Current Date

Search
Close this search box.
Search
Close this search box.

തമിഴ്നാട്ടിലെ മുസ്‌ലിംകൾ: സാമൂഹിക ഘടന,ചരിത്രം, വർത്തമാനം

അറേബ്യയിൽ ഇസ്‌ലാം വ്യാപിച്ച ആദ്യ കാലഘട്ടത്തിൽ തന്നെ തമിഴ്‌നാട്ടിലും ഇസ്‌ലാം ആഗതമായിട്ടുണ്ട്. വിശിഷ്ടമായ തമിഴ് വാസ്തുവിദ്യാ സവിശേഷതകളോടെ, ഏഴാം നൂറ്റാണ്ടിൽ നിർമ്മിതമായ കീളക്കരൈ ജുമാ മസ്ജിദ്, തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നാണ്. എ. ഡി 743-ലെ തിരുച്ചിയിലെ കോട്ടൈ (ഫോർട്ട്) റെയിൽവേ സ്റ്റേഷന് സമീപമുള്ള പള്ളിയും ഇത്പോലെത്തന്നെയാണ്.

ഹിജ്റ116 /എ.ഡി134-ലെ തിരുച്ചിറപ്പള്ളിയിലെ അറബി ലിഖിതവും ഒമ്പതാം നൂറ്റാണ്ടിലെ കായൽപട്ടണത്തെ പാണ്ഡ്യ ഭരണാധികാരികൾ പള്ളികൾക്ക് നൽകിയ സംഭാവനകളെക്കുറിച്ചുള്ള ലിഖിതങ്ങളും എട്ടാം നൂറ്റാണ്ട് മുതൽ തമിഴ്‌നാട്ടിൽ മുസ്‌ലിംകളുടെ സാന്നിധ്യമുണ്ട് എന്നതിന്റെ നിർണായക തെളിവുകളാണ്.

ആദ്യകാല മുസ്‌ലിംകൾ തമിഴ്‌നാട്ടിലെ തീരദേശ പട്ടണങ്ങളിൽ സ്ഥിരതാമസമാക്കുകയും അവർ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്തു. ഒരേ താൽപര്യത്തിന് വേണ്ടി ഒരുമിച്ചു കൂടുക അല്ലെങ്കിൽ സമ്മേളിക്കുക എന്നർത്ഥം വരുന്ന ‘അഞ്ചുവണ്ണം’ എന്നാണ് അവരെ വിളിച്ചിരുന്നത്. മുസ്‌ലിമീങ്ങളുടെ വ്യാപാരി സംഘമാണെന്ന് വിശ്വസിക്കപ്പെടുന്ന ‘അഞ്ചുവണ്ണം’ എന്ന പേര് കാണപ്പെട്ടത് എഡി 12-13 നൂറ്റാണ്ടുകളിലെ ചില ചെമ്പ് ഫലകങ്ങളിലും ലിഖിതങ്ങളിലുമാണ്. തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിലുള്ള ഒരു പഴയ മുസ്‌ലിം പള്ളി ‘അഞ്ചുവണ്ണം പള്ളിവാസൽ’ എന്ന് വിളിക്കപ്പെടുന്നതിനാൽ ‘അഞ്ചുവണ്ണം’ എന്ന പേര് മുസ്‌ലിംകളുടെ പേരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

തമിഴ്നാട്ടിലെ മുസ്‌ലിം വിഭാഗങ്ങൾ
തമിഴ്‌നാട്ടിലെ മുസ്‌ലിംകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം. ഒന്നാമതായി, അറബ്-തമിഴ് വംശജരായ മുസ്‌ലിംകൾ. രണ്ട്, ഇസ്‌ലാമിക വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട തദ്ദേശീയർ. മൂന്ന്, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കുടിയേറിയ ദക്കാനി മുസ്‌ലിംകൾ.

അറബ് വംശജരായ മുസ്ലീങ്ങൾ
തമിഴ് സംസാരിക്കുന്നവരായ അറബ്-തമിഴ് വംശജർ തമിഴ്‌നാട്ടിലെ മുസ്‌ലിംകൾക്കിടയിൽ ഒരു പ്രത്യേക വിഭാഗമാണ്. മരക്കയർ, ലബ്ബായി, തുഴക്കാരൻ, സോനക മാപ്പിളമാർ, കായലർ, തുളൂക്കർ എന്നിവരാണ് അവരിലെ പ്രധാന വിഭാഗങ്ങൾ.

മരക്കയാർ
അറബ് വംശജരായ ദേശാടന സമൂഹമാണ് മരക്കയർ. ഏഴാം നൂറ്റാണ്ട് മുതൽ അവർ ഒരു സമുദ്ര വ്യാപാരികളാണ്. മുത്തുകൾ, മാണിക്യങ്ങൾ, മറ്റ് വിലയേറിയ കല്ലുകൾ എന്നിവയായിരുന്നു അവരുടെ വ്യാപാരം. കീളക്കരൈ, കായൽപട്ടണം, നാഗൂർ തുടങ്ങിയ തീരപ്രദേശങ്ങളിലാണ് നിലവിൽ മരക്കയർമാരിൽ ഭൂരിഭാഗവും താമസിക്കുന്നത്. മറ്റ് മുസ്ലീം സമുദായങ്ങളെ അപേക്ഷിച്ച് ഇവർ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന സമൂഹമാണ്. ശ്രീലങ്ക, കേരളം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അവരുടെ സമുദായത്തിൽ പെട്ടവരെ തന്നെയാണ് അവർ വിവാഹം കഴിക്കുന്നത്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ഒരു മരക്കയാർ കുടുംബത്തിലാണ് ജനിച്ചത്. ഇന്ന് ‘ബി.എസ്. അബ്ദുറഹ്മാൻ സർവകലാശാല’ എന്നറിയപ്പെടുന്ന ക്രെസന്റ് കോളേജ് സ്ഥാപകനായ വിദ്യാഭ്യാസ വിചക്ഷണൻ ബി.എസ്. അബ്ദുറഹ്മാനും ഈയൊരു സമുദായക്കാരാണ്.

ലബ്ബൈകൾ
ലബ്ബൈകളും അറബ് വ്യാപാരികളുടെ പിൻമുറക്കാരാണ്. അവർ ചില അറബികളെ സഹായികളായി കൂടെ കൊണ്ടുവന്നിരുന്നു. അവർ തങ്ങളുടെ യജമാനന്മാരുടെ വിളി കേൾക്കുമ്പോൾ ‘ലബ്ബൈക്’ എന്ന് പ്രതികരിക്കുമായിരുന്നു. ഞാനിവിടെ ഉണ്ട് എന്നർത്ഥം വരുന്നതാണ് ലബ്ബൈക് എന്ന പദം. ഈ മുസ്ലീങ്ങളും അവരുടെ സന്തതികളും ‘ലബ്ബൈകൾ’ എന്നറിയപ്പെട്ടു. അവരുടെ ഇന്ത്യൻ ഭാര്യമാരിലൂടെ ഉണ്ടായ മക്കളും ‘ലബ്ബൈകൾ’ എന്ന് അറിയപ്പെടുന്നു. ഇസ്‌ലാം മതം സ്വീകരിച്ച ഹിന്ദുക്കൾക്കും ലബ്ബൈ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. 1881-ലെ സെൻസസ് റിപ്പോർട്ട് പറയുന്നു, “ലബ്ബൈകൾ മരക്കയാർമാരിൽ നിന്ന് വ്യത്യസ്തരാണ്. കോറോമാണ്ടൽ മോപ്ലാസ് എന്നറിയപ്പെടുന്ന അറബികളും തദ്ദേശീയരായ പരിവർത്തിത മുസ്ലിംകളും ചേർന്ന ഒരു മിശ്ര സമൂഹമാണവർ. മിതവ്യയ സ്വഭാവമുള്ള അദ്ധ്വാനശീലരായ സംരംഭകരും തന്ത്രശാലികളായ നാവികരും വിദഗ്ധരായ വ്യാപാരികളുമാണ് അവർ”. നിലവിൽ, തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ, ജോലി ഇളവ് ആവശ്യാർത്ഥം ‘ലബ്ബൈ’ മുസ്‌ലിംകളിലെ ഒരു ജാതിപ്പേരായി വിലയിരുത്തപ്പെടുന്നു.

മാപ്പിളമാർ
മലബാറിലെ മലയാളം സംസാരിക്കുന്ന ജനങ്ങൾ തമിഴ്‌നാട്ടിൽ സോനക മാപ്പിളമാർ എന്നാണ് അറിയപ്പെട്ടിരുന്നത്. തമിഴ് മുസ്ലീങ്ങളുടെ ആദ്യകാല നാമമായിരുന്നു സോനക എന്ന വാക്ക്. ഇന്തോ-അറബ് വംശജരും യെമൻ അറബികലെയും തിരിച്ചറിയാനാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നത്. സോനക എന്ന വാക്കാണ് രണ്ടാം നൂറ്റാണ്ടിലെ ‘സംഘം’ സാഹിത്യത്തിൽ “യവന” എന്ന് തെറ്റായി പരാമർശിച്ചിരിക്കുന്നത്.

റാവുത്തർ
തമിഴ് മാതൃഭാഷയായ തമിഴ്-അറബ് വംശജരാണിത്. അവർ പ്രധാനമായും പഴയ കാലത്തെ കുതിരപ്പടയാളികളും കുതിര-പരിശീലകരും കുതിര വ്യാപാരികളും ആയിരുന്നു. കുതിരക്കച്ചവടക്കാർ എന്നർത്ഥം വരുന്ന “ഗുതിറൈ ചെട്ടികൾ” എന്നും അവർ അറിയപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ പ്രമുഖരും സമ്പന്നരുമായ ഒരു മുസ്‌ലിം സമുദായമാണിവർ. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലാണ് ഇവർ താമസിക്കുന്നത്.

കായലർ
അറബ് വംശജരായ തമിഴ് മുസ്ലീങ്ങളുടെ മറ്റൊരു പ്രധാന വിഭാഗമാണ് കായലർ. തമിഴ് മുസ്ലീം സമുദായത്തിന്റെ അറബ് വംശജരുടെ നാല് പ്രധാന ഉപഗ്രൂപ്പുകൾ ചേർന്ന് രൂപപ്പെട്ടതാണ് ഈ വിഭാഗം.

തുലൂക്കർ
തുർക്കി വംശജരായ ആളുകളാണ് തുലുക്കർ എന്നറിയപ്പെടുന്ന വിഭാഗം. തമിഴ് സാഹിത്യത്തിലെ നിരവധി കൃതികൾ മുസ്ലീങ്ങളെ പൊതുവേ തുളുക്കർ എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിലെ എല്ലാ മുസ്ലീങ്ങളെയും അഭിസംബോധന ചെയ്യാൻ അമുസ്ലിംകൾ ഈ പദമാണ് സാധാരണയായി ഉപയോഗിക്കുന്നത്.

ഈ മുസ്ലീം ഗ്രൂപ്പുകളെല്ലാം പ്രദേശവാസികളുമായുള്ള വിവാഹബന്ധങ്ങളിലൂടെ തമിഴ് സംസ്കാരത്തിൻ്റെയും സമൂഹത്തിൻ്റെയും ഭാഗമായി മാറുന്നു. എല്ലാ വിഭാഗങ്ങളുടെയും പ്രധാന തൊഴിൽ ചെറുതും വലുതുമായ വ്യാപാരങ്ങളാണ്.

പാസ്മണ്ട മുസ്ലീങ്ങൾ
ദളിത്, മറ്റു ഹിന്ദു പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് മതം മാറിയവരാണ് മുസ്ലീങ്ങളുടെ രണ്ടാമത്തെ വിഭാഗം. അറബ് രാജ്യങ്ങളിൽ നിന്ന് വന്ന സൂഫി സന്യാസിമാരുടെ സമാധാനപരമായ നൂറ്റാണ്ടുകൾ നീണ്ടുനിന്ന പ്രബോധനത്തിലൂടെയാണ് ഈ മതപരിവർത്തനങ്ങൾ നടന്നത്. ഇസ്‌ലാമിക പ്രബോധകർ ജാതീയതയിൽ അധിഷ്ഠിതമായ ഹിന്ദു സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളിലേക്ക് കടന്നു ചെന്നു. അവരെ ജാതി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പ്രാദേശികമായി മതപരിവർത്തനം നടത്തിയവർ സാമൂഹിക ഘടനയുടെ ഏറ്റവും താഴെ തട്ടിലുള്ളവരായിരുന്നു. ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം അവരുടെ സാമൂഹിക നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവർ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ തന്നെയാണ്. തമിഴ് മുസ്ലീം സമൂഹത്തിലെ വേറിട്ട വിഭാഗമായ ഇവരുടെ സാമ്പത്തിക ഉന്നമനത്തിന് സാമൂഹിക ഇടപെടൽ അനിവാര്യമാണ്. മതം മാറിയ മുസ്ലീങ്ങൾ സർക്കാർ ജോലികളിൽ സംവരണത്തിന്റെ പ്രശ്നം നേരിടുന്നുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവരെ ‘പിന്നാക്ക വിഭാഗങ്ങളാ’യി കണക്കാക്കുമ്പോൾ, മുസ്ലീങ്ങൾക്ക് അത്തരം വ്യവസ്ഥകളൊന്നുമില്ല.

ദകിനി മുസ്ലീങ്ങൾ
തമിഴ്നാട്ടിലെ മൂന്നാമത്തെ വിഭാഗം മുസ്ലീങ്ങളാണ് ദാകിനി മുസ്ലീങ്ങൾ. മുസ്‌ലിം സമൂഹത്തിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണെങ്കിലും ദാകിനി മുസ്‌ലിംകൾ ഒരു പ്രത്യേക സമുദായമാണ്. തമിഴ്‌നാട്ടിലെ മുസ്ലീം സമുദായങ്ങൾക്കിടയിൽ അവർ രാഷ്ട്രീയ മേൽക്കോയ്മ രൂപീകരിക്കുന്നു എന്ന വസ്തുതയിൽ നിന്നാണ് അവർക്ക് പ്രാധാന്യം കൈവരുന്നത്. ദാകിനി മുസ്ലീങ്ങൾക്ക് തമിഴ്,ഹിന്ദി,ഉർദു, മറ്റ് പ്രാദേശിക ഭാഷകൾ സംസാരിക്കാനാകുന്നു. ഈ വിഭാഗങ്ങൾക്കിടയിൽ സയ്യിദ്, ശൈഖ്, പത്താൻ, മുഗളൻ, അല്ലെങ്കിൽ നവയത് (കൊങ്കണി മുസ്ലീങ്ങളുടെ ഒരു ഉപവിഭാഗം) എന്നിങ്ങനെ നിരവധി ഗ്രൂപ്പുകളുണ്ട്. പഷ്തൂൺ വംശജരായ ‘പഠാൻ’ ദകാനി മുസ്‌ലിംകളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു വിഭാഗമാണ്. പത്താൻ” എന്ന പദം ചിലപ്പോൾ ഉത്തരേന്ത്യയിൽ നിന്നുള്ള ഉറുദു സംസാരിക്കുന്ന മുസ്ലീം കുടിയേറ്റക്കാരെയും വിശേഷിപ്പിക്കാറുണ്ട്. ആർണി, ചാഞ്ചി, ജിൻജി തുടങ്ങിയ സുരക്ഷിത പ്രദേശങ്ങളിലും ആർക്കോട്ടിലും അവർ താമസമാക്കിയിട്ടുണ്ട്. ചെറിയ ഫോർട്ട്-മാർട്ട് പട്ടണങ്ങളിലും പത്താൻകാർ താമസമാക്കിയിട്ടുണ്ട്. ഇന്ത്യൻ സായുധ സേനയിലെ തമിഴ് മുസ്ലീങ്ങളുടെ വൃഷ്ടിപ്രദേശം കൂടിയാണിത്.

മുസ്ലീം നെയ്ത്തുകാർ
തമിഴ്‌നാട്ടിലെ മുസ്ലീം നെയ്ത്തുകാരെ കുറിച്ചുള്ള ആദ്യ തെളിവുകളായ പതിനാറാം നൂറ്റാണ്ടിൽ നിന്നുള്ള ചില ശിലാ ലിഖിതങ്ങൾ തെക്കൻ സംസ്ഥാനത്തെ നെയ്ത്ത് വ്യവസായത്തിൽ മുസ്ലീങ്ങളുടെ സജീവമായ പങ്കാളിത്തം സൂചിപ്പിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീം നെയ്ത്തുകാരാണ് ‘പഞ്ചു കൊട്ടി’യും ‘അച്ചുകാട്ടി’യും. ഇന്നത്തെ തിരുച്ചിറപ്പള്ളി, തഞ്ചാവൂർ ജില്ലകളിലാണ് പാഞ്ചുകൊട്ടികൾ ജീവിക്കുന്നത്. സേലം, നാമക്കൽ, ട്രിച്ചി, തഞ്ചാവൂർ എന്നീ ജില്ലകളുടെ പരിസര പ്രദേശങ്ങളിൽ അച്ചുകാട്ടി ജനസാന്ദ്രതയുള്ളതാണ്. ഈ പ്രദേശങ്ങൾ തമിഴ്‌നാട്ടിലെ ടെക്‌സ്‌റ്റൈൽ കേന്ദ്രങ്ങളാണ്. തമിഴ് മുസ്‌ലിംകൾക്ക് ടെക്‌സ്‌റ്റൈൽ വ്യാപാരത്തിൽ കാര്യമായ സ്വാധീനമുണ്ട്.

തമിഴ് മുസ്ലീങ്ങൾ ഒരു ഏകീകൃത സമൂഹമല്ല. നേരത്തെ വിശദീകരിച്ച പോലെ മൂന്ന് വിശാലമായ വിഭാഗങ്ങളും അവയുടെ വർഗ്ഗങ്ങളും ഉപവർഗ്ഗങ്ങളുമായി ചിന്നഭിന്നമായി കിടക്കുന്നവരാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, തമിഴ് മുസ്ലീംകളെ ഔദ്യോഗിക രേഖകളിൽ പല സാമൂഹിക വിഭാഗങ്ങളായി പട്ടികപ്പെടുത്താൻ തുടങ്ങി. തമിഴ് മുസ്‌ലിംകൾ വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, അവർക്കിടയിൽ ഒരു വർഗ്ഗ ശ്രേണി നിലനിൽക്കുന്നു, അത് ഒരു കാലഘട്ടത്തിലെ ജാതി അടിസ്ഥാനമാക്കിയുള്ള ഹെറാർക്കിയൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ്. തൊഴിൽപരമായി ഓരോ ഗ്രൂപ്പിനും ഒരു സത്വം ഉണ്ടെങ്കിലും, തൊഴിൽപരമായ സത്വം അവർ പരസ്പരം സംഗമിക്കുന്നത് നിയമവിുദ്ധമാവുന്ന രൂപത്തിൽ ജാതി വ്യവസ്ഥക്ക് സമാനമായ ഒരു സംവിധാനം രൂപപ്പെടുത്തി.

അറബ് വംശജരായ തമിഴ് മുസ്ലീങ്ങളുടെ ഉദയം
എ ഡി രണ്ടാം നൂറ്റാണ്ടിൽ വിരചിതമായ തമിഴ് സംഘ സാഹിത്യത്തിൽ അറബ്-തമിഴ് വംശജരായ തമിഴ് സംസാരിക്കുന്ന മുസ്ലീങ്ങളെ പരാമർശിച്ചിട്ടുണ്ട്. സംഘസാഹിത്യത്തിലെ “യവന” എന്ന വാക്ക് ഗ്രീക്കുകാരെ ഉദ്ദേശിച്ചല്ല, യമനിൽ നിന്ന് വന്ന മുസ്ലീങ്ങളെ ഉദ്ദേശിച്ചാണ്.

അറബ് വംശജരായ മുസ്ലീങ്ങൾ കച്ചവടക്കാരും വ്യാപാരികളുമായിരുന്നു. തെക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലെ വ്യാപാരത്തിലെ അവരുടെ ആധിപത്യം, മൂന്നാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ സമുദ്രവ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും കുത്തക സ്വന്തമായിരുന്ന
അറബികളിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. അറബ്-തമിഴ് വംശജരായ തമിഴ് സംസാരിക്കുന്ന മുസ്ലീങ്ങൾ 15-ാം നൂറ്റാണ്ട് വരെ കോറമാണ്ടൽ തീരപ്രദേശത്ത് കടൽ വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്നു. ഏകദേശം 1500 വർഷത്തോളം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കുത്തക മുതലാളിമാരായിരുന്നു അവർ.

ചേര, ചോള, പാണ്ഡ്യ ഭരണാധികാരികൾ അവരെ സംരക്ഷിക്കുകയും അവരുടെ ആരാധനാലയങ്ങൾക്കായി ഭൂമി ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും തദ്ദേശീയരായ ഹിന്ദു ഭരണാധികാരികൾ അറബ്-മുസ്‌ലിം വ്യാപാരികളെ അവരുടെ ദേശങ്ങളിൽ സ്ഥിരതാമസമാക്കാൻ പ്രോത്സാഹിപ്പിച്ചു. സാമൂതിരി അഥവാ കേരളത്തിലെ കോഴിക്കോട് രാജ്യത്തിന്റെ പാരമ്പര്യ ചക്രവർത്തി അവരുടെ കപ്പലുകൾ പരിപാലിക്കാൻ മതിയായ അറബ് മുസ്ലീങ്ങളെ ലഭിക്കുന്നതിന് ഒരു ശാസന പുറപ്പെടുവിച്ചു. അറബ് വ്യാപാരികൾക്ക് ഒരു പ്രാദേശിക സ്ത്രീയെ വിവാഹം കഴിക്കാമെന്നും ഒന്നോ അതിലധികമോ ആൺകുട്ടികളെ മുസ്‌ലിമായി വളർത്താമെന്നും അദ്ദേഹം ഉത്തരവിട്ടു.

അറബി-തമിഴ് സംസാരിക്കുന്ന മുസ്ലീം വ്യാപാരികൾ ഇന്ത്യയ്ക്ക് വളരെയധികം അഭിവൃദ്ധി കൊണ്ടുവന്നു. 14-ാം നൂറ്റാണ്ടിലെ അറബ് എഴുത്തുകാരനായ ഇബ്നു ഫദ്ബുള്ള ഉൽ-ഒമാരി, ഇന്ത്യയിലെ കടലുകൾ മുത്തുകളാണെന്നും മരങ്ങൾ സുഗന്ധദ്രവ്യങ്ങളാണെന്നും എഴുതിയിരുന്നു! ഇംഗ്ലീഷ് രേഖകൾ തമിഴ്നാട് തീരത്തെ തുറമുഖങ്ങളെ “മൂർ തുറമുഖങ്ങൾ” എന്നും കടലൂരിനെ ‘ഇസ്‌ലാമാബാദ്’ എന്നും പോർട്ടോ നോവോ അല്ലെങ്കിൽ പറങ്കിപ്പേട്ടയെ “മുഹമ്മദ് ബന്ദർ എന്നും വിശേഷിപ്പിക്കുന്നു.

വിദേശത്തുള്ള ആയിരക്കണക്കിന് രേഖകൾ അറബ്-തമിഴ് മുസ്‌ലിംകളുടെ സമുദ്രത്തിലെ ഇടപെടലുളെക്കുറിച്ച് സംസാരിക്കുന്നുണ്ട്, അവകൾ അവരെ കപ്പൽ നിർമ്മാതാക്കൾ, നാവികർ, വ്യാപാരികൾ, മുത്ത് വാരൽ വിദഗ്ധർ, മുത്ത് വ്യാപാരികൾ, ഉപ്പ് നിർമ്മാതാക്കൾ എന്നിങ്ങനെയാണ് ചിത്രീകരിക്കുന്നത്. തമിഴ്‌നാടിന്റെ കിഴക്കൻ തീരത്തിന്റെ മുഴുവൻ സമ്പദ്‌വ്യവസ്ഥയും അറബ് തമിഴ് മുസ്‌ലിംകളുടെ കൈകളിലായിരുന്നു. ഇവരാണ് തമിഴ്‌നാട്ടിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇസ്‌ലാമും തമിഴ് ഭാഷയും പ്രചരിപ്പിച്ചത്.

ലിസാനുൽ അർവി, തമിഴ്-അറബി സങ്കരഭാഷ
അറബികൾക്ക് തമിഴരുമായി ഇടപഴകുന്നതിൽ തടസ്സങ്ങൾ ഉണ്ടായിരുന്നു. സെമിറ്റിക് ഭാഷയായ അറബി സംസാരിക്കുന്ന അവർക്ക് ദ്രാവിഡ ഭാഷയായ തമിഴ് വലിയ പ്രയാസം സൃഷ്ടിച്ചു. അങ്ങനെ ഇരു ഭാഷയേയും കൂട്ടിയിണക്കുന്ന ‘അറബിത്തമിഴ്’ ( ലിസാൻ അൽ-അർവി) എന്നൊരു ലിങ്ക് ഭാഷ തമിഴ്നാട്ടിൽ വികസിപ്പിച്ചെടുത്തു. തമിഴ് അറബി ലിപിയിൽ എഴുതി രണ്ടു ഭാഷകളെ ഇത് സമന്വയിപ്പിച്ചു. എഴുത്ത് അറബിയിലായതിനാൽ അറബ് കുടിയേറ്റക്കാർക്ക് തമിഴ് പഠിക്കാൻ ഇത് സഹായകമായി. അവരുടെ ഇടപാടുകളുടെ കണക്കുകൾ എഴുതാൻ ഈ ഭാഷ സഹായിച്ചു. ഈ ലിങ്ക് ഭാഷയിലൂടെ അറബ് മുസ്ലീം വ്യാപാരികൾക്കും തദ്ദേശീയരായ ഇസ്ലാം മതം സ്വീകരിച്ചവർക്കുമിടയിൽ നല്ല ബന്ധം വളർത്തി. അർവി ഭാഷയും സാഹിത്യവും ഇസ്ലാമിക അധ്യാപനത്തിനും പഠനത്തിനും വേദിയൊരുക്കി. എഡ്ഗാർഡ് തർസ്റ്റണിന്റെ വാക്കുകളിൽ, അറബ് വംശജരായ തമിഴ് മുസ്ലീങ്ങളുടെ പ്രയോജനത്തിനായി വികസിപ്പിച്ചെടുത്ത ഭാഷയാണ് അറബിത്തമിഴ്. ഇന്നും പല മതവിദ്യാലയങ്ങളും (മദ്രസകൾ) അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അർവി ഭാഷ പഠിപ്പിക്കുന്നു. ‘സിംതു സ്വിബിയാൻ’ (കുട്ടികൾക്കൾക്കുള്ള വഴികാട്ടി) പോലുള്ള പാഠപുസ്തകങ്ങൾ ഇപ്പോഴും തമിഴ്‌നാട്ടിലെ പുസ്തകശാലകളിൽ ലഭ്യമാണ്. ആധുനിക അച്ചടിശാലയുടെ വരവ് അർവി ഭാഷയുടെ വ്യാപനത്തിന് വിരാമമിട്ടു.

അറബ് വംശജരായ തമിഴ് മുസ്ലീങ്ങളുടെ പതനം
ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ അടങ്ങുന്ന യൂറോപ്യൻ വ്യാപാരികളുടെ വരവിനുശേഷം ഏകദേശം 15-ാം നൂറ്റാണ്ട് കാലത്തെ വ്യാപാരത്തിലുള്ള അറബ് മുസ്ലീം കുത്തക പതിയെ അവസാനിക്കാൻ തുടങ്ങി. യൂറോപ്യൻ നാവികരിൽ നിന്നുള്ള കടുത്ത മത്സരവും പുതിയ ഷിപ്പിംഗ് സാങ്കേതികവിദ്യയും ആധുനിക വ്യാപാര സമ്പ്രദായങ്ങളും സ്വീകരിക്കാനുള്ള അവരുടെ വിമുഖതയും കാരണം അറബ് മുസ്ലീം വ്യാപാര സമൂഹത്തിന്റെ ശക്തി ക്ഷയിച്ചു.

പോർച്ചുഗീസുകാരായിരുന്നു ആദ്യം വന്നത്; പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും. യൂറോപ്യൻ വ്യാപാരികൾ തങ്ങളുടെ സൈനിക ശക്തിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കുത്തക സമ്പ്രദായവും അന്യായമായ വ്യാപാര രീതികളും അവതരിപ്പിച്ചു. പ്രാദേശിക ഭരണാധികാരികൾ -ഹിന്ദുവും മുസ്ലീമും- സമുദ്രവ്യാപാരത്തിൽ നിസ്സംഗരായിരുന്നു. കടൽ വ്യാപാര പ്രവർത്തനങ്ങളിൽ അവർക്ക് സമയമോ താൽപ്പര്യമോ ഉണ്ടായിരുന്നില്ല. വ്യാപാര വഴികൾ പര്യവേക്ഷണം ചെയ്യാനോ സമുദ്ര വ്യാപാരം ആരോഗ്യകരമായ രീതിയിൽ വളർത്താനോ അവർ യാതൊരു ശ്രമവും നടത്തിയില്ല.

ഇന്ത്യൻ ഭരണാധികാരികൾ പ്രാദേശിക മുസ്ലീം വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുപകരം പോർച്ചുഗീസുകാർക്ക് എല്ലാ സൗകര്യങ്ങളും നൽകുകയും അവരെ അവരുടെ തുറമുഖങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണാധികാരികൾ പോർച്ചുഗീസുകാർക്ക് സുഗന്ധദ്രവ്യങ്ങൾ, സ്വർണ്ണം, വെള്ളി എന്നിവയിൽ വ്യാപാരം ചെയ്യാനുള്ള കുത്തക നൽകി. അടിച്ചമർത്തപ്പെട്ട ഹിന്ദു മത്സ്യത്തൊഴിലാളി സമൂഹമായ പരവസിനെ 1537-ഓടെ പോർച്ചുഗീസുകാർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. പൂർണ്ണമായും മുസ്ലീങ്ങളുടെ കൈകളിലായിരുന്ന മുത്ത് വാരൽ വ്യാപാരത്തിൽ നിന്ന് മുസ്ലീങ്ങളെ മാറ്റി നിർത്താൻ അവർ അവരെ സഹായിച്ചു. ഈ രീതിയിൽ, മുത്ത് കച്ചവടം പരവന്മാരുടെ കൈകളിലെത്തി. 1530-ഓടെ കുതിരക്കച്ചവടത്തിന്റെ കുത്തക തമിഴ് മുസ്ലീങ്ങളിൽ നിന്നും പോർച്ചുഗീസുകാർ സ്വന്തമാക്കി.

ബ്രിട്ടീഷുകാർ തമിഴ്മണ്ണിൽ എത്തിയപ്പോൾ, അവർ കാരൈക്കുടിയിൽ നിന്നുള്ള ഹിന്ദു വ്യാപാരികളായ ചെട്ടിയാർ സമുദായത്തിന് പിന്തുണ നൽകി. തമിഴ്നാട്ടിലെ മുസ്ലീം വ്യാപാരികളെ കൂടുതൽ ദുർബലപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു ഇത്. ചെട്ടിയാർ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ അധിനിവേശം സാധ്യമാക്കുന്നതിൽ സാമ്പത്തികമായി പിന്തുണച്ചു. തൽഫലമായി, കോറമാണ്ടൽ തീരത്തും തെക്കുകിഴക്കൻ ഏഷ്യയിലും സാമ്പത്തിക രംഗത്ത് ചെട്ടിയാരുടെ സ്വാധീനം ശക്തമായി. അതേസമയം തമിഴ് മുസ്ലീങ്ങളുടെ സ്വാധീനം കുറഞ്ഞു വന്നു.

മുസ്ലികളുടെ നിലവിലെ അവസ്ഥ
തമിഴ്നാട്ടിലെ ജനസംഖ്യയുടെ ആറ് ശതമാനമാണ് മുസ്‌ലിംകൾ. അമ്പൂർ, വാണിയമ്പാടി,വെല്ലൂർ തുടങ്ങിയ ജില്ലകളിലാണ് ഉറുദു മുസ്ലീങ്ങൾ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. അവർ വടക്കൻ ആർക്കോട് ജില്ലയിലും ഇന്നത്തെ വെല്ലൂർ ജില്ലയിലും തുകൽ വ്യവസായവും വ്യാപാരവുമായി ജീവിക്കുന്നു. വടക്കൻ തമിഴ്‌നാട്ടിലെ മുസ്‌ലിംകളും സംസ്ഥാനത്തിന്റെ തെക്ക് നിന്നുള്ളവരും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. തെക്കൻ ജില്ലകളിൽ രാമനാഥപുരം, പുതുക്കോട്ടൈ, തിരുനെൽവേലി, നാഗപട്ടണം പുലിക്കാട്ട്, കിളക്കരൈ, കായൽപട്ടണം, തുടങ്ങിയ ദേശങ്ങളിലാണ് മുസ്ലീങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

തെക്കൻ തമിഴ്‌നാട്ടിലെ മുസ്‌ലിംകൾക്ക് പരുത്തി നിർമ്മാണ പ്രവർത്തനങ്ങൾ -പരുത്തി നൂൽക്കുകയും നെയ്യുകയും ചെയ്യുക- എന്നതാണ് അവരുടെ പ്രധാന ഉപജീവന മാർഗ്ഗം. തെക്കൻ തമിഴ്‌നാട്ടിലെ നാഗൂർ, കായൽപട്ടണം, കീളക്കരൈ, അതിരമ്പാടനം തുടങ്ങിയ പട്ടണങ്ങൾ മുസ്‌ലിം സമുദായത്തിന്റെ സമ്പത്തിക സ്രോതസ്സായി മാറിയിരിക്കുന്നു. ഈ സ്ഥലങ്ങളിൽ ചിലത് ഇസ്ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഉന്നതി പ്രാപിച്ചിട്ടുണ്ട്.

തമിഴ് സംസ്‌കാരത്തിനും സമൂഹത്തിനും തമിഴ് മുസ്‌ലിംകൾ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പെരുമാറ്റത്തിലും ആചാരങ്ങളിലും വസ്ത്രധാരണത്തിലും ഭക്ഷണ രീതികളിലും ആഘോഷങ്ങളിലും ഇസ്‌ലാമിന്റെയും തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വാധീനമുണ്ട്. തമിഴ് ഇസ്‌ലാമിക സംസ്കാരങ്ങലുടെ യഥാർത്ഥ ആലിങ്കനം തമിഴ്നാട്ടിൽ കാണാം.

വ്യത്യസ്ത വംശങ്ങളിലും മതങ്ങളിലും ഭാഷകളിലും ഉള്ളവരെ ഒരുപോലെ ബഹുമാനിക്കുന്ന ഒരു സമ്പൂർണ്ണ സമൂഹത്തിന്റെ മികച്ച ഉദാഹരണമാണ് തമിഴ്‌നാട്. സാമുദായിക സൗഹാർദ്ദത്തിന്റെ കാര്യത്തിൽ, തമിഴ്‌നാട് ഇന്ത്യയിലെ ഒരു മരുപ്പച്ചയാണ്, സമുദായങ്ങൾ തമ്മിലുള്ള മതസഹിഷ്ണുത അതിൻ്റെ തനിമ ചോരാതെ പ്രചരിപ്പിക്കുകയം പ്രയോഗികമാക്കുകയും ചെയ്യുന്നു.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles