Current Date

Search
Close this search box.
Search
Close this search box.

യുദ്ധം,സമാധാനം,ഐസ്‌ക്രീം

ബെയ്‌റൂത് നഗരത്തിലെ മികച്ച ഐസ്‌ക്രീം അന്വേഷിച്ച് നടന്നാല്‍ നിങ്ങള്‍ 62കാരനായ മിത്രി ഹന്ന മൂസയും അവരുടെ മാതാവ് സാമിറയും നടത്തുന്ന ഐസ്‌ക്രീം കടയിലാണ് നിങ്ങള്‍ ചെന്നെത്തുക. ഞങ്ങള്‍ എത്തിയപ്പോള്‍ അവര്‍ അവിടെ പിസ്തയുടെ പരിപ്പ് അരക്കുകയും സ്‌ട്രോബറികള്‍ അരിയുകയുമായിരുന്നു. ഇവയെല്ലാം കൂടി പാലില്‍ ചേര്‍ത്ത് മിശ്രിതമാക്കി പാകം ചെയ്യുമ്പോള്‍ ബെയ്‌റൂതിലെ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ഐസ്‌ക്രീം ആയി മാറുന്നു.

moosa

കിഴക്കന്‍ ബെയ്‌റൂതിലെ ഈ ചെറിയ കടയില്‍ എപ്പോള്‍ ചെന്നാലും നിങ്ങള്‍ക്ക് സ്വാദിഷ്ടമായ ഐസ്‌ക്രീമുകള്‍ ലഭിക്കും. മൂസയുടെ കടക്ക് പുറത്ത് എല്ലാ ദിവസവും വലിയ നിര തന്നെ കാണാം. 1949ല്‍ മൂസയുടെ പിതാവാണ് ഈ കട ആരംഭിച്ചത്. അദ്ദേഹം മരിച്ചതില്‍ പിന്നെ ഉമ്മയും മൂസയുമാണ് കട നടത്തുന്നത്. എട്ടു വയസ്സു മുതല്‍ തന്നെ ഞാന്‍ പിതാവിനെ കടയില്‍ സഹായിച്ചിരുന്നു. സ്‌കൂള്‍ പഠന ശേഷം പിന്നീടങ്ങോട്ട് ഇവിടെ സ്ഥിരമാവുകയായിരുന്നു. പിതാവിന്റെ കൈപുണ്യം രുചിച്ചറിഞ്ഞും കേട്ടറിഞ്ഞും വര്‍ഷങ്ങളായി ആളുകള്‍ ഇവിടേക്കൊഴുകിയിരുന്നു. ഈ സമയമാണ് ലബനാനില്‍ സിവില്‍ യുദ്ധം രൂക്ഷമാകുന്നത്. യുദ്ധത്തിനിടെ കടയിലെ ഓവനില്‍ തുളച്ചു കയറിയ വെടിയുണ്ടയുടെ അടയാളം ഇന്നും ഇവിടെ കാണാം.

ആധുനിക ഐസ്‌ക്രീം കടകളെപ്പോലെയല്ല ഇവിടെ. സീസണുകള്‍ക്കനുസരിച്ചാണ് ഐസ്‌ക്രീമുകള്‍ തയാറാക്കുന്നത്. വ്യത്യസ്ത തരം ഐസ്‌ക്രീമുകളുടെ ഒരു നീണ്ട നിര തന്നെ ഇവിടെ കാണാം. ഈദ്, ഈസ്റ്റര്‍ ആഘോഷ വേളകളില്‍ തയാറാക്കുന്ന ഐസ്‌ക്രീം ആണ് ‘മോമോള്‍’. ഈത്തപ്പഴവും പിസ്തയുമാണ് ഇതിലെ പ്രധാന കൂട്ടുകള്‍. ഇത്തരത്തില്‍ വിവിധ ആഘോഷവേളകളില്‍ വ്യത്യസ്ത പേരുകളിലുള്ള ഐസ്‌ക്രീമുകള്‍ ഇവിടെ പ്രസിദ്ധമാണ്.

നിങ്ങള്‍ക്ക് എന്റെ ഐസ്‌ക്രീം ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും കഴിക്കാം. ഇന്ന് കടകളില്‍ കാണുന്ന തരത്തിലുള്ള ഐസ്‌ക്രീം അല്ല ഇത്. അധികം മധുരമുള്ളതുമല്ല, ജ്യൂസ് പോലെയുള്ളതാണിത്. ഹന്ന മൂസ പറയുന്നു. മൂസയുടെ പിതാവ് ഐസ്‌ക്രീമിന്റെ കൂട്ട് ആര്‍ക്കും പറഞ്ഞു നല്‍കിയിട്ടില്ല. തന്റെ ഭാര്യക്കു പോലും. അതിനാല്‍ തന്നെ ഇവിടുത്തെ ഐസ്‌ക്രീം ചേരവുകളുടെ രഹസ്യം ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റിയില്ല.
പിതാവ് രോഗശയ്യയില്‍ കിടക്കുമ്പോഴാണ് തനിക്ക് മിശ്രിതത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞു തന്നതെന്ന് ഓര്‍ക്കുകയാണ് മൂസ. ദൂര ദിക്കുകളില്‍ നിന്നും മൂസയുടെ ഐസ്‌ക്രീം കഴിക്കാന്‍ ആളുകള്‍ ഇങ്ങോട്ടൊഴുകാറുണ്ട്.

1990ലെയും 2006ലെയും ലബനാന്‍ യുദ്ധ സമയത്ത് ഒട്ടേറെ പ്രതിസന്ധികള്‍ തങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും മൂസ പറയുന്നു. ലബനാനിലെ ഹിസ്ബുല്ലക്കെതിരെ ഇസ്രായേലിന്റെ നേതൃത്വത്തിലായിരുന്നു യുദ്ധം ആരംഭിച്ചത്. യുദ്ധം കൊടുമ്പിരി കൊണ്ട കാലത്ത് കട അടച്ചിട്ടതും മൂസ ഓര്‍ക്കുന്നു. രണ്ടോ മൂന്നോ വര്‍ഷക്കാലം കട അടച്ചിട്ടിരുന്നു. നിത്യ വരുമാനത്തിനായി ഏറെ കഷ്ടപ്പെട്ടിരുന്ന സമയമായിരുന്നു അത്. പിതാവ് രോഗബാധിതനായി കിടക്കുന്ന സമയത്ത് ചേരുവകള്‍ അറിയാതെ ഞങ്ങള്‍ ബുദ്ധിമുട്ടിയെന്നും മൂസ പറയുന്നു.

യുദ്ധം രൂക്ഷമായപ്പോള്‍ പുറത്തെ യൂനിവേഴ്‌സിറ്റിയില്‍ പോയി ഉപരി പഠനം നടത്താനുള്ള തീരുമാനം മൂസ മാറ്റി. പിതാവിന്റെ പാചക രഹസ്യം പഠിക്കുക എന്നതു മാത്രമായി പിന്നീട് ലക്ഷ്യം. തന്നെ ബിസിനസിന് പഠിപ്പിക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. മൂസക്ക് നേരത്തെ ബാങ്കില്‍ ജോലിയുണ്ടായിരുന്നു. 2012ല്‍ പിതാവിന് രോഗം മൂര്‍ഛിച്ചപ്പോഴും കട അടച്ചിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് മരണ ശേഷം തന്റെ പിതാവ് ഏല്‍പിച്ച ബാറ്റണ്‍ സ്വീകരിച്ച് ഇന്ന് പുതിയ പ്രതീക്ഷകളോടെ ഐസ്‌ക്രീമിന്റെ വിവിധ രുചിഭേദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടു പോകുകയാണ് മൂസയും കുടുംബവും.

അവലംബം: www.middleeasteye.net
വിവ: സഹീര്‍ വാഴക്കാട്‌

Related Articles