CultureTravel

യെമന്‍ യുദ്ധ ഭൂമിയില്‍ സംഗീതത്തിലൂടെ സാന്ത്വനം തേടുന്നവര്‍

യെമന്‍ നഗരമായ തായിസിലെ അല്‍ നവാരി സ്‌കൂള്‍ ഹാളില്‍ പിയാനോയുടെ നോട്ടുകള്‍ പഠിക്കുകയാണ് നാസിറ അല്‍ ജാഫരി എന്ന കൊച്ചുമിടുക്കി. സംഗീത അധ്യാപികയുടെ അടുത്ത് നിന്നും ഏറെ ആസ്വദിച്ചും ശ്രദ്ധയോടെയും സംഗീതം പഠിക്കുകയാണ് നാസിറ. ‘സംഗീതം എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് ദു:ഖം വരുമ്പോഴും വിഷമമനുഭവിക്കുമ്പോഴും ഞാന്‍ പിയാനോ വായിക്കും’- നാസിറ പറയുന്നു.

അറബ് ആത്മീയ സംഗീതജ്ഞരായ ഫൈറൂസിന്റെയും ഉമ്മു ഖുല്‍സുവിന്റെയും പ്രശസ്ത പാട്ടുകളാണ് അവര്‍ പഠിക്കുന്നത്. ‘ഈ യുദ്ധത്തില്‍ യെമന്‍ വിജയിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതോടെ ഞങ്ങള്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍ കഴിയും’. പുഞ്ചിരി നിറച്ച് നാസിറ പറഞ്ഞു.

ഒരു കാലത്ത് കോഫി ബീന്‍സിന് പേരു കേട്ട നഗരമായിരുന്നു തായിസ്. മലനിരകളായ ഇവിടെ ഉയര്‍ന്ന രീതിയില്‍ കോഫി ഉത്പാദിപ്പിക്കുകയും തുറമുഖം വഴി മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ഈ നഗരം യെമനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഏറ്റവും തീവ്രമായ യുദ്ധ ഭൂമികയാണ്. ഇറാന്റെ പിന്തുണയുള്ള യെമനി ഹൂതികളും സര്‍ക്കാര്‍ സൈന്യവും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടല്‍ നടക്കുന്നത്. സര്‍ക്കാര്‍ സൈന്യത്തിന് സൗദിയുടെ പിന്തുണയുമുണ്ട്.

മേഖലയില്‍ സമാധാനവും മാനുഷിക പരിഗണനയും നല്‍കാന്‍ ഇരു വിഭാഗം യുദ്ധ മുന്നണികളോടും യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തായിസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെല്ലാം ഇപ്പോഴും വിമത സൈന്യം തമ്പടിച്ചിട്ടുണ്ട്. പ്രദേശം വിമതരുടെ നിയന്ത്രണത്തിലുമാണ്. മൂന്ന് നിലയുള്ള അല്‍ നവാരി സ്‌കൂള്‍ 2015-16 യുദ്ധ കാലയളവിനിടെ അടച്ചുപൂട്ടുകയായിരുന്നു.

ഇപ്പോള്‍ സ്‌കൂള്‍ വീണ്ടും തുറന്നപ്പോള്‍, ക്ലാസ് മുറികളുടെ ചുവരുകളില്‍ വെടിയുണ്ടകള്‍ കാണാന്‍ സാധിക്കും. തുടര്‍ന്നാണ് ഇവിടെ സംഗീത ക്ലാസ് ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിന്റെ കൂടെ മാതമാറ്റിക്‌സ്,അറബിക് എന്നിവയും പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സന്തോഷം തിരിച്ചു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.

‘ബോംബിങ്ങും ഷെല്ലാക്രമണവും മൂലം അടച്ച സ്‌കൂള്‍ വീണ്ടും തുറന്ന ശേഷം കുട്ടികളുടെ മാനസികാവസ്ഥ വളരെ ഭീതിയിലൂടെയാണ് കടന്നു പോകുന്നത്. മ്യൂസിക് ഇവിടെ എക്‌സ്ട്രാ കരിക്കുലം ആക്റ്റിവിറ്റിയുടെ ഭാഗമല്ല, ഇത് കുട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും സംഗീതത്തിലൂടെ അവര്‍ക്ക് എത്രമാത്രം സന്തോഷവും പ്രതികരണശേഷിയും തിരിച്ചു പിടിക്കുന്നുണ്ടെന്നും നമുക്ക് കാണാനാവും’- അല്‍ നവാരി സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഷിഹാബുദ്ദീന്‍ അല്‍ ഷറാബി പറഞ്ഞു. ഇതിനായി സംഗീതോപകരണങ്ങള്‍ സൗജന്യമായാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കണമെന്ന് നിര്‍ദേശിച്ചത് സമീപത്തെ മൊച്ച സര്‍വകലാശാല അധികൃതര്‍ തന്നെയാണ്.

Facebook Comments
Related Articles
Close
Close