Current Date

Search
Close this search box.
Search
Close this search box.

കാലഹരണപ്പെട്ടുപോയ അറബു-തമിൾ എന്ന അറബിത്തമിഴ്

ഇന്ത്യയുടെ കിഴക്കായി കോറമാണ്ടൽ (Coromandel) തീരത്തുള്ള ഏ.ഡി 1600 കാലഘട്ടത്തിലെ പല ഖബറിടങ്ങളുടെയും സ്മാരകശിലകൾ “അറബു-തമിൾ” എന്നറിയപ്പെടുന്ന അറബിത്തമിഴിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അറബി ലിപി ഉപയോഗിച്ച് തമിഴ് എഴുതുക എന്നതാണ് ” അറബു-തമിൾ”. കോറമണ്ടൽ തീരങ്ങളിൽ അറബിത്തമിഴ് സാഹിത്യം തഴച്ചുവളർന്നതും 17-ാം നൂറ്റാണ്ടിലാണ്. ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നതനുസരിച്ച്, പതിനേഴാം നൂറ്റാണ്ടിനും വളരെ മുമ്പ് തന്നെ അറബിത്തമിഴ് ആ പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ പോർച്ചുഗീസുകാരുമായുള്ള നിരന്തര യുദ്ധമായിരിക്കാം ആ ഭാഷയിൽ എഴുതപ്പെട്ട പല രേഖകളും പിന്നീട് നശിച്ചു പോകാൻ കാരണമായതെന്ന് അവർ നിരീക്ഷിക്കുന്നു. അറബിത്തമിഴിനും മുമ്പ് മലബാറിലെ സുറിയാനി ക്രിസ്ത്യാനികൾ സുറിയാനി (Syriac) ലിപി ഉപയോഗിച്ച് മലയാളം എഴുതിയിരുന്നു, അറബിത്തമിഴിനുള്ള ഒരു പ്രചോദനമായി അത് വർത്തിച്ചിരിക്കാം.

ഇസ്ലാമിന്റെ ആദ്യ കാലങ്ങൾ മുതൽ തന്നെ കോറമാണ്ടൽ തീരത്ത് അറബ് സാന്നിധ്യവും അധിവാസവുമുണ്ടായിരുന്നു. പശ്ചിമേഷ്യയിൽ കുരിശുയുദ്ധ കാലത്തുണ്ടായ അസ്ഥിരവും സംഘർഷാത്മകവുമായ അന്തരീക്ഷം ദക്ഷിണേന്ത്യ, ശ്രീലങ്ക, മലയാ ദ്വീപസമൂഹങ്ങൾ എന്നിവടങ്ങളിലേക്ക് കൂടുതലായി വാണിജ്യ താൽപര്യങ്ങൾ കേന്ദ്രീകരിക്കാൻ അറബികളെ നിർബന്ധിതരാക്കി. എഴുത്തു- സംസാര ഭാഷകൾ എന്ന നിലയിൽ അറബി മലയാളവും അറബു തമിളും അറബി മെലായുവും 13-ാം നൂറ്റാണ്ടിൽ ഉദയം ചെയ്യുകയും 15-ാം നൂറ്റാണ്ടോടു കൂടി വ്യാപകമാവുകയും ചെയ്തു എന്നു മനസ്സിലാക്കുന്നതിൽ ചരിത്രപരമായി തെറ്റില്ല. മറ്റ് ഭാഷകൾ പഠിച്ചെടുക്കുന്നതിൽ അറബികൾ അസാമാന്യ പാടവം കാണിച്ചിരുന്നുവെങ്കിലും അറബിത്തമിഴിന്റെയും അറബി മലയാളത്തിന്റെയുമൊക്കെ പിറവിക്ക് കാരണം തദ്ദേശീയ ശ്രമങ്ങളാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മേൽ പറഞ്ഞ മൂന്നു ഭാഷകളും ഏറെക്കുറെ ഒരേ സമയത്ത് ഉൽഭവിക്കുകയും തിരോഭവിക്കുകയും ചെയ്ത ഭാഷകളാണ്. ഇത് യാദൃശ്ചികമായിരുന്നില്ല, മറിച്ച് സമാനമായ സാഹചര്യങ്ങളുടെ സ്വാധീന ഫലമായാണ് അത് സംഭവിച്ചത്. പതിനാറാം നൂറ്റാണ്ടോടു കൂടി ശക്തി പ്രാപിച്ച പോർച്ചുഗീസ് അധിനിവേശമാണ് ഈ മൂന്നു ഭാഷകളുടെയും വളർച്ചക്ക് വിഘാതം സൃഷ്ടിച്ചത്.

അറബ് സ്വാധീന കേന്ദ്രങ്ങളിലൊന്നായിരുന്ന കോറമാണ്ടൽ തീരത്തുള്ള കായൽപട്ടണത്താണ് അറബിത്തമിഴിന്റെ ആവിർഭാവം എന്നാണ് കരുതപ്പെടുന്നത്. ഇബ്നു ബത്തൂത്തയും മാർക്കോ പോളോയും കായൽപട്ടണം സന്ദർശിച്ചതായി തങ്ങളുടെ സഞ്ചാര രേഖകളിൽ കുറിച്ചിട്ടുണ്ട്. ഏ.ഡി 842-ൽ അബ്ബാസികളിൽ നിന്ന് രക്ഷപ്പെട്ട് മുഹമ്മദ് ഖിൽജി എന്നയാളുടെ നേതൃത്വത്തിൽ ഈജിപ്തുകാർ നടത്തിയ പലായനമാണ് കായൽപട്ടണത്തിലേക്കുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യ വലിയ അറബ് കുടിയേറ്റം. പക്ഷേ, അവരുടെ ആഗമനത്തിനും മുമ്പ് തന്നെ കായൽപട്ടണം അറബികൾക്ക് സുപരിചിതമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. കായൽപട്ടണത്ത് ആദ്യ പള്ളി നിർമിക്കപ്പെട്ടത് ഏ.ഡി 633/640 – ൽ ആണെന്ന് കരുതപ്പെടുന്നു. എന്നാൽ, സാധ്യതാപരമായും 1533 – ൽ ഉണ്ടായ അറബ്- പോർച്ചുഗീസ് യുദ്ധങ്ങളിൽ ഈ പള്ളി തകർക്കപ്പെടുകയാണുണ്ടായത്. കായൽപട്ടണത്തേക്കുള്ള രണ്ടാമത്തെ വലിയ അറബ് കുടിയേറ്റം നടന്നത് ഏ.ഡി 1284-ലാണ്. അതിനു ശേഷം കുറച്ചു നൂറ്റാണ്ടുകൾ വരെയുള്ള ലിഖിതങ്ങളെല്ലാം ഒന്നുകിൽ അറബിയിലോ അല്ലെങ്കിൽ തമിഴിലോ ആണ് എഴുതപ്പെട്ടിരിക്കുന്നത്.

രണ്ടാം കുടിയേറ്റത്തിന് മുമ്പും അറബിത്തമിഴ് ഉപയോഗത്തിലുണ്ടായിരുന്നിരിക്കാം എന്നാണ് അക്കാലത്തെ മത-മതേതര സാഹിത്യങ്ങളിൽ പ്രകടമായി കാണപ്പെടുന്ന അറബി, ടർക്കിഷ് പദങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ലിഖിത രേഖ ലഭ്യമാവുന്നത് പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ശക്തിക്ഷയത്തിന് ശേഷമാണെങ്കിലും അറബി മലയാളത്തിന്റെ ചരിത്രവും സമാനമാണ്. അറബി മലായുവിന്റെ കാര്യത്തിൽ എഴുത്തു രൂപത്തിൽ ആ ഭാഷ ലഭ്യമാവുന്നത് ഏ.ഡി 1303 (ഹിജ്‌റ 702) മുതലാണ്.

28 അറബി അക്ഷരങ്ങളും 12 തമിഴ് അക്ഷരങ്ങളുമടക്കം ആകെ 40 അക്ഷരങ്ങളാണ് അറബു- തമിൾ അക്ഷരമാലയിലുള്ളത്. അറബിയിൽ പകരം വെക്കാനില്ലാത്ത തമിഴ് അക്ഷരങ്ങൾ എഴുതാൻ പുതുതായി വികസിപ്പിച്ചെടുത്ത അറബി അക്ഷരങ്ങളാണ് ഉപയോഗിച്ചിരുന്നത്. 1580-കൾ ആയപ്പോഴേക്കും കോറമാണ്ടൽ തീരത്ത് മാത്രമല്ല, ഇന്ത്യയിൽ പൊതുവെയും പോർച്ചുഗീസ് ആധിപത്യം ക്ഷയിച്ചു വന്നു. പോർച്ചുഗീസുകാരുമായി സഹകരണത്തിലായിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയും പടിഞ്ഞാറ് മരയ്ക്കാന്മാരുടെയും കിഴക്ക് ഡച്ചുകാരുടെയും ഉദയവും പോർച്ചുഗീസുകാരെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പാടേ തുടച്ചുനീക്കി. അറബിത്തമിഴിന് പുതുജീവൻ ലഭിച്ചത് പോർച്ചുഗീസുകാരുടെ പതനത്തിന് ശേഷമാണ്. അറബിത്തമിഴിനെ വ്യവസ്ഥാപിതമായ ഒരു സാഹിത്യ ഭാഷയായി ഉയർത്തിയത് കായൽപട്ടണത്തുകാരനായ ഹാഫിസ് അമീർ വലീ അപ്പയുടെ പ്രവർത്തനങ്ങളായിരുന്നു. അറബിത്തമിഴിന്റെ സുവർണ്ണകാലഘട്ടത്തിനും ആ ഭാഷ കേന്ദ്രീകരിച്ചുള്ള മത പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും അത് സഹായകമായി.

അയൽപ്രദേശമായ സിലോണി (ശ്രീലങ്ക)ലാകട്ടെ, 200 വർഷം നീണ്ട പോർച്ചുഗീസ് ഭരണത്തിന്റെ ഫലമായി മുസ്ലിം അധിവാസ പ്രദേശങ്ങളെല്ലാം പൂർണമായും തകർക്കപ്പെട്ടിരുന്നു. തലമുറകളോളം സിലോണിലെ ജനങ്ങൾ മതനേതൃത്വമോ മതബോധമോ ഇല്ലാതെ ജീവിക്കാൻ നിർബന്ധിതരായി. ഈ ദുരവസ്ഥയിൽ സിലോൺ ജനതക്ക് രക്ഷയായത് മതസഹിഷ്ണുത പ്രകടിപ്പിച്ചിരുന്ന ഡച്ചുകാരുടെ വരവാണ്. അവർ തമിഴ്നാട്ടിൽ നിന്നും ധാരാളം മതപണ്ഡിതന്മാരെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചു. ഇത് സിലോണിലും അറബിത്തമിഴ് പ്രചരിക്കാൻ ഇടയാക്കി.

1940 വരെ അറബിത്തമിഴിലുള്ള പത്രങ്ങളും മാഗസിനുകളും അച്ചടിക്കപ്പെട്ടിരുന്നു. പേർഷ്യനും ഇംഗ്ലീഷും അറിഞ്ഞിരിക്കുക എന്നത് കുലീനരും വിദ്യാസമ്പന്നരുമായ തമിഴ് മുസ്ലിംകൾക്കിടയിൽ ആഢ്യത്വത്തിന്റെ ഒരു ചിഹ്നമായി മാറി വരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഇത് സ്വഭാവികമായും അറബിത്തമിഴിന്റെ സ്വീകാര്യതയ്ക്ക് കോട്ടം തട്ടിച്ചു. കൂടാതെ, ഒരു മതഭാഷ എന്ന രീതിയിൽ പരിമിതപ്പെട്ടതും അറബിത്തമിഴിന്റെ അന്ത്യത്തിന് വഴിവെച്ചു. എന്നാൽ ചില ചരിത്രകാരന്മാർ അറബിത്തമിഴിന് ഒരു മതഭാഷ എന്നതിലുപരിയായി സ്വാധീനമുണ്ടായിരുന്നു എന്നു വാദിക്കുന്നു. അറബിത്തമിഴ് അറിയുന്ന ഭാഷാ പണ്ഡിതന്മാരുടെ എണ്ണത്തിൽ കാലാന്തരത്തിലുണ്ടായ അപചയമാണ് അതിന്റെ തിരോധാനത്തിലേക്ക് വഴിവെച്ചതെന്ന് അവർ കരുതുന്നു. എന്നാൽ, തമിഴ് നാട്ടിലെയും ശ്രീലങ്കയിലെയും മലേഷ്യയിലെയും ചില മദ്രസകളിൽ ഇന്നും അറബിത്തമിഴ് പഠിപ്പിക്കപ്പെടുന്നുണ്ട്.

അറബിത്തമിഴുമായോ അറബി മലയാളവുമായോ നേരിട്ട് ബന്ധമില്ലെങ്കിലും കേരളത്തിലെ മുസ്ലിംകൾ ഉപയോഗിച്ചിരുന്ന “മൈഗുരുഡ്” എന്ന രഹസ്യ ഭാഷയും തമിഴ്നാട്ടിൽ ഉപയോഗിച്ചിരുന്ന സമാനമായ “സഭാഷ”യും ഇവിടെ പരാമർശമർഹിക്കുന്നു. ഈ ശൈലി വശമുള്ള രണ്ടാളുകളുടെ സംസാരം അത് വശമില്ലാത്ത മൂന്നാമതൊരാൾക്ക് മനസ്സിലാക്കിയെടുക്കുക പ്രയാസകരമായിരുന്നു. അക്ഷരങ്ങൾ മറിച്ചു ചൊല്ലുന്നതിലൂടെയാണ് ഈ കോഡു ഭാഷകൾ സൃഷ്ടിച്ചിരുന്നത്. പലപ്പോഴും ശത്രുക്കൾക്ക് ചുരുളഴിക്കാനാവാത്ത വിധം സന്ദേശങ്ങൾ കൈമാറുക എന്നതായിരുന്നു ഈ ഭാഷകളുടെ പ്രധാന ഉദ്ദേശ്യം. കേരളത്തിൽ 1921 – ലെ മലബാർ കലാപ സമയത്ത് ഈ ഭാഷ വ്യാപകമായി ഉപയോഗിച്ചിരുന്നു. സഭാഷയ് ആകട്ടെ മലബാറുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ചില ജില്ലകളിൽ താമസിക്കുന്ന പഴമക്കാർ ഇന്നും ഉപയോഗിച്ച് വരുന്നു.

മൊഴിമാറ്റം : അനസ് പടന്ന
കടപ്പാട് : Madras Courier

Related Articles