Culture

ഹോളിവുഡിലെ ഹിജാബ് ധരിച്ച സംവിധായിക

അമേരിക്കന്‍ സിനിമ ലോകത്ത് വേഷംകൊണ്ട് വ്യത്യസ്തയാവുകയാണ് ഹിജാബ് ധരിച്ച മുസ്ലിം എഴുത്തുകാരിയും സംവിധായികയുമായ ലെന ഖാന്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആകോള സിനിമയുടെ വ്യവസായ കേന്ദ്രമായാണ് ഹോളിവുഡിനെ ലോകം പരിഗണച്ചത്. എന്നാല്‍ അവിടുത്തെ മുസ്ലിം പ്രാതിനിധ്യമാണ് ലെന ഖാനിലൂടെ പുതുതായി ഉണ്ടായിരിക്കുന്നത്.

‘ഒരു വനിതാ സംവിധായികയ്ക്ക് ഹോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീകള്‍ക്ക് ഒരു സിനിമ സെറ്റിനെ നിയന്ത്രിക്കാനുള്ള കഴിവില്ലെന്നാണ് ഹോളിവുഡ് കരുതുന്നത്. അതോടൊപ്പം ഒരു മുസ്ലിം കൂടിയാവുമ്പോള്‍ പിന്നെ പറയേണ്ടതുമില്ലല്ലോ’ കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികളുടെ മകളായ ലെന ഖാന്‍ പറയുന്നു. പത്തു വയസ്സുമുതല്‍ ലെന വളര്‍ന്നത് യു. എസ്സിലാണ്. പഠനകാലത്ത് വിവിധ മേഖലകളില്‍ ശ്രമം നടത്തിയതിനു ശേഷമാണ് അവര്‍ സിനിമ തിരഞ്ഞെടുത്തത്.

നിശ്ചയദാര്‍ഢ്യത്തിന്റെ ഫലം

‘അധ്യാപികയാവണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അധ്യാപകരില്‍ നിന്ന് ഇക്കാലത്ത് കാര്യമായൊന്നും ആരും പഠിക്കുന്നില്ല എന്ന നിഗമനത്തിലാണ് ഞാനവസാനം എത്തിയത്. അതെ സമയം സിനിമയിലൂടെ ആളുകള്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും മറ്റും ധാരാളം മനസ്സിലാക്കുകയും ചെയ്യുന്നു.’

സിനിമ ലോകത്തേക്ക് കടന്നുവരാനുള്ള ലെനയുടെ തീരുമാനം വിമര്‍ശിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത് സമൂഹത്തില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നു. എന്നാല്‍ കഠിനമായ പരിശ്രമത്തിന്റെ ഫലമായി 2017ല്‍ ലെന ഖാന്‍ തന്റെ ആദ്യ ചിത്രം, ‘THE TIGER HUNTER’ വിജയകരമായി പുറത്തിറക്കി. അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന്റെ കഥ പറയുന്ന സിനിമയായിണത്.

മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഏഴു രാഷ്ട്രങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍കാലിക നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ കാലത്തായിരുന്നു ലെനയുടെ ഈ സിനിമ പുറത്തുവന്നത്. ഇത് സിനിമയുടെ പ്രാധ്യാന്യത്തെ ഒന്ന്കൂടി വര്‍ധിപ്പിച്ചതായി അവര്‍ പറയുന്നു.

പുതിയ വഴികളില്‍

ആദ്യ സിനിമ ലെനയുടെ മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നു. ഇപ്പോള്‍ അവര്‍ ഒരു ടെലിവിഷന്‍ പരിപാടിയോടൊപ്പം മറ്റൊരു സിനിമയും സംവിധാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഒന്നിനും വേണ്ടി തന്റെ സ്വത്വത്തെ ഇല്ലാതാക്കാന്‍ അവര്‍ തയ്യാറല്ല.

‘ഒരുപക്ഷെ രാത്രി 2 മണിവരെ ബാറില്‍ ചിലവഴിച്ചാല്‍ പ്രമുഖ വ്യക്തികളെ കാണാനും കൂടുതല്‍ ബിസിനസ് നേടാനും എനിക്ക് സാധിച്ചേക്കും. പക്ഷെ ഞാന്‍ അതിന് തയ്യാറല്ല. അതുകൊണ്ടാണ് സിനിമകള്‍ എനിക്ക് സ്വന്തം ചിലവില്‍ നിര്‍മിക്കേണ്ടി വന്നത്. ‘

ആളുകള്‍ ആദ്യം ശ്രെദ്ധിക്കുന്നത് തലയില്‍ ഇട്ടിരിക്കുന്ന ഹിജാബാണെന്ന് ലെന പറയുന്നു. തന്റെ വേഷവും ചെയ്യുന്ന ജോലിയും മറ്റുള്ളവരെ അതിശയപ്പെടുത്തുന്നുണ്ട്. ‘ പക്ഷെ ഞാന്‍ എന്റെ ജോലി ശരിക്കും ആസ്വദിക്കുന്നു. ഇതിന് ഒരുപാട് മൂല്യങ്ങള്‍ ഉള്ളതായി എനിക്ക് തോന്നാറുണ്ട്. ‘ തന്റെ പരിശ്രമങ്ങളുടെ പ്രതിഫലം ദൈവത്തില്‍ നിന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലെന ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Facebook Comments
Related Articles
Close
Close