുസ്തിയും കഴിഞ്ഞാല്‍ സമരങ്ങളും നിശ്ചലമാകും. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ പ്രതിരോധം ദുര്‍ബലമാവുകയാണ്. മനോരമ കണ്ണടച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചാലും കുഞ്ഞൂഞ്ഞിന്റെ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുകിട്ടുകയില്ല. ഇനി ഐക്യരാഷ്ട്ര സഭയുടെ മറ്റൊരംഗീകാരവും കൂടി തരപ്പെട്ടുകിട്ടും. മെയ്‌വഴക്കത്തോടെ അതിവേഗം തട്ടിപ്പുകള്‍ നടത്താനും ബഹുദൂരം രക്ഷപ്പെടാനും കഴിയുന്ന അപൂര്‍വ്വ ഭരണാധികാരിക്കുള്ള അംഗീകാരം. സോളാര്‍ ടീം തട്ടിപ്പ് ക്ലിഫ് ഹൗസ് വഴി പത്തനാപുരം ചങ്ങനാശ്ശേരി താക്കോല്‍ ദ്വാരത്തിലെത്തി നില്‍ക്കുന്ന ലോംങ് റുട്ടാണ് സ്വീകരിച്ചിട്ടുള്ളത്. ഐ പി എസ്സുകാരും സമുദായ നേതാക്കളുമെല്ലാം ഇതിന്റെ കണ്ണികളായിത്തീര്‍ന്നിരിക്കുന്നു.

കേരളത്തില്‍ ഇത്തരത്തിലുള്ള ചെറുതും വലുതുമായ തട്ടിപ്പുകള്‍ ധാരാളമുണ്ടാകാറുണ്ട്. ആംവെ, ആര്‍. എം. പി, വ്യാജസിദ്ധന്‍മാര്‍ തുടങ്ങിയ തട്ടിപ്പുകളെല്ലാം സാധാരണക്കാറില്‍ നിന്നാണ് തുടങ്ങാറുള്ളത്. പക്ഷേ സോളാറിന്റെ ഗ്രാഫ് കൊമ്പത്തു നിന്നു തന്നെയാണ്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇത്തരമൊരു വിവാദത്തില്‍ ഉള്‍പ്പെട്ടാല്‍ മുക്കാല്‍ സെന്റില്‍ അന്തിയുറങ്ങുന്നവന്‍ പിന്നെയെങ്ങനെ രക്ഷപ്പെടും. പച്ചക്കറിക്ക് വിലക്കയറ്റവും മനുഷ്യര്‍ക്ക് പകര്‍ച്ചവ്യാധിയും വയറിളക്കവും നിയന്ത്രിക്കാന്‍ സാധിക്കാതെ തമ്മില്‍ തല്ലും ഗുസ്തിയുമായി കഴിയുന്നവരാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിക്കേസുകള്‍ അതിവേഗം ‘തീര്‍പ്പാക്കു’ന്നു. വിജിലന്‍സ് കേസുകളുള്ള മന്ത്രിമാരുടേത് എല്ലാം പെട്ടെന്ന് തീര്‍പ്പാക്കി. ക്രമസമാധാന പാലനത്തിലും ഉദാരവും സുതാര്യവുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 6906 മോഷണക്കേസും കവര്‍ച്ച ശ്രമത്തിനിടെ 17 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കറണ്ട് കട്ട് ചെയ്ത് ഇനി ‘പവര്‍ ഹോളിഡേ’ വേണമെന്നാണ് മന്ത്രി പറയുന്നത്. അതായത് മാസത്തിലൊരു കറണ്ട് ‘ഹര്‍ത്താല്‍’! കുടിവെള്ളം സ്വകാര്യ കമ്പനികള്‍ക്ക്. അരി ഇനി പണമുള്ളവന്റെ മാത്രം ആഹാരം. ഒരു രൂപക്കും രണ്ടുരൂപക്കും ലഭിക്കുന്ന അരികള്‍ വ്യാപകമായി മറിച്ചു വിറ്റു.  അസംബന്ധങ്ങളുടെ കുതിച്ചുപായല്‍ ഇടക്കിടെ ബ്രേക്ക് ചവിട്ടുന്നത് പി.സി ജോര്‍ജ് വിളിച്ചുകൂവുമ്പോഴാണ്. പോര്‍വിളിച്ചും പാരവെച്ചും ഏന്തിവലിഞ്ഞാണ് ഓരോ ദിവസവും ഭരണം പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ തന്നെയാണ് പ്രതിപക്ഷവും ദിവസങ്ങള്‍ തള്ളിനീക്കുന്നത്. കെ എസ് ആര്‍ ടി സി കട്ടപ്പുറത്തായാല്‍ ജനങ്ങളെ ബാധിക്കുമെന്നത് കൊണ്ടല്ല അവര്‍ക്ക് ദേഷ്യം വരുന്നത്. സമരം ചെയ്യുമ്പോള്‍ എറിഞ്ഞുടക്കാന്‍ ഇനി ബസ്സുകളുണ്ടാവില്ല എന്നത് കൊണ്ടുമാത്രമാണ്. ഇതിനിടയില്‍ ചക്രശ്വാസം വലിക്കുന്ന പാവപ്പെട്ടവരെ ഇനി വെന്റിലേറ്ററിലേക്കു മാറ്റാം.

ഫ്ലാഷ്ബാക്ക് : സോളാര്‍ തട്ടിപ്പില്‍ സരിതയുമായി യു.ഡി.എഫിലെ ചില എം എല്‍ എമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇനി മുതല്‍ യു ഡി എഫിലെ എം എല്‍ എമാരെ നമുക്ക് രണ്ടായി തരം തിരിക്കാം. ഹരിത എം എല്‍ എമാരും സരിത എം എല്‍ എമാരും.

Related Articles