Current Date

Search
Close this search box.
Search
Close this search box.

ദേശം

National.jpg

സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് സ്ഥലം എസ്.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ അവിടേക്കിരച്ചെത്തിയത്.
‘എവിടെ കുഞ്ഞാലി മാഷ്’
എസ്.ഐ അലറി.
‘എന്താ സാറേ ‘.
ആള്‍കൂട്ടത്തിനിടയില്‍ നിന്ന് നീണ്ട് കറുത്ത താടിയുള്ള തലയില്‍ വെള്ളതൊപ്പി ധരിച്ച കണ്ണുകളില്‍ നിഷ്‌കളങ്ക ഭാവമുള്ള കുഞ്ഞാലി മാഷ് പ്രത്യക്ഷപ്പെട്ടു. ‘എന്താടോ ഇത്?’ എസ്.ഐ കുഞ്ഞാലി മാഷിന്റെ ജുബ്ബയുടെ മേല്‍ക്കീശയില്‍ കുത്തിവെച്ച ദേശീയ പതാകയുടെ മൂവര്‍ണ്ണ നിറത്തിലുള്ള കാര്‍ഡിലേക്ക് ചൂണ്ടി ചോദിച്ചു.

‘തല തിരിച്ച് കുത്തി ദേശീയ പതാകയെ അപമാനിക്കുന്നോ? കയറ് ജീപ്പില്‍’

സ്‌കൂള്‍ മുഴുവന്‍ ഒരു നിമിഷം മൂകമായി. പ്രധാനാധ്യാപക വാസന്തി ടീച്ചര്‍ മൂന്നോട്ട് വന്നു.

‘സര്‍ ഇദ്ദേഹത്തിന് ഒരബദ്ധം പറ്റിയതായിരിക്കാം. രാവിലെ വീട്ടിന്ന് ഇറങ്ങുമ്പോ ഞാന്‍ മകള്‍ക്ക് അറിയാതെ തല തിരിച്ചാണ് പോക്കറ്റില്‍ പിന്‍ ചെയ്തു കൊടുത്തത്. ചെയ്തത് അബദ്ധമാണെന്നറിഞ്ഞപ്പോള്‍ അത് മാറ്റി പിന്‍ ചെയ്തു. അതുപോലെ കരുതിയാ പോരെ സാറെ ഇതും?’

‘ടീച്ചര്‍ എന്തിനാ വെറുതെ ഇത്തരം രാജ്യദ്രോഹികളെ സപ്പോര്‍ട്ട് ചെയ്യുന്നത്.’

എസ്.ഐ രോഷത്തോടെ പറഞ്ഞു. കുഞ്ഞാലി മാഷിനെ അറിയുന്ന സ്‌നേഹിക്കുന്ന ഓരോ അധ്യാപകനും വിദ്യാര്‍ത്ഥികളും തേങ്ങി. അപമാനിതനായി ജീപ്പിലേക്ക് കയറുന്നതിന് മുമ്പ് കുഞ്ഞാലി മാഷ് എസ്.ഐയോട് പറഞ്ഞു:

‘സാറേ ഇന്ന് സ്വാതന്ത്ര്യ ദിനമായത് കൊണ്ട് രാവിലെ തന്നെ വലിയ ആധിയായിരുന്നു. അബദ്ധങ്ങളൊന്നും പറ്റല്ലെ എന്ന്. ഞാനൊരു ഹിന്ദുവായിരുന്നെങ്കില്‍ എനിക്ക് ദേശീയ പതാക കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടക്കാം. ആരും എന്റെ ദേശക്കൂറ് സംശയിക്കില്ല. എന്നാല്‍ ഇന്ന് ദേശീയ ഗാനം ചൊല്ലുമ്പോള്‍ സ്ഥിരമായി എനിക്കുണ്ടാകുന്ന തുമ്മല്‍ പോലും ദേശ ദ്രോഹമാകുമെന്ന് ഞാന്‍ ഭയന്നു. ഈ കാര്‍ഡ് കീശയില്‍ കുത്തുമ്പോള്‍ ഒട്ടും പിഴവ് വരാതിരിക്കാന്‍ ഞാന്‍ അരവിന്ദന്‍ മാഷിന്റെത് നോക്കിയാണ് കുത്തിയത്.’

ഇത് കേട്ടതും എല്ലാവരും അരവിന്ദന്‍ മാഷിന്റെ നേരെ തിരിഞ്ഞു. ശരിയാണ് തികഞ്ഞ കമ്യൂണിസ്റ്റുകാരനും നെറ്റിയില്‍ നേര്‍ത്ത ചന്ദനകുറി തൊടുകയും ചെയ്യുന്ന അരവിന്ദന്‍ മാഷും തലതിരിച്ചാണ് കുത്തിയിട്ടുള്ളത്. എസ്.ഐ മുന്നോട്ട് വരുമ്പോള്‍ മാഷ് വേഗത്തില്‍ അത് നേരെയാക്കാന്‍ തുടങ്ങി. അടുത്തെത്തിയ എസ്.ഐ അരവിന്ദന്‍ മാഷിന്റെ രാഖി കെട്ടിയ കയ്യില്‍ പിടിച്ച് സൗമ്യമായി പറഞ്ഞു.

‘ദേശസ്‌നേഹിയായ താങ്കളെപ്പോലുള്ളവര്‍ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്.’

കുഞ്ഞാലി മാഷെ കയറ്റിയ പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എ.എസ്.ഐ െ്രെഡവര്‍ ഷാജഹാന്റെ കൈകള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

Related Articles