Current Date

Search
Close this search box.
Search
Close this search box.

നൂല്‌ പൊട്ടിയ പട്ടം കണക്കേ ഒരു സമൂഹം

ലജ്ജ ഒരു സംസ്‌കാരമാണ്‌.ലജ്ജയില്ലായ്‌മ മറ്റൊരു സംസ്‌കാരവും. മോഹിപ്പിക്കാനുള്ള തരളിത സങ്കല്‍‌പങ്ങളില്‍ പരിസരം മറന്നുല്ലസിക്കുന്നവരത്രെ ലജ്ജ കെട്ടവര്‍.ഈ വളയത്തില്‍ മുഖം കുത്തി വീഴുന്നവരത്രെ മനസ്സു കെട്ടവര്‍.

അരുതായ്‌മകളുടെ ചൂരലുകളല്ല.മാന്യമായ സംസ്‌കാരത്തെ അനുഭവേദ്യമാക്കാനുള്ള ക്രിയാത്മകമായ കര്‍മ്മ സരണികളാണ്‌ രൂപപ്പെടേണ്ടത്‌.ഒരു സമൂഹം നിഷ്‌കാസനം ചെയ്യപ്പെടാന്‍ പോകുന്നതിന്റെ സൂചനയായി ലജ്ജയില്ലാത്തവരുടെ പെരുപ്പത്തെ നിരീക്ഷിക്കുന്നവരും ഉണ്ട്‌.

സമാധാനവും സ്വസ്ഥതയും വെറുതെ ആഗ്രഹിച്ചത് കൊണ്ട്‌ മാത്രം നടക്കുന്ന കാര്യമല്ല. കേവലമായ കടുത്ത ശിക്ഷകളും പര്യാപ്‌തമായിക്കൊള്ളണമെന്നില്ല. വിളക്ക്‌ തറയില്‍ വെച്ചിട്ട്‌ നീന്തിക്കളിക്കുന്ന കുട്ടിയോട്‌ തൊടരുതെന്ന്‌ പറഞ്ഞിട്ട്‌ കാര്യമില്ല. അപകട സാധ്യതകളും സാഹചര്യങ്ങളും വളരെ പ്രധാനമാണ്‌.ഈ പ്രാധാന്യം ഊന്നിപ്പറയുന്ന ദര്‍‌ശനമാണ്‌ വിശുദ്ധ ഖുര്‍‌ആന്‍.ഇത്‌ മറന്നു എന്നതായിരിക്കണം വര്‍‌ത്തമാന ലോകത്തിന്റെ പരാജയവും.

കപടന്മാരായ പാതിരാ പ്രഭാഷകരും,കടപുഴകിയ പാതിരി പ്രഭുക്കളും,വഴിപിഴച്ച സന്യാസികളും,എല്ലാ അര്‍‌ഥത്തിലും ജീര്‍‌ണ്ണത ബാധിച്ച സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ നായകന്മാരും ഈ സമൂഹ ഗാത്രത്തെ ബാധിച്ച മാരകമായ രോഗത്തിന്റെ അതി ഭയാനക ദുരവസ്ഥയെയാണ്‌ വിളിച്ചോതുന്നത്.അല്ലാതെ അവര്‍ വഹിച്ചു നില്‍‌ക്കുന്ന ദര്‍‌ശനങ്ങളുടേയും വേദങ്ങളുടേയും സാമൂഹ്യ ശാസ്‌ത്രങ്ങളുടേയും അവസ്ഥയെയല്ല.തേനും തേനറകളും ചുമന്ന്‌ നില്‍‌ക്കുന്ന ദുര്‍‌ബലങ്ങളായ വൃക്ഷ ശിഖിരിങ്ങളും പഴകി ദ്രവിച്ച മരങ്ങളും മടകളും നോക്കി മധുവിന്റെ ഔഷധ ഗുണം നിശ്ചയിക്കുന്നത് മൗഢ്യമത്രെ.

വിവിധ മത ദര്‍‌ശനങ്ങളിലുള്ളവര്‍ തങ്ങള്‍‌ക്ക്‌ അനുശാസിക്കപ്പെടുന്ന ധാര്‍‌മ്മിക സനാതന മൂല്യങ്ങളെ മുഖവിലക്കെടുക്കുന്നില്ല എന്നതാണ്‌ അവരുടെ സാം‌സ്‌കാരിക സമൂഹ്യാവസ്ഥയുടെ ജീര്‍‌ണ്ണതകള്‍‌ക്ക്‌ കാരണം.എന്നാല്‍ നിഷേധികള്‍; തങ്ങളുടെ വികലമായ നിരീക്ഷണങ്ങള്‍ ആത്മാര്‍‌ഥതയോടെ പാലിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതായിരിക്കണം അവരുടെ സാം‌സ്‌കാരിക സാങ്കല്‍‌പികാവസ്ഥയുടെ ദുരന്തങ്ങള്‍‌ക്ക്‌ കാരണം.

ജീവിതത്തിന്റെ സുഖമമായ ഒഴുക്കിനെ ത്വരിതപ്പെടുത്താന്‍ ചില നിബന്ധനകളും ഉപാധികളും ഒക്കെ അനിവാര്യമാണ്‌.എന്നാല്‍ വര്‍ത്തമാന കാല സമൂഹത്തിലെ നല്ലൊരു ശതമാനം വിശിഷ്യാ പുതു തലമുറ ഇത്തരം നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒഴിവാക്കാനുള്ള കടുത്ത ജാഗ്രത പുലര്‍ത്തുന്നുവെന്നത്‌ ദൌര്‍ഭാഗ്യകരമത്രെ.തന്റെ സ്വഛമായ സഞ്ചാര സ്വാതന്ത്ര്യം നിബന്ധനകള്‍ക്കതീതമാകണമെന്ന തീരുമാനത്തോടെ ഒരാള്‍ യാത്ര തുടങ്ങുന്നതെങ്കില്‍ അതു വകവെച്ചുകൊടുക്കാന്‍ ആരും തയാറാകുകയില്ല.

വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്തേയ്‌ക്കുള്ള സഞ്ചാരത്തിനിടയ്‌ക്ക്‌ പാതയോരത്ത്‌ പ്രത്യക്ഷപ്പെടുന്ന ദിശാസൂചികകളും അപകട സൂചനകളും നിയമങ്ങളും കണ്ടില്ലെന്ന്‌ നടിക്കാന്‍ വിശേഷ ബുദ്ധി നല്‍കപ്പെട്ടവര്‍ക്ക്‌ കഴിയുമോ ? ഇല്ല എന്ന്‌ നിമിഷാര്‍‌ധം കൊണ്ട്‌ പറയാനാകുന്നുവെങ്കില്‍ അത്‌ ജീവിതത്തിനും ബാധകമായിരിക്കണം.

ഭൗതികമായ സകല വിധ അഭിലാഷങ്ങളുടേയും പൂര്‍‌ത്തീകരണത്തിന്‌ ഏതു വിധേനയും അര്‍‌ഹമായതെന്നോ അനര്‍‌ഹമായതെന്നോ നിബന്ധനയില്ലാതെ വാരിക്കൂട്ടുന്ന രക്ഷിതാക്കള്‍ വലിയ ഭവിഷ്യത്തുകളെ നേരിടുകയാണ്‌.പ്രായം തികഞ്ഞവരും ഒരുവേള തികയാത്തവരുമായ സന്താനങ്ങള്‍ തങ്ങളുടെ ശാരീരികാവശ്യങ്ങള്‍ക്ക്‌ ഏതു വിധേനയും അനുവദനീയമെന്നോ അല്ലാത്തതെന്നോ പ്രശ്‌നമില്ലാതെ നിറവേറ്റുക എന്ന സാമാന്യ ബോധത്തിലേയ്‌ക്ക്‌ തെളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്‌ച ഹൃദയഭേദകമായിരിക്കുന്നു.

വിദ്യാര്‍ഥിനികള്‍ കൂട്ടം കൂടിയിരുന്ന്‌ ലഹരി ഉപയോഗിച്ച്‌ കുടിച്ച്‌ കൂത്താടുന്നത് വീഡിയോവില്‍ പകര്‍‌ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്‌ത്‌ വീണ്ടും വീണ്ടും ആസ്വദിച്ച്‌ ആത്മരതികൊള്ളുന്നു.ഒരു പക്ഷെ ആണ്‍‌കുട്ടികളെക്കാള്‍ പെണ്‍‌കുട്ടികളാണ്‌ ജീവിതത്തിലെ നിയന്ത്രണ രേഖ മറികടക്കുന്നതില്‍ മുന്‍‌പന്തിയിലെന്നു പോലും വിലയിരുത്തപ്പെടുന്നുണ്ട്‌.ഹൈസ്ക്കൂള്‍ വിദ്യാര്‍‌ഥികള്‍ ക്ഷണികമായ ആവേശത്തില്‍ തങ്ങള്‍‌ക്ക്‌ ഇഷ്‌ടപ്പെട്ടവരുടെ കൂടെ ഇറങ്ങിപ്പുറപ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെ തല്‍‌ക്ഷണം പ്രസരിപ്പിക്കാന്‍ മടിയില്ലാത്ത വിധം ഈ സാം‌സ്‌കാരിക അരാജകത്വം വളര്‍‌ന്നു പന്തലിച്ചിരിക്കുന്നു.

സ്‌ത്രീ പുരുഷന്മാരൂടെ ജന്മസിദ്ധമായ പരസ്‌പരാകര്‍‌ഷണം എന്ന തലത്തിനും അപ്പുറമാണ്‌ ഇന്നത്തെ കാഴ്‌ചകള്‍.നാല്‍‌കാലികളുടെ സൗന്ദര്യ ബോധം പോലും ഇല്ലാത്ത ഇരുകാലികള്‍. മൃഗീയതയെന്നു പൊലും പറയാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ വികലവും വികൃതവുമായിരിക്കുന്നു.

മധ്യവസ്‌കരായ ഉപ്പാപ്പമാരുടെ കൈകളില്‍ ഇളം പൈതങ്ങള്‍ സുരക്ഷിതരല്ലെന്നു വന്നിരിക്കുന്നു. പ്രായമായ സ്‌ത്രീകള്‍ തന്റെ പേരമകന്റെ പ്രായം പോലുമില്ലാത്ത കൗമാരക്കാരുമായി കിടക്ക പങ്കിടുന്നു.നൊന്തു പ്രസവിച്ച പൈതലിനെ പോലും തന്റെ ശാരീരികമായ ആവശ്യത്തിന്റെ മുന്നില്‍ വിലങ്ങാകാന്‍ രാജിയാകാത്ത ശാഠ്യത്തോളം കാമം പടര്‍‌ന്നു കയറിയിരിക്കുന്നു.മൂന്നും നാലും മക്കളുള്ള കുടും‌ബിനികള്‍ ഒരു സുപ്രഭാതത്തില്‍ ആരുടെയൊക്കെയോ കൂടെ വീടുവിട്ടിറങ്ങി പോകുന്നു.ഇക്കഴിഞ്ഞ പതിനൊന്നു മാസത്തിനിടക്ക്‌ ഏകദേശം മുവ്വായിരത്തോളം കുടും‌ബിനികള്‍ കുടും‌ബം ഉപേക്ഷിച്ച്‌ പോയതായി പരാതിപ്പട്ടികകള്‍ മാത്രം ഉദ്ദരിച്ച്‌ വാര്‍‌ത്താ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത്തരം സാമൂഹ്യ പശ്ചാത്തലം പണ്ടൊക്കെ ഭാവനക്ക്‌ പോലും വഴങ്ങുമായിരുന്നില്ല.

രാജ്യത്ത് മതമുള്ളവരും ഇല്ലാത്തവരുമായ മാതാപിതാക്കള്‍ വലിയ ദുരന്തങ്ങള്‍‌ക്ക്‌ സാക്ഷികളായിക്കൊണ്ടിരിക്കുന്നു. എല്ലാവരും ഈ കുളിമിറിയില്‍ പൂര്‍‌ണ്ണ നഗ്നരാണ്‌.കുടും‌ബം എന്ന മഹത്തായ സ്ഥാപനം അക്ഷരാര്‍‌ഥത്തില്‍ താറുമാറായിക്കഴിഞ്ഞിരിക്കുന്നു.ഇതിനെ പുനസ്ഥാപിക്കാനുള്ള തീവ്രയജ്ഞ പരിപാടികള്‍‌ക്ക്‌ രാജ്യത്തെ വിവിധ തലങ്ങളിലുള്ള സുമനസ്സുക്കളായ സാം‌സ്‌കാരിക നേതൃത്വം ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വിദ്യാര്‍‌ഥികളുടെ അച്ചടക്കരാഹിത്യത്തെയും അനഭലഷീണയമായ പെരുമാറ്റങ്ങളെയും കുറിച്ച്‌ വേവലാധിപ്പെടുകയാണ്‌ സമൂഹം.സത്യത്തില്‍ രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങളെ അറിഞ്ഞും അറിയാതെയും ബലിയാടുകളാക്കുകയാണ്‌.രക്ഷിതാക്കളെ കുറിച്ചും അധ്യാപകരെ കുറിച്ചും കൃത്യമായി പഠിക്കുകയും അതിനനുസൃതമായ ശിക്ഷണ സംസ്‌കരണ പ്രക്രിയകള്‍‌ തുടക്കം കുറിക്കാനുമായിരിക്കണം വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രഥമ പരിഗണന.അഥവാ വിദ്യാര്‍‌ഥികളേക്കാള്‍ കൂടുതല്‍ ശിക്ഷണങ്ങള്‍ വേണ്ടത് രക്ഷിതാക്കള്‍‌ക്കും അധ്യാപകര്‍‌ക്കുമായിരിക്കണം.രോഗാതുരമായ ഭിഷഗ്വരന്മാരുടെ ആരോഗ്യ പഠന ശിബിരങ്ങള്‍പോലെ വിദ്യയും വിദ്യാലയങ്ങളും മാറിക്കൂടാ.

നാം ഇന്ന്‌ എല്ലാ അര്‍‌ഥത്തിലും സമ്പന്നരും സന്തുഷ്‌ടരുമാണ്‌.പക്ഷെ ലൈം‌ഗിക കാര്യങ്ങളില്‍ അധികപേരും ദരിദ്രരും അസന്തുഷ്‌ടരും.ഈ നിരീക്ഷണത്തെ ഗൗരവത്തില്‍ പഠനവിധേയമാക്കി വര്‍‌ത്തമാനകാല സാമൂഹ്യാവസ്ഥയുടെ പെരുമാറ്റച്ചട്ടങ്ങളില്‍ ശാസ്‌ത്രീയമായ ഉടച്ചു വാര്‍‌ക്കലുകള്‍ അനിവാര്യമത്രെ.

അപകടമരണങ്ങളില്‍ ഏറിയ ശതമാനവും വാഹനങ്ങളില്‍ ഹരം പിടിച്ച്‌ ചീറി പായുന്ന പുതു തലമുറയാണെന്ന്‌ കണക്കുകള്‍ പറയുന്നു. ജീവിത യാത്രയിലും പരാജയം ഏറ്റുവാങ്ങുന്നവര്‍ ഈ യുവത തന്നെയാണത്രെ.

ഇങ്ങനെയാണെങ്കില്‍ വരും കാല തലമുറ തന്നെ വേരറ്റു കുലമറ്റു പോകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ ഇരുള്‍ മൂടിയ കാര്‍‌മേഘങ്ങള്‍ തിമര്‍‌ത്തു പെയ്‌തിറങ്ങാന്‍ തുടങ്ങിയാല്‍ കൊടും നാശത്തിന്റെ സുനാമി തന്നെയാണ്‌ രാജ്യത്തെ – ലോകത്തെ കാത്തിരിക്കുന്നത്.

വര്‍‌ത്തമാന കാലത്തെ രാജ്യം നേരിടുന്ന വെല്ലുവിളി കേവലം കുത്തഴിഞ്ഞ രാഷ്‌ട്രീയ മേഖല മാത്രമല്ല.പൂര്‍‌ണ്ണാര്‍‌ഥത്തിലുള്ള സാംസ്‌കാരിക അപജയം എന്നതു കൂടെയായിരിക്കണം.രാഷ്‌ട്രീയമായും സാമൂഹ്യമായും ഒരു പുതിയ രാജ്യം എന്ന സങ്കല്‍പത്തെ പടുത്തുയര്‍‌ത്താനാകുന്ന സാം‌സ്‌കാരിക പരിസരത്തെ കുറിച്ചുള്ള ചിന്തകളും ചര്‍‌ച്ചകളും ആരോഗ്യകരമായ സം‌വാദങ്ങളും സജീവമാകേണ്ടതുണ്ട്‌.

സാമൂഹ്യ പ്രതിബദ്ധതയുടെ പേരില്‍ വിശിഷ്യാ വിശ്വാസികളുടെ വിലാസത്തില്‍ രൂപീകരിക്കപ്പെട്ട സം‌ഘടനകള്‍ ഇപ്പോഴും സാങ്കേതിക സൗകര്യങ്ങളുടെ കോട്ട കൊത്തളങ്ങള്‍ കെട്ടിപ്പടുക്കുവാനുനുള്ള കടുത്ത ശ്രമങ്ങളിലാണ്‌.അത്രയൊന്നും വ്യഗ്രത ഒരു സമൂഹത്തെ ഉദ്ദരിക്കാന്‍ കാണിക്കുന്നില്ലെന്നതും ശ്രദ്ദേയമാണ്‌.വഴി നന്നാക്കാനും പള്ളിയും പള്ളിക്കൂടങ്ങളും നന്നാക്കാനും കൂലി പ്രഭാഷണങ്ങള്‍ സം‌ഘടിപ്പിക്കുന്നവര്‍ക്ക്‌ മനുഷ്യനെ നന്നാക്കാനുള്ള അത്രയൊന്നും പരിപാടികള്‍ അജണ്ടയിലില്ല.മറിച്ച്‌ വിശ്വാസികളെ പറഞ്ഞു പറ്റിക്കുന്ന വൃത്തിയില്‍ ഒരു കുറവും വരുത്താതിരിക്കാനുള്ള ബദ്ധപ്പാടിലുമാണ്‌ .ഏതു കെണിയിലും കുരുങ്ങാന്‍ പ്രതിജ്ഞാബദ്ധരായ സാധുക്കളും.

നൂല്‌ പൊട്ടിയ പട്ടം കണക്കേ ഒരു പുതു തലമുറ തലങ്ങും വിലങ്ങും ഗതികിട്ടാതെ പാറുകയാണ്‌.ഈ അസ്വാഭാവികതയെ പോലും ആസ്വദിക്കാന്‍ പാകപ്പെട്ട മനസ്സുമായി പഴയ തലുമുറയും.ഇനി എന്ത്‌ എന്ന ചകിത ചിന്തയില്‍ അടിപതറാതെ നിശ്ചയ ദാര്‍‌ഢ്യത്തോടെ രംഗം വിടാത്ത ഒരു സം‌ഘം സജീവം.പ്രതീക്ഷ കൈവിടാത്ത ഈ ന്യൂനാല്‍ ന്യൂന പക്ഷത്തിന്റെ ശുഭ പ്രതീക്ഷകള്‍‌ക്ക്‌ നല്ല തങ്കത്തിളക്കം..

Related Articles