Current Date

Search
Close this search box.
Search
Close this search box.

ഖറാഖൂഷ്; നായകനോ വില്ലനോ?!

ചരിത്രം വില്ലൻ പരിവേഷം നല്കിയ ഒരുപാടു പേരുണ്ട്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഏറ്റവും അടുത്ത കാലത്ത് ജീവിച്ചിരുന്ന ഈദി അമീനെ ( 1928 – 2003 ) ചരിത്രം കാണുന്നത് മനുഷ്യമാംസ ഭോജിയും ക്രൂരനുമായ ഭരണാധികാരിയായാണ്. മുഹമ്മദ് ബിൻ തുഗ്ലക്കിനെ (1290 – 1351) ഭ്രാന്തൻ രാജാവ് എന്നാണ് സർക്കാർ പാഠപുസ്തകങ്ങളിൽ പോലും ചിത്രീകരിച്ചിട്ടുള്ളത്. ഔറംഗസീബിനെ (1618 – 1707 )  മതഭ്രാന്തനായി പലയിടത്തും പറയുന്നുണ്ട്. അങ്ങനെ ജീവിതത്തിൽ വില്ലനായി ചരിത്രകാരന്മാർ വക്രീകരിച്ച മറ്റൊരു ധീരനാണ് ഖറാഖൂഷ്.

ഇബ്നു മമാതി (1149-1209) എന്ന സാഹിത്യകാരനെഴുതിയ അൽ ഫാഷൂഷ് ഫീ അഹ്കാമിൽ ഖറാഖൂഷ് എഴുതിപ്പിടിപ്പിച്ച നിറം പിടിപ്പിച്ച കഥകൾ വായിച്ച് വളർന്ന തലമുറ അവരുടെ പേരമക്കളെ പേടിപ്പിച്ചുറക്കാൻ പറഞ്ഞു കൊടുത്ത മുത്തശ്ശിക്കഥകളാണ് വക്രതാനുവക്രതം പാടിപ്പതിഞ്ഞ് അദ്ദേഹത്തെ വില്ലനായി ചിത്രീകരിക്കപ്പെടാൻ കാരണം. അബ്ബാസി കാലത്തെ മുതനബ്ബി കവിതകളിലെ കാഫൂറിനെ പോലെ അന്യായമായ ആക്ഷേപത്തിനും അപവാദ സാഹിത്യത്തിനും ഇരയായ ഒരു മനുഷ്യനാണ് ഖറാഖൂഷ്.

സ്വലാഹുദ്ദീൻ അയ്യൂബിയുടെ (1137/1193) ഭരണത്തിന് ശേഷം എല്ലാ കാലത്തും എല്ലാ രാജ്യത്തും ആളുകളുടെ നാവിൽ നിറഞ്ഞുനിൽക്കുന്നു പാവം ഖരാഖൂഷ്. ഒരു സർക്കാരിനെ അനീതിയും അഴിമതിയും നിറഞ്ഞത് എന്ന് വിശേഷിപ്പിക്കാൻ “ഇതാണ് ഖരാഖൂഷിൻ്റെ ഭരണം” എന്ന് പറയാറുണ്ടായിരുന്നുവത്രെ! ഖറാഖൂഷ് എന്നാൽ ടർക്കിഷ് ഭാഷയിൽ അർത്ഥം: കറുത്ത കഴുകൻ (ഖരാ: കറുപ്പ്,ഖോഷ്: കഴുകൻ) എന്നാണ്. ഖറാഖൂഷിന് രണ്ട് ചിത്രങ്ങളുണ്ട്: സത്യസന്ധമായ ഒരു ചരിത്രചിത്രം, എതിരാളികളുടെ ഒരു സാങ്കൽപ്പിക വക്രീകൃതചിത്രം.

بهاء الدين أبو سعيد قراقوش بن عبد الله الأسدي എന്ന് മുഴുവൻ പേര്. ജനിച്ച വർഷമോ കുടുംബ വേരുകളോ ആധികാരികമല്ലാത്തത് കൊണ്ട് മാത്രം അദ്ദേഹത്തെ സംബന്ധിച്ച യഥാർത്ഥ ചരിത്രചിത്രം മായ്‌ക്കപ്പെടുകയോ വിസ്മൃതിയിലാകുകയോ ചെയ്‌തപ്പോൾ, സാങ്കൽപ്പിക ചിത്രം നിലനിൽക്കുകയും ഇല്ലാക്കഥകൾ പാടിപ്പറഞ്ഞ് അനശ്വരമാക്കപ്പെടുകയും ചെയ്‌തു.

യഥാർത്ഥത്തിൽ ആരാണീ ഖറാഖൂഷ്? ഇസ്‌ലാമിൻ്റെ മധ്യകാല ചരിത്രത്തിലെ ഉയിർത്തെഴുന്നേല്പിൻ്റെ നായകനായ സ്വലാഹുദ്ദീൻ അയ്യൂബിയുടെ സൈനിക നേതാക്കളിൽ ഒരാളായിരുന്നു ഖറാഖൂഷ്. അയ്യൂബിയുടെ ഏറ്റവും വിശ്വസ്തനും, സത്യസന്ധനുമായ സൈനികനും, സമാനതകളില്ലാത്ത സൈനിക മേധാവിയുമായിരുന്നു അദ്ദേഹം. ഒരു സൈനികൻ്റെ ഉത്തമ ഉദാഹരണമായിരുന്നു ഖറാഖൂഷ്.

അദ്ദേഹത്തിനൊരു ഔദ്യോഗിക കൽപ്പന ലഭിച്ചാൽ, അതിനെ എതിർക്കാതെ, കാലാവസ്ഥ പരിഗണിക്കാതെ, കാലതാമസം കൂടാതെ അനുസരിക്കുകയും, തൻ്റെ സൈനികർ തൃപ്തിപ്പെടാത്ത ഒരു ഉത്തരവിന് ഉത്തരവുണ്ടായാൽ പോലും തൻ്റെ അനുയായികളുടെ എതിർപ്പ് കൂടാതെ, കൽപ്പനക്ക് പരിഗണന നൽകുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.

സത്യസന്ധതയിൽ അദ്ദേഹം അത്ഭുതമായിരുന്നു. ഭരണാധികാരിയുടെ ആസന്നമായ വിയോഗം മനസ്സിലാക്കിയപ്പോൾ, കൊട്ടാരത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി പലരും മുങ്ങാൻ സാധ്യതയുണ്ടായിരുന്ന വേളയിൽ സ്വയമറിഞ്ഞ് ആ കോട്ടക്ക് സംരക്ഷണം നൽകാൻ സ്വയം സന്നദ്ധനായി കോട്ടയുടെ പുറത്ത് വൻമതിൽ കണക്കെ നിലയുറപ്പിച്ച ആളായിരുന്നു ഖറാഖൂഷ്.

ആ കൊട്ടാരം പോലും ഒരു ചെറിയ നഗരസമാനമായിരുന്നു. അതിൽ ഫാത്തിമി ഖലീഫമാർ നൂറ്റാണ്ടുകളായി എണ്ണമറ്റ പുരാവസ്തുക്കളും നിധികളും വിലപിടിപ്പുള്ള വസ്‌തുക്കളും ശേഖരിച്ചുവെച്ചിട്ടുണ്ടായിരുന്നു. അവയിൽ നിന്ന് പത്ത് കള്ളൻമാർ എന്ത് വസ്ത്രം ഒളിപ്പിച്ചാലും പെട്ടെന്നാരും അറിയില്ലായിരുന്നു. ഓരോ കള്ളനും തന്നെ അത്യാവശ്യത്തിന് ധന്യത നല്കുന്ന സമ്പത്തുമായി പുറത്തുവന്നാലും ആരും അറിയുമായിരുന്നില്ല. ഏറെക്കാലം കൊട്ടാരത്തിൻ്റെ സംരക്ഷണത്തിനായി സ്വലാഹുദ്ദീൻ ഖറാഖൂഷിനെ നിയമിച്ചു.

ലോകത്തിൽ സമാനതകളില്ലാത്ത ആഭരണങ്ങൾ, അപൂർവ ആഭരണങ്ങൾ, സ്വർണ്ണവും അപൂർവമായ മാണിക്യവും രത്നങ്ങളും കൊണ്ട് നിർമ്മിച്ച കപ്പുകൾ, നിലവിളക്കുകൾ, പരവതാനികൾ എന്നിവ അദ്ദേഹത്തിൻ്റെ മുന്നിലുണ്ടായിരുന്നു. കൊട്ടാരത്തിനുള്ളിൽ ഭൂമിയിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് അടിമ സ്ത്രീകൾ ഉണ്ടായിരുന്നു. ലോക സുന്ദരികളായവർ. അദ്ദേഹം ആ സൗന്ദര്യത്താൽ വിജ്രംഭിതനായില്ല; പണത്താൽ പ്രലോഭിപ്പിക്കപ്പെട്ടില്ല. തനിക്കായി ഒന്നും എടുത്തില്ല എന്ന് മാത്രമല്ല അവയിൽ നിന്ന് ഒന്നും എടുക്കാൻ ആരെയും അനുവദിച്ചില്ല.

സ്വലാഹുദ്ദീൻ്റെ കാലഘട്ടത്തിൽ പൂർത്തിയാക്കിയ ഏറ്റവും വലിയ സൈനിക സംവിധാനം സ്ഥാപിച്ചത് അദ്ദേഹമാണ്. 1176-ൽ,നഗരത്തിന് അഭിമുഖമായി മഖ്ത്വം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോട്ടയും ഈ സൈനിക നഗരവും ഇറാഖിലെ നിനെവേ ഗവർണറേറ്റിലെ ചരിത്ര പ്രസിദ്ധമായ അസീറിയൻ നഗരവും ഇന്ന് ഖരാക്കോഷ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. മൊസൂൾ നഗരത്തിന് തെക്കുകിഴക്കായി നീണ്ടു കിടക്കുന്ന ആ പ്രദേശവും കാഴ്ചക്കാരനെ വിസ്മയിപ്പിക്കുന്ന കെയ്‌റോ മതിലുമെല്ലാം ആ ധീരനായ സൈനികൻ്റെ കയ്യൊപ്പാണ്.

കൈറോ മതിൽ പൂർണമായും നിർമ്മിച്ചതും അതിൽ പള്ളി പണിതതും കോട്ടയിലെ അത്ഭുതകരമായ കിണർ കുഴിച്ചതും ഖരാഖൂഷ് ആണെന്ന് ശരിയായ ചരിത്രം പറയുന്നു. സ്വലാഹുദ്ദീൻ്റെ അനന്തരാവകാശികൾ തമ്മിൽ തർക്കം ഉടലെടുക്കുകയും അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തപ്പോൾ, അവരെ തടഞ്ഞുനിർത്തിയതും അവർക്കിടയിൽ അനുരഞ്ജനമുണ്ടാക്കിയതും ഖറാഖൂഷ് ആയിരുന്നു.

അസീസ് ഉസ്മാൻ അയ്യൂബി മരിക്കുകയും ഒമ്പത് വയസ്സുള്ള മകൻ മൻസ്വൂറിന് രാജ്യം നൽകുകയും ചെയ്‌തപ്പോൾ, ഖരാഖൂഷിനെ തൻ്റെ സംരക്ഷകനും ഭരണാധികാരിയുമായി നിയമിച്ചു. ഇതാണ് ഒറിജിനൽ ഖറാഖൂഷ്! അപ്പോൾ അദ്ദേഹത്തിന്റെ മേൽ ഇബ്നു മമാതി അടിച്ചേൽപ്പിച്ച ഈ കളങ്കം എവിടെ നിന്ന് വന്നു?! ആരാണ് ഈ സാധാരണ ചിത്രം വികൃതമാക്കിയത്?! അത് പിൽക്കാലത്ത് നടന്ന സാഹിത്യ പകർത്തെഴുത്തുകാരുടെ കുറ്റമാണ്..

ഇബ്നു മമാതി മിടുക്കനായ ഒരു എഴുത്തുകാരനും ദീർഘ നാവുള്ള ആളുമായിരുന്നു. അദ്ദേഹം സ്വലാഹുദ്ദീൻ്റെ കൊട്ടാരത്തിലെ കൂലിയെഴുത്തുകാരനുമായിരുന്നു. മറ്റുള്ളവരെല്ലാം അദ്ദേഹത്തോട് സ്നേഹത്തോടെയും ദയയോടെയും ചില ഔദാര്യത്തോടെയും പെരുമാറിയപ്പോൾ മുഖസ്തുതിയും കൃത്രിമമര്യാദകളും അറിയാത്ത സൈനികനായ ഖറാഖൂഷ് സാധാരണ ഗതിയിൽ പെരുമാറി. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവനെ കാര്യമാക്കാതെ, വേണ്ട ‘ആദരവ്’ വേണ്ട തോതിൽ കൊടുക്കാത്ത കർക്കശക്കാരനെ കുറിച്ച് അയാൾ അതിശയോക്തി കലർത്തി എഴുതിയതാണ് ഫാഷൂഷ്.

പേനയുടെ മുനയ്ക്ക് കുന്തത്തിൻ്റെ മുനയെക്കാൾ ശക്തിയുണ്ടെന്ന് അറിയില്ലാതിരുന്ന ഖറാഖൂഷ് അതൊന്നും കാര്യമാക്കിയില്ല. പക്ഷേ പേനയുടെ കുത്ത് ഉണങ്ങാത്തതും മരണത്തിൻ്റെ വേദനയിൽ നിന്ന് ആശ്വാസം നൽകാത്തതുമായ മുറിവായി മാറി. ആ തെറ്റായ വിവരങ്ങൾ വായനക്കാർ പരസ്പരം പറഞ്ഞു പരത്തി. ജനങ്ങൾ അത് വിശ്വസിച്ചു, ഖറാഖൂഷിൻ്റെ യഥാർഥ ചരിത്രം വിസ്മരിക്കപ്പെട്ടു.

ചരിത്രത്തിലെ യഥാർഥ കാഫൂർ മരിച്ചെങ്കിലും മുതനബ്ബിയുടെ കാഫൂർ അവശേഷിച്ചതുപോലെ, യഥാർത്ഥ ഖറാഖൂഷ് മരിച്ചു, ഫാഷൂഷിലെ ഖറാഖൂഷ് അതുപോലെ തന്നെ അവശേഷിച്ചു. അദ്ദേഹത്തെ കുറിച്ച് ഇബ്നു മമാതി പറഞ്ഞ നുണകളിലൊന്ന് ഖറാഖൂഷ് നപുംസകമായിരുന്നു എന്നാണ്. സ്ത്രീ സൗന്ദര്യത്തിൽ മയങ്ങിയ ആളായിരുന്നില്ല എന്ന് പറയാനുപയോഗിച്ച ക്രൂരമായ ഒരു ഉപമ മാത്രമായിരുന്നു അത്. നിലപാടുകളിൽ വെള്ളം ചേർക്കാത്തയാൾ എന്നതിന് കഠിനഹൃദയൻ എന്നും ആസ്വദിച്ച് സമയമെടുത്ത് അല്പാല്പമായി ഭക്ഷണം കഴിക്കുന്നയാൾ എന്നതിന് പെരുവയറൻ എന്നും ആരുടെയും സമ്മർദ്ദങ്ങളിൽ വശംവദനാവാത്തത് കൊണ്ട് സ്വേച്ഛാധിപതിയുമാവേണ്ടി വന്ന പാവം!!

കൊട്ടാരത്തിലെ സ്ത്രീകളെ പുരുഷന്മാരിൽ നിന്ന് വേർതിരിച്ചത് കൊണ്ട് സ്ത്രീ വിരുദ്ധനായും അദ്ദേഹം രേഖപ്പെടുത്തപ്പെട്ടു. ഇതൊക്കെ തന്നെയാവണം അദ്ദേഹത്തിന് തൻ്റെ രാഷ്ട്രീയ എതിരാളിയുടെ ആക്ഷേപഹാസ്യ ലഘുലേഖയിൽ മണ്ടനും അഹങ്കാരിയുമായ സൈനികത്തലവനായി മുദ്രകുത്തപ്പെടാൻ ഇടയായത്. CE 1201-ൽ അദ്ദേഹം മരിച്ചു എന്നാണ് ചരിത്രം പറയുന്നത്.

റഫറൻസുകൾ
1-ابن خلكان، وفيات الأعيان وأنباء أبناء الزمان تحقيق إحسان عباس، بيروت 1994.ج1 ص44
2- ابن كثير، البداية والنهاية، دار الغد العربي، الطبعة الأولي، القاهرة 1991.

Related Articles