Current Date

Search
Close this search box.
Search
Close this search box.

തുർക്കിയിൽ നിന്നൊരു ഫലസ്തീൻ സിനിമ

‘വാലി ഓഫ് ദി വോൾവ്സ്: പാലസ്തീൻ’ 2011-ൽ പുറത്തിറങ്ങിയ ഒരു ടർക്കിഷ് ആക്ഷൻ ചിത്രമാണ്. സുബൈർ ശശ്മാസ് സംവിധാനം ചെയ്ത് നജാതി ശശ്മാസ്, നൂർ ഫത്ഹേഗ്ലു, എർഡാൽ ബെസിക്സിയോഗ്ലു എന്നിവർ അഭിനയിച്ച ചിത്രമാണിത്. ഗാസ കപ്പൽ അക്രമണത്തിന് ഉത്തരവാദിയായ ഇസ്രായേലി മിലിട്ടറി കമാൻഡറെ കണ്ടെത്തി പ്രതികാരം ചെയ്യാൻ ഇസ്രായേലിലേക്ക് പോകുന്ന ഒരു തുർക്കി കമാൻഡോ ടീമിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വാലി ഓഫ് ദി വൂൾവ്സ് മീഡിയ ഫ്രാഞ്ചൈസിയുടെ ഭാഗമായാണ് ഈ ചിത്രവും എടുത്തിരിക്കുന്നത്. അതേ സീരിസിൽ വരുന്ന വാലി ഓഫ് ദി വോൾവ്സ്: ഇറാഖ് (2006), വാലി ഓഫ് ദി വോൾവ്സ്: ഗ്ലാഡിയോ (2008) എന്നിവയുടെ തുടർച്ചയാണ് ഈ ചിത്രവും. 2011 ജനുവരി 28-ന് തുർക്കിയിൽ ഉടനീളം റിലീസ് ചെയ്ത ചിത്രം, തുർക്കിയിൽ അതു വരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ തുർക്കി ചിത്രമായിരുന്നു. ‘വാലി ഓഫ് ദി വോൾവ്സ്: പാലസ്തീൻ’ റിലീസായ സമയത്ത് തന്നെ ഇസ്രായേൽ വിരുദ്ധവും പ്രകോപനപരവുമാണെന്ന് പാശ്ചേത്യ മീഡിയകൾ വിമർശിച്ചിരുന്നു.

തകർന്ന ഒരു നഗരത്തിന് മാനുഷിക സഹായവും നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്നതിനായി ഗസ്സ മുനമ്പിലെത്തിയ കപ്പലിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറുന്നു. കപ്പലിലുണ്ടായിരുന്ന സാമൂഹിക പ്രവർത്തകർ അവരെ ചെറുത്തുനിൽക്കുകയും ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ വാർത്തയറിഞ്ഞ് പോളറ്റ അലെംദാറിന്റെ നേതൃത്വത്തിലുള്ള ഒരു തുർക്കി കമാൻഡോ സംഘം വെസ്റ്റ് ബാങ്കിലേക്ക് യാത്ര ചെയ്യുന്നു. അവിടെ അവർ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർക്കെതിരെ ഒരു രഹസ്യ അന്വേഷണം നടത്തി, ഇസ്രായേലി ജനറലായ മോഷെ ബെൻ എലിയേസറാണ് കപ്പൽ അക്രമണത്തിന്റെ ഉത്തരവാദിയെന്ന് അവർ കണ്ടെത്തുന്നു. ആ നിമിഷം മുതൽ ഒരു സംഘർഷത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ട മോഷെയെ കീഴടക്കാൻ പോളറ്റ് ശ്രമിക്കുന്നു. തുർക്കി കമാൻഡോയ്ക്ക് ഫലസ്തീനിയായ അബ്ദുല്ലയിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞതിന് ശേഷം, അബ്ദുല്ലയുടെ കുടുംബത്തെ മോഷെ അറസ്റ്റ് ചെയ്യുകയും അബ്ദുല്ലയുടെ മകൻ അഹ്മദിനൊപ്പം അവരുടെ വീട് ബുൾഡോസർ കൊണ്ട് നശിപ്പിക്കുകയും ചെയ്യുന്നു. കഠിനമായ യുദ്ധത്തിന് ശേഷം പോലറ്റ് മോഷെയെ കൊല്ലുന്നതാണ് കഥയുടെ അവസാനം.

2010 മെയ് 31 ന് ഗസ്സ കപ്പൽ അക്രമണം നടക്കുന്നതിന് മുമ്പെ തുർക്കിയിലെ പാന ഫിലിം ഫലസ്തീൻ പശ്ചാതലത്തിൽ ഒരു സിനിമ എടുക്കാൻ തയ്യാറായിരുന്നു. മെയ് 31 ന് ഗസ്സ ഫ്ലോട്ടില്ല റെയ്ഡ് നടന്നപ്പോൾ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയായിരുന്നു. പക്ഷെ, അക്രമണ പശ്ചാത്തലത്തെ കേന്ദ്രഭാഗമായി അവതരിപ്പിക്കുന്നതിനായി നിലവിലുള്ള സ്ക്രിപ്റ്റ് മാറ്റിയെഴുതുകയായിരുന്നു. “ഈ സിനിമ പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചല്ല. പലസ്തീനികൾ എന്താണ് അനുഭവിക്കുന്നതെന്ന് കാണിക്കുകയെന്നതാണ് സിനിമയുടെ ലക്ഷ്യം” എന്ന് നിർമ്മാതാവ് സബേർ സാസ്മാസ് സിനിമ പുറത്തിറങ്ങിയ സമയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. “ഞങ്ങൾ ജനങ്ങളുടെ മനസ്സാക്ഷിയോട് വിളിച്ചുപറയുകയാണ്. ഞങ്ങൾക്ക് വേണ്ടത് മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന നിരപരാധികളും പീഡിതരുമായ ഫലസ്തീൻ ജനതയ്ക്കുള്ള സ്വാതന്ത്ര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഫലസ്തീനാണ്” എന്ന് തിരക്കഥാകൃത്ത് ബഹാദർ ഓസ്‌ഡെനറും പറയുന്നുണ്ട്.

20 മില്യൺ ഡോളറിലധികമായിരുന്നു ചിത്രത്തിൻറെ ബജറ്റ്. 2010 ലെ വേനൽക്കാലത്ത് 400 പേരടങ്ങുന്ന സംഘത്തോടൊപ്പം തുർക്കിയിലെ അദാനയിലും ടാർസസിലും ലൊക്കേഷനിട്ട് പതിനൊന്ന് ആഴ്ചകൾ കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ചരിത്രപരമായ ഘടനയും തെരുവുകളും പ്രാദേശിക സംസ്കാരവും കണക്കിലെടുത്ത് ലെബനാൻ, സിറിയ, ബൾഗേറിയ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളും തുർക്കിയിലെ ഹതയ്, എലാസിഗ്, സാൻ‌ലിയുർഫ, ഗാസിയാൻടെപ് എന്നിവയുൾപ്പെടെ 20 പ്രവിശ്യകളും പരിശോധിച്ച ശേഷമാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് പാന ഫിലിം അധികൃതർ വ്യക്തമാക്കിയിരുന്നു.

സിനിമയിലെ ഇസ്രായേൽ വിരുദ്ധത, യഹൂദവിരുദ്ധ പ്രചാരണം, അമേരിക്കൻ വിരുദ്ധ പരാമർശങ്ങൾ കാരണവും 2011 ജനുവരി 27ന് (അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനം) റിലീസ് ചെയ്യാനിരുന്നതിലും മറ്റു ചില വിവാദങ്ങൾക്ക് കാരണമായതിനാലും, ചിത്രത്തിന് ജർമ്മനിയിലെ FSK (Voluntary Self Regulation of the Movie Industry) -ൽ നിന്ന് അഡൽറ്റ് സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ജൂത സംഘടനകളും തുർക്കി വംശജരായ രാഷ്ട്രീയക്കാരും സിനിമയെ എതിർക്കുകയും ചിലർ സിനിമയെ നിരോധിക്കാൻ ശ്രമിക്കുകയും ചെയ്തു.

‘വാലി ഓഫ് ദി വോൾവ്സ്: പാലസ്തീൻ’ അധിനിവേശത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങൾ വെളിച്ചെത്തെത്തിക്കുന്ന ഒരു ചിത്രമാണ്. സൈനിക കടന്നുകയറ്റവും ഗസ്സ ഉപരോധവും ഉൾപ്പെടെയുള്ള ഇസ്രായേൽ സർക്കാരിന്റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ ശക്തമായ വിമർശനമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫലസ്തീനികൾ സഹിച്ച കഷ്ടപ്പാടുകളും അനീതിയും സിനിമ ഉയർത്തിക്കാട്ടുകയും അതേസമയം ഫലസ്തീൻ ജനതയുടെ ദൃഢതയും നിശ്ചയദാർഢ്യവും വ്യക്തമാക്കുകയും ചെയ്യുന്നു.

ഇസ്രായേൽ-ഫലസ്തീനിയൻ സംഘർഷത്തിന്റെ ആവേശകരവും ആകർഷകവുമായ ദൃശ്യങ്ങളാണ് സിനിമ നൽകുന്നത്. ചിത്രം ഫലസ്തീൻ ജനതയുടെ വികാരങ്ങളും പോരാട്ടങ്ങളും അഭിലാഷങ്ങളും വിജയകരമായി പകർത്തുന്നുണ്ട്. ഫലസ്തീന്റെ പ്രാദേശികപരമായും ചരിത്രപരമായും ബന്ധങ്ങൾ കാഴ്ചക്കാർക്ക് ഉള്ളിൽ സിനിമ കാണുമ്പോൾ പ്രതിധ്വനിക്കും. ഏതൊരു കലാസൃഷ്ടിയെയും പോലെ, സിനിമ അതിന്റെ ആഖ്യാനവുമായി വിമർശനാത്മകമായി ഇടപെടാനും സംഘർഷത്തിന്റെ സങ്കീർണ്ണതകളെ പ്രതിഫലിപ്പിക്കാനും കഴിയുന്നു.

 

Refernce:
Arsu, Sebnem (2010-09-02). “‘Valley of the Wolves: Palestine'”. New York Times.
https://en.wikipedia.org/wiki/Valley_of_the_Wolves:_Palestine
“Anti-Israel film on Gaza ship opens in Turkey”. Cumhuriyet. 2011-01-28.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles