Current Date

Search
Close this search box.
Search
Close this search box.

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

ലോകചരിത്രത്തിൽ തന്റെ ധൈഷണിക ജീവിതം കൊണ്ട് അതുല്യമായ അടയാളപ്പെടുത്തലുകൾ നടത്തിയ മഹാപ്രതിഭയാണ് ഇബ്നു ഖൽദൂൻ. സാമൂഹിക ശാസ്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലുള്ള ആ മഹാമനീഷിയുടെ ചിന്തകളും ആശയങ്ങളും ഏഴു നൂറ്റാണ്ടുകൾക്കപ്പുറവും വളരെ പ്രാധാന്യത്തോടെയാണ് ലോകം നോക്കികാണുന്നത്.

ഇന്നത്തെ ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസിൽ 1332 മെയ് 27 നാണ് ഇബ്നു ഖൽദൂൻ ജനിച്ചത്. പണ്ഡിതന്മാരും നേതാക്കളുമടങ്ങുന്ന ഉന്നതകുടുംബത്തിൽ ജനിച്ച് അവിടെ നിന്ന് തന്നെ പ്രാഥമിക വിദ്യ അഭ്യസിച്ച് ചെറുപ്പം മുതലേ പ്രതിഭാധനനായ ഒരു ചിന്തകനായി വളരുകയായിരുന്നു ഖൽദുൻ.

ടുണിസിലെ ഒരു കാലിഗ്രാഫറായി ജോലി ചെയ്തിരുന്ന ഖൽദൂനെ അൾജീരിയയിലെ ഒരു നഗരമായ ത് ലെസെനിലെ തന്റെ ഗുരുവായ അൽ അബിലിയാണ് ഗണിതശാസ്ത്രത്തിലേക്ക് വഴിനടത്തിയത്. വടക്കേ ആഫ്രിക്കയിൽ മികച്ച രീതിയിൽ പഠനം നടത്തി കൊണ്ടിരിക്കെയാണ് ഖൽദൂൻ പതുക്കെ തത്ത്വചിന്ത, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയത്‌.

1377-ൽ തന്റെ 45-ആം വയസ്സിൽ ലോകചരിത്രം ഇതിവൃത്തമാവുന്ന “അൽ മുഖദ്ദിമ” എന്ന തന്റെ മാസ്റ്റർപീസ് പുസ്തകം രചിച്ചു. സാമൂഹ്യശാസ്ത്രം, ജനസംഖ്യാശാസ്ത്രം, സാംസ്കാരിക ചരിത്രം എന്നിവ ചർച്ചചെയ്യുന്ന പ്രഥമ അക്കാദമിക് കൃതിയായി നിരവധി ആധുനിക ചിന്തകർ കണക്കാക്കുന്നത് മുഖദ്ദിമയെയാണ്.

ശാസ്ത്രമേഖലകളിലെ മുസ്ലീം പണ്ഡിതന്മാരുടെ സംഭാവനകൾ വിസ്മരിക്കുന്നത് പോലെ തന്നെ ഇബ്നു ഖൽദൂനും ഈ അവഗണന നേരിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഖദ്ദിമ പോലുള്ള പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രശസ്തരായ പല പാശ്ചാത്യ ചിന്തകരും ഖൽദൂന്റെ ആശയങ്ങൾ അനുകരിക്കുകയും പിന്നീടുള്ള നൂറ്റാണ്ടുകളിൽ അവ തങ്ങളുടേതായി പ്രഖ്യാപിക്കുകയും ചെയ്തത് ചരിത്രസത്യമാണ്.
എന്നാൽ പാശ്ചാത്യ പാഠപുസ്തകങ്ങളിൽ പലയിടത്തും ഖൽദൂന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല.

ആധുനിക കാലത്തെ തത്ത്വചിന്ത, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുടെ അക്കാദമിക് വ്യവഹാരം രൂപപ്പെടുത്തുന്നതിൽ ഖൽദൂൻ എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന അന്വേഷണം അടുത്തിടെയായി trtworld.com എന്ന സൈറ്റ് നിരവധി പ്രമുഖ അക്കാദമിക് വിദഗ്ധരുമായി സംസാരിക്കുകയുണ്ടായി.

ഇന്റർനാഷണൽ ഇബ്നു ഖൽദൂൻ സൊസൈറ്റിയുടെ സ്ഥാപകനായ പ്രൊഫസർ റെസെപ് സെൻതുർക് സാമൂഹിക ശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഇബ്നു ഖൽദൂന്റെ ലോകത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.

“സാമൂഹ്യശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ ആധുനിക പോസിറ്റിവിസ്റ്റ് സോഷ്യൽ സയൻസുകളുടെ മുൻഗാമിയായാണ് അദ്ദേഹത്തെ സാധാരണയായി അവതരിപ്പിക്കുന്നത്. ഞാൻ ഇതിനോട് വിയോജിക്കുന്നു.എന്റെ വീക്ഷണത്തിൽ, അദ്ദേഹം മുൻഗാമിയല്ല, മറിച്ച് ഇപ്പോഴത്തെ പോസിറ്റിവിസ്റ്റ് സോഷ്യൽ സയൻസസിന്റെ ബദലാണ്,ഇബ്‌നു ഖൽദൂൻ മാർക്‌സിനെയോ ദുർഖൈമിനെയോ പോലെയുള്ള ഭൗതികവാദികളുടെ മുൻഗാമിയാണെന്ന് വാദിക്കുന്നത് നിരർത്ഥകമാണ്. അത്തരം വീക്ഷണങ്ങൾ ഇബ്‌നു ഖൽദൂനെയും അദ്ദേഹത്തിന്റെ പാശ്ചാത്യ എതിരാളികളെയും കുറിച്ചുള്ള ഉപരിപ്ലവവും ഭാഗികവും പക്ഷപാതപരവുമായ ധാരണയെയാണ് പ്രതിഫലിപ്പിക്കുന്നത്. കാരണം, അശ്അരി വിശ്വാസധാരയും മാലികി കർമ്മസരണിയും പിന്തുടർന്ന മുസ്ലീം ചിന്തകനായിരുന്നു അദ്ദേഹം”

മറ്റു മുസ്ലീം പണ്ഡിതന്മാരെ പോലെതന്നെ ഇബ്നു ഖൽദൂനും ബഹുരൂപ ലോകവീക്ഷണത്തെ(Multiplex,stratified)അംഗീകരിക്കുന്നുവെന്നത് അദ്ദേഹത്തെ ആധുനിക ചിന്തകരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അറബിയിൽ മറാതിബ് അൽ-വുജൂദ് എന്നറിയപ്പെടുന്ന ഇത് ഭൗതിക-ദൃശ്യ ലോകം, ഭൗതികേതര-അദൃശ്യ ലോകം, ദൈവിക ലോകം എന്നിങ്ങനെ അസ്തിത്വത്തിന്റെ മൂന്ന് പ്രധാന തലങ്ങളെ ഉൾക്കൊള്ളുന്നതാണ്.

“ ഇബ്‌നു ഖൽദൂൻ ഒരു മൾട്ടിപ്ലക്‌സ് എപ്പിസ്റ്റമോളജി സ്വീകരിച്ച വ്യക്തിയാണ്.അത് യുക്തി, ഇന്ദ്രിയങ്ങൾ, ദൈവിക വെളിപ്പെടുത്തൽ, ആത്മീയ അനാവരണം (കഷ്ഫ്) എന്നിവയെയാണ് അറിവിന്റെ ഉറവിടങ്ങളായി അംഗീകരിക്കുന്നത്. ദൈവിക വെളിപാടും ആത്മീയവും പൂർണ്ണമായി നിരസിക്കുന്ന, നിരീക്ഷണമോ വ്യാഖ്യാനമോ മാത്രം അറിവിന്റെ ഒരു ഉറവിടമായി സ്വീകരിക്കുന്ന റിഡക്ഷനിസ്റ്റ്,യൂണിപ്ലക്‌സ് സോഷ്യൽ സയന്റിസ്റ്റുകളുടെ തുടക്കക്കാരനായി വിശ്വാസിയായ ഒരു പണ്ഡിതനെയും ചിന്തകനെയും എങ്ങനെ അവതരിപ്പിക്കാനാകും?” സെന്റുർക്ക് പറഞ്ഞു.

ചരിത്രപരമായ സാമൂഹിക സംഭവങ്ങളുടെ ആഴങ്ങളെ കണ്ടിരുന്ന, അവയെ സൈദ്ധാന്തികമായി അവതരിപ്പിച്ച ഒരു നല്ല നിരീക്ഷകനായിരുന്നു ഖൽദൂനെന്ന് ഇസ്താംബുൾ മെദേനിയറ്റ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ എസ്റഫ് അൽതാസ് പറയുന്നു.
“മുഖദ്ദിമ എന്ന തന്റെ ഗ്രന്ഥത്തിൽ ഇബ്നു ഖൽദൂൻ ചരിത്രപരമായ സാമൂഹിക അസ്തിത്വത്തിന്റെ മേഖലയെ ഒരു സ്വതന്ത്ര പഠന മേഖലയായി കണക്കാക്കുന്നു. ശാസ്ത്ര, തത്ത്വചിന്താ ചരിത്രത്തിൽ ഇത് ആദ്യമാണ്. രണ്ടാമതായി, ചരിത്രപരമായ സാമൂഹിക ഇടം മാനദണ്ഡമല്ല, അതായത് എന്തായിരിക്കണം എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയല്ല, എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് അദ്ദേഹം കണക്കാക്കുന്നത്, ”അൽതാസ് ടിആർടി വേൾഡിനോട് പറഞ്ഞു.

ആദർശകേന്ദ്രീകൃതമായ അക്കാദമിക് സമ്പ്രദായം ഖൽദൂൻ നിരാകരിച്ചെങ്കിലും ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തകളോടെ അവരുടെ ആശയങ്ങൾ പരിശോധിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിൽ അദ്ദേഹം വിശ്വസിക്കുകയും ഈ രീതികൾ ചിന്തകരെ ഫിക്ഷനിൽ നിന്ന് വസ്തുതയെ വേർതിരിക്കുന്നതിന് അനുവദിക്കുന്നുവെന്ന് വാദിക്കുകയും ചെയ്തു. അതിനാൽ, “മനുഷ്യന്റെ സാമൂഹിക സംഘം(human social organization)ചേരലിന്റെ അളവുകോളായി ഉപയോഗിച്ച് അന്വേഷിക്കുന്നതിലൂടെ, ചരിത്രകാരന്മാരുടെ അസംബന്ധ കഥകൾ അംഗീകരിക്കുന്നതിന് പകരം സമൂഹത്തെ വിജയകരമായി വിശകലനം ചെയ്യാൻ ഒരാൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ വിപണി സമ്പദ്‌വ്യവസ്ഥയെ(free-market economy )ക്കുറിച്ച് എഴുതിയതും മൂല്യവത്തായ തൊഴിൽ സിദ്ധാന്തം (labour theory of value) അവതരിപ്പിച്ചതും ഇബ്‌നു ഖൽദൂനാണെന്ന് ചരിത്രം നമ്മോട് പറയുന്നു. ഏതാണ്ട് ഏഴു നൂറ്റാണ്ടുകൾക്ക് ശേഷമാണ് കാൾ മാർക്‌സ് ഇതേ ആശയം കൊണ്ടുവന്നത്. മൂല്യവത്തായ തൊഴിൽ സിദ്ധാന്തത്തെക്കുറിച്ചുള്ള ഖൽദൂന്റെ കൃതി പിന്നീട് ഡേവിഡ് ഹ്യൂം 1752-ൽ തന്റെ പൊളിറ്റിക്കൽ ഡിസ്‌കോഴ്‌സിൽ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, ഡിമാൻഡ്, വിതരണം, വില, ലാഭം എന്നിവയടങ്ങുന്ന സാമ്പത്തിക വിശകലനത്തിന്റെ നിരവധി സംവിധാനങ്ങളുടെ പരസ്പരബന്ധം അദ്ദേഹം ആദ്യമായി അവതരിപ്പിക്കുകയും സമർത്ഥമായി വിശകലനം ചെയ്യുകയും ചെയ്തു.

അൽതാസിന്റെ നിരീക്ഷണത്തിൽ ഇബ്‌നു ഖൽദൂൻ നഗരങ്ങളുടെ ഉപജീവനമാർഗങ്ങൾ, ആളുകളുടെ തൊഴിലുകൾ, വ്യാപാരം, ഉൽപാദന ബന്ധങ്ങൾ എന്നിവ കൈകാര്യം ചെയ്തിരുന്നു. ഈ തലത്തിൽ പരിശോധിക്കുമ്പോൾ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ യഥാർത്ഥ സ്ഥാപകനായി അദ്ദേഹത്തെയാണ് കണക്കാക്കേണ്ടത്. അദ്ദേഹത്തിന്റെ പേര് പാശ്ചാത്യ ചിന്തകർ വലിയതോതിൽ അവഗണിച്ചുവെങ്കിലും അതേസമയം തന്നെ അവർ അദ്ദേഹത്തിന്റെ പല ആശയങ്ങളും സ്വീകരിക്കുകയും അവ തങ്ങളുടേതായി ഉയർത്തി കാണിക്കുകയും ചെയ്തു.

രാഷ്ട്രം, രാഷ്ട്രീയം, സമ്പത്ത്, ഭരണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്തതിനാൽ ആധുനിക രാഷ്ട്രീയ തത്ത്വചിന്തയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്നു. റോഡുകൾ, പാലങ്ങൾ, കൊട്ടാരങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നാഗരികതകളുടെ ഭൗതിക സംസ്കാരത്തെ അദ്ദേഹം കൈകാര്യം ചെയ്തതിനാൽ ആധുനിക നാഗരികതയുടെ ചരിത്രത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നു. സമൂഹത്തിൽ, അറിവിന്റെ ഉൽപ്പാദനം, വിതരണത്തിന്റെ വഴികൾ, വിജ്ഞാനത്തിന്റെ സാമൂഹികവൽക്കരണം തുടങ്ങി സർവ്വമേഖലകളിലും അദ്ദേഹത്തിന്റെ ധൈഷണിക ലോകം പ്രവിശാലമായിരുന്നു.

മാക്രോ ഇക്കണോമിക്‌സിലേക്ക് വരുമ്പോൾ, ജോൺ മെയ്‌നാർഡ് കെയ്‌ൻസ് “അഗ്രഗേറ്റ് ഇഫക്‌റ്റീവ് ഡിമാൻഡ്” എന്ന് വിളിച്ചതിന്റെ ഗുണിത ഫലവും വരുമാനത്തിന്റെയും ചെലവിന്റെയും തുല്യതയുടെയും അടിത്തറയിട്ടത് ഖൽദൂനാണ്. ഖൽദൂൻ പറയുന്നതനുസരിച്ച്, ജനസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് മൊത്തത്തിലുള്ള ഡിമാൻഡ് കൂടുമ്പോൾ, കൂടുതൽ ഉൽപാദനവും ലാഭവും കസ്റ്റംസും നികുതിയും ഉണ്ടെന്നാണ്.
മനുഷ്യപ്രയത്നത്തിലൂടെയുള്ള മൂലധന ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെ സിദ്ധാന്തത്തിന്റെ പ്രാഥമികരൂപം ഖൽദൂനാണ് അവതരിപ്പിച്ചത്. കൂടാതെ, അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര മേഖലയിലും അദ്ദേഹം സംഭാവന നൽകി.

ഇന്ന് നാം സാമ്പത്തിക ശാസ്ത്രം പഠിക്കുകയാണെങ്കിൽ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി ആദം സ്മിത്തിനെ പരിചയപെടുത്തും.ആദം സ്മിത്തിന് വളരെ മുമ്പുതന്നെ, ഇബ്‌ൻ ഖൽദൂൻ ഒരു സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയ്ക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി ശക്തമായ ഒരു വാദം ഉന്നയിച്ചിരുന്നു.

ഇബ്‌നു ഖൽദൂനെ കുറിച്ചുള്ള ഉപരിപ്ലവമായ വായനകൾക്കപ്പുറം അദ്ദേഹത്തിന്റെ യഥാർത്ഥ അനുയായികൾ അദ്ദേഹത്തിന്റെ ആധികാരിക ചിന്ത, മൾട്ടിപ്ലക്‌സ് ഓന്റോളജി, എപ്പിസ്റ്റമോളജി, മെത്തഡോളജി എന്നിവ കണ്ടെത്തണം.അദ്ദേഹത്തെ ഇന്നത്തെ ആധിപത്യ യൂറോസെൻട്രിക് സോഷ്യൽ സയൻസ് വ്യവഹാരത്തിന് ബദലായി അവതരിപ്പിക്കുകയും ഖൽദൂനെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ പ്രചരിപ്പിക്കുകയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നു സെൻതുർക്ക് അഭിപ്രായപ്പെടുന്നുണ്ട്.

“നമുക്ക് യൂറോസെൻട്രിസത്തിന് അപ്പുറത്തേക്ക് പോകണമെങ്കിൽ, ഇബ്‌നു ഖൽദൂന്റെ ആധികാരിക പൈതൃകത്തെ യഥാർത്ഥ രൂപത്തിൽ പ്രയോഗിച്ച് പുനരുജ്ജീവിപ്പിക്കണം. ലോകമെമ്പാടുമുള്ള സഹപ്രവർത്തകരുടെ ഒരു ഇന്റർ ഡിസിപ്ലിനറി സംഘം എന്ന നിലയിൽ 2006 മുതൽ ഇന്റർനാഷണൽ ഇബ്‌നു ഖൽദൂൻ സൊസൈറ്റി എന്ന പേരിൽ ഇത് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഓരോ മൂന്ന് വർഷത്തിലും ഞങ്ങൾ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിമ്പോസിയങ്ങളിലൂടെ ഇത് ലോകത്തിന് അവതരിപ്പിക്കുകയും ചെയ്യുന്നു” സെൻതുർക് പറയുന്നു.

1406 മാർച്ച് 17-ന് ഈജിപ്തിൽ വെച്ച് തന്റെ എഴുപത്തിനാലാം വയസ്സിലാണ് ഖൽദൂൻ മരിച്ചത്. കെയ്‌റോയിലെ ബാബ് അൻ-നസറിന് പുറത്തുള്ള സൂഫി ശ്മശാനത്തിൽ ആ മഹാപ്രതിഭ അന്ത്യവിശ്രമം കൊള്ളുന്നു.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles