Current Date

Search
Close this search box.
Search
Close this search box.

വൂഡ്രോ വിൽസൺ: ഒരു സമാധാന നൊബേൽ ജേതാവിന്റെ വംശീയ പൈതൃകം

ആദർശനിഷ്ഠയുടെ പേരിൽ എല്ലായ്പ്പോഴും സ്മരിക്കപ്പെടുന്ന സമാധാന നൊബേൽ ജേതാവും 1913 മുതൽ 1921 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റുമായിരുന്ന വുഡ്രോ വിൽസൺ, സ്വന്തം രാജ്യത്തെ വിവേചനപരവും വിഭാഗീയവുമായ നയങ്ങളെ പിന്തുണയ്ക്കുകയും, ലീഗ് ഓഫ് നേഷൺസിന്റെ ഉടമ്പടി രേഖയിൽ വംശീയ സമത്വ തത്വം എഴുതിചേർക്കാനുള്ള ജാപ്പനീസ് നിർദേശത്തെ പരാജയപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിക്കുകയും ചെയ്ത ഒരാളായിരുന്നു. ക്രമസമാധാനവും സ്ഥിരതയും വെളുത്തവർഗക്കാരുടെ മേധാവിത്വത്തിലൂടെയാണ് സാധ്യമാവുക എന്ന അടിയുറച്ചവിശ്വാസത്തിൽ നിന്നും ഉടലെടുത്തതാണ് വംശത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ.

ഐവി ലീഗ് സ്ഥാപനങ്ങൾ (എട്ട് ഉന്നതസർവകലാശാലകളുടെ കൂട്ടായ്മ) വിൽസണന്റെ “വംശീയ പൈതൃകം” അംഗീകരിക്കണമെന്നും അദ്ദേഹത്തിന്റെ പേര് എല്ലാ സർവകലാശാല പരിസരങ്ങളിൽ നിന്നും നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട്, 2015ൽ തന്നെ, ഒരു വിദ്യാർഥി ആക്ടിവിസ്റ്റ് സംഘടനയായ, ബ്ലാക് ജസ്റ്റിസ് ലീഗ്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസിഡന്റിന്റെ ഓഫീസ് ഉപരോധിച്ചിരുന്നു. സർവകലാശാലയ്ക്കു വിൽസൺ നൽകിയ സുപ്രധാന സംഭാവന ചൂണ്ടിക്കാട്ടി, പ്രിൻസ്റ്റൺ അധികൃതർ പ്രസ്തുത ആവശ്യം തള്ളിക്കളയുകയാണ് ചെയ്തത്.

Also read: എന്റെ കഥ : ഡോ. സെബ്രിന ലീ

ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ വമ്പിച്ച വംശീയ വിരുദ്ധ മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ, വുഡ്രോ വിൽസന്റെ പേര് സ്കൂൾ ഓഫ് പബ്ലിക് ആന്റ് ഇന്റർനാഷണൽ അഫേഴ്സിൽ നിന്ന് നീക്കം ചെയ്യുമെന്ന് അടുത്തിടെ സർവകലാശാല പ്രഖ്യാപിച്ചു. ഒടുവിൽ ആ പോരാട്ടം വിജയത്തിലെത്തി.

മറ്റൊരു പോരാട്ടം കൂടി നടക്കേണ്ടതുണ്ട്. യുദ്ധത്തിന് സമാധാനപരമായ ഒരു ബദൽ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട, ആധുനിക ഉപരോധങ്ങളുടെ ശിൽപികളിൽ ഒരാളായിരുന്നു പ്രസിഡന്റ് വുഡ്രോ വിൽസൺ എന്നത് അധികമാരും അറിയാത്ത ഒരു കാര്യമാണ്. 1919ലെ പാരീസ് സമാധാന സമ്മേളനത്തിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം, സമാധാനം ഉറപ്പുനൽകുന്ന പുതിയ ഉപരോധ വ്യവസ്ഥയെക്കുറിച്ച് ഇന്ത്യാനാപോളീസിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ആവേശത്തോടെ സംസാരിക്കുകയുണ്ടായി. സായുധസേനയെ ആശ്രയിക്കാതെ തന്നെ, സാമ്പത്തികവും സമാധാനപരവും നിശബ്ദവും മാരകവും ഭയാനകവുമായ ഈ പ്രതിവിധി പ്രയോഗിക്കാൻ ലീഗ് ഓഫ് നേഷൻസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധിക്കപ്പെട്ട രാഷ്ട്രത്തിന് പുറത്ത് ഒരു ജീവനും പൊലിയുകയില്ല, എന്നാൽ, എന്റെ കാഴ്ചപ്പാടിൽ, ഒരു ആധുനിക രാഷ്ട്രത്തിനും താങ്ങാൻ കഴിയാത്തത്ര സമ്മർദ്ദം അതു ഉപരോധിത രാഷ്ട്രത്തിനു മേൽ ചെലുത്തും.

സമാധാനവും മരണവും തമ്മിലുള്ള വിൽസന്റെ താരതമ്യത്തിൽ എല്ലായ്പ്പോഴും ഒരു വിരോധാഭാസം ഉണ്ടായിരുന്നു. അതെന്തായാലും ശരി, ചരിത്രം അടുത്തു തന്നെ അദ്ദേഹം തെറ്റാണെന്ന് തെളിയിക്കും. ശക്തമായ രാഷ്ട്രങ്ങളുടെ മേൽ പ്രയോഗിച്ചപ്പോഴും അല്ലെങ്കിൽ രണ്ടാം ലോകയുദ്ധം ഒഴിവാക്കാൻ കാര്യമായൊന്നും ചെയ്യാതിരുന്നപ്പോഴും മാത്രമല്ല ഉപരോധങ്ങൾ പരാജയപ്പെട്ടത്, മറിച്ച് കഴിഞ്ഞ മൂന്ന് ദശാബ്ദകാലത്തോളം, അവയുടെ വർധിച്ച ജനപ്രീതി, അനവധി നിരവധി മനുഷ്യരുടെ ജീവനാണ് കവർന്നെടുത്തത്. 1990കളിൽ ഇറാഖിനെതിരായ ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിന്റെ ഫലമായി അഞ്ചു ലക്ഷം കുട്ടികൾ മരണപ്പെട്ടുവെന്നും, ഇന്ന് വെനസ്വേലയ്ക്കെതിരായ യു.എസ് ഉപരോധം മൂലം 40000 സിവിലിയൻമാർ മരിച്ചുവെന്നും പറയപ്പെടുന്നു.

പൊതുവെ, ഉപരോധം ഉപരോധിത രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് വ്യവസായികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവമായ പുരോഗതിയെ തുടർച്ചയായി പിന്നോട്ടടിപ്പിക്കുകയും, സാമൂഹ്യഘടനയിലും ദീർഘകാലാടിസ്ഥാനത്തിലുള്ള പുനർനിർമാണ പദ്ധതികളിലും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും. ഗസ്സയ്ക്കു മേലുള്ള ഇസ്രായേലിന്റെ ദീർഘകാല ഉപരോധം ഇതിനൊരു ഉദാഹരണമാണ്.

Also read: പേർഷ്യൻ കലിഗ്രഫിയും പൗരാണിക ഡൽഹിയും

ഉപരോധങ്ങൾ സമാധാനപരമായ മാർഗമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങളെ അന്തർദേശീയ സിവിലിൽ സൊസൈറ്റി കാമ്പയിനുകൾ നിരന്തരം നിരാകരിച്ചിരുന്നു; ഉപരോധങ്ങൾ മനുഷ്യരെ കൊല്ലും, ആഗോള പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, അടിയന്തര വൈദ്യസഹായങ്ങളുടെ ലഭ്യതയില്ലായ്മ വധശിക്ഷക്കു തുല്യമാണ്. എന്നിരുന്നാലും, 19, 20 നൂറ്റാണ്ടുകളിലെ വംശീയ കൊളോണിയൽ ക്രമവുമായി “സമാധാനപരമായ ഉപരോധം” എന്ന ആശയം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, വർത്തമാനകാലത്തെ നിരന്തരവും ആഴമേറിയതുമായ വംശീയവത്കൃത സാമ്രാജ്യത്വ ഘടനകളുമായി ഉപരോധങ്ങളുടെ നിലവിലെ വ്യാപനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചോദിക്കാൻ വിൽസന്റെ പൈതൃകം നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.

മുറപ്രകാരമുള്ള യുദ്ധത്തിനു പുറത്ത് സ്വീകരിക്കപ്പെടുന്ന സമാധാനപരമായ ഉപരോധങ്ങൾ (പസഫിക്ക് ഉപരോധങ്ങൾ മുതൽ നിരോധനാജ്ഞകൾ വരെ) 19ാം നൂറ്റാണ്ടിലെ കൊളോണിയൽ ശക്തികൾക്കിടയിൽ ഒരു പതിവായിരുന്നു. അന്താരാഷ്ട്ര ബാധ്യതകൾ നടപ്പിലാക്കുന്നതിലും വിദേശനയ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലും മാത്രം പരിമിതമായിരുന്നില്ല, മറിച്ച് കടം തിരിച്ചുവാങ്ങുന്നതിനും, സ്വകാര്യ കരാറുകൾക്ക് നിർബന്ധിക്കുന്നതിനും തങ്ങളുടെ പൗരന്മാർക്കു സംഭവിച്ച പരുക്കുകൾക്ക് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുമെല്ലാം അത്തരം “സമാധാനപരമായ ഉപരോധങ്ങൾ” പ്രയോഗിക്കപ്പെട്ടിരുന്നു. എല്ലാം ഒരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു: യുദ്ധത്തിന്റെ അപകടസാധ്യതകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതില്ലാതെ സാമ്രാജ്യത്വ അഭിലാഷങ്ങൾ മുന്നോട്ടു കൊണ്ടുപോകുക. ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായതോടെ, കൊളോണിയൽ അവസ്ഥ ഫലപ്രദമായി സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഒരു അന്താരാഷ്ട്ര ആയുധശേഖരത്തിന്റെ ഭാഗമായി ബഹുരാഷ്ട്ര ഉപരോധം മാറി.

ഐക്യരാഷ്ട്രസഭ സ്ഥാപിതമായിട്ടും സാമ്രാജ്യത്വ ശൃംഖല തകർന്നില്ല. സമാധാന ഭീഷണികൾക്ക് മറുപടിയായി ഉപരോധം ഏർപ്പെടുത്താനുള്ള സുരക്ഷാസമിതിയുടെ അധികാരം ദുർബല രാഷ്ട്രങ്ങളെ പോലീസിങ് ചെയ്യാനുള്ള ഒരു സംവിധാനമായിട്ടാണ് കാണപ്പെട്ടത്. ശീതയുദ്ധകാലത്തെ പതിറ്റാണ്ടുകളുടെ നിഷ്ക്രിയത്വത്തിനു ശേഷം, കൊളോണിയലാനന്തര സമൂഹങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിൽ, ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയും, ‘നവലോക ക്രമത്തിന്റെ” മൂല്യങ്ങളും കീഴ് വഴക്കങ്ങളും ലംഘിക്കുന്ന, നോർത്ത് കൊറിയ പോലെയുള്ള, രാഷ്ട്രങ്ങളെ ശിക്ഷിക്കാനും ഉപരോധങ്ങൾ പ്രയോഗിക്കപ്പെട്ടു.

വിപണ ആശ്രയത്വം, ഉൽപാദനത്തിന്റെയും വിനിമയത്തിന്റെയും അസമമായ ഘടനകൾ, യു.എസ് ഡോളറിന്റെ ആധിപത്യം എന്നീ പ്രത്യേകതകളുള്ള ഇന്നത്തെ ആഗോളവത്കൃത മുതലാളിത്ത വ്യവസ്ഥയിൽ, ഉപരോധങ്ങൾ എന്നത് അമേരിക്കക്കും അവരുടെ സഖ്യകക്ഷികൾക്കും തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്ന ഒരു തന്ത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞതാണ്.

Also read: ദുല്‍ഹജ്ജ് മാസത്തില്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

അതുകൊണ്ടു തന്നെ, വിൽസന്റെ “സമാധാപരമായ ഉപരോധത്തിന്റെ” പൈതൃകവും അദ്ദേഹത്തിന്റെ വംശീയ, സാമ്രാജ്യത്വ പൈതൃകവും തമ്മിലുള്ള ബന്ധം തള്ളിക്കളയാൻ പ്രയാസമാണ്. കൊളോണിയൽ കാലഘട്ടത്തിന്റെ ഭൂമിശാസ്ത്രവുമായി വ്യക്തമായ സമാനതകൾ കാണാൻ ഉപരോധങ്ങളുടെ ഭൂപടം പരിശോധിച്ചാൽ മാത്രം മതി.

മനുഷ്യരുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു മാനുഷിക അജണ്ടയുമായി മാത്രം ഉപരോധങ്ങൾ നിർമാർജനം ചെയ്യാനുള്ള ആഹ്വാനങ്ങളെ ബന്ധിപ്പിച്ചാൽ പോര, ഉപരോധങ്ങളുടെ മനുഷ്യത്വരാഹിത്യത്തെ സാമ്രാജ്യത്വക്രമത്തിന്റെ ലക്ഷണമായും ഘടനാപരമായ സവിശേഷതയായും മനസ്സിലാക്കുന്ന ഒരു അപകോളനീകരണ പദ്ധതിയുമായും അതിനെ ബന്ധിപ്പിക്കേണ്ടതുണ്ട്, ഇതാണ് വുഡ്രോ വിൽസന്റെ വംശീയ പൈതൃകത്തിൽ നിന്നും നമുക്കു പഠിക്കാനുള്ളത്.

(ക്വീൻ മേരി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ, നിയമ വിഭാഗം ലക്ച്ചററാണ് ലേഖിക.)

വിവ- അബൂ ഈസ

Related Articles