Culture

മസ്ജിദുൽ അഖ്‌സയിലെ പാറയുടെ പ്രാധാന്യം

ജറുസലേമിലുള്ള മസ്ജിദുൽ അഖ്‌സയിലെ  (അൽ -ഹറം അൽ ശരീഫ് അഥവാ വിശുദ്ധ ദേവാലയം ) പാറയുടെ ഗോപുരം, ഇസ്‌ലാമിക കലയുടേയും വാസ്തുവിദ്യയുടേയും ആദ്യകാല സ്മാരകങ്ങളിൽ പെട്ടതാണ്.65H/684CA യുടെയും 72H/691CA  യുടെയും ഇടയിലാണത് നിർമ്മിക്കപ്പെട്ടത്. മതപരവും നാഗരികവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പശ്ചാത്തലത്തിലാണ് അതിന്റെ പ്രാധാന്യം നിലനിൽക്കുന്നത്.മസ്ജിദുൽ അഖ്‌സയുടെ നടുവിലുള്ള ഒരു കൃത്രിമ തറയിലാണ് പാറയുടെ ഗോപുരം സ്ഥിതി ചെയ്യുന്നത്.

ക്രെസ്‌വെൽ പറയുന്നു :”ഉയർന്ന പ്രതലത്തിൽ സജ്ജമാക്കിയ, 16 ജനലുകളാൽ ഭേദിക്കപ്പെട്ട, പാറയെ ചുറ്റാൻ മാത്രം വലുപ്പമുള്ള വൃത്തത്തിൽ ഒന്നിടവിട്ട മൂന്ന് നിരകൾക്കൊപ്പം ഓരോ തൂണും വരുമാറ് ക്രമീകരിച്ച 4 തൂണും 12 നിരകളുമുള്ള, 20. 44m വ്യാസമുള്ള തടി ഗോപുരം ഉൾകൊള്ളുന്ന ഒരു വാർഷിക കെട്ടിടമാണത്. ”

അങ്ങനെ വ്യാസത്തിന് തുല്യമായ ഉയരമുള്ള ഒരു കേന്ദ്ര ഗോളസ്‌തംഭം രൂപം കൊണ്ടിരിക്കുന്നു. 9. 50 ഇഞ്ച് പൊക്കമുള്ള എട്ട് മതിലുകളാൽ നിർമിച്ച 20. 59m വീതിയുള്ള ഒരു വലിയ അഷ്ടഭുജത്തിന്റെ നടുവിലാണ് ഈ വൃത്തം സ്ഥാപിച്ചിരിക്കുന്നത്. ബാഹ്യമായി ഓരോ ഭാഗത്തും ഏഴ് ഭിത്തികളുണ്ട്. എന്നാൽ മൂലയോട് ചേർന്നവയെ -അതായത് ഓരോ വശത്തിന്റെയും ഓരോ അറ്റത്തുള്ള ഭിത്തി (16 എണ്ണം )-അടഞ്ഞ പാളികളായാണ് കണക്കാക്കുന്നത്. ബാക്കിയുള്ളവയുടെ മുകൾ ഭാഗത്തു ജനലുകളുണ്ട്.

മസ്ജിദുൽ അഖ്‌സ (വിശുദ്ധ ദേവാലയം )യിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഗോപുരമുള്ള പാറ (സക്ര ). നീല നിറമുള്ള ആ പാറയുടെ ഏറ്റവും ഉയർന്ന ഭാഗം നിരപ്പിൽ നിന്ന് ഒന്നര മീറ്റർ ഉയരവും 18m×13m  വിസ്തീർണവുമുള്ളതാണ്.അതിനു താഴെ 4. 5 ചതുർ മീറ്റർ വിസ്താരമുള്ള 1m വ്യാസമുള്ള വൃത്തത്തോട് കൂടിയ മേൽക്കൂരയുള്ള ഒരു ഗുഹയുമുണ്ട്.

വളരെ അസാധാരണമായ ഭക്തി പാറയോട് ചേർന്നിരിക്കുന്നു. പ്രധാനമായും അത്തരം ബഹുമാനം അടിസ്ഥാനരഹിതമായ ഐതിഹ്യങ്ങളിലും ഇതിഹാസങ്ങളിലും ആധാരമാക്കിയുള്ളവയാണ്. ഒന്നുകിൽ അവ വിവിധ യുഗങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ, വിവിധ താത്പര്യങ്ങൾക്കായി ചില മുസ്‌ലിംകൾ ആസൂത്രണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത സൃഷ്ടികളാണ് അല്ലെങ്കിൽ ജൂത പാരമ്പര്യത്തിൽ കാണാൻ കഴിയുന്ന പുരാണത്തിന്റെ പുനർനിർമാണമോ പുനരാഖ്യാനമോ ആണ്.

വാസ്തവത്തിൽ, ഇസ്‌ലാമിൽ പാറ യാതൊരു പ്രാധാന്യവും വഹിക്കുന്നില്ല. അത് മസ്ജിദുൽ അഖ്‌സയുടെ (കഅബയുടെ നിർമാണത്തിന് 40 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ നിർമിക്കപ്പെട്ട രണ്ടാമത്തെ പള്ളി )ഭാഗമാണെന്നത് മാത്രമാണ് അതിനുള്ള വിശേഷത. വേറൊരു തരത്തിലും അത് മസ്ജിദുൽ അഖ്‌സയുടെ മറ്റു ഭാഗങ്ങളെക്കാൾ പ്രാധാന്യമോ ബഹുമാനമോ അർഹിക്കുന്നില്ല.

മസ്ജിദുൽ അഖ്‌സ -പാറയുൾപ്പെടുന്ന അതിന്റെ എല്ലാ ഘടകങ്ങളോടും കൂടി -ആദ്യത്തെ ഖിബ്‌ലയായിരുന്നു (മദീനയിലേക്കുള്ള പാലായനത്തെ തുടർന്ന് ഒരു വർഷവും ഏതാനും മാസങ്ങളും മുസ്‌ലിംകൾ നമസ്കരിക്കാനായി തിരിഞ്ഞ ദിശ ). അവിടെക്കായിരുന്നു നബി (സ )യെ കൊണ്ടുപോയതും മിഅറാജ് യാത്രക്കായി ആകാശത്തേക്കുയർത്തിയതും. ഖുർആൻ പറയുന്നു :”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍!” (ഇസ്‌റാ അ 1).

മക്കയിലെ മസ്ജിദുൽ ഹറമും  മദീനയിലെ മസ്ജിദുന്നബവിയും  പോലെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാവുന്ന മൂന്ന് പള്ളികളിൽ ഒന്നാണ് മസ്ജിദുൽ അഖ്‌സ. അൽ ബസാർ നിവേദനം ചെയ്തതനുസരിച്ച് മസ്ജിദുൽ അഖ്‌സയിലെ ഒരു നമസ്കാരം സാധാരണ പള്ളികളിലെ അഞ്ഞൂറ് നമസ്കാരങ്ങളോളം തുല്യമാണ്. (മസ്ജിദുൽ ഹറമിലെ ഒരു നമസ്കാരം ഒരു ലക്ഷം നമസ്കാരത്തിനും മസ്ജിദുന്നബവിയിലെ ഒരു നമസ്കാരം ആയിരം നമസ്കാരത്തിനും തുല്യമാണ് ).

ഇസ്‌ലാമിക ആധികാരിക പാരമ്പര്യത്തിൽ പാരയുമായി ബന്ധമുള്ള ഒരോയൊരു കാര്യമെന്നത് ഇസ്റാഅ (നിശാപ്രയാണം )വേളയിൽ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്‌സയിലേക് എത്തിയ നിമിഷമാണ്. നബി (സ ) ‘ബുറാഖ് ‘ എന്ന പേരിലുള്ള മൃഗത്തിൽ സവാരി ചെയ്ത് അവിടെ എത്തുകയും അദ്ദേഹത്തെ അനുഗമിച്ച ജിബ്‌രീൽ (അ ) ബുറാഖിനെ ഒരു വിരൽ കൊണ്ട് മുൻകൂട്ടി തുളച്ച ഒരു കല്ലിൽ കെട്ടുകയും ചെയ്തു.

എന്നാൽ ഈ വിവരണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രണ്ട് ആശങ്കകൾ ഉന്നയിക്കാം.

ഒന്നാമതായി, നബി (സ ) പാറയെ കുറിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ‘അൽ -സക്ര ‘എന്ന വാക്കിന് പകരം ‘അൽ -ഹജ്ർ(കല്ല്, പാറ )’എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ മസ്ജിദുൽ അഖ്‌സയുടെ പരിസരത്തുള്ള ഏതെങ്കിലുമൊരു കല്ലിലാവാം ബുറാഖിനെ കെട്ടിയതെന്നത് യുക്തിക്ക് നിരക്കുന്നതാണ്. അതിനുപുറമെ ഹദീസ് പണ്ഡിതന്മാർ യാതൊരു തർക്കവുമില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നതെന്തെന്നാൽ മുൻ പ്രവാചകന്മാരെല്ലാം ബുറാഖിൽ യാത്ര ചെയ്യുകയും അതിനെ കവാടത്തിലോ അതിനടുത്തോ ഉ ള്ള ഒരു കുടുക്കിൽ കെട്ടിയിട്ടതു പോലെ നബി (സ )യും ബുറാഖിനെ ബന്ധിപ്പിച്ചു. ആ കുടുക്ക് ഒരിക്കലും തിരിച്ചറിയപ്പെട്ടിട്ടില്ല. ഈ അപ്രാധാന്യത കാരണം കുടുക്കിന്റെ ആത്മീയതയെ സംബന്ധിച്ചോ അതിന്റെ കൃത്യമായ സ്ഥാനത്തെ കുറിച്ചോ ഒരു വിശ്വസനീയമായ റിപ്പോർട്ടുമില്ല. വ്യക്‌തമായ തെളിവുകളില്ലെങ്കിലും ചിലർ ബുറാഖിനെ പള്ളിയുടെ പടിഞ്ഞാറുള്ള മതിലിലാണ് കിട്ടിയതെന്ന് അംഗീകരിക്കുന്നു. അതിനാൽ ജൂതന്മാർ ‘വിലാപ മതിൽ ‘ എന്ന് വിശേഷിപ്പിക്കുന്ന ആ മതിലിന്റെ ഭാഗത്തെ ‘ബുറാഖിന്റെ മതിൽ ‘എന്ന സ്ഥാനപ്പേര് അവർ നൽകുകയും ചെയ്തു. മസ്ജിദുൽ അഖ്‌സയിലെവിടെയും ബുറാഖിനെ കെട്ടുന്ന ആശയത്തെ നബി (സ )യുടെ സഹചാരിയായിരുന്ന ഹുദൈഫത് ബിൻ അൽ യമാം ശക്തമായി എതിർക്കുന്നു. അല്ലാഹു ബുറാഖിനെ നബി (സ )ക്ക് വിധേയമാക്കിയതിനാൽ അത്തരമൊരു പ്രവൃത്തിയുടെ ആവശ്യകതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

രണ്ടാമതായി, നബി (സ )യഥാർത്ഥത്തിൽ ബുറാഖിനെ പാറയുമായി ബന്ധിപ്പിച്ചിരുന്നാലും അൽ ഹറമിൽ നിന്ന് എത്തുമ്പോഴോ സ്വർഗാരോഹണം നടത്തുമ്പോഴോ അതുമായി മറ്റേതെങ്കിലും സമ്പർക്കം പുലർത്തിയാലും ശരി, അതൊന്നും പാറയുടെ സ്ഥാനത്തെ കുറിച്ച് കാര്യമായ സ്വാധീനം ചെലുത്തുകയില്ല. കാരണം നബി (സ ) അതേപ്പറ്റി മൗനമവലംബിക്കുകയായിരുന്നു. മതപരവും ചരിത്രപരവുമായ ഒരു പ്രതിഭാസവും അത്ഭുതവുമായ മസ്ജിദുൽ അഖ്‌സയുടെ ഗുണങ്ങളെക്കുറിച്ച് വളരെയധികം വാചാലനായിരുന്ന നബി (സ ) പാറയുൾപ്പെടെ ഒരു ഘടകത്തിനും മറ്റു ഘടകങ്ങളെക്കാൾ യാതൊരു പ്രാധാന്യവും നൽകിയില്ല.

ഉറപ്പായും പ്രവാചകന്റെ നിശാപ്രയാണവും (ഇസ്റാഅ )സ്വർഗാരോഹണ (മിഅറാജ് )വുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് പാറയെ അമിതമായി ആരാധിക്കുന്നത് വിവേകമായി തോന്നുന്നില്ല. പാറയെ ഇപ്രകാരം ആരാധിക്കണമെങ്കിൽ പള്ളിയുടെ മറ്റെല്ലാ ഘടകങ്ങളെയും അതേ രീതിയിൽ ആരാധിക്കണമായിരുന്നു. അങ്ങനെയെങ്കിൽ നബി (സ )യാത്ര ആരംഭിച്ച ‘അൽ -ഹിജ്ർ ‘-കഅബയുടെ അർദ്ധവൃത്താകൃതിയിലുള്ള വടക്കുപടിഞ്ഞാറ് ഭാഗത്തെ പ്രദേശം -ജനങ്ങളുടെ അനാവശ്യ പ്രശംസക്കും ബഹുമാനത്തിനും പാത്രമായേനെ.പ്രത്യേകിച്ചും അങ്ങനെയായിരിക്കാനുള്ള കാരണമായി ചില ആധികാരിക പ്രവാചക വിവരണങ്ങളാൽ കൂടുതൽ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് നിശാപ്രയാണവും (ഇസ്റാഅ ) സ്വർഗാരോഹണവും (മിഅറാജ് )രണ്ട് വ്യത്യസ്ത അവസരങ്ങളിൽ സംഭവിച്ചുവെന്നതാണ്. ഓരോ തവണയും മസ്ജിദുൽ ഹറമിലെ അൽ -ഹിജ്റയിൽ നിന്നോ പള്ളിയുടെ കവാടത്തിൽ നിന്നോ ആണ്  യാത്ര ആരംഭിച്ചത്. മാത്രമല്ല, നബി (സ )യുമായുള്ള ബന്ധം കാരണം പാറയെ പരിഗണിക്കേണ്ടതുണ്ടെങ്കിൽ, മനുഷ്യരാശിക്കുള്ള അല്ലാഹുവിന്റെ അന്ത്യദൂതനായ പ്രവാചകന്റെ ജീവിതം മുഴുവൻ ഒരു അത്ഭുതമായിരിക്കെ നബി (സ )സന്ദർശിച്ചതോ കൈവശപ്പെടുത്തിയതോ സ്പർശിച്ചതോ കാലുവെച്ചതോ ആയ എല്ലാ സ്ഥലങ്ങളും ജനങ്ങളുടെ അനുപാതമില്ലാത്ത ആരാധനക്ക് വിധേയമായാനേ.

മസ്ജിദുൽ അഖ്‌സയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാറയെ കൂടുതൽ പവിത്രമായി കാണപ്പെടുന്നതിന് വിവിധ കാരണങ്ങളുണ്ടെന്നതാണ് സത്യം. ഈ പ്രവണത സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും വ്യത്യസ്ത പശ്ചാത്തലമുള്ള ആളുകൾ പങ്കാളികളാണ്. ചിലർ സ്വതാല്പര്യങ്ങൾക്കായി ബോധപൂർവമാണ് അപ്രകാരം ചെയ്യുന്നതെങ്കിൽ മറ്റുചിലർ അശ്രദ്ധ, അജ്ഞത, ദുർബലവിശ്വാസം എന്നിവയാലാണത് ചെയ്തത്. തത്ഫലമായി, മസ്ജിദുൽ അഖ്‌സയെ കുറിച്ച് -പൊതുവെ പാറയെ കുറിച്ച് -നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും നുണകളും കെട്ടിച്ചമച്ച പ്രവാചക പാരമ്പര്യങ്ങളും വിവിധ കാലഘട്ടങ്ങളിലായി വ്യാപിക്കുന്നു. എന്നിരുന്നാലും ഖലീഫ അബ്ദുൽ മാലിക് ബിൻ മാർവാന്റെ പാറയുടെ ഗോപുരം നിർമിക്കാനുള്ള തീരുമാനത്തെ ഇത്തരം കഥകളും ഇതിഹാസങ്ങളും സ്വാധീനിച്ചെങ്കിലും അങ്ങനെ ചെയ്യാനുള്ള പ്രധാന കാരണങ്ങൾ തികച്ചും വേറെയായിരുന്നു.

ഖലീഫ അബ്ദുൽ മാലിക് ബിൻ മർവാൻ പാറയുടെ ഗോപുരം നിർമിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

ആദ്യത്തെ കാരണം മതപരമായിരുന്നു. ഭൂമിയിൽ കഅബക്ക് ശേഷം നിർമിച്ച രണ്ടാമത്തേതും പ്രാധാന്യത്തിലും പവിത്രതയിലും മൂന്നാമത്തേതുമായ മസ്ജിദുൽ അഖ്‌സയുടെ എളിയ ദാസനെന്ന നിലയിൽ അദ്ദേഹത്തെ ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നു. അങ്ങനെ അദ്ദേഹം അവിടേക്ക് തീർഥാടനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. പ്രവാചകരുടെ ആദ്യകാല അനുചരന്മാരിൽ ചിലർ ഇടയ്ക്കിടെ ജറുസലേമിലേക്കും മറ്റു സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും ചിലർ അവിടെ സ്ഥിരതാമസമാക്കി മരിക്കുകയും ചെയ്യുമായിരുന്നു. ഈ ആചാരവും പ്രവാചക പാരമ്പര്യവുമനുസരിച്ചായിരുന്നു മേല്പറഞ്ഞ ആശയം. കുറച്ചു ദൂരെയുള്ള ഖലീഫ ഉമറിന്റെ നിലവിലെ പള്ളിയുടെയും മുഴുവൻ അഖ്‌സ പള്ളിയുടെയും ചിഹ്നമായി സേവിക്കുക എന്ന ഉദ്ദേശത്തോടെയാണത് നിർമിച്ചത്.

രണ്ടാമതായി ചില രാഷ്ട്രീയ ലാഭങ്ങളും പാറയുടെ ഗോപുരം സ്ഥാപിച്ചതിന്റെ പിന്നിലുണ്ട്. അബ്ദുല്ല ബിൻ സുബൈറിനെ -ഉമയ്യദിന്റെ രാഷ്ട്രീയ സമ്പ്രദായത്തെ ഇത്രയും കാലം (ഏകദേശം ഒൻപത് വർഷം )വെല്ലുവിളിക്കുകയും അവരെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയും ചെയ്ത ഖിലാഫത്തിന്റെ അവകാശവാദി -പരാജയപ്പെടുത്തിയ അബ്ദുൽ മാലിക്കാണ് ഖിലാഫത്തിനോട് അവകാശവാദമുള്ള ഉമയ്യദിന്റെ നിയമസാധുത വീണ്ടും ഉറപ്പിക്കാനുള്ള കഠിനമായ ചുമതല നേരിട്ടത്  തീർച്ചയായും പാറയുടെ ഗോപുരത്തിന്റെ നിർമാണം ആരംഭിക്കുന്നതിലൂടെ തന്നെയും ഭരണകക്ഷിയായ ഉമയ്യദ് കുടുംബത്തെയും ഇസ്‌ലാമിന്റെ യഥാർത്ഥ യോദ്ധാവായി ചിത്രീകരിക്കാനാണ് അബ്ദുൽ മാലിക് ലക്ഷ്യമിട്ടത്.

മൂന്നാമതായി, പാറയുടെ ഗോപുരത്തിന്റെ നിർമാണം ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും വ്യക്തിത്വ ഉയർച്ചയും പക്വതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇസ്‌ലാമിക കല തനതായ ആത്മാവും ഭാഷയും സ്വത്വവും വികസിപ്പിച്ചുവെന്ന് തെളിയിക്കുന്ന കെട്ടിടങ്ങളിൽ പെടുന്ന ഒന്നാണിത്. ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും തനതായ ശൈലി ഉയർത്തികൊണ്ടുവരുന്നതിൽ മുസ്‌ലിം സമൂഹത്തിന്റെ ആഗോള അഭിലാഷങ്ങളും തീരുമാനങ്ങളും മനസ്സിലാക്കുന്നതിൽ ഇസ്‌ലാമിക ചരിത്രത്തിന്റേയും നാഗരികതയുടേയും മുഖത്ത് മുദ്ര പതിപ്പിക്കേണ്ട ഒരു വ്യക്തി എന്ന നിലയിൽ അബ്ദുൽ മാലിക് പരാജയപ്പെടാൻ പാടില്ലായിരുന്നു. മുസ്‌ലിംകൾ മുൻപേ തന്നെ പല നാഗരിക വശങ്ങളിലും അയൽ ശത്രുവിനൊപ്പം തുല്യ നിലയിൽ -ചിലപ്പോൾ അവരെ മറികടന്നും -നിൽക്കുന്നുവെന്ന് ബൈസാന്റിലുള്ള അദ്ദേഹത്തിന്റെ എതിർകക്ഷിയെ അറിയിക്കാനും അതുവഴി കലയുടെയും വാസ്തുവിദ്യയുടെയും കാര്യത്തിൽ അവരെക്കാൾ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് അവകാശപെടാനുമുള്ള ഒരു മാർഗമായി അബ്ദുൽ മാലിക് പാറയുടെ ഗോപുരത്തെ ഉപയോഗിച്ചു. അതുപോലെ, അതിർത്തിക്കുള്ളിലുള്ള അമുസ്‌ലിം ന്യൂനപക്ഷങ്ങളെയും അതിർത്തിയിലെ ശത്രുക്കളെയും -കൂടുതലായും ക്രൈസ്തവരെ -ഇസ്‌ലാം മതത്തോടും മുസ്‌ലിങ്ങളോടും ആദരവോടെയും ബഹുമാനത്തോടെയും പെരുമാറാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഖലീഫയുടെ പ്രവർത്തനങ്ങൾ. പാറയുടെ ഗോപുരം നിർമിക്കുന്നതും അലങ്കരിക്കുന്നതും പുതിയ മതത്തിൽ ചേരാൻ അമുസ്‌ലിങ്ങളോടുള്ള ആഹ്വാനം കൂടിയായിരുന്നു. ഈ രീതിയിൽ ഇസ്‌ലാമിക ദഅവത്തിനുള്ള (ജനങ്ങളെ ഇസ്‌ലാമിലേക്ക്  ക്ഷണിക്കുക )ഒരു മികച്ച പുതുമയേറിയ മാർഗമായി കലയുടെയും വാസ്തുവിദ്യയുടെയും വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്തി.

പാറയെക്കുറിച്ച് ഏറ്റവും വ്യാപകമായി പറഞ്ഞ കഥയെന്നത് നിശാപ്രയാണത്തിന് ശേഷം നബി (സ )ഒറ്റക്കും ശേഷം മുൻപ്രവാചകന്മാരോടൊപ്പവും അവിടെ നമസ്കരിച്ചുവെന്നതാണ്. പിന്നീട് അദ്ദേഹത്തെ പാറയിലേക് കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ കാൽപാട് പാറയിൽ പതിയുകയും പ്രകാശത്തിന്റെ ഗോവണിയിലൂടെ അദ്ദേഹം സ്വർഗത്തിലേക്ക് പോവുകയും ചെയ്തു. നബി (സ )യോടൊപ്പം പാറയും അനുഗമിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അതിൽ കൈ വെക്കുകയും പാറ സ്വസ്ഥാനത്ത് മരവിച്ചു പോവുകയും ചെയ്തു. അതിന്റെ പകുതി ഇപ്പോഴും വായുവിൽ ഉളിഞ്ഞുകിടക്കുന്നുണ്ട്.പാറയെ തടഞ്ഞതും ഭൂമിയിൽ ഉറപ്പിച്ചതും അതിൽ കൈപ്പാട് പതിപ്പിക്കുകയും ചെയ്തത് പ്രവാചകൻ (സ )യല്ല മറിച്ച് ജിബ്‌രീൽ (അ )മാണെന്നാണ് മറ്റു വിവരണങ്ങളിൽ സൂചിപ്പിക്കുന്നത്. പാറ ഉയർന്നപ്പോൾ അവിടെ സ്ഥലമുണ്ടാവുകയും മരവിച്ചപ്പോൾ അത് ഗുഹയായി അവശേഷിക്കുകയും അങ്ങനെയാണ്  പാറയുടെ അടിയിലുള്ള ഗുഹ ഉണ്ടായതെന്നും പറയപ്പെടുന്നു.

