അബ്‌സീനിയയുടെ (ഹബ്ശ/എത്യോപ്യ) ഭരണാധികാരിയായിരുന്നു നജ്ജാശി. അദ്ദേഹത്തിന്റെ പേര് അസ്‌ഹമ. അബ്ജർ എന്ന നജ്ജാശിയുടെ പുത്രൻ. ഉക്സൂം പ്രദേശത്തെ രാജവംശമാണ് നജ്ജാശി. അസ്ഹമയുടെ ജീവിതം അത്ഭുതകരമായ സംഭവബഹുലമായിരുന്നു. അടിമച്ചന്ത മുതൽ സിംഹാസനം വരെ എന്ന് ആ ചരിത്രം ചുരുക്കത്തിൽ പറയാം.
അസ്ഹമയുടെ പിതാവായിരുന്ന രാജാവിനെ ഗൂഢാലോചനയിലൂടെ വധിച്ചശേഷം അധികാരം പിടിച്ചെടുത്ത ചിലർ അധികാരം കൈവശപ്പെടുത്തി. എന്നാൽ, അവർക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട രാജാവിന്റെ മകനായ അസ്‌ഹമ ഭാവിയിൽ പ്രതികാരം ചെയ്യുമോ എന്ന് അവർ ഭയന്നു. അങ്ങനെ, അവർ ചേർന്ന് കൗമാരക്കാരനായ അസ്‌ഹമയെ അടിമച്ചന്തയിൽ വിൽക്കാൻ തീരുമാനിച്ചു. അവർ അത് ആസൂത്രിതമായി നടപ്പാക്കുകയും ഒരു ഹോൾസെയിൽ അടിമവ്യാപാരിക്ക് അദ്ദേഹത്തെ വിൽക്കുകയും ചെയ്തു.
എന്നാൽ, അധികാരം തട്ടിയെടുത്ത ആ ഗുണ്ടാസംഘത്തിൻ്റെ നേതാവ് തൊട്ടടുത്ത രാത്രിയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടു. ഇതോടെ ഹബ്‌ശയിൽ അരാജകത്വം നടമാടി. ഒടുവിൽ, തങ്ങളുടെ ചിന്ത അവരെ നയിച്ചത് വിറ്റുകളഞ്ഞ രാജകുമാരനായ അസ്‌ഹമയിലേക്ക് തന്നെയായിരുന്നു. രാജാധികാരത്തിന് ഏറ്റവും അർഹൻ അദ്ദേഹമാണെന്ന് ആ ഗുണ്ടാസംഘം തിരിച്ചറിഞ്ഞു. നീണ്ട അന്വേഷണത്തിനൊടുവിൽ അസ്ഹമയെ അതേ വ്യാപാരിയുടെ അടുത്ത് കണ്ടെത്തി. “ഞങ്ങളുടെ കുട്ടിയെ തിരികെ നൽകുക, പകരം താങ്കളുടെ പണം ഞങ്ങൾ തരാം,” എന്ന് അവർ വ്യാപാരിയോട് പറഞ്ഞു.
ഉടൻ തന്നെ അവർ അസ്‌ഹമയെ സിംഹാസനത്തിൽ ഇരുത്തി രാജകിരീടം അണിയിച്ചു. എന്നാൽ, വ്യാപാരിക്ക് പണം നൽകാനുള്ള വാഗ്ദാനം അവർ പാലിച്ചിരുന്നില്ല. ഇതറിഞ്ഞ വ്യാപാരി രാജസന്നിധിയിൽ പ്രവേശിച്ച് നടന്നതെല്ലാം രാജാവിനെ അറിയിച്ചു. നീതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പിതാവിൻ്റെ മകൻ ഉടൻ തന്നെ അവരോട് കൽപ്പിച്ചു: “ഒന്നുകിൽ നിങ്ങൾ വ്യാപാരിക്ക് അയാളുടെ അവകാശം നൽകുക, അല്ലെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചുപോകാം.” ഇതുകേട്ടവർ ഉടൻ തന്നെ വ്യാപാരിക്ക് വേണ്ട പണം നൽകി പ്രശ്‌നം പരിഹരിച്ചു.
മുസ്‌ലിംകളുടെ ആദ്യ പലായനം
വർഷങ്ങൾ കടന്നുപോയി. നജ്ജാശിയുടെ നീതിയും സമത്വം നിറഞ്ഞ ഭരണവും പ്രസിദ്ധമായി, അദ്ദേഹത്തിന്റെ സദ്‌വൃത്തമായ ജീവിത വിശുദ്ധി എല്ലായിടത്തും എത്തി. മക്കയിലെ മുസ്‌ലിംകളും ഇതറിഞ്ഞു. മക്കയിലെ മുശ്‌രിക്കുകളുടെ ഉപദ്രവത്തിൽ നിന്നും പീഡനത്തിൽ നിന്നും തങ്ങളുടെ ആദർശവുമായി രക്ഷപ്പെട്ടുകൊണ്ട് അവർ അദ്ദേഹത്തിന്റെ രാജ്യത്തേക്ക് പലായനം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ, അവർ നീതിയുടെയും സുരക്ഷയുടെയും ആ രാജ്യത്തേക്ക് ഹിജ്‌റ പോയി. പ്രവാചക ചരിത്രത്തിലെ ആദ്യ പലായനം. പ്രവാചകത്വത്തിൻ്റെ അഞ്ചാം വർഷമായിരുന്നു സംഭവം. പതിനൊന്ന് പുരുഷന്മാരും നാല് സ്ത്രീകളും ഉസ്മാൻ ബിൻ മള്ഊൻ്റെ നേതൃത്വത്തിലായിരുന്നു അക്ഷരാർഥത്തിലുള്ള ഈ ഒളിച്ചോട്ടം. (മദീനാ പലായനം ഒളിച്ചോട്ടമായിരുന്നില്ല).
എന്നാൽ, ശത്രുക്കൾ അവരെ ഹബ്ശയിലും വെറുതെ വിട്ടില്ല. അറബികളിൽ ഏറെ ബുദ്ധിമാനായിരുന്ന അംറ് ഇബ്നുൽ ആസ്വിനെയും അബ്ദുല്ലാഹി ഇബ്നു അബീ റബീഅയെയും വിലയേറിയ സമ്മാനങ്ങളുമായി ഖുറൈശികൾ ഹബ്ശയിലെ രാജാവ് നജ്ജാശിയുടെ അടുത്തേക്ക് അയച്ചു. നജ്ജാശിയെ സ്വാധീനിച്ച് അഭയം തേടിയെത്തിയ മക്കക്കാരെ തങ്ങൾക്ക് തിരിച്ച് ഏൽപ്പിച്ചു കിട്ടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവർ നജ്ജാശിയുടെ അടുത്ത് പ്രവേശിച്ച് സമ്മാനങ്ങൾ നൽകി ഓടി വന്ന മുസ്‌ലിംകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നജ്ജാശി അത് കേട്ടയുടനെ നിരസിച്ചു. മറ്റേ കക്ഷികളുടെ വാദം കേൾക്കാതെ താൻ ഒരാളെയും ഏൽപ്പിച്ചു കൊടുക്കുകയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു.
ജഅ്ഫർ (റ) ൻ്റെ വിഖ്യാത പ്രസംഗം
നജ്ജാശി മുസ്‌ലിംകളെ വിളിക്കാൻ ദൂതനെ അയച്ചു. അവർ രാജാവിന്റെ മുമ്പിൽ അണിനിരന്നു. നബിയുടെ പിതൃവ്യപുത്രനും അവരുടെ നേതാവും വക്താവുമായിരുന്നത് ജഅ്ഫർ ഇബ്നു അബീത്വാലിബ് (റ) ആയിരുന്നു. നജ്ജാശി ചോദിച്ചു: “നിങ്ങൾ നിങ്ങളുടെ സമൂഹത്തിൽ നിന്ന് വിട്ടുപോരുകയും എന്റെ മതത്തിലോ മറ്റേതെങ്കിലും മതത്തിലോ പ്രവേശിക്കാതിരിക്കുകയും ചെയ്ത ഈ മതം ഏതാണ്?”
ജഅ്ഫർ (റ) മറുപടി പറഞ്ഞു: “രാജാവേ, ഞങ്ങൾ ഒരു അജ്ഞാന സമൂഹമായിരുന്നു. വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന, ശവം ഭക്ഷിച്ചിരുന്ന, നീചവൃത്തികൾ പ്രവർത്തിച്ചിരുന്ന, ശക്തർ ദുർബലരെ തിന്നു കൊലവിളിക്കുന്ന അവസ്ഥയായിരുന്നു ഞങ്ങളുടേത്. ഞങ്ങളീ അവസ്ഥയിലായിരിക്കുമ്പോളാണ് ഞങ്ങളിൽ നിന്നും ഒരാളെ അല്ലാഹു ഞങ്ങളിലേക്ക് ദൂതനായി നിയോഗിച്ചത്. അദ്ദേഹത്തിന്റെ കുലമഹിമയും സത്യസന്ധതയും വിശ്വസ്തതയും അമാനത്തും ഞങ്ങൾക്ക് അറിയാമായിരുന്നു. അദ്ദേഹം ഞങ്ങളെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനും നമസ്കാരം നിലനിർത്താനും ക്ഷണിച്ചു. സത്യം സംസാരിക്കാനും ബാധ്യതകൾ നിർവ്വഹിക്കാനും അയൽവാസിയോട് നല്ലനിലയിൽ പെരുമാറാനും അദ്ദേഹം ഞങ്ങളോട് കൽപ്പിച്ചു.
ഞങ്ങൾ അദ്ദേഹത്തെ സത്യപ്പെടുത്തി, വിശ്വസിച്ചു, പിന്തുടർന്നു. ഇതുകണ്ട് ഞങ്ങളുടെ നാട്ടുകാർ ഞങ്ങളോട് ദ്രോഹം കാണിക്കുകയും ശിക്ഷിക്കുകയും ഞങ്ങളെ ഈ മതത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയും ചെയ്തു. വിഗ്രഹാരാധനയിലേക്ക് മടങ്ങാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. അവർ ഞങ്ങളെ ശക്തമായി പീഡിപ്പിച്ചപ്പോൾ, ഞങ്ങൾ അങ്ങയുടെ അടുത്തേക്ക് പലായനം ചെയ്തു വന്നതാണ്. ഭൂമിയിലുള്ള മറ്റാരെക്കാളും ഞങ്ങൾ അങ്ങയെ തിരഞ്ഞെടുത്തു. അങ്ങയുടെ അടുക്കൽ ഞങ്ങൾക്ക് ഒരനീതിയും സംഭവിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” നജ്ജാശി വീണ്ടും ചോദിച്ചു: “താങ്കളുടെ പ്രവാചകന് അല്ലാഹുവിൽ നിന്ന് ലഭിച്ച വല്ലതും താങ്കളുടെ പക്കലുണ്ടോ?” ജഅ്ഫർ (റ) പറഞ്ഞു: “അതെ.” രാജാവ്: “എന്നാൽ എനിക്ക് കേൾപ്പിക്കുക.”
ജഅ്ഫർ (റ) സൂറത്തു മർയമിന്റെ ആദ്യഭാഗം ഓതി. ഖുർആൻ കേട്ട് നജ്ജാശി കരഞ്ഞു, അദ്ദേഹത്തിൻ്റെ താടി നനഞ്ഞു. സന്നിഹിതരായിരുന്ന ക്രിസ്ത്യൻ മതപുരോഹിതന്മാരും കരഞ്ഞു. തുടർന്ന് നജ്ജാശി പറഞ്ഞു: “തീർച്ചയായും ഇത് (ഖുർആൻ), യേശു കൊണ്ടുവന്നതും ഒരേ വിളക്കുമാടത്തിൽ നിന്ന് വരുന്നതാണ്.” അനന്തരം നജ്ജാശി അംറ് ഇബ്നുൽ ആസ്വിനോടും അബ്ദുല്ലാഹി ഇബ്നു അബീ റബീഅയോടും ഇപ്രകാരം കൽപ്പിച്ചു: “നിങ്ങൾ തിരിച്ചുപോവുക. യഹോവയാണെ സത്യം, ഞാൻ അവരെ നിങ്ങൾക്ക് ഒരിക്കലും ഏൽപ്പിച്ചുതരുകയില്ല. നിങ്ങളുടെ സമ്മാനങ്ങളും ഞാൻ സ്വീകരിക്കുകയുമില്ല.” അങ്ങനെ, സത്യവിശ്വാസികൾക്ക് നജ്ജാശിയുടെ രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാധിച്ചു.
ഇസ്‌ലാം ആശ്ലേഷവും വിവാഹ വക്കാലത്തും
പിന്നീട് നജ്ജാശി രഹസ്യമായി ഇസ്‌ലാം ആശ്ലേഷിക്കുകയും, അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും ചെയ്തു. മദീനയിലേക്ക് ഹിജ്‌റ പോയ ശേഷം നബി (സ) ഉമ്മു ഹബീബ റംല ബിൻത് അബീ സുഫ്‌യാൻ (റ) നെ വിവാഹം കഴിക്കാൻ വക്കാലത്ത് ഏൽപിച്ചത് നജ്ജാശിയെയായിരുന്നു. ഉമ്മു ഹബീബ (റ) ആദ്യം ഉബൈദുല്ലാഹി ഇബ്നു ജഹ്‌ശിന്റെ ഭാര്യയായിരുന്നു. അദ്ദേഹം വഴിപിഴച്ച് ക്രിസ്ത്യാനിയാവുകയും ആ ശിർക്കിൽ തന്നെ മരിക്കുകയും ചെയ്തു. ഇദ്ദ കഴിഞ്ഞപ്പോൾ നജ്ജാശി നബിയുടെ ആവശ്യം ഉമ്മു ഹബീബയെ അറിയിച്ചു. ഉമ്മു ഹബീബ സന്തോഷിക്കുകയും ഖാലിദ് ഇബ്നു സഈദിനെ വിവാഹ കാര്യങ്ങൾ ഏൽപിക്കുകയും ചെയ്തു. നബിക്ക് വേണ്ടി നജ്ജാശി മഹർ (വിവാഹമൂല്യം) 400 ദീനാർ നൽകുകയും ചെയ്തു. ഈ ചരിത്രം മുഴുവൻ അൽ ബിദായ വന്നിഹായ (3ാം ഭാഗം), സീറതു ഇബ്നി ഹിശാം (2-ാം ഭാഗം), തഫ്സീർ അദ്ദുർറിൽ മഅ്സൂർ (ഒന്നാം ഭാഗം), ഹദീസ് ഗ്രന്ഥങ്ങൾ എന്നിവയിലെല്ലാമുണ്ട്.
മരണവും സ്വലാത്തുൽ ഗാഇബും
നബി മദീനയിലേക്ക് ഹിജ്‌റ പോവുകയും ഇസ്‌ലാം അവിടെ ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ, ജഅ്ഫർ (റ) നജ്ജാശിയോട് യാത്ര ചോദിച്ചു. യാത്രക്ക് വേണ്ട വിഭവങ്ങളെല്ലാം നൽകിയ ശേഷം നജ്ജാശി ജഅ്ഫറിനോട് പറഞ്ഞു: “നിങ്ങൾക്ക് ഞാൻ ചെയ്ത സഹായങ്ങൾ നിന്റെ കൂട്ടുകാരനെ അറിയിക്കണം. ഇതാ എന്റെ ദൂതൻ നിങ്ങളോടൊപ്പം ഉണ്ട്.
തുടർന്നദ്ദേഹം സത്യസാക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചു. ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. എന്നോട് പൊറുക്കാൻ അവിടുത്തോട് പറയണം. ഈ രാജപദവി ഇല്ലായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിൻ്റെ കാൽ ചുംബിക്കുമായിരുന്നു.” മുസ്‌ലിങ്ങളുടെ സംഘം മദീനയിൽ എത്തിയപ്പോൾ നബി (സ) ക്ക് വലിയ സന്തോഷമായി. നജ്ജാശിയുടെ സന്ദേശം കേട്ട നബി വുദൂഅ് എടുത്ത് മൂന്ന് തവണ ഇപ്രകാരം ദുആ ചെയ്തു: “അല്ലാഹുവേ, നജ്ജാശിക്ക് നീ പൊറുത്തുകൊടുക്കേണമേ!” വിശ്വാസികളൊന്നടങ്കം ആമീൻ പറഞ്ഞു. [ത്വബ്റാനി]
ഹിജ്‌റ ഒൻപതാം വർഷം റജബ് മാസത്തിൽ നജ്ജാശി മരണപ്പെട്ടു. നബി സ്വഹാബികളോട് പറഞ്ഞു: “നിങ്ങളുടെ സഹോദരൻ ഹബ്‌ശയിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.” തുടർന്ന് അവിടുന്ന് സ്വഹാബികളോടൊപ്പം മരുഭൂമിയിലേക്ക് പോവുകയും സ്വഫ്ഫുകൾ കെട്ടി മയ്യിത്ത് മുന്നിലില്ലാതെയുള്ള സ്വലാത്തുൽ ഗാഇബ് (മയ്യിത്തിന്റെ അസാന്നിദ്ധ്യത്തിലുള്ള നമസ്കാരം) നിർവ്വഹിക്കുകയും ചെയ്തു. [മുത്തഫഖുൻ അലൈഹി] . ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സ്വലാത്തുൽ ഗാഇബ് . ഇപ്പോഴും ആ നമസ്കാരം വേണ്ടിവന്നാൽ നിർവഹിക്കാമെന്ന് തന്നെയാണ് ന്യൂനാൽ ന്യൂനപക്ഷത്തിൻ്റെതൊഴികെയുള്ള കർമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം.
Summary: The article recounts the remarkable life and faith of Najashi (Ashama ibn Abjar), the just ruler of Abyssinia (Ethiopia), whose life journey spanned from slavery to kingship. Known for his fairness and compassion, Najashi became a refuge for the first group of Muslim emigrants (Hijrah to Abyssinia) escaping persecution in Mecca. When Quraysh envoys arrived to demand their return, Najashi refused without hearing both sides, and after listening to Ja‘far ibn Abi Talib’s moving account and recitation from Surah Maryam, he was deeply moved and recognized the truth of Islam, secretly embracing the faith. Najashi later represented the Prophet Muhammad ﷺ in the marriage of Umm Habiba (Ramlah bint Abi Sufyan), paying her dowry on his behalf. Upon his death in the ninth year of Hijrah, the Prophet ﷺ led the first Salatul Ghaib (funeral prayer in absentia) for him, honoring the righteous Christian king who had supported and protected the early Muslims.