അയൽ രാജ്യക്കാരായ മുസ്‌ലിം സഹോദരങ്ങളിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ ഗ്രാനഡ നഗരത്തിന് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അബൂ അബ്ദില്ല അസ്സഗീർ തിരിച്ചറിഞ്ഞു. തങ്ങളുടെ മതവും അന്തസ്സും സംരക്ഷിക്കുന്ന ഏത് വ്യവസ്ഥകളോടെയും കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം 1491 ഡിസംബറിൽ കാത്തലിക് രാജാക്കന്മാരായ ഫെർഡിനാൻഡിനും ഇസബെല്ലയ്ക്കും സന്ദേശവുമായി ആളയച്ചു.
ഈ ചോദ്യം, ചരിത്രപരമായ താരതമ്യത്തിനപ്പുറം, വർത്തമാനകാല യാഥാർത്ഥ്യങ്ങളെക്കുറിച്ചും ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള വേദനാജനകമായ ഒരാശങ്ക വായനക്കാരുമായി പങ്കു വെക്കലാണ്. അറേബ്യൻ ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരമുണ്ടെങ്കിലും ഇബീരിയൻ ഉപദ്വീപിൽ ഏകദേശം 800 വർഷക്കാലം നീണ്ടുനിന്ന മുസ്‌ലിം ഭരണത്തിൻ്റെ അന്ത്യം കുറിച്ച ഗ്രാനഡയുടെ വിധി സമ്മാനിച്ച പാഠങ്ങളും ഗസ്സയിലെ ഇന്നത്തെ അവസ്ഥയും തമ്മിലുള്ള സമാനതകൾ ഞെട്ടിക്കുന്നതും ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന ഭയം ജനിപ്പിക്കുന്നതുമാണ്.
ഗ്രാനഡയുടെ അന്ത്യം: ഒറ്റിക്കൊടുക്കപ്പെട്ട നഗരം
ഗ്രാനഡ യുദ്ധത്തിൻ്റെ (1482-1492 CE) അവസാന ഘട്ടമായിരുന്നു ഗ്രാനഡയുടെ ഉപരോധം. ഏകദേശം രണ്ടര വർഷക്കാലം (1489–1492) നീണ്ടുനിന്ന ഈ ഉപരോധം, മനുഷ്യ ദുരന്തവും മുസ്‌ലിം ഭരണാധികാരികളുടെ നിസ്സംഗതയും ഇഴചേർന്ന ‘അൻദലൂസിലെ ഏറ്റവും ദുരന്തപൂർണ്ണമായ’ അധ്യായങ്ങളിൽ ഒന്നായിരുന്നു. 1491-ൽ സ്പാനിഷ് ഉപരോധം ശക്തമായപ്പോൾ എല്ലാ വഴികളും അടഞ്ഞു, കൊട്ടാരങ്ങളിലെയും വീടുകളിലെയും അവശേഷിച്ച ധാന്യപ്പുരകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് മുസ്‌ലിംകൾ എത്തി.
ഗ്രാനഡയിലെ അവസാന ഭരണാധികാരിയായിരുന്ന സുൽത്വാൻ അബൂ അബ്ദില്ല അസ്സഗീർ (മുഹമ്മദ് XII), നിലവിലെ സാഹചര്യത്തിൽ നഗരത്തെ അധികകാലം പ്രതിരോധിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി. വടക്കൻ ആഫ്രിക്കയിലെ ഭരണാധികാരികളായ മൊറോക്കോയിലെ സുൽത്വാന്മാർ, തിൽമിസാനിലെ സയ്യാൻ സുൽത്താൻ, തുനീഷ്യയിലെ ഹഫ്‌സി സുൽത്താൻ, ഈജിപ്തിലെ മംലൂക് സുൽത്താൻ നാസിർ മുഹമ്മദ് എന്നിവരോട് അദ്ദേഹം അടിയന്തിര സഹായം അപേക്ഷിച്ചു.
എന്നാൽ, അവരിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. സഹായത്തിനായി കേണ ആദർശ സഹോദരങ്ങളെ അവർ ഒറ്റപ്പെടുത്തി. ഇതിലും വേദനാജനകമായ സംഭവം യുദ്ധകാലത്തുടനീളം വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ചർച്ച് ഭീകരത പഠിപ്പിക്കുന്ന സ്പെയിനിലെ കാസ്റ്റൈലിന് ഗോതമ്പും മറ്റു വിഭവങ്ങളും നൽകുകയും അവരുമായി നല്ല വാണിജ്യ ബന്ധം നിലനിർത്തുകയും ചെയ്തു! ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റിക്കൊടുക്കലുകളിലൊന്നായി ഈ നിസ്സംഗത മാറി.
ക്ഷാമത്തിൻ്റെയും മരണത്തിൻ്റെയും പിടിയിൽ
സഹായം ലഭിക്കാതെ, ഗ്രാനഡയിലെ മുസ്‌ലിം സമൂഹത്തിൻ്റെ അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരുന്നു. അവസാന ഉപരോധത്തിനിടെ യഥാർത്ഥമായ ക്ഷാമവും ദാരിദ്ര്യം നഗരത്തെ ഗ്രസിച്ചു. സ്പാനിഷ് ചരിത്രകാരനായ ഹെർണാൻ പെരേസ് ഡെൽ ബിൽബാവോ റിപ്പോർട്ട് ചെയ്തത് ഇങ്ങനെ: “അഴുക്കുചാലുകളിൽ നിന്ന് മരണത്തിന്റെ ഗന്ധം വമിക്കുന്നുണ്ടായിരുന്നു, ആളുകൾ നായ്ക്കളെയും പൂച്ചകളെയും പുല്ലുകളും കട്ടിയുള്ള തുകൽ ചെരിപ്പുകൾ പോലും തിളപ്പിച്ച് കഴിക്കാൻ തുടങ്ങിയിരുന്നു.”
മുസ്‌ലിം സ്പെയിനിൻ്റെ ദൃക്‌സാക്ഷിയായ ചരിത്രകാരൻ ലിസാനുദ്ദീൻ ഇബ്‌നുൽ ഖത്തീബ് അസ്-സഗീർ തൻ്റെ കത്തുകളിൽ കുറിച്ചു: “കുട്ടികൾ ഉമ്മമാരുടെ നെഞ്ചിൽ വിശന്നു മരിച്ചു, അവശേഷിക്കുന്നവരുടെ മനോവീര്യം തകരാതിരിക്കാൻ ആളുകൾ തങ്ങളുടെ മൃതദേഹങ്ങൾ ആരുമറിയാതെ നിശബ്ദമായി കുഴിച്ചിട്ടു.” കൊടും ശൈത്യത്തിൻ്റെ ആ കാലയളവിൽ, പ്ലേഗും വിശപ്പും തണുപ്പും സാധാരണക്കാരെ ഒരുമിച്ച് വേട്ടയാടി. പകർച്ചവ്യാധികളും വരൾച്ചയും വിലക്കയറ്റവും വ്യാപിച്ചു, അപ്പം സ്വർണ്ണത്തേക്കാൾ വിലയേറിയതായി.
അയൽ രാജ്യക്കാരായ മുസ്‌ലിം സഹോദരങ്ങളിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ ഗ്രാനഡ നഗരത്തിന് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അബൂ അബ്ദില്ല അസ്സഗീർ തിരിച്ചറിഞ്ഞു. തങ്ങളുടെ മതവും അന്തസ്സും സംരക്ഷിക്കുന്ന ഏത് വ്യവസ്ഥകളോടെയും കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം 1491 ഡിസംബറിൽ കാത്തലിക് രാജാക്കന്മാരായ ഫെർഡിനാൻഡിനും ഇസബെല്ലയ്ക്കും സന്ദേശവുമായി ആളയച്ചു.
1491 നവംബർ 25-ന് ഗ്രാനഡ ഉടമ്പടിയിൽ (Capitulations of Granada) ഒപ്പുവെച്ചു. മുസ്‌ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന എൺപത് വകുപ്പുകൾ അടങ്ങിയ ഈ കരാറിൽ, സ്ത്രീകളുടെ വസ്ത്രധാരണം, നമസ്കാരം, സകാത്ത്, നോമ്പ്, പള്ളികൾ, സ്വത്തുക്കൾ എന്നിവയുടെയെല്ലാം സംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. മതപരമായ സഹിഷ്ണുതയും നിർബന്ധിത മതപരിവർത്തനം ഉണ്ടാകില്ല എന്ന ഉറപ്പും കരാർ നൽകി. സുൽത്വാൻ്റെ ആവശ്യപ്രകാരം, കത്തോലിക്കാ രാജ്ഞി ഇസബെല്ല ബൈബിളിൽ തൊട്ട് സത്യം ചെയ്യുകയും, റോമിലെ മാർപ്പാപ്പ പോലും കരാർ ഔദ്യോഗികമായി അംഗീകരിച്ച് ഒപ്പുവെച്ച് അയക്കുകയും ചെയ്തു. 1492 ജനുവരി 2-ന് ഗ്രാനഡ ഔദ്യോഗികമായി കൃസ്ത്യൻ സ്പെയിനിന് കൈമാറ്റം ചെയ്യപ്പെട്ടു.
വിശ്വാസവഞ്ചനയും ഉന്മൂലനവും
കീഴടങ്ങിയതിനുശേഷം, മുസ്‌ലിംകൾ ആയുധങ്ങൾ ഉപേക്ഷിച്ച് സൈന്യം പിരിച്ചുവിടപ്പെടുകയും സുൽത്വാൻ മൊറോക്കോയിലേക്ക് പോകുകയും ചെയ്തു. എല്ലാം ഭദ്രമായെന്ന് ഉറപ്പായപ്പോൾ, ഇസബെല്ല രാജ്ഞി തൻ്റെ കള്ള ഭക്തിയുടെ പേരിൽ റോമിലെ മാർപ്പാപ്പയ്ക്ക് സന്ദേശമയച്ചു – കരാറിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ആ അപേക്ഷ!
മാർപ്പാപ്പയിൽ നിന്ന് -വത്തിക്കാനിൽ ഇന്നും സൂക്ഷിച്ചിട്ടുള്ള- ഔദ്യോഗിക കത്തിലൂടെ പോപ്പിൻ്റെ മറുപടി വന്നു: അദ്ദേഹം രാജ്ഞിയെ കരാറിൽ നിന്ന് ഒഴിവാക്കുകയും മുസ്‌ലിംകളുമായുള്ള കരാറുകൾ ലംഘിച്ചാൽ യഹോവ അന്ത്യനാൾ കണക്കെടുപ്പിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുമത്രെ! മാർപ്പാപ്പയുടെ അനുവാദവും മോചനവും ലഭിച്ചയുടൻ, രാജ്ഞി കരാർ ലംഘിച്ചു. കൂട്ടക്കൊലകൾ പുനരാരംഭിച്ചു, ഇൻക്വിസിഷൻ കോടതികൾ (Inquisition Courts) സ്ഥാപിക്കപ്പെട്ടു. രക്തം ഒഴുകി, ആളുകളെ ജീവനോടെ ചുട്ടുകൊന്നു. പത്ത് വർഷത്തിനുള്ളിൽ (1501-ഓടെ), ഗ്രാനഡയിലെ എല്ലാ മുസ്‌ലിംകളെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയോ അടിമകളാക്കുകയോ നാടുകടത്തുകയോ ചെയ്തു.
ഇനി വായനക്കാരോട് ഒരു ചോദ്യം
വെടിനിർത്തൽ കരാറിൽ ഇപ്പോൾ തന്നെ ചതിയുടെ ഗന്ധം മണക്കുന്നു. ഗ്രാനഡയിലെ ആളുകളുടെ മുഖച്ഛായ ഞാൻ ഗസ്സയിലെ ജനങ്ങളുടെ മുഖങ്ങളിൽ കാണുന്നു. പുതിയ ഫെർഡിനാൻഡിനെയും ഇസബെല്ലയെയും ശറമുശ്ശൈഖിലെ ഹോട്ടലുകളിലെ ലോബികളിൽ നമ്മെ നോക്കിനിന്നു ചിരിക്കുന്നത് ഞാൻ കാണുന്നു!
ചരിത്രം ആവർത്തിക്കുമോ?! ശത്രുക്കൾ ഉണ്ടാക്കിയ ഒരു കരാറെങ്കിലും ഇതുവരെ മാനിച്ചിട്ടുണ്ടോ?! അവരുമായി ഒപ്പുവെച്ച എത്ര “സമാധാന” ഉടമ്പടികൾ വഞ്ചനയും നഷ്ടവും മാത്രമാണ് ഇതുവരെ നൽകിയത് എന്ന് ഫലസ്തീൻ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ട്രംപ്, നെതന്യാഹു, മാക്രോൺ, മെലോണി എന്നിവരിൽ നിന്നും നമ്മുടെ അറബ്, ഇസ്ലാമിക ലോകത്തെ അമേരിക്കൻ വാലാട്ടി ഭരണാധികാരികളിൽ നിന്നും നാം നീതിയും ന്യായവും പ്രതീക്ഷിക്കുന്നുണ്ടോ?! നാഥൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നു,
كَيْفَ وَإِن يَظْهَرُوا عَلَيْكُمْ لَا يَرْقُبُوا فِيكُمْ إِلًّا وَلَا ذِمَّةً
(അതെങ്ങനെ സംഭവിക്കും? അവർ നിങ്ങളുടെ മേൽ ആധിപത്യം നേടിയാൽ പോലും നിങ്ങളുടെ കാര്യത്തിൽ ബന്ധമോ ഉടമ്പടിയോ അവർ പരിഗണിക്കുകയില്ല.9:8)
അപ്പോൾ ആരാണ് പഴയ അൻദലൂസിലെ ജനങ്ങൾക്ക് /പുതിയ കിഴക്കൻ ഫലസ്തീലെ ജനങ്ങൾക്കായി മുന്നോട്ട് വരുന്നത്?! ആരുമുണ്ടാവില്ല, കാത്തിരുന്ന് കാണാം..
Summary: The article recounts the tragic fall of Granada in 1492 — the last Muslim stronghold in Spain — and draws a chilling parallel with the present suffering in Gaza. Facing starvation and abandonment by neighboring Muslim rulers, Sultan Abu Abdullah al-Saghir surrendered Granada to the Catholic monarchs Ferdinand and Isabella under a treaty promising religious freedom and protection. Yet soon after, the Christian rulers broke their vows with papal approval, unleashing massacres, forced conversions, and the total eradication of Muslim presence.
അവലംബം:
تذكروا من الأندلس الإبادة (ഓർക്കുക, അൻദുലുസിൽ നിന്നുള്ള ഉന്മൂലനം) — അഹമ്മദ് റാഇഫ്.
(അഹ്മദ് റാഇഫ് (1940 – 2011)
ഈജിപ്തിലെ പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായിരുന്നു അഹ്മദ് റാഇഫ്. നാസിർ ഭരണകൂടത്തിൻ്റെ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ “അൽ-ബവ്വാബ അസ്സൗദാഅ്” (The Black Gate) ആണ് അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. ” അൽ ഇസ്‌ലാം ഹുവൽ ഹല്ല്” (ഇസ്‌ലാമാണ് പരിഹാരം) എന്ന വിഖ്യാത മുദ്രാവാക്യത്തിൻ്റെ ഉപജ്ഞാതാവായ റാഇഫ്, ഇഖ്‌വാനുൽ മുസ്‌ലിമൂനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.)