Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം കാര്യം അഞ്ചാമത്തേത് ‘കുത്തക കമ്പനികളുടെ കൂടെ ഹജ്ജിനു പോകല്‍’

ഇനി മുതല്‍ ഓരോ മുസ്‌ലിമിന്റെയും അഞ്ചാമത്തെ ഇസ്‌ലാം കാര്യം സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ കൂടെ തടിയാലും വഴിയാലും മുതലാലും ആവതുള്ളവര്‍ ഹജ്ജ് ചെയ്യുക എന്നാക്കണം. ലാഭമാഗ്രഹിക്കാത്ത ചാരിറ്റി ട്രസ്റ്റുകള്‍ക്കും സന്നദ്ധസംഘങ്ങള്‍ക്കും ഹജ്ജിന് കൊണ്ടുപോകാന്‍ യോഗ്യതയില്ല. ഹജ്ജ് ആത്മീയ തീര്‍ഥാടനമെന്നതിലുപരി ഒരു ടൂര്‍ പാക്കേജാണ്. ഏറ്റവും നല്ല താമസ സൗകര്യം, ഭക്ഷണം, ഹറമിന്റെ തൊട്ടടുത്ത് വാസസ്ഥലം തുടങ്ങി മധുരമനോഹര പരസ്യവാചകങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ടൂര്‍ മാത്രമാണ് പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗ സ്മരണകള്‍. ചിലയാളുകള്‍് പ്രൗഢിയുടെയും പത്രാസ്സിന്റെയും ലക്ഷണമായി മാത്രം കൊണ്ടുനടക്കുന്നു.

തന്റെ നാട്ടില്‍ പട്ടിണികിടന്ന് ഒടുവില്‍ ചത്ത പന്നിമാംസം ഭക്ഷിച്ച ദരിദ്രരായ മുസ്‌ലിം കുടുംബത്തിന് ഹജ്ജിനു പോകാന്‍ സ്വരൂപിച്ച നാണയത്തുട്ടുകള്‍ നല്‍കി ഹജ്ജ് ഒഴിവാക്കിയ മഹാനായിരുന്നു ഇമാം ഗസ്സാലി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്ന കത്തുന്ന യാഥാര്‍ഥ്യങ്ങളെ അവഗണിച്ച് ഒന്നിലധികം ഹജ്ജുകള്‍ക്ക് പണം ചെലവഴിക്കുന്നവര്‍ ഇരുന്ന് ആലോചിക്കേണ്ട സമയമാണിത്. വിശപ്പ് കൊണ്ട് കുനിഞ്ഞ് നടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ താമസിക്കുന്ന ഈ രാജ്യത്ത് ദിവസം 50 രൂപക്ക് താഴെ വരുമാനമുള്ള 40 ശതമാനത്തോളം പൗരന്മാരുള്ള ഈ നാട്ടില്‍ ഇത്ര ആര്‍ഭാടമായൊരു തീര്‍ഥയാത്ര എന്ത് ആത്മീയ അനുഭൂതിയാണ് നേടിത്തരുന്നത്. ഹജ്ജും ഉംറയും ടൂര്‍ പാക്കേജും പ്രലോഭനങ്ങളുമായി മുന്നില്‍ എത്തുമ്പോള്‍ ചുറ്റുവട്ടമൊന്ന് കണ്ണോടിച്ച് നോക്കിയിട്ട് സമ്മതം മൂളുന്നതായിരിക്കും ഏറ്റവും ശരിയായത്.

കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയും ഈയടുത്തങ്ങും ഒരു മനുഷ്യപ്പറ്റുള്ള തീരുമാനവും എടുത്തതായി ഓര്‍മകളിലില്ല. സ്വകാര്യ ഹജ്ജ് കമ്പനികള്‍ക്ക് മുമ്പേ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പോലും രായ്ക്കുരാമാനം തിരുത്തിക്കൊടുത്ത് അനുകൂല വിധി സമ്പാദിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ഷപുളകിതമാകുന്നുണ്ടാവണം. മതസംഘടനകളില്‍ ഒന്ന് രാഷ്ട്രീയ പാര്‍ട്ടിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷനല്‍ രാഷ്ട്രീയ പാര്‍ട്ടിയായി ജമാഅത്തെ ഇസ് ലാമിയെ എന്നാണ് അംഗീകരിച്ചതെന്ന് ചോദിക്കാനുള്ള ചരിത്രബോധമൊന്നും കോടതി ബെഞ്ചില്‍ കയറിയവരും പ്രകടിപ്പിച്ചില്ല. കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു ജമാഅത്തെ ഇസ്‌ലാമി വല്ല തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ശ്രമിച്ചാല്‍ (വെറും വോട്ട് പ്രഖ്യാപനം നടത്തിയാലും മതി) ഇപ്പറഞ്ഞ എല്ലാവരും ഒരുമിച്ച് വന്ന് മതസംഘടനയെന്തിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് പറഞ്ഞ് പുകിലുകള്‍ സൃഷ്ടിക്കും. ഇവര്‍ക്ക് തന്നെ ഒരു തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്ത കാര്യങ്ങളാണ് സുപ്രീം കോടതിയില്‍ എഴുന്നെള്ളിച്ചിരിക്കുന്നത്.

 ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ക്വോട്ട നല്‍കണമെന്ന ജമാഅത്തിന്റെയും മുജാഹിദിന്റെയും വാദത്തെ സുപ്രീംകോടതി എടുത്തു പറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് വേണ്ടി മൗനമവലംബിച്ചു. മുജാഹിദ് പ്രസ്ഥാനവും അതില്‍ പങ്കുചേര്‍ന്നു. സുപ്രീം കോടതിക്ക് ഇടവേളകളില്‍ ഒരു തവണയെങ്കിലും ഈ കേസ് പുനര്‍പരിശോധനക്ക് വിധേയമാക്കേണ്ടിവരും. കേരള നദവതുല്‍ മുജാഹിദീന്‍ എന്നത് കേരളത്തിലെ മൂന്ന് വിഭാഗമാണ്. ഇവര്‍ ആര്‍ക്കാണ് ഹജ്ജ് ക്വോട്ടയുടെ അനന്തരാവകാശമെന്ന തര്‍ക്കം ഇനിയും കോടതി മുന്നിലെത്തും. പരസ്പരം മറ്റുള്ളവരെ രാഷ്ട്രീയ സംഘടനയെന്നാരോപിച്ച് രക്ഷപ്പെടാവുന്നതാണ്.

ഗവണ്‍മെന്റ് ക്വോട്ട വര്‍ധിപ്പിക്കുകയും ചാരിറ്റി സംഘങ്ങള്‍ക്ക് മറ്റു ക്വോട്ടകള്‍ വീതിച്ചുനല്‍കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. വിശുദ്ധമായൊരു അനുഷ്ഠാനം ഇപ്രകാരം കുത്തകവല്‍കരിക്കുന്നതും ആര്‍ത്തിപൂണ്ടവരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്നതും മതനേതൃത്വം ഗൗരവമായി ആലോചിക്കണം. ഇന്ത്യാഗവണ്‍മെന്റും അല്‍ഹിന്ദ് കമ്പനിയും മാത്രമാകുന്ന ഒരു കുത്തകവല്‍കരണവും അടുത്ത കാലത്ത് പ്രതീക്ഷിക്കാവുന്നതാണ്.

ഫ്ലാഷ്ബാക്ക്: തമ്മില്‍ തല്ലി അത് റെക്കോഡ് ചെയ്ത് സിഡിയിലാക്കി ചാനലുകള്‍ക്ക് നല്‍കുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു ഈ വാരം കേരളം സാക്ഷ്യം വഹിച്ചു. ഇതെല്ലാം കണ്ട് കൊണ്ടിരിക്കുമ്പോള്‍ കറന്റ് പോയതിന് ജീവിതത്തിലാദ്യമായി ബുദ്ധിമതിയായ ഓരോ മലയാളിയും ആര്യാടന്‍ ഏമാന് നന്ദി പറഞ്ഞിരിക്കാം.

Related Articles