Current Date

Search
Close this search box.
Search
Close this search box.

റൂഹ് അഫ്സ’: ഡൽഹിയുടെ സ്വന്തം റമദാൻ വിഭവം

ഡൽഹിയിലെ എൻ്റെ റമദാൻ ഓർമ്മകളിൽ എപ്പോഴും കടന്നു വരുന്ന അതി വിശിഷ്ട റമദാൻ വിഭവമാണ് ‘റൂഹ് അഫ്സ’ എന്ന യൂനാനി സർബത്ത്. റമദാൻ മാസം ഡൽഹിയിൽ നോമ്പെടുക്കുന്ന ഓരോരുത്തരുടെയും തീൻമേശയിൽ റൂഹ് അഫ്സയില്ലാത്ത ദിനങ്ങൾ ഒരു പക്ഷെ അപൂർവ്വമായിരിക്കും. റമദാനാകുമ്പോഴേക്ക് ഡൽഹി തെരിവുകളിൽ വ്യത്യസ്ത സർബത്തുകൾ വിപണി കയ്യടിക്കിയിരിക്കും. എങ്കിലും നോമ്പ് തുറയിൽ റൂഹ് അഫ്സയുടെ കുറവ് നികത്താൻ മറ്റൊരു സർബത്തിനും കഴിയണമെന്നില്ല. ‘റൂഹ് അഫ്സ’ (ആത്മാവിനെ ശുദ്ധീകരിക്കുന്നത് ) എന്ന ആശയത്തെ പ്രയോഗ തലത്തിൽ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്നു എന്നത് തന്നെയാണ് പ്രസ്തുത സർബത്തിൻ്റെ പ്രത്യേകതയും. പ്രായഭേദമന്യേ ഏതൊരു വ്യക്തിക്കും ഉപയോഗിക്കാവുന്ന റൂഹ് അഫ്സ നല്ലൊരു യൂനാനി ഔഷധം കൂടിയാണ്.

ഇന്ത്യയിൽ യൂനാനി പഠനം കൊണ്ട് ശ്രദ്ധേയമായ ഡൽഹിയിലെ ഹംദർദ് സർവകലാശാലയുടെ ഹംദർദ് ലബോറട്ടറിയിലാണ് ഇതിൻ്റെ നിർമ്മാണവും വിതരണവും നടക്കുന്നത്. യൂണിവേഴ്സിറ്റി സ്ഥാപകനും, പ്രസിദ്ധ യുനാനി വൈദ്യനുമായ ഹകീം അബ്ദുൽ മജീദ് സാഹിബ്‌ 1906 ലാണ് യൂനാനി ലബോറട്ടറി ഡൽഹിയിൽ സ്ഥാപിക്കുന്നത്. അദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം മകൻ ഹകീം അബദുൽ ഹമീദ് ഇവയുടെ ചുമതല ഏറ്റെടുത്തു. 1989 ൽ ഡൽഹിയിൽ സ്ഥാപിക്കപ്പെട്ട ഹംദർദ് സർവകലാശാലയുടെ സ്ഥാപകനും ആദ്യത്തെ ചാൻസലറും ഇദ്ദേഹം തന്നെയായിരുന്നു.

ഇന്ത്യയിൽ 19-ാം നൂറ്റാണ്ടിൽ ജീവിച്ച പ്രശസ്ത ഉറുദു കവി പണ്ഡിറ്റ് ദയാ ശങ്കർ നസീം ലഖ്നവിയുടെ പ്രശസ്ത ഗ്രന്ഥമായ ‘മസ്നവി – ഗുൽസാറെ നസീ’ മിൽ നിന്ന് കടമെടുത്ത വാചകമാണ് ‘റൂഹ് അഫ്സ’. റൂഹഫ്സയുടെ ബോട്ടിലിന് പുറമെ പതിച്ചിരിക്കുന്ന ലേബൽ വ്യത്യസ്ത പഴങ്ങൾ കൊണ്ടും, വ്യത്യസ്ത നിറങ്ങൾ കൊണ്ടും വരച്ച് ഡിസൈൻ ചെയ്ത വ്യക്തിയാണ് ഡൽഹിയിലെ പ്രധാന ആർട്ടിസ്റ്റായി അറിയപ്പെട്ട മിർസാ നൂർ അഹമദ്. 1910 ലാണ് റൂഹ് അഫ്സയുടെ പരസ്യ ങ്ങളിൽ മിർസാ നൂർ അഹ്മദിൻ്റെ വരകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇന്നും പ്രസ്തുത ചിത്രങ്ങൾ റൂഹ് അഫ്സയുടെ ബോട്ടിലിന് പുറമെ കാണാം. ഡൽഹി ഭരിച്ച നവാബ്മാരും രാജക്കന്മാരും പ്രസ്തുത സർബത്ത് ഉപയോഗിച്ചിരുന്നതായി റൂഹ് അഫ്സയുടെ പഴയ കാല ഡൽഹി പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഡൽഹിയിലെ അതിശക്തമായ ചൂട് കാലാവസ്ഥയിലും ഈ സർബത്തിൻ്റെ പ്രാധാന്യം നമ്മുക്ക് തിരിച്ചറിയാം. റമദാനിൽ ജമാമസ്ജിദിൻ്റെ തെരുവുകളിൽ പോലും റൂഹഫ്സയുടെ മണമടിക്കാത്ത ഒരു ദിനവും കടന്നു പോയിട്ടുണ്ടാവില്ല. ചെറുതും വലുതുമായ കോപ്പകളിൽ റൂഹ് അഫ്സ നിറച്ച് കച്ചവടം നടത്തുന്ന വിപണനക്കാരെ റമദാനിൽ ഡൽഹി സന്ദർശിക്കുന്ന അന്യ സംസ്ഥാന ടൂറിസ്റ്റുകൾക്ക് ഒരിക്കലും മറക്കാൻ കഴിയണമെന്നില്ല. വ്യത്യസ്ത ഗണത്തിൽ പെട്ട പഴങ്ങൾ, പച്ചക്കറികൾ, ഔഷധങ്ങൾ എന്നിവയുടെ സത്തയാണ് റൂഹ് അഫ്സയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ.

സായിൽ ദഹ്ലവി എന്ന പ്രശസ്തനായ ഉറുദു കവി റൂഹ് അഫ്സയെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്:

‘ന റൂഹ് അഫ്സാ സാ കോയി ശറാബത്ത്
കഭി ബനേഗാ, ന ബൻ ചുകാ ഹെ’

( റൂഹ് അഫ്സയില്ലാതെ ഒരു സർബത്തും ഉണ്ടാക്കിയിട്ടില്ല, ഉണ്ടാവുകയുമില്ല)

ഇന്ത്യാ വിഭജനത്തോടെ മറ്റ് കുടുംബങ്ങളെപ്പോലെ ഹംദർദ് കുടുബവും ഇന്ത്യയിലും പാക്കിസ്ഥാനിലുമായി പറിച്ചു നടപ്പെട്ടു. പാക്കിസ്ഥാനിലേക്ക് ചേക്കേറിയവർ കറാച്ചി ആസ്ഥാനമാക്കി റൂഹ് അഫ്സയുടെ വിപണി കണ്ടെത്തി പ്രവർത്തനമാരംഭിച്ചു. ഇന്ന് ഗൾഫ് മേഖലയിൽ റൂഹ് അഫ്സയുടെ വിപണി പിടിച്ചതും പാക്കിസ്ഥാനിൽ നിന്നുള്ള ഹംദർദ് കുടുംബമാണ്. ഇന്ത്യയിലേത് ഡൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. പിന്നീട് പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായപ്പോൾ ഹംദർദ് ബംഗ്ലാദേശിലേക്കും വ്യാപിച്ചു.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles