Current Date

Search
Close this search box.
Search
Close this search box.

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു.

സിൽക്ക് റോഡും അതിന്റെ ഉപശാഖകളും വഴി മുസ്‌ലിം വ്യാപാരം വികസിച്ചത് മിഡിൽ ഈസ്റ്റിനെ കിഴക്ക് ഇന്ത്യയും ചൈനയും പോലെയുള്ള ഭൂപ്രദേശങ്ങളുമായി ബന്ധിപ്പിക്കുകയും മെഡിറ്ററേനിയനിലെ ഷിപ്പിംഗ് റൂട്ടുകളിലൂടെ യൂറോപ്യന്മാരുമായുള്ള വ്യാപാര സാംസ്കാരിക ഇടപെടലുകൾ സജീവമാക്കുകയും ചെയ്തു.

മധ്യകാല ഇസ്‌ലാമിക സഞ്ചാരികളുടെ അതുല്യവും സമ്പന്നവുമായ നിരവധി യാത്രാനുഭവങ്ങളും വിവരണങ്ങളും ഇത്തരം വിശാലമായ ദൂരങ്ങളിലൂടെയുള്ള യാത്ര എങ്ങനെയായിരുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്.

അൽ-മസൂദി എന്നറിയപ്പെടുന്ന അബുൽ ഹസൻ അലി ഇബ്ൻ അൽഹുസൈൻ അൽമസൂദി മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആദ്യകാല യാത്രാ എഴുത്തുകാരിൽ പ്രധാനിയാണ്. പത്താം നൂറ്റാണ്ടിൽ പേർഷ്യ, ഇന്ത്യ, ഇന്തോചൈന എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദർശനങ്ങൾ അദ്ദേഹം വിശദമായി വിവരിച്ചിട്ടുണ്ട്.

12-ആം നൂറ്റാണ്ടിൽ അന്തലൂസിയക്കാരനായ ഇബ്‌നു ജുബൈർ സിറിയയിലും ഇറ്റലിയിലും നടത്തിയ തന്റെ യാത്രകളുടെ വിശദമായ യാത്രാവിവരണം പിൽക്കാല മൊറോക്കൻ സഞ്ചാരിയായ ഇബ്‌നു ബത്തൂത്തക്ക് പ്രചോദനമായതായി പറയപ്പെടുന്നുണ്ട്.

തങ്ങളുടെ വിശാലമായ യാത്രകളുടെ വിവരണങ്ങൾ രേഖപ്പെടുത്തി ലോകത്തിന് സമ്മാനിച്ച പ്രശസ്തരായ മൂന്ന് മിഡിൽ ഈസ്റ്റേൺ സഞ്ചരികളെ പരിചയപ്പെടാം.

അഹ്മദു ബ്നു ഫദ്ലാൻ
879CE ൽ ജനിച്ച ഈ അറബ് സഞ്ചാരിയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ വിരളമാണെങ്കിലും മതവിജ്ഞാനീയങ്ങളിൽ അദ്ദേഹത്തിന് നല്ല പ്രവീണ്യമുണ്ടായിരുന്നു എന്നത് വ്യക്തമാണ്.

922 CE-ൽ അബ്ബാസിയ ഖലീഫയായിരുന്ന അൽ മുഖ്തദിർ ആധുനിക റഷ്യയിലെ കരിങ്കടലിന് വടക്ക് കിഴക്ക് ടാറ്റർസ്ഥാൻ എന്ന പ്രദേശത്ത് താമസിച്ചിരുന്ന വോൾഗ ബൾഗറുകളുടെ ദൂതനായി ഫദ്‌ലാനെ തിരഞ്ഞെടുത്തതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഈ ആഴത്തിലുള്ള വിജ്ഞാനമായിരുന്നു.

ബൾഗറുകളിലെ രാജാവ് അൽമിസ് തോട്ടുമുമ്പത്തെ വർഷം മുസ്‌ലിമാവുകയും ജാഫർ ഇബ്നു അബ്ദല്ല എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ തന്റെ ആളുകൾക്ക് ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കാനും ഒരു പള്ളിയും കോട്ടയും നിയന്ത്രിക്കാനുമായി ഖലീഫയോട് ഒരാളെ അയക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

പ്രസ്തുത ഉത്തരവാദിത്തം ലക്ഷ്യമാക്കി ഫദ്ലാൻ മധ്യേഷ്യയിലൂടെയും കിഴക്കൻ യൂറോപ്പിലേക്കും ഒരു ഐതിഹാസിക യാത്ര ആരംഭിച്ചു. വിവിധ തുർക്കി ജനതകളെയും വോൾഗ നദീതടത്തിൽ വസിച്ചിരുന്ന വൈക്കിംഗുകൾ എന്ന പേരിൽ അറിയപ്പെട്ട റഷ്യക്കാരെയും അദ്ദേഹം കണ്ടുമുട്ടി.
സമ്മാനങ്ങൾ നൽകിയ ശേഷം, മുഖ്തദിറിൽ നിന്ന് അയച്ച കത്ത് ഫദ്‌ലാൻ ഉറക്കെ വായിച്ചു:

“എനിക്ക് ഖലീഫയുടെ കത്ത് കിട്ടി, ഞങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ അവർ അല്ലാഹു അക്ബർ എന്ന് ഉച്ചരിച്ചു! ” അദ്ദേഹം ഓർക്കുന്നു.

അദ്ദേഹത്തിന്റെ വിപുലമായ രചനകൾ ആ കാലഘട്ടത്തിലെ ഈ പ്രദേശത്തെക്കുറിച്ചുള്ള അവശേഷിക്കുന്ന സാക്ഷി വിവരണങ്ങളിൽ പ്രധാനപ്പെട്ടതാണ്. അത്പോലെ വൈക്കിംഗ് ആചാരത്തെക്കുറിച്ചുള്ള നിർണായക വിശദാംശങ്ങൾ ഈ വിവരണങ്ങൾ നൽകുന്നുണ്ട്.
വോൾഗ ബൾഗേഴ്സിനെ സഹായിക്കുക എന്നതായിരുന്നു ഫദ്ലാന്റെ യാത്രകളുടെ ഉദ്ദേശമെങ്കിലും, വോൾഗ നദിക്കരയിൽ അദ്ദേഹം കണ്ടുമുട്ടിയ വൈക്കിംഗുകളുടെ ഒരു കൂട്ടം വരൻജിയൻസ് ( റസ് ) കളുടെ ഐതിഹാസിക കഥകളാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

പുരുഷന്മാർ എപ്പോഴും വാളുകളും കഠാരകളും കൊണ്ട് സായുധരാണെന്നും “വിരലുകളിൽ നഖം മുതൽ കഴുത്ത് വരെ പച്ചകുത്തിയവരാണെന്നും” അദ്ദേഹം വിവരിക്കുന്നു.അതേസമയം സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ സാമ്പത്തികസ്ഥിതിയെ സൂചിപ്പിക്കാനായി മാറിടങ്ങളിൽ “സ്വർണ്ണം,ഇരുമ്പ്, വെള്ളി, ചെമ്പ് ” എന്നിവയുടെ ലോഹപ്പെട്ടികളാണ് ധരിച്ചിരുന്നത്.

ഇവിടെയുള്ള ആളുകളെക്കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഫദ്ലാൻ വിവരിക്കുന്നത്. അവരുടെ ശാരീരികപ്രത്യേകതകൾ അദ്ദേഹത്തെ അതിശയപ്പെടുത്തിയിരുന്നു. “ഈന്തപ്പനകൾ പോലെ ഉയരമുള്ള, സുന്ദരവും ചുവന്ന നിറമുള്ളതുമായ മറ്റാരേയും ഞാൻ കണ്ടിട്ടില്ല എന്ന് പുകഴ്ത്തി പറയുമ്പോൾ തന്നെ എന്നിട്ടും അവരുടെ ശുചിത്വ നിലവാരത്തിൽ അദ്ദേഹം വെറുപ്പ് പ്രകടിപ്പിക്കുന്നുണ്ട്.“ ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും വൃത്തികെട്ടവരാണവർ, മലമൂത്രവിസർജ്ജനത്തിലും മൂത്രമൊഴിക്കുന്നതിലും അവർക്ക് മാന്യതയില്ല… അവർ കാട്ടുകഴുതകളെപ്പോലെയാണ്.” എന്ന് അദ്ദേഹം വിവരിക്കുന്നു.

ഒരു യുവതിയുടെ ബലിത്യാഗം ഉൾപ്പെടുന്ന ഒരു റസ് കുലീനന്റെ ശവസംസ്കാര ചടങ്ങിന്റെ വിശദമായ വിവരണവും അദ്ദേഹം നൽകുന്നു.

ഫദ്ലാന്റെ വിവരങ്ങൾ വൈക്കിംഗ് സമൂഹത്തെ കുറിച്ചുള്ള സമകാലിക ചിത്രീകരണങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്.ഹിസ്റ്ററി ചാനലിന്റെ ‘വൈക്കിംഗ്‌സ് ‘, അന്റോണിയോ ബാൻഡേരാസിന്റെ മുൻനിര ഹോളിവുഡ് സിനിമയായ ‘The 13th Warrior’ തുടങ്ങിയ ടിവി ഷോകളിൽ അദ്ദേഹത്തിന്റെ വിവരങ്ങളെ അവലംബമാക്കിയിരുന്നു.

ഇബ്നു ബത്തൂത്ത
അബു അബ്ദുല്ല മുഹമ്മദ് ഇബ്നു ബത്തൂത്ത 1304-ൽ മൊറോക്കൻ നഗരമായ ടാൻജിയറിലാണ് ജനിച്ചത്. ഇസ്‌ലാമിക നിയമജ്ഞരും ഖാളിമാരുമടങ്ങുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. ഇബ്‌നു ബത്തൂത്ത (താറാവിന്റെ മകൻ എന്നർത്ഥം) ചൈനയിൽ നിന്ന് സ്പെയിനിലേക്കുള്ള തന്റെ യാത്രകളിൽ 120,000 കിലോമീറ്റർ സഞ്ചരിച്ചത് അവിശ്വസനീയമാണ്. അതിൽ ഭൂരിഭാഗവും കാൽനടയായും മൃഗങ്ങൾ നയിക്കുന്ന യാത്രാവാഹനങ്ങളിലുമാണെന്നത് ശ്രദ്ധേയമാണ്.

1325 ലാണ് ഇബ്നു ബത്തൂത്ത തന്റെ കഴുതയെ വാഹനമാക്കി അറിവന്വേഷണ യാത്ര ആരംഭിക്കുന്നത്. അദ്ദേഹം ഇന്നത്തെ ‘ഗ്യാപ് ഇയർ സ്റ്റുഡന്റ്’ ന്റെ ആദ്യകാല വേർഷനായിരുന്നുവെന്ന് പറയാം. പൂർണ്ണ സമയം പഠനത്തിൽ മുഴുകാതെ ഇടവേളകളായി പഠിക്കുകയും യാത്ര ചെയ്യുകയുമായിരുന്നു ആ രീതി 29 വർഷം നീണ്ടു നിന്നു. തന്റെ യാത്രകൾക്ക് അവശ്യമായ പണം കണ്ടെത്തുന്നതിന് അദ്ദേഹം ജോലികളിലേർപ്പെടുകയും ചെയ്തിരുന്നു. യാത്രയോടും അറിവിനോടും അടങ്ങാത്ത ആഗ്രഹവുമായി നടന്നിരുന്ന അദ്ദേഹത്തിന് താൻ ഒരു തവണ സഞ്ചരിച്ച വഴിയിലൂടെ വീണ്ടും പോവില്ല എന്നൊരു നിർബന്ധബുദ്ധിയുണ്ടായിരുന്നു. അത്കൊണ്ട് തന്നെ എല്ലായിടത്തു നിന്നും കഴിയുന്നത്ര വിവരങ്ങൾ അദ്ദേഹം ആർജ്ജിക്കാൻ ശ്രമിച്ചിരുന്നു.

വിവിധ പ്രദേശങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകളിൽ 10 സ്ത്രീകളെയെങ്കിലും അദ്ദേഹം വിവാഹം നടത്തുകയും വഴിയിൽ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഇതിന് പുറമെ, അദ്ദേഹത്തിന് സമ്മാനിച്ചതോ വാങ്ങിയതോ ആയ നിരവധി വെപ്പാട്ടികളുമുണ്ടായിരുന്നു.

മാലിദ്വീപിൽ ഖാളിയിരുന്ന സമയത്ത് അദ്ദേഹം എഴുതി:
“സ്ത്രീകൾ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ സ്ത്രീധനവും സമൂഹത്തിന്റെ ആനന്ദവും കാരണം ഈ ദ്വീപുകളിൽ വിവാഹം കഴിക്കുന്നത് എളുപ്പമാണ്, കപ്പലുകൾ കയറുമ്പോൾ, ജോലിക്കാർ വിവാഹം കഴിക്കുന്നു; അവർ ഉപേക്ഷിക്കാൻ ഉദ്ദേശിക്കുമ്പോൾ അവർ ഭാര്യമാരെ വിവാഹമോചനം ചെയ്യുന്നു. ഇത് ഒരുതരം താൽക്കാലിക വിവാഹമാണ്. ഈ ദ്വീപുകളിലെ സ്ത്രീകൾ ഒരിക്കലും അവരുടെ രാജ്യം വിട്ടുപോകില്ല.”

തന്റെ സാഹസിക യാത്രകളുടെ തുടക്കത്തിൽ, തുറമുഖ നഗരമായ അലക്സാണ്ട്രിയയിൽ വെച്ച് ഇബ്നു ബത്തൂത സൂഫി ആചാര്യനായ ശൈഖ് ബുർഹാനുദ്ധീനെ കണ്ടുമുട്ടിയിരുന്നു. ഇന്ത്യയിലേക്കും ചൈനയിലേക്കും തന്റെ യാത്രകളെ കുറിച്ച് അദ്ദേഹം പ്രവചിക്കുകയും ഈ വിദേശ രാജ്യങ്ങളിലെ തന്റെ പരിചയക്കാരിൽ ചിലർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ ഇബ്‌നു ബത്തൂത്തയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
“അദ്ദേഹത്തിന്റെ പ്രവചനത്തിൽ ഞാൻ അത്ഭുതപ്പെടുന്നു ” ബാത്തൂത തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നു, “ഈ രാജ്യങ്ങളിലേക്ക് പോകണം എന്ന ആശയം എന്റെ മനസ്സിൽ പതിഞ്ഞതിനാൽ, ഈ മൂന്ന് പേരെയും ഞാൻ കാണുന്നതുവരെ എന്റെ അലഞ്ഞുതിരിയലുകൾ ഒരിക്കലും അവസാനിച്ചിട്ടില്ല. അദ്ദേഹം അവർക്ക് പേരിടുകയും അവർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.”

തന്റെ രണ്ടാം ഹജ്ജിന് ശേഷം, ബത്തൂത്ത ജിദ്ദയിൽ നിന്ന് നിരവധി തടി ബോട്ടുകൾ ഹോൺ ഓഫ് ആഫ്രിക്കയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് അദ്ദേഹം സൊമാലിയൻ നഗരമായ മൊഗാദിഷു സന്ദർശിക്കുകയും അവിടത്തെ ജനങ്ങളുടെ ഔദാര്യത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.

കിഴക്കൻ ആഫ്രിക്കൻ തീരപ്രദേശത്തുകൂടെ കെനിയയിലേക്കും ടാൻസാനിയയിലേക്കും തെക്കോട്ട് പോകുന്ന സമയത്ത് പവിഴക്കല്ലുകൾ കൊണ്ട് നിർമ്മിച്ച കിൽവയിലെ ഗ്രേറ്റ് മസ്ജിദ് ബത്തൂത്ത കണ്ടെത്തി: “കിൽവ നഗരം നഗരങ്ങളിൽ അതി സുന്ദരവും മനോഹരവുമായി നിർമ്മിച്ചതുമാ’ണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അക്കാലത്ത്, കിൽവ തിരക്കേറിയ തുറമുഖവും മധ്യ കിഴക്കൻ ആഫ്രിക്കയിലേക്കുള്ള പ്രവേശന കവാടവുമായിരുന്നു.

1334-ൽ, ഡൽഹി സുൽത്താൻ മുഹമ്മദ് ഇബ്ൻ തുഗ്ലക്കിനെയും മുസ്ലീം പണ്ഡിതന്മാരോടുള്ള അദ്ദേഹത്തിന്റെ ഔദാര്യത്തെയും കേട്ടറിഞ്ഞ ബത്തൂത്ത സുൽത്താന്റെ കീഴിൽ ഖാളിയായി ജോലിയിൽ പ്രവേശിക്കുകയും ഒരു ഭാര്യയെയും വെപ്പാട്ടിയെയും നേടുകയും ചെയ്തു.

എന്നാൽ സുൽത്താനോട് ആദ്യകാലത്ത് തോന്നിയ താല്പര്യവും മതിപ്പും അദ്ദേഹത്തിന് കുറഞ്ഞിരുന്നു. സുൽത്താൻ പെട്ടെന്ന് മാറുന്ന സ്വഭാവക്കാരനായത് കൊണ്ട് തന്നെ ചില സമയത്ത് ഇബ്നു ബാത്തൂതയെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കുകയും മറ്റു ചിലപ്പോൾ വലിയ പരിതോഷികങ്ങൾ നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ചൈനയിലെ ഡൽഹിയുടെ അംബാസഡറായി നിയമിക്കപ്പെട്ടതോടെയാണ് ബത്തൂത്ത സുൽത്താനിൽ നിന്ന് രക്ഷപ്പെട്ടത്. അവിടെ അദ്ദേഹം ചൈനീസ് വൻമതിലും അറബ് വ്യാപാരികൾ സെയ്തൂൺ എന്ന് വിശേഷിപ്പിക്കുന്ന കിഴക്കൻ നഗരമായ ക്വാൻഷൗവും സന്ദർശിക്കുകയുണ്ടായി.

മൻസ സുലൈമാൻ ഭരിച്ചിരുന്ന മാലി സാമ്രാജ്യത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ അവസാന യാത്ര. ഇതിനുശേഷം, 1354-ൽ, ജഡ്ജിയായി ജോലി ചെയ്യുന്നതിനായി അദ്ദേഹം ടാൻജിയറിൽ സ്ഥിരതാമസമാക്കുകയും അന്തലൂസിയൻ പണ്ഡിതനായ ഇബ്‌നു ജുസൈയ്‌ക്ക് തന്റെ ഓർമ്മക്കുറിപ്പുകൾ വിവരിക്കുകയും ചെയ്തു. യാത്ര എന്നർത്ഥമുള്ള റിഹ് ല’ എന്ന അദ്ദേഹത്തിന്റെ വിവരണങ്ങൾ വിവിധ നാടുകളിലെ വിസ്മയങ്ങളേയും യാത്രയുടെ അത്ഭുതങ്ങളെയും കുറിച്ച് ചിന്തിക്കുന്നവർക്ക് ഒരു അമൂല്യമായ സമ്മാനമാണ്.

ഔലിയ ശലബി
17ആം നൂറ്റാണ്ടിലെ ഇസ്താംബൂളിൽ നിന്നുള്ള യാത്രികനായ ഔലിയ ശലബി ഒട്ടോമൻ സഞ്ചാരഎഴുത്തുകാരിൽ പ്രഥമനും പ്രമുഖനുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള ജിജ്ഞാസയിൽ നാട് ചുറ്റിയ അദ്ദേഹം 50 വർഷത്തെ യാത്രാ ജീവിതത്തിനിടയിൽ യൂറോപ്പും ഓട്ടോമൻ സാമ്രാജ്യം മുഴുവനായും സന്ദർശിക്കുകയുണ്ടായി.

1611-ൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ദർവേഷ് മുഹമ്മദ് അ​ഗാസില്ലി എന്നായിരുന്നു. തന്റെ ബാല്യകാലത്ത് തന്നെ ഖുർആൻ മനഃപാഠമാക്കുകയും മതപരമായ ആരാധനകൾ പഠിക്കുകയും അതിൽ കർമ്മനിരതനാവുകയും ചെയ്തു. ഓട്ടോമൻ സുൽത്താന്മാരുടെ ആഭരണജോലിക്കാരന്റെ മകനായ അദ്ദേഹത്തിന്റെ ബുദ്ധിയും ഭാഷാ വൈദഗ്ധ്യവും കാരണമായി 12 വയസ്സുള്ളപ്പോൾ തന്നെ സുൽത്താൻ മുറാദ് നാലാമന്റെ കൊട്ടാരം ഇമാമിന്റെയടുത്ത് പരിശീലനം നേടാൻ തുടങ്ങി.

ചെറുപ്പത്തിൽ തന്നെ തന്റെ സ്വന്തം നഗരം ചുറ്റി കറങ്ങി പര്യവേക്ഷണം ചെയ്ത അദ്ദേഹം അതിനപ്പുറമുള്ള ഒരു ലോകം കണ്ടെത്താനും യാത്രചെയ്യാനും തല്പരനായി. തന്റെ ആദ്യ രചനകളിൽ അദ്ദേഹം അക്കാദമിക് വിദഗ്ധരും തെരുവ് കലാകാരന്മാരും യുവ പ്രേമികളും നിറഞ്ഞ കോൺസ്റ്റാന്റിനോപ്പിളിന്റെ കോസ്‌മോപൊളിറ്റൻ സ്വഭാവത്തെ വിവരിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ആദ്യകാല യാത്രകളിൽ ക്രിമിയൻ ഖാനേറ്റിലേക്കുള്ള സന്ദർശനവും ഉൾപ്പെടുന്നുണ്ട്. അവിടെ അദ്ദേഹം അടിമ വിപണികളെക്കുറിച്ച് വിവരിച്ചു: “ഈ മാർക്കറ്റ് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ ഈ ലോകത്ത് ഒന്നും കണ്ടിട്ടില്ല. അവിടെ ഒരു അമ്മ തന്റെ മകനിൽ നിന്നും മകളിൽ നിന്നും വേർപെടുത്തപ്പെടുന്നു, ഒരു മകൻ പിതാവിൽ നിന്നും സഹോദരനിൽ നിന്നും വേർപെടുത്തപ്പെടുന്നു, അവർ വിലാപങ്ങൾക്കും നിലവിളികൾക്കും കരച്ചിലുകൾക്കും സങ്കടങ്ങൾക്കുമിടയിൽ വിൽക്കപ്പെടുന്നു”. ഈ ഭയാനകമായ രംഗങ്ങളിൽ ആശ്ചര്യപ്പെട്ട ശലബി ആ അടിമകളെ വാങ്ങി കൊണ്ടുപോയി. എന്നാൽ കരിങ്കടൽ തീരത്തുണ്ടായ ഒരു കപ്പൽ തകർച്ചയിൽ അവരെ നഷ്ടപ്പെടുകയും ഒരാൾ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.

ബോസ്നിയയിലെ നെരെത്വ നദിയിലേക്കുള്ള മറ്റൊരു യാത്രയിൽ, ഓട്ടോമൻ വാസ്തുശില്പിയായ മിമർ ഹയ്‌റുദ്ദീൻ നിർമ്മിച്ച പ്രശസ്തമായ സ്റ്റാരി മോസ്റ്റ് പാലം അദ്ദേഹം കാണാനിടയായി. മോസ്‌തർ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഈ നിർമ്മിതി അദേഹത്തെ വിസ്മയിപ്പിച്ചു. അദ്ദേഹം എഴുതുന്നു: “അല്ലാഹുവിന്റെ ദരിദ്രനും പാപിയുമായ അടിമയായ ഞാൻ 16 രാജ്യങ്ങളിലൂടെ കടന്നുപോയി, പക്ഷേ ഇത്രയും ഉയരമുള്ള ഒരു പാലം ഞാൻ കണ്ടിട്ടില്ല. അത് ആകാശത്തോളം ഉയരത്തിൽ മനോഹരമായി നിലനിൽക്കുന്നു”.

ചെലിബി തന്റെ യാത്രയിൽ മന്ത്രവാദിനികളെയും നാവികരെയും യോദ്ധാക്കളെയും കണ്ടുമുട്ടിയതായി പറയുന്നുണ്ട്. 1663-ൽ ജർമ്മനിയിലൂടെയും ഹോളണ്ടിലേക്കും യാത്ര ചെയ്യുമ്പോൾ, റോട്ടർഡാം ഗസ്റ്റ്ഹൗസിൽ വെച്ച് അദ്ദേഹം കണ്ടുമുട്ടിയ തദ്ദേശീയരായ അമേരിക്കക്കാർ അദ്ദേഹത്തോട് പറഞ്ഞു:”നമ്മുടെ ലോകം മുമ്പ് സമാധാനപൂർണ്ണമായിരുന്നു, എന്നാൽ ഇന്ന് അത്യാഗ്രഹികളാൽ നിറഞ്ഞിരിക്കുന്നു, അവർ എല്ലാ വർഷവും യുദ്ധം ചെയ്യുകയും നമ്മുടെ ജീവിതം പ്രയാസകരമാക്കുകയും ചെയ്യുന്നു.”

അദ്ദേഹത്തിന്റെ ഓരോ യാത്രാവിവരണവും അവസാനിക്കുന്നത് അയാൾ പരിചയപ്പെട്ട വിവിധ ഭാഷകളെ സൂചിപ്പിച്ചു കൊണ്ടാണ്.അക്കങ്ങൾ മുതൽ പുരുഷന്മാർ തങ്ങളുടെ ഭാര്യയെ എതിർക്കുന്ന അധിക്ഷേപങ്ങൾ വരെ ഇത്തരം ഭാഷപദശേഖരണത്തിൽ ഉൾപ്പെടുന്നുണ്ട്.

ദീർഘാകാലത്തെ യാത്രക്കൾക്ക് ശേഷം ശലബി പിന്നീട് കെയ്റോയിൽ സ്ഥിരതാമസമാക്കുകയും അവിടെ വെച്ച് 1684-ൽ മരണപ്പെടുകയും ചെയ്തു. 50 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ രചനകൾ കണ്ടെത്തുകയും ബൈൻഡ് ചെയ്ത് സൂക്ഷിക്കാനായി ഇസ്താംബൂളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇപ്പോഴും ഇംഗ്ലീഷിലേക്ക് പൂർണ്ണമായി വിവർത്തനം ചെയ്തിട്ടില്ലെങ്കിലും ‘An Ottoman Traveller: Selections from the Book of Travels of Evliya Celebi’ എന്ന പേരിൽ ഒരു സംക്ഷിപ്ത ശേഖരം നിലവിലുണ്ട്.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles