Current Date

Search
Close this search box.
Search
Close this search box.

40 വര്‍ഷത്തെ ഇസ്രായേല്‍ ജയില്‍വാസം, ഉമ്മക്ക് മാഹിര്‍ ഉമ്മകൊടുത്തു!

‘എനിക്ക് സങ്കടവും ദുഃഖവും അനുഭവപ്പെടുന്നു. എന്റെ മകന്‍ മാഹിറിനെ സ്വതന്ത്രനാക്കിയതില്‍ എന്റെ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ലെന്നത് ശരിയാണ്. പക്ഷേ, വികാരങ്ങള്‍ സമ്മിശ്രമാണ്. എന്റെ മനസ്സ് മുഴുവന്‍ തടവുകാര്‍ക്കൊപ്പമാണ്. ജയിലുകളില്‍ കഴിയുന്ന ആയരിക്കണക്കിന് കുട്ടികള്‍ക്കൊപ്പമാണ്. അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ്’ -മാഹിറിന്റെ ജയില്‍ മോചനത്തിന് ശേഷം ഉമ്മ പറഞ്ഞു.

മാഹിര്‍ യൂനുസ്, നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെളിഞ്ഞ ആകാശം കാണുന്നത്. ഇരുപത്തിയഞ്ച് വയസ്സുണ്ടായിരുന്ന ചെറുപ്പക്കാരനിപ്പോള്‍ അറുപത്തിയഞ്ച്. മാഹിറിന്റെ ഉമ്മക്കും പ്രായമായി. എണ്‍പത് കഴിഞ്ഞ ഉമ്മയെ വാരിപുണര്‍ന്നപ്പോള്‍, അതൊരു അപൂര്‍വതയായി മാഹിറിന് തോന്നി. മാറ്റി മാറ്റി പാര്‍പ്പിച്ച മുപ്പത്തിയാറോളം ജയിലുകളില്‍ ഉമ്മ മാഹിറിനെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും, നാല്‍പത് വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് പൊന്നുമ്മക്ക് മകനൊപ്പം ചേര്‍ന്നിരിക്കാനും മകനെ ചേര്‍ത്തുപിടിക്കാനും കഴിഞ്ഞത്. 2008ല്‍ ഉപ്പ മരിച്ചതറിഞ്ഞപ്പോള്‍ അവസാനമൊന്ന് കാണാന്‍ ആഗ്രഹിച്ചു. പക്ഷേ, അവസാനമായി ഉപ്പയുടെ അടുത്തെത്താന്‍ മാഹിറിന് കഴിഞ്ഞില്ല. ഇസ്രായേല്‍ സൈന്യം മാഹിറിന് വിധിച്ചത് അസാധാരണ ജീവിതമായിരുന്നു. എന്നല്ല, ഫലസ്തീനികളുടെ ജീവിതമാണിത്! ഇതൊക്കെയാണ് ഇസ്രായേല്‍ വരയ്ക്കുന്ന ജീവിതാര്‍ത്തികളിലെ ഫലസ്തീനികളുടെ ജീവിതാനുഭവങ്ങള്‍. ജയില്‍ മോചിനതായ ശേഷം, മാഹിര്‍ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഉപ്പയുടെ ഖബറിടം സന്ദര്‍ശിച്ചു. പിതൃസ്മരണകളില്‍ ഉപ്പക്കൊപ്പം ഇരുന്നു. ദൈവത്തിന്റെ സന്നിധിയില്‍ കാണാമെന്ന സമാധാനത്തോടെ ആറ പട്ടണത്തിലെ വീട്ടിലേക്ക് മടങ്ങി. നാട്ടുകാര്‍ സ്‌നേഹത്തോടെ മാഹിറിനെ സ്വീകരിച്ചു. വീട്ടിലെത്തി ഉമ്മയെ കണ്ടു. ഉപ്പയുടെ മേല്‍വസ്ത്രം അണിയിച്ചാണ് ഉമ്മ മാഹിറിനെ സ്വീകരിച്ചത്. മാഹിറിന്റെ ജയില്‍ മോചനം ആഘോഷിക്കുന്നത് തടയാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും, നാട്ടുകാര്‍ ഒത്തുകൂടി. വിലക്കുകള്‍ മറികടന്ന് മാഹിറിന്റെ ജയില്‍ മോചനം അവര്‍ ആഘോഷമാക്കി. ഇസ്രായേല്‍ സൈനികനെ കൊലപ്പെടുത്തിയതില്‍ എളാപ്പയുടെ മകന്‍ കരീം യൂനുസിനൊപ്പം പങ്കാളിയായെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ മാഹിറിനെ ശിക്ഷിച്ചത്. സമാന കാലയളവ് പൂര്‍ത്തിയാക്കി രണ്ടാഴ്ച മുമ്പ് കരീം യൂനുസും ജയില്‍ മോചിതനായിരുന്നു. 1958 ജനുവരി എട്ടിന് ഫലസ്തീനിലെ ആറ പട്ടണത്തിലാണ് മാഹിറിന്റെ ജനനം. ഒരു സഹോദരനും അഞ്ച് സഹോദിരിമാര്‍ക്കൊപ്പം സൗഹൃദ കുട്ടിക്കാലം. പട്ടണത്തിലെ വിദ്യാലയത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. അല്‍ഹദീറ പട്ടണത്തിലെ കാര്‍ഷിക വിദ്യാലയത്തില്‍ നിന്ന് സെക്കണ്ടറി പഠനവും പൂര്‍ത്തിയാക്കി. ഇരുപത്തിയഞ്ചാം വസയസ്സില്‍, 1983 ജനുവരി 18നാണ് മാഹിറിനെ സൈന്യം അറസ്റ്റ് ചെയ്തത്. കുടുംബം മാഹിറിന്റെ വിവാഹത്തിന് തയാറെടുപ്പുകള്‍ നടത്തിയിരുന്ന സമയത്തായിരുന്നു ഈ അറസ്റ്റ്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാഹിര്‍ സ്വാതന്ത്ര്യത്തിന്റെ പുലരി കണ്ടു, തെളിഞ്ഞ ആകാശവും കണ്ടു. ഇത് ഫലസ്തീനികളുടെ ജീവിതമാണ്, സാധാരണ ജീവിതം!

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles