“2014 മുതലാണ് ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നതെന്നാണ് മോഡിയും കൂട്ടരും പറയുന്നത്” കബില്‍ സിബില്‍ ഇത് പറയുമ്പോള്‍ ചരിത്രത്തോട് സംഘ് പരിവാര്‍ കാണിക്കുന്ന അവഗണനയാണ് വെളിവാക്കപ്പെടുന്നത്. മുസ്ലിം പേരുകളേയും മുസ്ലിം ഭരണാധികാരികളെയും അവഗണിച്ചു കൊണ്ട് എങ്ങിനെ ഇന്ത്യന്‍ ചരിത്രം എഴുതാം എന്ന ചിന്തയിലാണവർ. അടിമ വംശം മുതലാണ് നാം കേള്‍ക്കുന്ന ദല്‍ഹി കേട്ട് തുടങ്ങിയത്. 1200 ല്‍ തുടങ്ങിയ ആ ചരിത്രം 1857 വരെ ഡല്‍ഹിയില്‍ നാം കണ്ടിരുന്നു. അവസാന മുഗള്‍ ചക്രവര്‍ത്തിയെ നാട് കടത്തിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചത്. അതില്‍ 1526 മുതല്‍ ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെ മുഗള്‍ സാമ്രാജം ശക്തമായി തന്നെ നിലകൊണ്ടു.
ഇന്നും ഡല്‍ഹിയില്‍ പോയ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ് മുഗള്‍ സാമ്രാജം. അത് മാത്രമല്ല ഒരു സമയത്ത് ഇന്ത്യയുടെ വടക്കും തെക്കും കിഴക്കും മുസ്ലിം ഭരണകൂടങ്ങള്‍ നില നിന്നിരുന്നു. അവരെ ഇസ്ലാമിക് ഭരണകൂടങ്ങള്‍ എന്നാരും പറയില്ല. രാജ ഭരണത്തിന്റെ എല്ലാ ദോഷങ്ങളും അവര്‍ക്കുമുണ്ടായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് സംഘ് പരിവാര്‍ ഇന്ത്യക്കുണ്ടാക്കിയ നാണക്കേട് നൂറ്റാണ്ടുകള്‍ ഭരിച്ചിട്ടും മുസ്ലിംകള്‍ ഉണ്ടാക്കിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ചരിത്രം മാറ്റി എഴുതുക എന്നത് അവരുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ ഉറപ്പ് നല്‍കിയ കാര്യവുമാണ് . അവരുടെ ഭാഷയില്‍ ഇന്ത്യന്‍ ചരിത്രം തെറ്റായ നിലപാടിലാണ് രൂപപ്പെട്ടത്.
ഇന്നത്തെ ഇന്ത്യന്‍ ചരിത്രത്തില്‍ സംഘ് പരിവാര്‍ സംതൃപ്തരല്ല. അവരുടെ നേതാക്കള്‍ ഉണ്ടാക്കിവെച്ച അപമാനം അവരെ തന്നെ വേട്ടയാടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ സംഘ് പരിവാറിന്റെ സ്ഥാനം എന്തെന്ന ചോദ്യം പലരും ഉന്നയിച്ചതാണ്. കാര്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്കും സാധ്യമാകുന്നില്ല. അതെ സമയം ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളെന്നു സംഘ് പരിവാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ നൂറ്റാണ്ടുകളായി ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ അവരുടെ ഉറക്കം കെടുത്തുന്നു. അതിനാല്‍ അവര്‍ തീരുമാനിക്കുന്നു, മുഗള്‍ ചരിത്രം ഇനി മുതല്‍ കുട്ടികള്‍ പഠിക്കേണ്ട എന്ന്. ആ ശ്യൂന്യതയില്‍ പിന്നെ ആരാണ് ഇന്ത്യ ഭരിച്ചത് എന്ന ചോദ്യത്തിന് കൂടി സംഘ് പരിവാര്‍ ഉത്തരം കണ്ടെത്തണം.
ചരിതം അവഗണിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ട് പോകാന്‍ സാധ്യമല്ല. ചരിത്ര പഠനത്തിന്റെ തുടക്കം കുട്ടികളില്‍ നിന്നും ആരംഭിക്കണം. അവിടെ നിന്ന് തന്നെ നുണ പറഞ്ഞു തുടങ്ങിയാല്‍ കുട്ടികള്‍ ഒരിക്കലും ശരിയിലേക്ക് വരില്ലെന്ന് സംഘ് പരിവാര്‍ മനസ്സിലാക്കുന്നു. ഇത് മാത്രമല്ല ഗാന്ധിജി, നെഹ്‌റു, മൗലാന ആസാദ് തുടങ്ങിയ ആധുനിക ലോകം കാണുകയും അനുഭവിക്കുകയും ചെയ്തവരെയും വക്രമായി ചിത്രീകരിക്കാന്‍ വിദ്യാഭ്യാസ പദ്ധതിയുടെ പേരില്‍ സംഘ് പരിവാര്‍ ശ്രമിക്കുന്നു. നുണകളുടെ മുകളിലാണവർ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വം കെട്ടിപ്പൊക്കിയത്. അതിനെ സംരക്ഷിക്കാന്‍ യഥാര്‍ത്ഥ സത്യത്തെ നിരാകരിക്കാന്‍ അവര്‍ അണികളെ പഠിപ്പിക്കുന്നു.
നാം പഠിച്ചു വരുന്ന ചരിത്രം ഇങ്ങിനെയാണ്. മുഗളന്മാര്‍, പോര്‍ച്ചുഗല്‍, ഡച്ച്കാര്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ ഇങ്ങിനെയാണ് ഇന്ത്യയുടെ ചരിത്രം. എന്നാല്‍ സംഘ പരിവാര്‍ പറഞ്ഞു വരുന്നത് ഇങ്ങിനെയാണ്. 2014 വരെ ഇന്ത്യ ഒരു മിഥ്യയായിരുന്നു. ശരിയായ ഇന്ത്യ ആരംഭിക്കുന്നത് അതിനു ശേഷമാണ്. ഇന്ത്യന്‍ ചരിത്രവും ശാസ്ത്രവും ദേശീയതയെ അവഗണിക്കുന്നു എന്ന് സംഘ് പരിവാര്‍ മുന്നോട്ടു വെക്കുന്ന ആരോപണം അങ്ങിനെ മറികടക്കാന്‍ അവര്‍ക്ക് കഴിയും. ഫാസിസം ഭരണ ചക്രം തിരിക്കുന്ന കാലത്ത് നല്ല മനുഷ്യരുടെ ഉത്തരവാദിത്തം വര്‍ധിക്കും. കുട്ടികള്‍ക്ക് നാം വീടുകളില്‍ നിന്നും ചരിത്രം പഠിപ്പിക്കുക. ഇന്ത്യ നൂറ്റാണ്ടുകളുടെ പിമ്പലമുള്ള രാജ്യമാണ്. ഇന്ത്യയിലെ മുസ്ലിം സാന്നിധ്യത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സത്യത്തെ നുണകള്‍ കൊണ്ട് മറച്ചു വെക്കാന്‍ നല്ലത് കുട്ടികളുടെ നല്ല മനസ്സില്‍ നിന്നും നന്മകളെ ഇല്ലാതാക്കാന്‍ ശ്രമിക്കലാണ്. സംഘ പരിവര്‍ നടത്തുന്ന നീക്കങ്ങള്‍ വാസ്തവത്തില്‍ ഇന്ത്യന്‍ ജനാധിപത്യ മതേതര മൂല്യങ്ങളെ തകര്‍ക്കും എന്നുറപ്പാണ്. പക്ഷെ ഇതിനെ പ്രതിരോധിക്കാന്‍ മതേതര ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ബാക്കിയാകും ഇനി വരുന്ന ഇന്ത്യ.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1