Current Date

Search
Close this search box.
Search
Close this search box.

നൂരി പക് ഡില്‍; ഖുദ്‌സിന്റെ കവി

പ്രമുഖ തുര്‍ക്കി കവിയായ നൂരി പക് ഡില്‍ 2019 ഒക്ടോബര്‍ 18ന് ഈ ലോകത്തോട് വിടപറഞ്ഞു. അങ്കാറയിലെ ആശുപത്രിയില്‍ 85ാം വയസ്സില്‍ മരണപ്പെട്ട അദ്ദേഹത്തെ എല്ലാ വിധ ബഹുമതികളോടെയുമാണ് തൊട്ടടുത്ത ദിവസം തുര്‍ക്കി യാത്രയാക്കിയത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുകയും ഉറ്റവരെ അനുശോചനം അറിയിക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: ”സാഹിത്യലോകത്ത് തിളങ്ങി നിന്ന ഖുദ്‌സിന്റെ കവി നൂരി പക്ഡിലിന്റെ വിയോഗത്തില്‍ ഞാന്‍ അനുശോചിക്കുന്നു… അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഇടംനല്‍കട്ടെ.” തലസ്ഥാന നഗരിയിലെ ഹാജി ബൈറം മസ്ദില്‍ നടന്ന അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം നിരവധി ഉദ്യോഗസ്ഥരും നേതാക്കളും പങ്കെടുത്തു. പാര്‍ലമെന്റ് സ്പീക്കര്‍ മുസ്തഫ ശന്‍ത്വൂബ്, വൈസ് പ്രസിഡന്റ് ഫുആദ് ഔഖ്ത്വായ്, വ്യവസായം, ആഭ്യന്തരം, നീതിന്യായം, സാങ്കേതികവിദ്യ, കായികം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാര്‍ അവരിലുണ്ടായിരുന്നു. തുര്‍ക്കി മതകാര്യവകുപ്പ് മുന്‍ അധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസായിരുന്നു നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. നമസ്‌കാരത്തിന് ശേഷം യുവാക്കളിലൊരാള്‍ ഖുദ്‌സിന്റെ കവിയുടെ കവിതകളിലൊന്ന് ആലപിക്കുകയും ചെയ്തു.

ടര്‍ക്കിഷ് ജനതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട കവിയുടെ അനുശോചനങ്ങളാലും അനുസ്മരണങ്ങളാലും നിറഞ്ഞു. ഖുദ്‌സിനും മുസ്‌ലിം സമൂഹത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്‌ലിംകളുടെ വേദനകള്‍ക്ക് അദ്ദേഹം നല്‍കിയ പ്രധാന്യവും അവയില്‍ പ്രകടമായിരുന്നു.

ഖുദ്‌സിനും അതിന്റെ ന്യായമായ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ട കവിയായിരുന്നു നൂരി പക്ഡില്‍. അദ്ദേഹത്തിന്റെ തന്നെ ചില വരികളില്‍ അത് വ്യക്തമാക്കിയിട്ടുമുണ്ട്. ‘കൈയ്യില്‍ കെട്ടുന്ന വാച്ച് വഹിക്കുന്നത് പോലെയാണ് ഖുദ്‌സിനെയും ഞാന്‍ വഹിക്കുന്നത്’ എന്നാണദ്ദേഹം പറഞ്ഞിട്ടുള്ളത്.

തുര്‍ക്കിയുടെ തെക്കന്‍ പ്രദേശമായ കഹര്‍മാന്‍മറാഷില്‍ 1934ലാണ് പക്ഡില്‍ ജനിച്ചത്. ഇസ്തംബൂളിലെ ലോ കോളേജില്‍ നിന്ന് ബിരുദം നേടിയെങ്കിലും താന്‍ മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ക്ക് നിരക്കാത്തതിനാല്‍ അഭിഭാഷകവൃത്തി അദ്ദേഹം വേണ്ടെന്നു വെക്കുകയായിരുന്നു.

മറാഷ് പത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി പുറത്തു വരുന്നത്. 1969ല്‍ അദ്ദേഹം ‘മജല്ലത്തുല്‍ അദബ്’ (സാഹിത്യ മാഗസിന്‍)ന് തുടക്കം കുറിച്ചു. നാല്‍പതിലേറെ പുസ്തകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ടര്‍ക്കിഷ് വിദ്യാഭ്യാസ വിദഗ്ദന്‍ ഹര്‍ മഹ്മൂദ് യൂഗര്‍ ‘മജല്ലത്തുല്‍ അദബ്’നെ ഇസ്‌ലാമിക വിപ്ലവ പ്രവര്‍ത്തനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷ ശൈലിക്ക് മതകീയ വസ്ത്രമണിയിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കാവ്യഭാഷ അത്ഭുതപ്പെടുത്തുന്നതാണ്. ആ മാസികയിലൂടെ അറബി കവികളെ തുര്‍ക്കി ജനതക്ക് പരിചയപ്പെടുത്തിയിരുന്നു. മിഡിലീസ്റ്റിലെ നാടുകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഇസ്‌ലാമിക ലോകത്തിനുമിടയില്‍ സാഹിതീയമായ ബന്ധങ്ങളുണ്ടാവേണ്ടത് അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഫലമാണത്. അറബ് സാഹിത്യത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പക്ഡില്‍ പറയുന്നു: ”ലാറ്റിനമേരിക്കയുടെയും ലോകത്തിന്റെ അങ്ങേയറ്റത്തുള്ള നാടുകളിലെയും സാഹിത്യത്തിന് പുറമേ നാം പോകുന്നു, അതേസമയം നമ്മുടെ അരികില്‍ തന്നെയുള്ള വിശാലമായ അറബ് ലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.” തുര്‍ക്കി മിഡിലീസ്റ്റിന്റെ ഭാഗമാണ്, അതിന്റെ നാഗരികത കെട്ടിപ്പടുക്കുന്നതിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. 1923ലുണ്ടായ തുര്‍ക്കിയിലെ പാശ്ചാത്യവല്‍കരണത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന് തുര്‍ക്കിയെ അതിന് ചുറ്റുമുള്ള നാഗരികതയില്‍ നിന്ന് ഒറ്റപ്പെടുത്തുകയെന്നതായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഭാഗ്യവശാല്‍ ആ ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്.

ഇടതുപക്ഷ ചിന്തകരും വലതുപക്ഷ വാദികളും ഒരുപോലെ മാസികയുടെ പ്രവര്‍ത്തനത്തിനെതിരെ ഗൂഢാലോചനകള്‍ നടത്തിക്കൊണ്ടിരിന്നു. എന്നാല്‍ മാസിക ‘ഏഴ് നന്മേച്ഛുക്കളി’ലൂടെ മാസിക അതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നു. നൂരി ഖണ്ഡിതമായി പറയുന്നു: ‘എന്റെ ഇസ്‌ലാമിക സ്വത്വത്തിന്റെ പേരില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു അധ്യാപകനെയും നേതാവിനെയും ആവശ്യമുള്ള മുസ്‌ലിംകള്‍ക്കൊപ്പമാണ് ഞാന്‍. മുഹമ്മദ് നബി(സ)യല്ലേ ആ നേതാവ്. ഇസ്‌ലാമിക നാഗരികതക്ക് വേണ്ടി ശബ്ദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനെന്നെ എണ്ണുന്നത്. നമ്മുടെ നാഗരികതയിലേക്ക് ഒരിക്കല്‍ കൂടി മടങ്ങാനാണ് ഞാനാഗ്രഹിക്കുന്നത്.”

ഇസ്തംബൂള്‍ ഒരു ഇസ്‌ലാമിക നഗരമായി മാറിയ മെയ് 29ന് തന്റെ സ്വത്വം ഒരിക്കല്‍ കൂടി അദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ് ആ ദിവസം.അദ്ദേഹത്തിന്റെയും സ്വത്വത്തെയും വ്യക്തിത്വത്തെയും അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. പാശ്ചാത്യവല്‍കരണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ഏതോ അര്‍ത്ഥത്തിലുള്ള പോരാട്ടമായിട്ടാണ് അദ്ദേഹം തന്റെ എഴുത്തുകളെ കാണുന്നത്. അദ്ദേഹത്തിന്റെ രചനകളില്‍ അത് പ്രകടവുമാണ്.

സാഹിത്യം ഖുര്‍ആനില്‍ നിന്നോ അതിന്റെ അധ്യാപനങ്ങളില്‍ നിന്നോ പോഷണം സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം മതേതര സ്വത്വം പേറുന്ന തുര്‍ക്കി സാഹിത്യവൃന്ദത്തിന് നേരെയുള്ള വെല്ലുവിളിയായിട്ടും കണക്കാക്കപ്പെടുന്നു. ഓരോ എഴുത്തുകാരനും തങ്ങളുടേതായ വിഷയങ്ങളുണ്ട്, നൂരി പക്ഡിലിന്റെ വിഷയം ഖുദ്‌സ് ആയിരുന്നുവെന്ന് ടര്‍ക്കിഷ് എഴുത്തുകാരന്‍ സവാഫി കമാല്‍ പറയുന്നു. ഖുദ്‌സ് പക്ഡിലിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വിഷയമായിരുന്നു. യാത്രയില്‍ എപ്പോഴും മൂന്ന് വസ്തുക്കളായിരുന്നു അദ്ദേഹം കൂടെ കരുതിയിരുന്നത്. ഖുദ്‌സിന്റെ ഒരു ചിത്രം, ടൈപ് റൈറ്റര്‍, ഹാന്റ് ബാഗ് എന്നിവയാണവ. അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ ഖുദ്‌സിന് സുപ്രധാന സ്ഥാനമുണ്ടായിരുന്നു. ‘ഉമ്മഹാത്തു വല്‍ഖുദ്‌സ്’ (ഉമ്മമാരും ഖുദ്‌സും) എന്ന അദ്ദേഹത്തിന്റെ കാവ്യം അദ്ദേഹത്തിന്റെ കവിതകളെയും സാഹിത്യ ചിന്തകളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ്. ‘അല്‍ഖുദ്‌സ് വല്‍ഉമ്മഹാത്ത്’ ചില വരികള്‍:

ത്വൂര്‍ പര്‍വതമേ നീ ജീവിക്കുക
അല്ലയോ ഖുദ്‌സ്, നിന്റെ ഖിബ്‌ലയെവിടെ
കൈയ്യിലെ വാച്ച് പോലെ ഖുദ്‌സിനെ ഞാന്‍ വഹിക്കുന്നു
ഖുദ്‌സിനനുസരിച്ച് നീ സമയം ക്രമപ്പെടുത്തുന്നില്ലെങ്കില്‍
സമയം ധൂളിയായി നഷ്ടപ്പെടും
നീ മരവിച്ചു പോകും
നിന്റെ കണ്ണുകള്‍ അന്ധമാകും
നീ വരിക
നീ ഉമ്മയാവുക
കാരണം ഉമ്മ ശൈശവം മുതല്‍ ഖുദ്‌സിനെ നിര്‍മിക്കുകയാണ്
അയാളൊരു പിതാവാകുമ്പോള്‍
ഖുദ്‌സ് അവന്റെ ഹൃദയത്തില്‍ ജീവിക്കുന്നു
ദശലക്ഷക്കണക്കിന് മീറ്ററുകള്‍ എങ്ങനെയാണ് നമുക്ക് നഷ്ടമായത്?

കവി നൂരി പക്ഡില്‍ പറയുന്നു: ഫലസ്തീന്‍ പ്രശ്‌നത്തില്‍ വിശ്വാസമുള്ള എഴുത്തുകാരനാണ് ഞാന്‍. സവിശേഷ പ്രാധാന്യത്തോടെ തന്നെ ഞാനതിനെ പിന്തുണക്കും. എന്റെ ലോകത്ത് ഇസ്തംബൂളിന് സവിശേഷമായ സ്ഥാനമുണ്ട്. എന്നാല്‍ ഖുദ്‌സിന് അതിലേറെ പവിത്രമായ സ്ഥാനമാണുള്ളത്. ആകാശലോകത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് അവസാനമായി പ്രവാചക തിരുമേനിയുടെ കാല്‍പാദങ്ങളുടെ സ്പര്‍ശനമേറ്റ മണ്ണാണ് ഖുദ്‌സ്. ഒരു വ്യക്തിക്ക് ജീവിതത്തിന്റെയും നിലനില്‍പ്പിന്റെയും രഹസ്യം മനസ്സിലാകണമെങ്കില്‍ അവന്‍ മക്കയെയും മദീനയെയും ഇസ്തംബൂളിനെയും ഖുദ്‌സിനെയും സ്‌നേഹിക്കണം. ഹൃദയത്തിന്റെ പകുതി വിശുദ്ധ മക്കക്കുള്ളതാണ്, മറുപകുതി പുണ്യമദീനക്കും. എന്നാല്‍ അവ രണ്ടിനും മേല്‍ തൂക്കിയിട്ടിരിക്കുന്ന തിരശ്ശീല പോലെയാണ് ഖുദ്‌സ്. ഖുദ്‌സിന് വേണ്ടിയുള്ള പ്രതിരോധം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രതിരോധമാണ്. മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പറയുന്നു: 2015 മാര്‍ച്ചില്‍ ഞാന്‍ ഖുദ്‌സ് സന്ദര്‍ശനം നടത്തി. ആ സന്ദര്‍ശനം വലിയ ആവേശമാണെനിക്ക് പകര്‍ന്നു നല്‍കിയത്. ഖുദ്‌സ് മരുഭൂമിയാണെന്ന പൊതുധാരണക്ക് വിപരീതമായി ഹരിതാഭമായ പൂന്തോപ്പായിട്ടാണ് ഖുദ്‌സിനെ ഞാന്‍ കണ്ടത്.

സയണിസ്റ്റ് അധിനിവേശം ഫലസ്തീന്‍ ജനതക്കുണ്ടാക്കിയ ദുരിതത്തെ കുറിച്ച് അദ്ദേഹം പറയുന്നു: ഫലസ്തീനില്‍ എല്ലായിടത്തും സയണിസ്റ്റ് ഭീകരത യാതൊരു പ്രയാസവുമില്ലാതെ കാണാം. റോഡുകളെല്ലാം സയണിസ്റ്റ് സൈനികരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെസ്റ്റ്ബാങ്ക് സന്ദര്‍ശന വേളയില്‍ അവര്‍ കാരണം ഞങ്ങള്‍ നിരന്തരം പ്രയാസപ്പെടേണ്ടി വന്നു. ബര്‍ലിനിലെ വംശീയ മതിലിന് സമാനമായി ഖുദ്‌സിലും മതില്‍ തീര്‍ത്തിരിക്കുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനികള്‍ നമസ്‌കരിക്കാനെത്തുന്നത് തടയാനുള്ള ശേഷി സയണിസ്റ്റുകള്‍ക്കുണ്ട്. സമീപ ഭൂതകാലത്തിലേക്കൊന്ന് കണ്ണോടിച്ചാല്‍, ഓട്ടോമന്‍ മഹാസാമ്രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ഖുദ്‌സെന്ന് കാണാം. അബ്ദുല്‍ ഹമീദ് രണ്ടാമന്റെ പതനത്തിന് ശേഷം മിഡിലീസ്റ്റില്‍ അധിനിവേശകരുടെ വിഭജന പദ്ധതികള്‍ നടപ്പാക്കപ്പെട്ടു. മിഡിലീസ്റ്റിലെ ഇസ്‌ലാമിക അഖണ്ഡത തകര്‍ത്തെറിയുകയെന്ന ലക്ഷ്യത്തോടെ പാശ്ചാത്യര്‍ സയണിസ്റ്റ് രാഷ്ട്രത്തിന് തറക്കല്ലിടുകയും ചെയ്തു. ഫലസ്തീന്‍ ജനതക്ക് മേല്‍ ഏറ്റവും നിന്ദ്യമായ തരത്തിലുള്ള വന്യമായ സാമ്രാജ്യത്വമാണ് സയണിസ്റ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇസ്‌ലാമിക നാഗരികത വീണ്ടെടുത്ത് ഐക്യപ്പെട്ട് മടങ്ങി വരാനുള്ള സാധ്യതയുള്ളതിനാല്‍ പാശ്ചാത്യര്‍ ഇപ്പോഴും മിഡിലീസ്റ്റിനെ ഭയക്കുന്നുണ്ട്. അത് സംഭവിക്കാതിരിക്കാനാണ് പാശ്ചാത്യര്‍ മുസ്‌ലിം സമൂഹത്തെ വന്യമായി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.

അദ്ദേഹത്തെ അനുശോചിച്ചു കൊണ്ട് ഫലസ്തീന്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാദര്‍ മാന്വല്‍ മുസല്ലം പറയുന്നു:
ഖുദ്‌സിന്റെ കണ്ണിലെ കൃഷ്ണമണിക്കുള്ളിലാണ് താങ്കള്‍,
താങ്കളുടെ പരിശുദ്ധമായ ദേഹം അങ്കാറയിലാണ് മറമാടിയിരിക്കുന്നതെങ്കിലും
ഭൂമിയില്‍ ഖുദ്‌സിനെ ഓര്‍ക്കുന്നവരെ ദൈവത്തിന്റെ സിംഹാസനത്തിന് മുമ്പില്‍ ഖുദ്‌സ് ഓര്‍ക്കും
ഖുദ്‌സിന് വേണ്ടി രക്തസാക്ഷികളായവര്‍ക്കൊപ്പം അത് അവരുടെ പാപമോചനത്തിനും കാരുണ്യത്തിനും തേടും.
മുസ്‌ലിം സമൂഹത്തിന്റെ സാഹിത്യ ഉണര്‍വ്വിന്റെ പ്രതീകമാണ് നൂരി പക്ഡില്‍. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles