Current Date

Search
Close this search box.
Search
Close this search box.

സഞ്ചാരികള്‍ക്കായി ഗുഹ ടൂറിസമൊരുക്കി സൗദി

g.jpg

ആദിമ കാലം മുതല്‍ക്കു തന്നെ ഗുഹകള്‍ മനുഷ്യന് ഒരു വിസമയമായിരുന്നു. രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാചീന ഗുഹകള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് സൗദി അറേബ്യ ഒരുക്കുന്നത്. സാഹസിക സഞ്ചാരികള്‍ക്കും കൗതുകം തേടിയുള്ള യാത്രാന്വേഷികളെയും എന്നും ആകര്‍ഷിക്കുന്ന ഒന്നാണ് ഇത്തരം യാത്രകള്‍. ലോകമെമ്പാടുമുള്ള 5000 ഗുഹകളിലായി 250 മില്യണ്‍ ടൂറിസ്റ്റുകളാണ് എല്ലാ വര്‍ഷവും സഞ്ചരിക്കുന്നത്. ഈ ഗുഹകളെല്ലാ കൂടി രണ്ടു ബില്യണ്‍ ഡോളറാണ് ആഗോള ടൂറിസം വരുമാനത്തിലേക്ക് എല്ലാ വര്‍ഷവും സംഭാവന നല്‍കുന്നത്.

ഗുഹകള്‍ പ്രകൃതി സൗന്ദര്യത്തിന്റെ മികച്ച ഉദാഹരണമാണ്. മോശമായ കാലാവസ്ഥയില്‍ നിന്നും മരുഭൂമിയിലെ കാലാവസ്ഥയില്‍ നിന്നും രക്ഷ തേടിയാണ് ആദിമ മനുഷ്യര്‍ ഗുഹകളില്‍ താമസമാക്കിയത്.
1999 മുതലാണ് സൗദി ജിയോളജിക്കല്‍ സര്‍വേ രാജ്യത്തെ ഗുഹകളെക്കുറിച്ച് വിശദമായ പഠനം ആരംഭിച്ചത്. വിദേശത്തു നിന്നുള്ള ഭൂഗര്‍ഭ ശാസ്ത്ര വിദഗ്ദരെ ഉപയോഗപ്പെടുത്തി ജിയോളജിസ്റ്റുകളുടെ ഒരു സംഘത്തിന് തന്നെ സൗദി നേതൃത്വം നല്‍കി.

തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ഗുഹകളെ സംബന്ധിച്ചും പഠിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാലു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ത്തു. ഇതില്‍ വിവിധ അറബ്-വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭൂഗര്‍ഭ ശാസ്ത്രജ്ഞരും വിദഗ്ദരും പങ്കെടുത്തു. ഫെബ്രുവരി 4 മുതല്‍ 7 വരെ ജിദ്ദയില്‍ വച്ചായിരുന്നു സമ്മേളനം. ഇതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ഗുഹകളിലേക്കുള്ള വിനോദ സഞ്ചാരത്തിന്റെ സാധ്യത കണ്ടെത്തുകയായിരുന്നു.

വിവിധ വലുപ്പത്തിലുള്ള ആയിരത്തിലധികം ഗുഹകളാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയത്. ഇവയൊക്കെ ടൂറിസ്റ്റുകളെ മാത്രമല്ല ആകര്‍ഷിച്ചത്. ജിയോളജിസ്റ്റുകളെയും ആകര്‍ഷിക്കുന്നവയാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഗുഹകളുടെ ചിത്രങ്ങളും വിവരണങ്ങളുമടങ്ങിയ മാപ്പുകളും സൗദി ടൂറിസം അധികാരികള്‍ പുറത്തിറക്കുന്നുണ്ട്.

രാജ്യത്ത് ജിയോ ടൂറിസം പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. 50 ഗുഹകളെക്കുറിച്ച് പഠനം നടത്തുന്നതിനായി കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് ഓസ്ട്രിയന്‍ സംഘത്തെ ക്ഷണിച്ചിട്ടുണ്ട്. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി 250 ഗുഹകളെ പരിചയപ്പെടുത്താനാണ് ടൂറിസം കമ്മിഷന്‍ തീരുമാനിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഗുഹയായ ഷാഫാന്‍ ഗുഹയും ഇതില്‍പെടും. 8 മീറ്റര്‍ ഉയരവും 800 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്. മൂന്ന് മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയുമുള്ള ജബലുന്നൂറില്‍ സ്ഥിതി ചെയ്യുന്ന ഹിറ ഗുഹയും ഗ്രാന്‍ഡ് മസ്ജിദിനു സമീപം നിലകൊള്ളുന്ന ഥൗര്‍ ഗുഹയുമാണ് ഇസ്ലാമിക ചരിത്രത്തിലെ അതിപ്രാധാന്യമുള്ള സൗദിയിലെ മറ്റു ഗുഹകള്‍. ഗുഹാ ടൂറിസത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

 

Related Articles