ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ സ്വർണ സിംഹാസനത്തിൽ തീപ്പൊള്ളലേൽപ്പിച്ച ധീര ദേശാഭിമാനിയാണ് ശഹീദ് ടിപ്പു സുൽത്താൻ!
ടിപ്പുവും പിതാവ് ഹൈദരലിഖാനും ചേർന്ന് ശക്തവും സുസംഘടിതവുമായ നാല് “മൈസൂർ യുദ്ധങ്ങളാ”ണ് ഇംഗ്ലീഷ് പട്ടാളത്തിനു നേരെ നടത്തിയത്..!
ബ്രിട്ടൻ്റെ കണ്ണിലെ കരടായി മാറിയ ടിപ്പുവിനെ സാമ്രാജ്യത്വ പാദ സേവകരായ ചരിത്രകാരന്മാരും അവരുടെ കേട്ടെഴുത്തുകാരായ നമ്മുടെ മുഖ്യധാരയും അസത്യത്തിൻ്റെ പെയിൻ്റടിച്ചു കറുപ്പിച്ചത് വെറുതെയല്ല!
ഇന്ത്യ കണ്ട ഏറ്ററും ക്രാന്തദർശിയും ജനക്ഷേമ തത്പരനും സർഗധനനും ധീരനുമായ ഭരണാധികാരിയെന്ന് ടിപ്പുവിനെ വിശേഷിപ്പിക്കുകയും അക്കാര്യം തെളിയിക്കാൻ “ടിപ്പു സുൽത്താൻ ” എന്ന പേരിൽ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്ത പി.കെ ബാലകൃഷ്ണനെപ്പോലുള്ളവരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.
ഒറ്റ ക്ഷേത്രവും തകർക്കാത്ത, നിരവധി ക്ഷേത്രങ്ങൾക്ക് ധനസഹായം ചെയ്ത ടിപ്പു സുൽത്താനെ “ക്ഷേത്ര ധ്വംസകനാ”ക്കിയ ഔദ്യോഗിക എഴുത്തുകാരെ പറ്റി ബാലകൃഷ്ണൻ തൻ്റെ കൃതിയിൽ അദ്ഭുതം കൊള്ളുന്നുണ്ട്! ലാൽബാഗ് ഉൾപ്പെടെയുള്ള പൂന്തോട്ടങ്ങളുടെ നഗരിയായി മൈസൂരിനെ നിർമിച്ചെടുക്കുന്നതിൽ മുതൽ കേരളത്തിലെ ഭൂപരിഷ്കരണ നിയമം, സ്ത്രീകളെ മാറ് മറപ്പിക്കൽ, മലബാറിലെ റോഡ് നിർമാണം പോലുള്ള വിപ്ലവ / പരിഷ്കരണ പ്രവർത്തനങ്ങളിൽ സുൽത്താൻ വഹിച്ച മഹത്തായ പങ്കും പി.കെ ബാലകൃഷ്ണൻ അനാവരണം ചെയ്യുന്നുണ്ട്!
പതിനെട്ടാം നൂറ്റാണ്ടിൽ, ശാസ്ത്രത്തിൻ്റെ ശൈശവ ദശയിൽ വൈദേശികാധിപത്യത്തിനെതിരെ റോക്കറ്റുകൾ ഉപയോഗിച്ച് സുധീരം പൊരുതിയ ടിപ്പു സുൽത്താൻ്റെയും അനുചരന്മാരുടെയും ചിത്രം “നാസ” യുടെ സ്വീകരണമുറിയിൽ കണ്ടപ്പോൾ ഇന്ത്യക്കാരൻ എന്ന നിലയിൽ താൻ ഏറെ അഭിമാനം കൊണ്ടതായി മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ “മിസൈൽമാനു”മായ ഡോ: എ. പി. ജെ അബ്ദുൾ കലാം രേഖപ്പെടുത്തിയിട്ടുണ്ട്. (അഗ്നിച്ചിറകുകൾ. പേജ്: 73)
“ശത്രുവിനെതിരെ ഓടി ഒളിക്കാതെ യുദ്ധക്കളത്തിൽ മുഖാമുഖം പൊരുതി മരിച്ച ലോകത്തെ അപൂർവ്വം ഭരണാധികാരികളിൽ ഉൾപ്പെടുന്ന ധീര സാഹസികനും രാജ്യസ്നേഹിയുമാണ് ടിപ്പു സുൽത്താൻ ” എന്നത്രെ “ടിപ്പുവിൻ്റെ കരവാൾ ” എന്ന ബൃഹദ് ഗ്രന്ഥം രചിച്ച ഭഗ് വാൻ എസ് ഗിദ് വാനി നിരീക്ഷിക്കുന്നത്!
സുൽത്താൻ വിദേശങ്ങളിൽ വാഴ്ത്തപ്പെടുകയും സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുകയും ചെയ്യുന്നതിൻ്റെ അനൗചിത്യത്തെ ഭഗ് വാൻ ഈ കൃതിയിൽ വിചാരണ ചെയ്യുന്നു!
“മൈസൂർ കടുവ” ടിപ്പു സുൽത്താൻ്റെ അന്ത്യനിമിഷങ്ങള പറ്റി ഭഗ് വാൻ എസ്.ഗിദ് വാനി എഴുതുന്നു:
“വെടിവയ്പ് തീവ്രമായിക്കഴിഞ്ഞിരുന്നു. ടിപ്പു സുൽത്താൻ മുന്നോട്ട് കുതിക്കാൻ വെമ്പി. സ്വന്തം ശരീരത്തിൽ മൂന്ന് മുറിവുകളേറ്റിട്ടും കൈയിൽ ഊരിപ്പിടിച്ച കരവാളുമായി ഒരേയൊരു മൈസൂർക്കാരൻ മാത്രം ഉറച്ചു നിൽക്കുന്നു..! ടിപ്പു സുൽത്താൻ..!
ഇംഗ്ലീഷ് പട്ടാളക്കാരുടെ കണ്ണുകൾ മുറിവേറ്റ സുൽത്താൻ അണിഞ്ഞിരുന്ന രക്തം വീണ അരപ്പട്ടയിൽ പതിഞ്ഞു. ആ അരപ്പട്ടയിലാണ് ടിപ്പു കരവാൾ ചേർത്തുവെക്കുന്നത്. “നമുക്കത് പിടിച്ചെടുക്കാം” ഒരു സൈനികൻ പറഞ്ഞു. വാളുകളും തോക്കിൻ ചട്ടകളുമായി സൈനികർ അദ്ദേഹത്തിനു നേരെ തിരിഞ്ഞു.
ചോര വാർന്ന് ഏതാണ്ട് മയക്കം ബാധിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു സുൽത്താൻ. തൻ്റെ സമയമടുത്തിരിക്കുന്നു എന്നറിഞ്ഞ അദ്ദേഹം മന്ദഹസിച്ചു. പെട്ടെന്ന് അദ്ദഹത്തിൻ്റെ കരവാൾ ബ്രിട്ടീഷ് പട്ടാളക്കാർക്കു നേരെ ഇരമ്പിപ്പാഞ്ഞു. രണ്ടു പേർക്കും മുറിവേറ്റു.
“ഇയാൾ ഒരു നരിയെ പോലെ പൊരുതി!”
ഒരു പട്ടാളക്കാരൻ പ്രഖ്യാപിച്ചു.
“അദ്ദേഹം ഒരു നരി തന്നെയായിരുന്നു”
അരപ്പട്ടയിൽ നിന്ന് വാൾ അഴിച്ചെടുക്കവേ രണ്ടാമൻ പ്രതികരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണൽ ജനറൽ റിച്ചാർഡ് വെല്ലസ്ലി അപ്പോൾ ഒരു വിരുന്നിലായിരുന്നു. അതിനിടയിലാണ് ടിപ്പു സുൽത്താൻ്റെ മരണവാർത്ത അദ്ദേഹം അറിഞ്ഞത്.
വിസ്കിയും വീഞ്ഞും ഒരുപാട് അകത്താക്കിയതിനാൽ അയാളുടെ കാലുറച്ചിരുന്നില്ല. ഉറക്കാത്ത കാൽവയ്പുകളുമായി റിച്ചാർഡ് എഴുന്നേറ്റു നിന്നു. എന്നിട്ട് തൻ്റെ ചഷകം ഉയർത്തിപ്പിടിച്ചു കൊണ്ട് റിച്ചാർഡ് പറഞ്ഞു:
“മാന്യമഹാ ജനങ്ങളേ..!
ഇന്ത്യയുടെ ശവ ത്തിനു വേണ്ടിയിതാ ഞാനിത് കുടിക്കുന്നു..!”
( ടിപ്പുവിൻ്റെ കരവാൾ. പുറം: 507-508.
വിവർത്തനം. എ.പി കുഞ്ഞാമു )
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp