Current Date

Search
Close this search box.
Search
Close this search box.

മാതൃകപരമായ ഗവേഷണവും അതിന്റെ രീതിയും

എല്ലാ കാര്യത്തിലും അതിന്റേതായ പരിപൂര്‍ണത അനിവാര്യമാണ്. ഒരു കാര്യത്തിനു ശ്രേഷ്ടത കൈവരുമ്പോള്‍ അതിന്റെ സൗന്ദര്യവും സൗരഭ്യവും ഭംഗിയും വര്‍ദ്ധിക്കുന്നു. അല്ലാഹു പറയുന്നു :  തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു  (അല്‍ ഹുജുറാത്ത്-13) തഖ്‌വയുടെ കാര്യത്തില്‍ ഉന്നതി പ്രാപിക്കുന്നവനു ഏറ്റവും ആദരണീയന്‍ എന്ന വിശേഷണം കൂടി ഉണ്ടാകുന്നു എന്നു ഈ വചനങ്ങള്‍ അറിയിക്കുന്നു. മഹത്വത്തിന്റെ കാര്യത്തില്‍ നബി(സ) ഇപ്രകാരം പറഞ്ഞു : നിങ്ങളില്‍ ഏറ്റവും നല്ല പാരായണക്കാരന്‍ ഉബയ്യ്(റ) ആകുന്നു. (ശറഹുസുന്ന: 14/185) അനസ് ബിന്‍ മാലിക് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്നും നമുക്ക് ശ്രേഷ്ടതയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. നബി (സ) പറഞ്ഞു:  എന്റെ സമുദായത്തിലെ ഏറ്റവും കാരുണ്യവാന്‍ അബൂബക്കര്‍ ആകുന്നു. അവരില്‍  ഏറ്റവും ശക്തന്‍ ഉമര്‍ ആകുന്നു. ഏറ്റവും നല്ല ഖുര്‍ആന്‍ പാരായണക്കാരന്‍ ഉബയ്യ് ആകുന്നു.  നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും  സൂക്ഷമത പുലര്‍ത്തുന്നത് സൈദ് ബിന്‍ സാബിത് ആകുന്നു. ഹലാല്‍ ഹറാമിനെക്കുറിച്ച് ഏറ്റവും അറിവുള്ളത് മുആദ് ബിന്‍ ജബലിനാകുന്നു. അറിയുക, എല്ലാ സമുദായത്തിനും ഒരു വിശ്വസ്തന്‍ ഉണ്ടാകും. ഈ സമുദായത്തിന്റെ വിശ്വസ്തന്‍ അബൂ ഉബൈദതു ബിന്‍ ജര്‍റാഹ് ആകുന്നു. (അന്നസാഈ ഫില്‍ കുബ്‌റാ 8242, തിര്‍മിദി 3791) ഇവരെല്ലാവരും അവരവരുടെ മഹത്വം കാരണം പ്രശംസക്കര്‍ഹരായവരാണ്. അവരിലെ ഏറ്റവും ഉയര്‍ന്ന ഗുണങ്ങളാണ് അവരെ അതിനര്‍ഹരാക്കിയത്.

ഇഹ്‌സാന്‍ എന്ന ശ്രേഷ്ട ഗുണം ഇല്ലാതെ ഇബാദത്തുകള്‍ക്ക് പൂര്‍ണത പ്രാപിക്കുകയില്ല. ജിബ്‌രീലിന്റെ, എന്താണ് ഇഹ്‌സാന്‍ എന്ന ചോദ്യത്തിനു നബി(സ)യുടെ മറുപടി ഇപ്രകാരം ആയിരുന്നു. നീ അല്ലാഹുവിനെ കാണുന്നതു പോലെ അവനെ ഇബാദത്ത് ചെയ്യുക. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട് (ബുഖാരി 50,4777 മുസ്‌ലിം 1,5). ഒരു അടിമയെ മറ്റൊരു അടിമയില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഇഹ്‌സാന്‍ എന്ന ഗുണമാണ്.  ഇതു പോലെത്തന്നെയാണ് എല്ലാ കാര്യങ്ങളും. അവ മികവുറ്റ രീതിയിലാകണമെങ്കില്‍ അതിന്റെ നിബന്ധനകള്‍ അനുസരിക്കല്‍ നിര്‍ബന്ധമാണ്.അതിനാല്‍ വ്യത്യസ്തമായതും മികച്ചതും മാതൃകാപരവുമായ ഒരു ഗവേഷണം തയ്യാറാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കല്‍ അനിവാര്യമാണ്.

1- ഗവേഷണ പ്രബന്ധം എഴുതി തയ്യാറാക്കുന്നതിനു മുമ്പ് പരന്ന വായന. ഇത് ഗവേഷകനെ കൂടുതല്‍ യോഗ്യനാക്കുകയും അവന്റെ സര്‍ഗ ശേഷിയെ പോഷിപ്പിക്കുകയും അവന്റെ ഗവേഷണത്തിനാവശ്യമായ പുതിയ ചക്രവാളങ്ങള്‍ തുറന്നിടുകയും ചെയ്യുന്നു.
2- പ്രത്യേകവും അനുയോജ്യവുമായ മാര്‍ഗരേഖ തയ്യാറാക്കുക. ഏതൊക്കെ പുസ്തകങ്ങളും മാസികകളും മാഗസിനുകളും വായിക്കാനുള്‍പ്പെടുത്തണമെന്ന് ഒരു പട്ടിക ക്രമീകരിക്കുക. അതു പോലെത്തന്നെ, ഗവേഷകരുടെയും എഴുത്തുകാരുടെയും നിര്‍ദേശങ്ങള്‍ എടുക്കുന്നതിലും വിദഗ്ദന്മാരില്‍ നിന്നു ഉപദേശം തേടുന്നതിലും ഒരു ക്രമം രൂപീകരിക്കുക.
3- ലഭ്യമായ എല്ലാ മെറ്റീരിയലുകളും പ്രാധാന്യമനുസരിച്ച് ക്രമപ്പെടുത്തുക. പിന്നീടവ പുനഃപരിശോധിക്കുകയും ചെയ്യേണ്ടതാണ്.
4- ആവര്‍ത്തനം ഒഴിവാക്കുക. പഴയത് വീണ്ടും ചേര്‍ക്കാതിരിക്കുകയും കാലാനുസൃതമല്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
5- പ്രാമാണികമായതും ആനുകാലികമായതുമായ വിവരങ്ങള്‍ മാത്രം ചേര്‍ക്കുക. കാലിക പ്രസക്തിയുള്ള മെറ്റീരിയലുകള്‍ ശേഖരിക്കുക.
6- മറ്റുള്ളവര്‍ക്ക് ഉപകാര പ്രദമാകുന്ന രീതിയില്‍ അതിനെ സുന്ദരവും ലളിതവും ചിത്രസഹിതവുമാക്കുക.
7- ഗവേഷണത്തെ ഒന്നടങ്കം സ്പര്‍ശിക്കുന്ന രീതിയില്‍ അതിലെ സുപ്രധാനമായ പോയിന്റുകള്‍ ക്രമീകരിക്കുകയും അതിന്റെ അകക്കാമ്പിനെ രേഖപ്പെടുത്തുകയും ചെയ്യുക.
8- എല്ലാ കാര്യങ്ങളിലും ശാഖാപരമായ സ്രോതസ്സുകള്‍ക്ക് പകരം അടിസ്ഥാന സ്രോതസ്സുകള്‍ അവലംബമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.
9- മറ്റു ഗവേഷണങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും രചനകളില്‍ നിന്നും എടുത്തുദ്ധരിക്കുമ്പോള്‍ വൈജ്ഞാനികമായ സത്യസന്ധത പുലര്‍ത്താന്‍ ശ്രദ്ധിക്കുക.
10- ഒരാളുടെ വാക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ വൈജ്ഞാനിക സത്യസന്ധതയില്‍ നിന്ന് അകലുന്നത് സൂക്ഷിക്കുക.
11- വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം അഭിപ്രായം സ്വീകരിക്കുകയും ശക്തമായ പ്രമാണങ്ങളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ അതിനു പരിഗണന നല്‍കുകയും ചെയ്യുക.
12- സന്ദര്‍ഭത്തിനനുസരിച്ച് ഒരാളുടെയും വാക്കുകളെ മുറിച്ച് തെറ്റായി വ്യാഖ്യാനിക്കാതിരിക്കുക. അതിന്റെ കര്‍ത്താവിന് തൃപ്തിയില്ലെങ്കിലും ഭാഷാ ശൈലിയെ അത് സഹായിക്കുന്നില്ലെങ്കിലും അതില്‍ നിന്ന് വിട്ടു നില്‍ക്കുക.
13- തെളിവുകളുടെ പിന്‍ബലത്തില്‍ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമ്പോള്‍ താഴ്മയും ആദരവും മര്യാദയും പ്രകടിപ്പിക്കുക. ആരെയും കുത്തി നോവിക്കാതിരിക്കുകയും ദ്രോഹിക്കാതിരിക്കുകയും ചെയ്യുക.
14- ഗവേഷണ സമയത്ത് വൈജ്ഞാനിക സ്വയം പര്യാപ്തത അവകാശപ്പെടുന്നതില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും അകന്ന് നില്‍ക്കുക.
15- ഖുര്‍ആനും സുന്നത്തിനും ഭാഷാപ്രയോഗങ്ങള്‍ക്കും നിരക്കാത്ത അഭിപ്രായങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

വിവ : ശഫീഅ് മുനീസ്‌

Related Articles