Current Date

Search
Close this search box.
Search
Close this search box.

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

ദുൽഖർനൈനി നിർമ്മിച്ച ഭിത്തിയെ സംബന്ധിച്ച കൂടുതൽ വിവരം ഇങ്ങനെ മനസ്സിലാക്കാം: ദുൽഖർനൈൻ നിർമിച്ച ഭിത്തി പ്രസിദ്ധമായ ചൈനാ ഭിത്തിയാണെന്ന ഒരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ, കോക്കസ് പ്രാന്തത്തിലെ ദാഗിസ്താനിൽ, ദർബൻദിന്റെയും ദാരിയലിന്റെയും മധ്യത്തിലാണ് ഈ ഭിത്തി സ്ഥിതിചെയ്യുന്നത്. കരിങ്കടലിനും കാസ്പിയൻ സമുദ്രത്തിന്നുമിടക്കാണ് കോക്കസ് പ്രദേശം. അവിടെ കരിങ്കടൽ മുതൽ ദാരിയൽവരെ ഉയർന്ന പർവതനിരകളാണ്. മധ്യത്തിലെ മലയിടുക്കുകളാകട്ടെ, ഒരു വലിയ സൈനികസംഘത്തിന് കടന്നുവരാൻ മാത്രം വീതിയുള്ളതായിരുന്നില്ല. എന്നാൽ, ദാരിയലിനും ദർബൻദിനുമിടയിലുള്ള പ്രദേശത്തെ പർവതങ്ങൾ അധികം ഉയരം കൂടിയതല്ലായിരുന്നു. ഇവിടത്തെ മലമ്പാതകൾ നല്ലപോലെ വീതിയുള്ളതുമാണ്. പുരാതനകാലത്ത് വടക്കുനിന്നുള്ള അപരിഷ്‌കൃത ജനവർഗങ്ങളുടെ കൊള്ളസംഘങ്ങൾ ഈ വഴിയിലൂടെ ദക്ഷിണ ഭാഗങ്ങളിൽ കടന്നാക്രമണം നടത്തുക പതിവായിരുന്നു. വടക്കുനിന്ന്, ഇതേ മാർഗത്തിലൂടെയുള്ള ആക്രമണങ്ങളെയാണ് പേർഷ്യൻ ഭരണാധികാരികൾ ഭയപ്പെട്ടിരുന്നതും. ഈ ആക്രമണങ്ങളുടെ പ്രതിരോധാർഥം അവിടെ സുഭദ്രമായൊരു പടുകൂറ്റൻ ഭിത്തി നിർമിക്കപ്പെട്ടു. 50 നാഴിക നീളവും 29 അടി ഉയരവും 10 അടി വീതിയുമുള്ള ഈ ഭിത്തി ആർ, എപ്പോൾ നിർമിച്ചുവെന്ന് ഇതുവരെ ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, മുസ്‌ലിം ചരിത്രപണ്ഡിതന്മാരും ഭൂമിശാസ്ത്രകാരന്മാരും ഇതുതന്നെയാണ് ‘ദുൽഖർനൈൻഭിത്തി’ എന്നു വിശ്വസിക്കുന്നു. അതിന്റെ നിർമാണരീതികളെക്കുറിച്ച ഖുർആനിക വിവരണങ്ങളുമായി യോജിക്കുന്ന അടയാളങ്ങൾ ഇപ്പോഴും അവിടെ കാണപ്പെടുന്നുണ്ട്.

ഇബ്‌നുജരീർ അത്ത്വബരിയും ഇബ്‌നുകസീറും ഇതെപ്പറ്റി തങ്ങളുടെ ചരിത്രകൃതികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ‘മുഅ്ജമുൽ ബുൽദാനി’ൽ യാഖൂത്ത് അതുദ്ധരിച്ച് എഴുതുന്നു: അദർബൈജാൻ വിജയാനന്തരം ഹദ്‌റത്ത് ഉമർ(റ) ഹിജ്‌റ 22-ആം വർഷം സുറാഖത്തുബ്‌നു അംറിനെ ബാബുൽ അബ്‌വാബ് കീഴടക്കാൻ നിയോഗിച്ചു. അബ്ദുർറഹ്മാനിബ്‌നു റബീഅയുടെ നേതൃത്വത്തിൽ സുറാഖ തന്റെ മുന്നണിപ്പടയെ അങ്ങോട്ടയച്ചു. അബ്ദുർറഹ്മാൻ, അർമീനിയൻ പ്രദേശങ്ങളിൽ പ്രവേശിച്ചപ്പോൾ അവിടത്തെ ഭരണാധികാരിയായിരുന്ന ശഹർബറാസ്, യുദ്ധം കൂടാതെ കീഴടങ്ങി. അനന്തരം ബാബുൽ അബ്‌വാബിലേക്ക് മുന്നേറാൻ തുടങ്ങവെ, അബ്ദുർറഹ്മാനോട് ശഹർബറാസ് പറഞ്ഞു: ‘ദുൽഖർനൈൻ ഭിത്തി നിരീക്ഷിച്ച് ആ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ പഠിച്ചുവരാൻ ഞാൻ ഒരു ദൂതനെ അയച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം വിശദവിവരങ്ങൾ താങ്കളെ ബോധിപ്പിക്കുന്നതാണ്.’ അങ്ങനെ അബ്ദുർറഹ്മാന്റെ മുമ്പിൽ അദ്ദേഹം ഹാജറാക്കപ്പെട്ടു.

ഈ സംഭവം നടന്ന് 200 വർഷങ്ങൾക്കു ശേഷം അബ്ബാസി ഖലീഫയായിരുന്ന അൽവാസിഖ് ദുൽഖർനൈൻ ഭിത്തിയുടെ നിരീക്ഷണാർഥം സലാമുത്തർജുമാന്റെ നേതൃത്വത്തിൽ 50 പേരുടെ ഒരു സംഘത്തെ നിയോഗിക്കുകയുണ്ടായി. ‘മുഅ്ജമുൽ ബുൽദാനി’ൽ യാഖൂത്തും, ‘അൽബിദായ വന്നിഹായയി’ൽ ഇബ്‌നുകസീറും സാമാന്യം വിശദമായി ഇത് പ്രതിപാദിക്കുന്നുണ്ട്. അവരുടെ വിവരണപ്രകാരം പ്രസ്തുത ദൗത്യസംഘം ആദ്യം സാമർറയിലൂടെ തിഫ്‌ലീസിലും അവിടന്ന് അസ്സറീറിലും തുടർന്ന് അല്ലാൻ വഴി ഫീലാൻഷായിലും എത്തി. പിന്നീട് കാസ്പിയൻ ദേശത്ത് പ്രവേശിച്ചു. തുടർന്ന് ദർബൻദിൽ ചെന്ന് ഭിത്തിനിരീക്ഷണം നടത്തി. കോക്കസിലെ ഈ ഭിത്തിതന്നെയാണ് ദുൽഖർനൈൻ ഭിത്തിയെന്ന് ഹിജ്‌റ മൂന്നാം ശതകത്തിലും മുസ്‌ലിംകൾ പൊതുവെ വിശ്വസിച്ചിരുന്നതായി ഇത് വ്യക്തമാക്കുന്നു.

‘മുഅ്ജമുൽ ബുൽദാനി’ൽ മറ്റിടങ്ങളിലും ഈ വസ്തുത യാഖൂത്ത് പരാമർശിക്കുന്നു. കാസ്പിയൻ എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതുന്നു. ദുൽഖർനൈൻ ഭിത്തിക്ക് സമീപം ദർബൻദ് എന്നറിയപ്പെടുന്ന ബാബുൽ അബ്‌വാബിന്റെ പിന്നിലെ തുർക്കി പ്രദേശങ്ങളാണിത്.

കാസ്പിയൻ രാഷ്ട്രത്തെപ്പറ്റി വിശദമായി വിവരിക്കുന്ന ഖലീഫ മുഖ്തദിർ ബില്ലാഹിയുടെ അംബാസഡർ അഹ്മദുബ്‌നു ഫദ്‌ലാന്റെ ഒരു റിപ്പോർട്ടും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഉതൽ ആസ്ഥാനമായുള്ള രാജ്യമാണ് കാസ്പിയൻ എന്നതിൽ പറയുന്നു. ഈ പട്ടണത്തിന്റെ മധ്യത്തിലൂടെ കടന്നുപോവുന്ന ഉതൽ നദി റഷ്യയിൽനിന്നും ബൾഗേറിയയിൽനിന്നും ആഗമിച്ച് കാസ്പിയൻ സമുദ്രത്തിൽ ചേരുന്നു. വോൾഗ എന്ന പേരിലാണ് ഈ നദി ഇപ്പോൾ അറിയപ്പെടുന്നത്.

‘ബാബുൽ അബ്‌വാബ്’ എന്ന ശീർഷകത്തിൽ അദ്ദേഹം എഴുതുന്നു: ”ഇതിന് അൽബാബ് എന്നും ദർബൻദ് എന്നും പേരുണ്ട്. കാസ്പിയൻ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന അമുസ്‌ലിം നാടുകളിൽനിന്ന് മുസ്‌ലിം നാടുകളിലേക്ക് വരുന്നവരെസ്സംബന്ധിച്ചിടത്തോളം വളരെ ദുഷ്‌കരമാണ് ഈ മാർഗം. ഒരു കാലത്തിത് അനൂശർവാന്റെ സാമ്രാജ്യത്തിൽപെട്ടതായിരുന്നു. പേർഷ്യൻ ചക്രവർത്തിമാർ ഈ അതിർത്തി പ്രദേശത്തിന്റെ സംരക്ഷണത്തിന് വലിയ പ്രാധാന്യം കൽപിച്ചിരുന്നു.”

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles