കഴിഞ്ഞ ഏതാനും ആഴ്ചകളായി, അഫ്ഗാന്‍കാര്‍ക്കിടയില്‍ സജീവമായ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പ്രമുഖ സ്ത്രീ വ്യക്തിത്വങ്ങളില്‍ നിന്ന് ആര്‍ക്കാണ് സമാധാനത്തിനുളള നൊബേല്‍ സമ്മാനം ലഭിക്കേണ്ടത് എന്നതാണത്. 2021ല്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ അധികാരത്തിലേറുന്നതിന് മുമ്പ് ഔദ്യോഗിക പദവികള്‍ വഹിച്ചിരുന്ന സ്ത്രീകളെയാണ് ചിലര്‍ നിര്‍ദേശിച്ചത്. മറ്റുചിലര്‍, നാടുകടത്തപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരുകള്‍ പറഞ്ഞു. അതുപോലെ, സെപ്റ്റംബര്‍ 30ന് കാബൂളിലെ ദഷ്ത് ഇ ബര്‍ചിന് സമീപത്തുള്ള കാജ് എജ്യുക്കേഷണല്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തെ അതിജീവിച്ച 17കാരിയായ ഫാത്തിമ അമീരിയുടെ പേരും നിര്‍ദേശിക്കപ്പെട്ടു. ഈ സ്‌ഫോടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മരിച്ചു. കൂടുതലും പെണ്‍കുട്ടികളായിരുന്നു. അഫ്ഗാനിസ്ഥാനിലെ പൊതു സര്‍വകലാശാലാ പ്രവേശനത്തിനുള്ള കങ്കോര്‍ പരീക്ഷക്കായി (Kankor exam) സ്വകാര്യ വിദ്യാലയത്തില്‍ സന്നിഹതിരായ കുട്ടികളാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വലിയ ആഘാതം ഏറ്റുവാങ്ങേണ്ടിവന്നിട്ടും ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടും സഹപാഠികളുടെ വേര്‍പാടിന്റെ ദുഃഖം വകവയ്ക്കാതെയും ഫാത്തിമ അമീരി കങ്കോര്‍ പരീക്ഷയെഴുതുകയും 85 ശതമാനത്തിലധികം മാര്‍ക്ക് നേടുകയും ചെയ്തു. ഇത് കാബൂള്‍ സര്‍വകലാശാലയില്‍ ഫാത്തിമക്ക് ഇഷ്ട വിഷയമായ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ യോഗ്യത നല്‍കി. എന്നാല്‍, ഫാത്തിക്ക് ഇപ്പോള്‍ കാബൂള്‍ സര്‍വകലാശാലയില്‍ പഠിക്കുക സാധ്യമല്ല. യഥാര്‍ഥ്യത്തില്‍, താലിബാന്‍ ഭരണകൂടത്തിന് കീഴിലുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമായി ഫാത്തിമ അമീരി ഉയര്‍ന്നുവന്നിരിക്കുന്നു. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഞാന്‍ അവരുടെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള വേവലാതിയിലാണ്. എന്നാല്‍, ഫാത്തിമയെ പോലെയുള്ള പെണ്‍കുട്ടികളെ ദിനേന കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.
താലിബാന്‍ അധികാരത്തലേറിയതിന് ശേഷം, ഭരണകൂടം സ്ത്രീകള്‍ക്ക് മേല്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ ഹൈസ്‌കൂളിലേക്കും യൂണിവേഴ്‌സിറ്റിയിലേക്കും പോകുന്നത് വിലക്കി. അതുപോലെ, പാര്‍ക്കുകളിലും ജിമ്മുകളിലും മറ്റ് പൊതുയിടങ്ങളിലും പോകുന്നതിന് വിലക്കുണ്ട്. സര്‍ക്കാര്‍ ഇതര സംഘടനകളിലും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതിനും സ്ത്രീകള്‍ക്ക് അനുമതിയില്ല. ഇത് മൂലം കാബൂളില്‍ സ്ത്രീകളും പെണ്‍കുട്ടികളും തിങ്ങിനിറഞ്ഞിരുന്ന സ്ഥലങ്ങളിലിപ്പോള്‍ പൂര്‍ണമായും പുരുഷന്മാരാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള പല കോഫി ഷോപ്പുകളും ആളുകളില്ലാത്തതിനെ തുടര്‍ന്ന് അടച്ചിടേണ്ടിവന്നു. സ്ത്രീകള്‍ക്ക് വിലക്കുള്ളതനാല്‍ ഒരുപാട് ബ്യൂട്ടി പാര്‍ലറുകളില്‍ ബിസിനസ്സ് കുറവാണ്.
വിദ്യാഭ്യാസത്തിനും ജോലിചെയ്യുന്നതിനും പൊതുയിടങ്ങളിലെ പ്രവേശനത്തിനുമുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അഫ്ഗാന്‍ പെണ്‍കുട്ടികളും സ്ത്രീകളും പോരാട്ടത്തിലാണ്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കാബൂളില്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ അവര്‍ പ്രതിഷേധം നടത്തി. എന്നാല്‍, താലിബാന്‍ അധികൃതര്‍ ഇതിനെ ശക്തമായി അടിച്ചമര്‍ത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കഴിഞ്ഞ നവംബറില്‍, സ്ത്രീ അവകാശങ്ങള്‍ക്കായുള്ള സംഘടനക്ക് തുടക്കമിടാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് സരീഫ യഅ്കൂബിയെ അറസ്റ്റ് ചെയ്ത് 40 ദിവസത്തേക്ക് ജയിലിലടച്ചു. കഴിഞ്ഞ മാസം, സരീഫയുമായി ഞാന്‍ സംസാരിച്ചു. ഭയത്താല്‍ അവര്‍ തന്റെ ജയില്‍വാസത്തെ കുറിച്ച് സംസാരിക്കാന്‍ തയാറായില്ല. തനിക്ക് മാനസികാഘാതമുണ്ടാവുകയും മനഃശ്ശാസ്ത്ര പരിചരണം വേണ്ടിവരികയും തുടര്‍ന്ന് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്തതായി സരീഫ പറഞ്ഞു.
അഫ്ഗാന്‍ പെണ്‍കുട്ടികളെയും അവരുടെ പോരാട്ടത്തെയും പിന്തുണയ്ക്കാന്‍ ലോകം തയാറാകുന്നില്ലെന്നും കേവലം അപലപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സരീഫ തുറന്നുപറഞ്ഞു. സരീഫയുടെ അഭിപ്രായത്തില്‍, ഇറാന്‍ സ്ത്രീകളുടെ പ്രതിഷേധത്തിന് ലഭിച്ച അന്താരാഷ്ട്ര പ്രതികരണം ശക്തവും ദൃശ്യവുമായിരുന്നു. എന്നിരുന്നാലും, അഫ്ഗാന്‍ സ്ത്രീകള്‍ അവരുടെ പോരാട്ടം ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ല. ധീരരായ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന രഹസ്യ വിദ്യാലയത്തിലേക്ക് പെണ്‍കുട്ടികളും യുവ വിദ്യാര്‍ഥിനികളും പോകുന്നുണ്ട്. ചിലര്‍ വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗപ്പെടുത്തിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു. 2022 ഡിസംബറില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍, ഹൈസ്‌കൂള്‍-യൂണിവേഴ്‌സിറ്റി പ്രായമുള്ള പെണ്‍കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഞാനും സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. ഓണ്‍ലൈന്‍ ക്ലാസിനെ കുറിച്ചുള്ള വിവരങ്ങള്‍ ആളുകളുടെ സംസാരത്തിലൂടെയാണ് പ്രചരിക്കുന്നത്.
അഫ്ഗാന്‍ സ്ത്രീകള്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിക്കാന്‍ സന്നദ്ധരായിരുന്നില്ല. നിയന്ത്രണങ്ങളും പീഡനങ്ങളും ഉണ്ടായിരുന്നിട്ടും സ്ത്രീകള്‍ അവര്‍ നടത്തികൊണ്ടിരുന്ന ബ്യൂട്ടിപാര്‍ലര്‍, സൗന്ദര്യവസ്തുക്കള്‍ വില്‍പന പോലെയുള്ള ബിസിനസ്സുകളുമായി മുന്നോട്ടുപോയി. ചില സ്ത്രീകള്‍ വഴിയോര കച്ചവടം നടത്തുന്നു. ആശുപത്രികളില്‍ നഴ്‌സ്മാരായും ഡോക്ടര്‍മാരായും പ്രാഥമിക വിദ്യാലയങ്ങളില്‍ അധ്യാപകരായും ചിലര്‍ ജോലി തുടരുന്നു. രാജ്യത്തിന് പുറത്തുള്ള അഫ്ഗാന്‍ സ്ത്രീകള്‍ ഈ പോരാട്ടത്തിന് പിന്തുണയുമായി രംഗത്തുണ്ട്. രാജ്യത്ത് നിന്ന് പലായനം ചെയ്ത നിരവധി ആക്ടിവിസ്റ്റുകളും മാധ്യപ്രവര്‍ത്തകരും മുന്‍ ഉദ്യോഗസ്ഥരും ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.അവര്‍ അഫ്ഗാന്‍ സ്ത്രീകള്‍ നേരിട്ട ജയില്‍വാസത്തെയും പീഡനങ്ങളെയും കുറിച്ച് സംസാരിക്കുകയും മതപരമായ പരിഗണനകള്‍ വെച്ചാണ് സ്ത്രീ നിയന്ത്രണമെന്നുള്ള താലിബാന്‍ വാദങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഈ സമ്മര്‍ദ്ദം താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്നതിനും സര്‍ക്കാരുമായി ബന്ധം സാധാരണ നിലയിലാക്കുന്നതിനും അന്താരാഷ്ട്രത്തില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നു.
തീര്‍ച്ചയായും, അഫ്ഗാന്‍ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ അസാമാന്യമായ ധീരതയും സ്ഥൈര്യവുമാണ് കാഴ്ചവെക്കുന്നത്. അഫ്ഗാന്‍ പുരുഷന്മാര്‍ക്ക് എതിര്‍ത്തുനില്‍ക്കാന്‍ കഴിയാത്ത സായുധ സംഘത്തെയും കരുണയില്ലാത്ത സര്‍ക്കാരിനെയും അവര്‍ വെല്ലുവിളിക്കുന്നു. എന്റെ പെണ്‍മക്കള്‍ വളര്‍ന്നുകൊണ്ടിരിക്കെ അവര്‍ക്ക് മുന്നില്‍ ഒരുപാട് വനിതാ താരങ്ങളുണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ ആത്മധൈര്യത്തെയും ലോകം അംഗീകരിക്കുകയും അവരുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അര്‍ഹിക്കുന്നത് നൊബേല്‍ സമ്മാനത്തേക്കാള്‍ വലുതാണ്.
വിവ: അര്‍ശദ് കാരക്കാട്
അവലംബം: aljazeera.com
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL