Current Date

Search
Close this search box.
Search
Close this search box.

മദീനത്തെ കാരക്കാ മധുരം തേടി…

“യാ ഹാജ്ജ, തആൽ, സിയാറ…”
മസ്ജിദുന്നബവിയിൽ സുബ്ഹി നിസ്കരിച്ച് ദിക്റ് ചൊല്ലുകയായിരുന്നവരെ അവിടുത്തെയൊരു വനിതാ ഉദ്യോഗസ്ഥ വന്ന് വിളിച്ചു. റസൂലിനെ കാണാൻ!! അവിടുത്തോട് നേരിട്ട് സലാം പറയാൻ!!! സ്വർഗത്തിൻ്റെ കഷ്ണമായ റൗളയിൽ രണ്ട് റക്അത്ത് നമസ്കരിച്ച് കോടാനുകോടി പുണ്യം നേടാൻ!!!! യാ അല്ലാഹ്..! എത്ര കാലത്തെ കാത്തിരിപ്പാണത്!

അവർ കാണിച്ചു തന്ന വീഥിയിലൂടെ നടക്കുകയായിരുന്നില്ല, ആവുന്നത്ര വേഗതയിൽ, ത്രസിപ്പോടെ ഓടുക തന്നെയായിരുന്നു. എന്നിട്ടും വേഗത പോരെന്ന് തോന്നി.
ഒടുക്കം, കണ്ണുനീർത്തുള്ളികളുടെ മറകൊണ്ടു മാത്രം കാണാനാകുന്ന ആ കാഴ്ചക്കരികിൽ ഞങ്ങളെത്തി. ഞാനെൻ്റെ സ്വന്തം കണ്ണു കൊണ്ട് തിരുനബിയെ കണ്ടു !!! സന്തോഷവും സങ്കടവും ഒരുപോലെ നിറഞ്ഞ ശബ്ദത്താൽ അവിടുത്തോട് സലാം പറഞ്ഞു. റൗളാ ശരീഫിൽ നിസ്കരിച്ചു! റസൂലിന്റെ ചാരത്തു തന്നെ ഉറങ്ങുന്ന ഭാഗ്യവാന്മാരായ അബൂബക്കർ സിദ്ധീഖ് (റ) നോടും ഉമർ (റ) നോടും സലാം പറഞ്ഞു.

സ്വലാത്ത് ചൊല്ലി മടുക്കാത്ത നാവുകളും കണ്ട് കൊതി തീരാത്ത കണ്ണുകളുമേ ചുറ്റിലുമുള്ളൂ. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ നിയന്ത്രിക്കാനാകാത്ത സങ്കടം വന്നു. മസ്ജിദിൻ്റെ രാജവീഥിയുടെ, അതീവ ഭംഗിയുള്ള അകത്തളത്തിലൂടെ തിരിച്ചു നടക്കുമ്പോൾ ഈ ഭംഗിയൊന്നും പോകുമ്പോൾ കണ്ണിലുടക്കിയില്ലല്ലോ എന്ന് അതിശയം തോന്നി. അല്ലെങ്കിലും റസൂലിനെ കണ്ട കണ്ണിന് ഇനിയെന്ത് കണ്ടാലാണ് ഇഷ്ടം തോന്നുക! അവിടുന്നിൻ്റെ മുന്നിൽ നിന്ന് നിറഞ്ഞ മനസ്സിന് ഇനിയെപ്പോഴാണ് അതുപോലൊരു നിറവ് കിട്ടുക !

മസ്ജിദുന്നബവിയുടെ ശാന്തതയിൽ ഒരുപാട് സ്ത്രീകളിരിക്കുന്നുണ്ട് – പല രാജ്യങ്ങളിൽ നിന്ന് വന്നവർ. ഉമ്മാ എന്നോ എടിയേ എന്നോ ഉള്ള വിളികൾക്കു പിന്നാലെ ഓടാതെ, ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ഓരോരുത്തരും അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ജീവിക്കുകയാണ്. ഭാരങ്ങളില്ലാതെ, നേർത്ത, തൂവൽ കനം മാത്രമുള്ള ദിനങ്ങൾ.

തസ്ബീഹ് മാലയിലെ മുത്തുകളുടെ എണ്ണത്തോളം സ്വലാത്ത് ചൊല്ലിയിരിക്കുന്ന ഒരു ഉമ്മാമയെ കണ്ടപ്പോൾ ഇന്നമ്മയെ (ഉമ്മയുടെ ഉമ്മ) ഓർമ വന്നു. മുഹമ്മദ് നബി (സ) യെ കുറിച്ച് ആദ്യം അറിഞ്ഞത് കുഞ്ഞായിരിക്കുമ്പോൾ ഇന്നമ്മയുടെ മുസ്വല്ല കഥ നേരങ്ങളിലാണ്. പ്രവാചകൻ എന്നോ റസൂൽ എന്ന് മാത്രമോ പോലുമല്ല പറയുക. ‘മുത്ത് നബി’, മുത്തൊളിവ് എന്നൊക്കെ ഏറെ ഓമനത്തം തുളുമ്പുന്ന വാക്കുകളാണ്. മുപ്പത്തി രണ്ടു പേരക്കുട്ടികളുള്ള ഉമ്മയുടെ ഏറ്റവും വാത്സല്യമുള്ള ഇളയ കുഞ്ഞാണെന്ന് തോന്നിക്കുമാറ് സ്നേഹം അതിൽ നിറഞ്ഞു നിന്നിരുന്നു.

മസ്‍ജിദുൽ ഖുബാ

ഓർമ ഊർന്നു പോയിക്കൊണ്ടിരുന്ന അവസാന ദിവസങ്ങളിലൊന്നിൽ കോലായിലെ കസേരയിലിരുന്ന ഇന്നമ്മയുടെ ചുണ്ടനങ്ങുന്നത് കണ്ട് “എന്താണുമ്മാ..?” എന്നു ചോദിച്ചു. “ഒന്നുമില്ല, മുത്തു റസൂലിന് വേണ്ടി സ്വലാത്ത് ചൊല്ലിയതാണെന്ന് ഉത്തരം കിട്ടി. പ്രായത്തിൻ്റെ ഒരവശതക്കും കടന്നു കയറി നശിപ്പിക്കാൻ കഴിയാത്ത ഇഷ്ടത്തിൻ്റെ ദൃഢതയുള്ള കോട്ട ആ ഹൃദയത്തിലുണ്ടായിരുന്നു.
ഇവിടെയിപ്പോഴീ റൗളയുടെ ചാരത്തിരിക്കാൻ ഭാഗ്യം ലഭിച്ച അവരോടല്ലൊം നിങ്ങളുടെ ഭാഷയിൽ കുഞ്ഞുങ്ങൾ നബി (സ) യെ വിളിക്കുന്ന പേരെന്താണെന്ന് ചോദിക്കാൻ തോന്നി. തീർച്ചയായും ഓരോ ഭാഷയിലെയും ഏറ്റവും ഓമനത്തം നിറഞ്ഞ വാക്കുകളായിരിക്കുമവ – അക്ഷരമാലയിലെ ഏറ്റവും സന്തോഷ പുളകിതരായ അക്ഷരങ്ങൾ!

മസ്ജിദുന്നബവിയുടെ അകം മാത്രമല്ല, മദീന മുഴുവനും ശാന്തത പരന്നൊഴുകുന്നുണ്ട്. ബഹളങ്ങളില്ല, ധൃതികൂട്ടലുകളില്ല. നിലാവു പോലൊരു നഗരം. ഇരുട്ടിലും തെളിച്ചം തരുന്ന, ഭംഗിയുള്ള, മനസ്സമാധാനം തരുന്ന ഇടം. ആർക്കുമാരേയും കവച്ചു വെക്കാനില്ല, ദേഷ്യപ്പെടാനില്ല, എങ്ങുമെവിടെയും സ്നേഹം മാത്രം.

സഹായികൾ എന്നു വിളിപ്പേരുള്ള ഒരു ജനതയുടേതാണ് മദീന. മനുഷ്യനെ കൊണ്ട് ആവുന്നതിൻ്റെ ഏറ്റവും അങ്ങേയറ്റം വരെ പ്രവാചകന് കാണിക്ക വെച്ചവർ. അവരന്ന് യഥ്‍രിബ് എന്നൊരു ദേശത്തെ അപ്പാടെ ഇഷ്ടത്തോടെ ഇസ്ലാമിന് വിട്ടു കൊടുത്തതാണല്ലോ പിന്നീട് പ്രവാചകൻ്റെ നഗരം അഥവാ മദീനത്തുന്നബവി ആയി മാറിയത്. അന്ന് തൊട്ടിന്നുവരെ അവിടെ എത്തുന്നവർക്കും ആ വിശേഷ സ്വഭാവമുണ്ട്. തലേന്നു വരെ അറിയാത്ത രണ്ടു മനുഷ്യരാണ് അവിടെയെനിക്ക് ആതിഥേയത്വം നൽകിയത്. ഭക്ഷണം വാങ്ങിത്തന്നത്, കാണേണ്ടുന്ന സ്ഥലങ്ങൾ കൊണ്ടുപോയി കാണിച്ചു തന്നത്. ചരിത്രത്തിൻ്റെ ഭംഗിയുള്ള ആവർത്തനം പോലെ.

മസ്ജിദുൽ ഖിബ്‍ലത്തൈൻ

“ദാ, ആ കാണുന്നതാണ് മസ്ജിദുൽ ഖിബ്‍ലത്തൈനി. അവിടെ വെച്ചുള്ള നമസ്കാരത്തിനിടെയാണ് ഖിബ്‌ല മാറ്റം നടന്നത്. അതുവരെ മസ്ജിദുൽ അഖ്സയിലേക്ക് തിരിഞ്ഞാണ് മുസ്‌ലിംകൾ നമസ്കരിച്ചിരുന്നത്. അതു മാറി, കഅ്ബ നമ്മുടെ ഖിബ്‌ലയായത് നബി തിരുമേനി ഇവിടെ നമസ്കരിക്കുമ്പോഴാണ്. ഇനി നിങ്ങളാ രണ്ട് മിനാരങ്ങളിലേക്ക് നോക്കൂ. ഒന്നിൽ (മക്കയുടെ ഭാഗത്തുള്ളത്) നിറയെ പ്രാവുകളാണ്. മറ്റേത് (മസ്ജിദുൽ അഖ്സയുടെ നേരെയുള്ളത്) ശൂന്യവും. നബി (സ) തിരിഞ്ഞു നിന്ന ഇടത്തേക്ക് നമ്മൾ തിരിയരുതെന്ന് ആ പ്രാവുകൾക്കറിയാം. അവക്ക് ഹബീബിനോടുള്ള സ്നേഹം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണല്ലോ.”
യാത്രാ സംഘത്തിലെ അമീർ പറഞ്ഞു നിർത്തി. തരിമ്പും അതിശയം തോന്നിയില്ല. ആലവും അർളും സമാവാത്തും ഇഷ്ടപ്പെടുന്ന മഹാനായ പ്രവാചകനെ പ്രാവുകൾ സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ അരനിമിഷം പോലും അന്തിച്ചു നിൽക്കേണ്ടി വന്നതുമില്ല.

പ്രാവുകൾ ചിറകടിച്ചു പറന്നപ്പോൾ ആൾത്താമസമുണ്ടാവില്ലെന്നുറപ്പിച്ച് ശത്രുക്കൾ സൗർ ഗുഹയിൽ കയറാതെ പോയ സംഭവം ഓർത്തു. അവയുടെ എത്രാമത്തെ തലമുറയായിരിക്കും ഇവ എന്നാണ് അപ്പോൾ കൗതുകപ്പെട്ടത്. മിനാരങ്ങളിലെ പ്രാക്കളുടെ കുറുകലിന് ഇങ്ങനെയും അർഥമുണ്ടാവാമല്ലേ എന്ന സന്തോഷം തരുന്ന ചിന്തകൾ മനസ്സിൽ വന്നു.

ഓർമകളെയെല്ലാം സുജൂദ് ചെയ്യുന്ന ഇടമാക്കി മാറ്റിയിട്ടുണ്ട് മദീന. എത്രയെത്ര പള്ളികളാണവിടെ! അഴകും കുളിരുമുള്ളവ. നബി തങ്ങൾ മഴക്കു വേണ്ടി പ്രാർഥിക്കുമ്പോൾ മേഘം തണലു വിരിച്ചയിടത്ത്, യുദ്ധവേളയിൽ നമസ്കാരം നിർവ്വഹിച്ചയിടത്ത്, ഹിജ്റ ചെയ്തു വരുമ്പോൾ അൻസ്വാറുകൾ ദഫ് കൊട്ടി സ്വീകരിച്ചയിടത്ത്, യാത്രയ്ക്കിടയിൽ ഇരുന്നയിടത്ത്, റസൂലിനോടുള്ള ഇശ്ഖിനാൽ ഹൃദയം പൊട്ടി മരിച്ച ബിലാൽ (റ) താമസിച്ചയിടത്ത്, സ്വഹാബാക്കൾ ജീവിച്ചയിടത്ത്.. അങ്ങനെ ചരിത്രത്തിൻ്റെ സുഗന്ധം തങ്ങി നിൽക്കുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ മസ്ജിദുകളാണ്.

ഉഹ്‍ദ് മല നിരകൾ

പ്രവാചകൻ്റെ നഗരത്തിന് മാത്രം ചില സവിശേഷതകളുണ്ട്. ആറാം നൂറ്റാണ്ടോളം ചെന്നെത്തുന്ന ചരിത്ര സംഭവങ്ങളെ ഇപ്പോഴും അതേ പോലെ അനുഭവിപ്പിക്കാൻ മദീനക്കേ കഴിയൂ. അല്ലെങ്കിലെങ്ങനെയാണ് ഉഹ്ദിൽ പരിക്കു പറ്റിയ റസൂലിനെ കൊണ്ടു പോയ വഴിയിലൂടെ പോകുമ്പോൾ നമുക്കിപ്പോഴും തൊണ്ടയിടറുകയും നെഞ്ച് കലങ്ങുകയും ചെയ്യുന്നത്? ഹബീബായ നബി സ്നേഹിച്ച, അവിടുന്നിനെ തിരിച്ചു സ്നേഹിച്ച ഉഹ്ദ് മല കയറുമ്പോൾ അകം തുടിക്കുന്നത്? നബിയുടെ തിരുപാദം പതിഞ്ഞിട്ടുണ്ടാവുമല്ലോ എന്ന അധിക സന്തോഷത്തിൽ മദീനയിലെ മണൽത്തരികളിൽ ചവിട്ടുമ്പോൾ ഉള്ളം നിറയുന്നത്?

ചരിത്രം നിറഞ്ഞു നിൽക്കുന്നുണ്ട് നഗരത്തിൻ്റെ മുക്കിലും മൂലയിലും. വരൾച്ച കാലത്ത് ഉസ്മാൻ (റ) വില കൊടുത്തു വാങ്ങി വെള്ളം വെറുതെ കൊടുത്ത് സ്വർഗം പകരമായി നേടിയ കിണർ, സൽമാനുൽ ഫാരിസി (റ) യെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ നബി തിരുമേനി നട്ടു നനച്ച ഈത്തപ്പഴത്തോട്ടം, ഖന്ദഖ് യുദ്ധത്തിന് കിടങ്ങ് കുഴിച്ച ഇടം, നബി (സ) ക്ക് ഏറെ പ്രിയമുണ്ടായിരുന്ന, തിരുമേനിയുടെ ജനാസ കുളിപ്പിച്ച കിണറ്റിലെ വെള്ളം, വെറും മണ്ണിനാൽ നബി (സ) ചില സ്വഹാബിമാരുടെ രോഗം ശമിപ്പിച്ച തുർബത്തു ശിഫാ ( മദീനയുടെ പ്രാന്തപ്രദേശത്തെ ഒരു മൈതാനത്തിലെ മണ്ണ് കൊണ്ട് തിരുമേനി സ്വഹാബിമാരുടെ രോഗം മാറ്റിയിരുന്നു. മദീനയിലെത്തുന്നവർക്ക് ആ മണ്ണ് ഇപ്പോഴും കാണാം) അങ്ങനെ നീളുന്നു അത്. വഴിയിൽ പുല്ലു മുളച്ചു നിൽക്കുന്നുണ്ട്. പണക്കാരനായിരുന്ന മിസ്അബ് (റ) യെ കഫൻ പൊതിയാൻ തുണി തികയാതെ റസൂൽ പറിച്ചെടുത്തു വെച്ച പുല്ല്-ഇദ്ഹർ ആണതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണു നനഞ്ഞ് പറഞ്ഞു തന്നു.

അവിടെ അല്ലാഹുവിൻ്റെ തിരുദൂതരുടെ ചാരെ ആരൊക്കെയാണ് സ്വർഗീയ സുഖങ്ങളിൽ ഉറങ്ങുന്നത്!!! റസൂലിൻ്റെ മാത്രമല്ല, മുഴുവൻ മുസ്‌ലിംകളുടെയും കരളിൻ്റെ കഷ്ണങ്ങളായ അബൂബക്കർ (റ), ഉമറുബ്നു ഖത്താബ് (റ), ഉസ്മാൻ (റ), ഫാത്തിമ (റ), ആയിശ (റ), ഹംസ (റ), ഇസ്‌ലാമിനുവേണ്ടി കൊടിയ വേദനയേറ്റു വാങ്ങിയ ശുഹദാക്കൾ … വെറുതായാണോ മദീന, മരിക്കാൻ കൊതി തോന്നുന്ന സ്ഥലമായത്! മരണത്തിലെ പ്രവാചകാനുരാഗം അവിടം കൊണ്ട് തീരുന്നില്ല. നബി (സ) ജീവിച്ചതിനേക്കാളധികം ഈ ഭൂമിയിൽ ആയുസ്സു വേണ്ടതില്ലെന്ന് തീവ്രമായി ആഗ്രഹിച്ചവരുണ്ട് നമുക്കിടയിൽത്തന്നെ.

മദീനയിലെത്തുന്നവരുടെ ജീവിതത്തിൽ മറ്റുള്ളവരുടേതിനേക്കാൾ അഹന്തക്ക് ഇടിവു സംഭവിക്കുന്നുണ്ട്. തിരുനബി നടന്ന വഴികളിൽ ഉറക്കെച്ചവിട്ടാൻ മടി തോന്നും അവർക്ക്. അവിടുത്തെ ഗാംഭീര്യം നിറഞ്ഞ ശബ്ദം മുഴങ്ങിയേടത്ത് ചീത്ത വാക്ക് പറയാൻ ലജ്ജ തോന്നും. റസൂലുല്ലാഹ് ഉറങ്ങുന്ന മണ്ണ് വിട്ട് പിരിഞ്ഞു പോകാനാകാതെ ഹൃദയം വേദനിക്കും. അവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ച ദിവസങ്ങളെ മനഃപൂർവ്വം ഓർമയുടെ മുന്നിൽത്തന്നെ നിർത്തി സായൂജ്യം കൊള്ളും.

Related Articles