പാറയുടെ നിലനില്പുമായി ബന്ധപ്പെട്ട് അനേകം അസത്യങ്ങളും ഐതിഹ്യങ്ങളും വേറെയും നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊരു ഗൗരവമായ ആക്ഷേപണമാണ് ഉന്നതനായ ദൈവം പാറയിൽ നിന്നാണ് ആകാശത്തേക്ക് ഉയർന്നതെന്നത്. ചില അഭ്യർത്ഥനകൾക്കൊപ്പം പാറയുടെ ഇടത് -വലത് വശങ്ങളിൽ നിന്ന് പ്രാർത്ഥിച്ചാൽ ഒരുവന്റെ പാപങ്ങൾ മായ്ക്കപ്പെടുകയും മറ്റു നേട്ടങ്ങൾ നേടാനും സാധിക്കും ;പാറയുടെ അടിയിൽ നിന്നാണ് ഭൂമിയിലെ എല്ലാ കുടിവെള്ളവും പരാഗണ കാറ്റും ഉത്ഭവിക്കുന്നത് ;പാറയുടെ അടിയിൽ ഫറോവയുടെ ഭാര്യ ആസിയയും ഈസ (യേശു )വിന്റെ മാതാവ് മാറിയമും വിചാരണ ദിവസം വരെ സ്വർഗ്ഗവാസികൾക്കുള്ള മാല നിർമിക്കുകയാണ് തുടങ്ങിയവ അവയിൽ ചിലത്. ഹദീസ് മേഖലയിലെ നുണകളിൽ നിന്ന് സത്യത്തെ വേർതിരിച്ചറിയുന്നതിനായി പണ്ഡിതന്മാർ ഈ വിഷയങ്ങളെ ഓരോന്നോരോന്നായി  ദീർഘമായി പഠിച്ച് അവയെ ശക്തമായി നിരസിക്കുന്നു.

തീർച്ചയായും ഖലീഫ ഉമർ ബിൻ ഖത്താബ് (റ )വിന്റെ ജറുസലേം സന്ദർശനം പാറയെ പറ്റിയുള്ള ഇസ്‌ലാമിക വീക്ഷണത്തെ പ്രതീകപ്പെടുത്തുന്നു. മുൻപുണ്ടായിരുന്നത് പോലെ മസ്ജിദുൽ അഖ്‌സയെ പ്രാർത്ഥനാലയമാക്കാൻ ഉമർ തീരുമാനിച്ചു. മധ്യഭാഗത്ത് പാറ സ്ഥിതി ചെയ്യുന്ന പള്ളിയുടെ (അൽ -ഹറം അൽ -ഷെരീഫ് )വിസ്തീർണ്ണം വളരെ വലുതായതിനാൽ ഉമറിന്റെ മനസ്സിലുണ്ടായിരുന്ന ലളിതമായ സ്വാഭാവികാവസ്ഥയിലുള്ള പള്ളി, മക്കയിലെ കഅബയുടെ തെക്ക് ഭാഗത്തു സ്ഥാപിക്കേണ്ടി വന്നു. പള്ളിയുടെ സ്ഥാനത്തെക്കുറിച്ച് ഉമർ ചിലരുമായി ആലോചിച്ചു. അബൂബക്കറിന്റെയോ ഉമറിന്റെയോ ഭരണകാലത്ത് ഇസ്‌ലാം സ്വീകരിച്ച ജൂതനായ കഅബ അൽ -അഹ്ബാർ പഴയ ഖിബ്‌ലയും പുതിയ ഖിബ്‌ലയും ലയിക്കുന്ന രീതിയിൽ പള്ളി പാറയുടെ പിന്നിൽ സ്ഥാപിക്കണമെന്ന് നിർദേശിച്ചു. എന്നാൽ അത്തരമൊരു നടപടി യഹൂദമതത്തെ അനുകരിക്കുന്നതിനെ സൂചിപ്പിക്കുമെന്ന് പറഞ്ഞു കൊണ്ട് ഉമർ അതിനെ നിഷേധിച്ചു. അങ്ങനെ പള്ളി പാറയുടെ മുൻവശത്ത് -അതായത് യഥാർത്ഥ മസ്ജിദുൽ അഖ്‌സയുടെ തെക്ക് ഭാഗം -നമസ്കരിക്കുന്നവരുടെ മുഖം ഖിബ്‌ലക്ക് നേരെയും മുതുക് പാറയിലേക്കും അഭിമുഖീകരിക്കുന്ന രീതിയിൽ പണിതു. “പാറയെ ആദരിക്കാനല്ല മറിച്ച് കഅബയെ ആദരിക്കാനാണ് നമ്മളോട് കല്പിക്കപെട്ടതെന്നും “ഉമർ അവസാനമായി പരാമർശിച്ചു.

ഇബ്നു ഖൽ ദൂം പറഞ്ഞതനുസരിച്ച് മസ്ജിദുൽ അഖ്‌സ സന്ദർശനത്തിനിടെ ഉമർ (റ )പാറയെ കാണിക്കാൻ ആവശ്യപ്പെട്ടു. ആളുകൾ ഈ റിപ്പോർട്ടിൽ നിന്ന് എന്തു തന്നെ അനുമാനിച്ചാലും നിലവിലുള്ള ആധികാരിക വിവരങ്ങളുമായി അത് ഒരു തരത്തിലും പൊരുത്തമില്ലാത്തതോ വിദൂരമായതോ ആയി തോന്നുന്നില്ല. മറ്റുഭാഗങ്ങളെക്കാൾ ചില ഭാഗങ്ങളെ അനുഗുലിക്കുന്ന സംസ്കാരവുമായി ഈ റിപ്പോർട്ടിന് യാതൊരു ബന്ധവുമില്ല. മുകളിൽ പറഞ്ഞപോലെ ഖലീഫ ഉമർ യഥാർത്ഥത്തിൽ ചെയ്തുവെങ്കിൽ, ഒന്നുകിൽ അത് മക്കയിൽ നിന്ന് മദീനയിലേക്കുള്ള പാലായന ശേഷം മുസ്‌ലിംകൾ കൂടുതൽ ബന്ധം പുലർത്തിയ ജൂതന്മാർക്ക് പാറ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാനുള്ള ജിജ്ഞാസയോ അല്ലെങ്കിൽ പള്ളിയെയും അതിന്റെ പ്രാഥമിക ഘടകങ്ങളെയും പര്യവേക്ഷണം ചെയ്തപ്പോൾ മറ്റു ഘടകങ്ങൾ പോലെ പാറയും കേവലം ഒരു ഘടകമാണെന്ന് തിരിച്ചറിഞ്ഞതിനാലോ ആണ്. തന്റെ അത്ഭുതകരമായ രണ്ട് യാത്രകളെ (ഇസ്റാഅ – മിഅറാജ് )പറ്റിയുള്ള നബി (സ )യുടെ വിശദമായ വിവരണം വഴി മുമ്പൊരിക്കലും ഉമർ (റ ) പള്ളി കണ്ടിട്ടില്ലെങ്കിലും അതിന്റെ രൂപശാസ്ത്രത്തെ പറ്റി അദ്ദേഹത്തിന് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു.

വിവ. മിസ്‌ന അബൂബക്കർ

Facebook Comments
Related Articles

ഡോ. സ്പാഹിക് ഒമര്‍

Dr. Spahic Omer, an award-winning author, is an Associate Professor at the Kulliyyah of Islamic Revealed Knowledge and Human Sciences, International Islamic University Malaysia (IIUM). He studied in Bosnia, Egypt and Malaysia. In the year 2000, he obtained his PhD from the University of Malaya in Kuala Lumpur in the field of Islamic history and civilization. His research interests cover Islamic history, culture and civilization, as well as the history and theory of Islamic built environment.
Close
Close