Current Date

Search
Close this search box.
Search
Close this search box.

മകനെ, പോളോ കളിയും വേട്ടയാടലും ശ്രദ്ധിച്ച് വേണം

ഖാബൂസ്‌നാമ - 11

മകനെ, വേട്ടയും സവാരിയും മാന്യന്മാരുടെയും കുലീനരുടെയും ജോലിയാണ്, പ്രത്യേകിച്ചും യുവാക്കളുടെ. എങ്കിലും, ഓരോന്നിനും ചില അളവുകളും പരിധികളും ഉണ്ടായിരിക്കണം. നിത്യം വേട്ടക്ക് ഇറങ്ങരുത്. ആഴ്ചയില്‍ ഏഴു ദിവസമുണ്ടല്ലോ. അതില്‍ രണ്ടു ദിവസം മാത്രം വേട്ടയാടുക. മൂന്നു ദിവസം ആരാധനകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുക. ബാക്കി വരുന്ന രണ്ടു ദിവസം നിന്റെ വൈയക്തികമായ കാര്യങ്ങളുമായി വ്യാപതൃതനാവുക.
സവാരിക്ക് മെലിഞ്ഞ ചെറുകുതിരയെ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, സവാരിക്കാരന്‍ എത്ര വലിയ മാന്യനും കാഴ്ചപ്പാടുള്ളവനുമാണെങ്കിലും ചെറുകുതിരയുടെ പുറത്തുള്ള സഞ്ചാരം അവനെ നിന്ദ്യനാക്കിത്തീര്‍ക്കും. നേരെമറിച്ച്, ഒരു വിഡ്ഢി നല്ല ഒന്നാന്തരം കുതിരയുടെ മേലാണ് വരുന്നതെങ്കില്‍ അവന്‍ ആദരിക്കപ്പെടുകയും ചെയ്യും.
യാത്രക്കു വേണ്ടിയല്ലാതെ മന്ദഗതിയില്‍ സഞ്ചരിക്കുന്ന കുതിരയെ ഉപയോഗിക്കരുത്. കാരണം, അത് നിനക്ക് അപകീര്‍ത്തിയുണ്ടാക്കും. പട്ടണത്തിലൂടെയും തെരുവിലൂടെയും സഞ്ചരിക്കുമ്പോള്‍ വേഗതയുള്ള ഉശിരന്‍ കുതിരയെ ഉപയോഗിക്കുക. കുതിരയുടെ വേഗത കാരണം മറ്റൊന്നിലും നിന്റെ ശ്രദ്ധ പതിഞ്ഞ് നീ അശ്രദ്ധനായിപ്പോകരുത്. കുതിരപ്പുറത്ത് എപ്പോഴും നിവര്‍ന്നുനിന്ന് യാത്ര ചെയ്യുക.
അനാവശ്യമായി വേട്ടക്കിറങ്ങുന്നത് ഉപേക്ഷിക്കുക. കാരണം, അനാവശ്യമായി ഒരു കാര്യം ചെയ്യുന്നത് കുഞ്ഞുങ്ങളുടെയും പക്വത ഇല്ലാത്തവരുടെയും ശീലമാണ്. വേട്ടക്കിറങ്ങുമ്പോള്‍ ഇരപിടിയന്‍ വന്യജീവികളെയും വേട്ടയാടാതിരിക്കുക. അതിനെ കിട്ടില്ലെന്ന് മാത്രമല്ല, ജീവഹാനിയും അനാവശ്യമായ അധ്വാനവുമായിരിക്കും ഫലം. നമ്മുടെ പൂര്‍വികരില്‍പ്പെട്ട രണ്ട് രാജാക്കന്മാര്‍ ഇതുപോലെ വന്യജീവികളെ വേട്ടയാടി മരണപ്പെട്ടിട്ടുണ്ട്. അതിലൊന്ന് എന്റെ പിതാമഹന്‍ ളഹീറുദ്ദൗല അബൂ മന്‍സൂര്‍ വശ്മഗീര്‍ ബ്ന്‍ സിയാറാണ്. മറ്റൊരാള്‍ അമ്മാവന്റെ മകന്‍ ശറഫുല്‍ മആലി അബൂ കാലീജാര്‍ അനൂശിര്‍വാന്‍ ബ്ന്‍ മനൂജഹ്‌റും. അതുകൊണ്ട് വേട്ടക്കിടയില്‍ വന്യജീവികളെ കണ്ടാല്‍ അവയെ അവയുടെ വഴിക്ക് വിടുക. എന്നാല്‍, വലിയ രാജാക്കന്മാര്‍ക്ക് ഒപ്പം വേട്ടയാടുമ്പോഴാണ് വന്യജീവികളെ കാണുന്നതെങ്കില്‍ അവയെ പിടിക്കാന്‍ ശ്രമം നടത്താവുന്നതാണ്. കാരണം, രാജാവിന്റെ അടുത്ത് പേരും പെരുമയും വര്‍ധിക്കാന്‍ അത് സഹായിച്ചേക്കാം.
വേട്ടക്ക് വല്ലാതെ താല്പര്യം വരുന്നുവെങ്കില്‍ പ്രാപ്പിടിയനെയോ വെള്ളപ്പരുന്തിനെയോ നായയെയോ ഉപയോഗിച്ച് വേട്ടയാടുക. അവയെ ഉപയോഗിച്ച് വേട്ടയാടിയാല്‍ അധികം അപകടമില്ലാതെ രക്ഷപ്പെടാം. ആ വേട്ടകൊണ്ട് കാര്യമായ ലാഭവും ലഭിക്കും. അവ കൊണ്ടുവരുന്നത് വന്യജീവികളുടെ മാംസമാകില്ല. വന്യജീവികളുടെ മാംസം കഴിക്കാന്‍ കൊള്ളില്ല. അവയുടെ തോല്‍ ഉപയോഗിച്ച് വസ്ത്രവും നിര്‍മിക്കാനാകില്ല. പ്രാപ്പിടിയനെ ഉപയോഗിച്ചാണ് നീ വേട്ടയാടുന്നതെങ്കില്‍ രാജാക്കന്മാര്‍ സാധാരാണ ഉപയോഗിക്കുന്ന രണ്ട് മാര്‍ഗങ്ങളില്‍ ഏതും നിനക്ക് സ്വീകരിക്കാം. ഖുറാസാനിലെ രാജാക്കന്മാര്‍ സ്വന്തം കൈകൊണ്ട് പ്രാപ്പിടിയന്മാരെ പറത്തില്ല. എന്നാല്‍ ഇറാഖിലെ രാജാക്കന്മാര്‍ സ്വന്തം കൈകൊണ്ടുതന്നെയാണ് അത് ചെയ്തിരുന്നത്. രണ്ടു മാര്‍ഗവും നിനക്ക് സ്വീകരിക്കാം.
നീ രാജാവാകുന്നില്ലായെങ്കില്‍ ഇഷ്ടമുള്ള രീതിയാകാം. എന്നാല്‍, രാജാവായിക്കഴിഞ്ഞാല്‍ പ്രാപ്പിടിയനെ ഒന്നില്‍ അധികം തവണ വേട്ടക്കായി വിടരുത്. രാജാക്കന്മാരെ സംബന്ധിച്ചിടത്തോളം പ്രാപ്പിടിയനെ ഉപയോഗിച്ചുള്ള വേട്ട ഒരു തവണ മാത്രമാണ്. ആദ്യ തവണതന്നെ അത് ഇരയുമായി വന്നാല്‍ സ്വീകരിക്കാം. അല്ലായെങ്കില്‍ അതിനെവിട്ട് മറ്റൊന്നിനെ അയക്കുക.
വേട്ടയാടുമ്പോള്‍ രാജാവിന്റെ താല്പര്യം രുചിയായിരിക്കരുത്. മറിച്ച്, മാനസികമായ ആനന്ദമായിരിക്കണം. നായയെ ഉപയോഗിച്ചാണ് വേട്ടയാടുന്നതെങ്കില്‍ രാജാവ് നായയെ സ്പര്‍ശിക്കാന്‍ പാടില്ല. പകരം, സേവകനെ ഉപയോഗിച്ച് വേട്ടനായയെ മുന്നില്‍ വിടുക. രാജാവ് എല്ലാം വീക്ഷിക്കുക. കുതിരയുമായി ഇരക്കു പിന്നാലെ പോകരുത്. പുള്ളിപ്പുലിയുമായാണ് നീ വേട്ടക്കിറങ്ങുന്നതെങ്കില്‍ അതിനെക്കാള്‍ നിന്റെ കുതിര മുന്നിലാവുകയും ചെയ്യരുത്. ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം അത് മോശമാണ്, പ്രത്യേകിച്ചും അതൊരു വന്യജീവിയാകുമ്പോള്‍. ഇത്രയൊക്കെയാണ് വേട്ടയുടെ സമയത്ത് നീ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
പോളോ കളി ഒരു പതിവു ശീലമാക്കരുത്
മകനെ, പോളോ കളി ആഗ്രഹത്തിനൊത്ത് ആകാം. എന്നാല്‍, അതൊരു പതിവാക്കി മാറ്റരുത്. പോളോ കളിയിലൂടെ അനേകം ആളുകള്‍ അപകടത്തില്‍ അകപ്പെട്ടിട്ടുണ്ട്.
ഹദീസ് പണ്ഡിതനായിരുന്ന അംറ് ബ്ന്‍ ലൈസിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഖുറാസാനിന്റെ ഭരണാധികാരിയായി മാറിയ അദ്ദേഹം ഒരിക്കല്‍ പന്തു തട്ടി പരിശീലിക്കാനായി മൈതാനത്തിലേക്കു പോയി. അദ്ദേഹത്തിന് അസ്ഹര്‍ ഖര്‍ എന്നു പേരുള്ള ഒരു സാലാറുണ്ടായിരുന്നു. സാലാറിന്റെ വാക്കുകളായിരുന്നു അംറ് ബ്ന്‍ ലൈസിന്റെ അടുക്കലെ അവസാന വാക്ക്. സാലാര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘പന്തു കളിക്കും പോളോ കളിക്കും പോകാന്‍ അങ്ങയെ ഞാന്‍ സമ്മതിക്കില്ല.’
‘അതെങ്ങനെ ശരിയാകും? നിങ്ങളെല്ലാം പന്തു തട്ടിക്കളിക്കുന്നു. എന്നെയാണെങ്കില്‍ അതിന് സമ്മതിക്കുന്നുമില്ല!’ അമീറിന് ദേഷ്യം വന്നു.
‘ഞങ്ങള്‍ക്ക് രണ്ടു കണ്ണിനും കാഴ്ചയുണ്ട്. ആകസ്മികമായെങ്ങാനും ഞങ്ങളുടെ കണ്ണില്‍ പന്തു തട്ടിയാല്‍ മറ്റൊരു കണ്ണുകൊണ്ട് ഞങ്ങള്‍ക്ക് കാണാനാകും. നിങ്ങള്‍ക്കാണെങ്കില്‍ ഒറ്റ കണ്ണേയുള്ളൂ. അവിചാരിതമായി ആ കണ്ണിന് പന്തുകൊണ്ടാല്‍ ഖുറാസാനിന്റെ അധികാരം അങ്ങേക്ക് ഉപേക്ഷിക്കേണ്ടി വരും.’ സാലാര്‍ ഉടനെ പറഞ്ഞു.
‘ഒത്തിരി അസഹ്യതയാണ് നീ എനിക്ക് ഉണ്ടാക്കുന്നതെങ്കിലും നീ പറഞ്ഞതും സത്യമാണ്. പന്തു കളിക്കാനുള്ള എന്റെ ആഗ്രഹം ഞാനിതാ ഇവിടെ ഉപേക്ഷിക്കുന്നു.’ അമീര്‍ സമ്മതിച്ചു.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പോളോ കളിക്കാന്‍ ഇറങ്ങുന്നതിന് പ്രശ്‌നമില്ല. എന്നാല്‍, അതിനുവേണ്ടി മാത്രം പല തവണ ഒരുങ്ങിയിറങ്ങരുത്. പോകുമ്പോള്‍തന്നെ, എട്ടുപേരെ മാത്രം കൂടെക്കൂട്ടുക. മൈതാനത്തിന്റെ ഒരു ഭാഗത്ത് നീയും മറുഭാഗത്ത് മറ്റൊരാളും നില്‍ക്കുക. ബാക്കി വരുന്ന നാലുപേര്‍ മധ്യത്തിലും. പന്ത് നിന്റെ നേര്‍ക്ക് വരുമ്പോള്‍ കുതിരയുമായി അതിന്റെ അടുത്തേക്ക് ഓടുക. അധികം ധൃതി കാണിക്കാനോ ചാടിയടുക്കാനോ ശ്രമിക്കരുത്. എന്നാല്‍ അപകടം ഒഴിവാക്കാം. മാത്രവുമല്ല ആനന്ദമെന്ന നിന്റെ ആഗ്രഹം സഫലീകൃതമാവുകയും ചെയ്യും.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles