Current Date

Search
Close this search box.
Search
Close this search box.

സുലൈമാന്‍ നബിയുടെ മരംകൊത്തി

മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്ലാഹു അവന് കീഴ്‌പ്പെടുത്തിക്കൊടുത്ത സൃഷ്ടികളില്‍ അവന്റെ ദൃഷ്ടാന്തങ്ങള്‍ പ്രകടമാകുന്നുണ്ട്. മനുഷ്യന് തന്റെ എതിരാളികള്‍ക്കെതിരെ സഹായമായി വര്‍ത്തിക്കുന്നവയാണവ. വിശുദ്ധ ഖുര്‍ആന്‍ പക്ഷികള്‍ക്ക് നല്‍കിയ പ്രധാന്യത്തെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. സുലൈമാന്‍ നബിയുടെ മരംകൊത്തിയുടെ കഥയിലേക്ക് കടക്കുകയാണെങ്കില്‍ വ്യക്തമായ ദിവ്യാത്ഭുതം നമുക്കതില്‍ കാണാം. അതിന്റെ വേഗതയും ബുദ്ധിയും സഞ്ചാരത്തിലെ അത്ഭുതപ്പെടുത്തുന്ന രീതിയും പരിഗണിച്ച് ആശയവിനിമയ രംഗത്ത് ഈ സൃഷ്ടിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

സന്ദേശങ്ങള്‍ എത്തിക്കുന്നതിലും കൈമാറുന്നതിലും പ്രാവിനേക്കാള്‍ കാര്യക്ഷമമായി വര്‍ത്തിക്കുന്നത് മരംകൊത്തിയാണെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. വളരെ വേഗതയേറിയ പക്ഷിയാണെന്നതിനൊപ്പം തന്നെ അതിന് പറക്കാന്‍ സംഘത്തിന്റെ ആവശ്യവുമില്ല. വര്‍ധിച്ച പ്രതിരോധ ശേഷിയും വിശപ്പും ദാഹവും സഹിക്കാനുള്ള ശേഷിയും കൂടുതലാണതിന്. അപ്രകാരം ബുദ്ധിയുടെയും തന്ത്രത്തിന്റെയും കാര്യത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച പക്ഷിയാണത്. വ്യതിരിക്തമായ ഈ സവിശേഷതകള്‍ കാരണമായിരിക്കാം പക്ഷികളില്‍ മരംകൊത്തി ഈ ദൗത്യത്തിന് തെരെഞ്ഞെടുക്കപ്പെട്ടതെന്ന് കരുതാം. (അല്ലാഹു അഅ്‌ലം)

അല്ലാഹു പറയുന്നു: ”സുലൈമാന്‍ പക്ഷികളെ പരിശോധിച്ചു.അദ്ദേഹം പറഞ്ഞു: ‘മരങ്കൊത്തിയെ കാണുന്നില്ലല്ലോ. അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ? ഞാനതിനെ കഠിനമായി ശിക്ഷിക്കും. അല്ലെങ്കില്‍ അറുത്തുകളയും. അല്ലെങ്കില്‍ അത് എന്റെ മുമ്പില്‍ വ്യക്തമായ കാരണം ബോധിപ്പിക്കേണം.’ഏറെ താമസിയാതെ മരങ്കൊത്തി ഹാജരായിട്ടു ബോധിപ്പിച്ചു: ‘ഞാന്‍ അങ്ങയുടെ അറിവില്‍ പെടാത്ത ചില വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നു. സബഇനെ സംബന്ധിച്ച് ഉറപ്പുള്ള ചില വാര്‍ത്തകളുമായിട്ടാണ് ഞാന്‍ വന്നിട്ടുള്ളത്. അവിടെ ഒരു വനിതയെ കണ്ടു. അവരാണ് ആ ജനത്തെ ഭരിക്കുന്നത്. അവര്‍ക്ക് സകലവിധ വിഭവങ്ങളും ലഭിച്ചിരിക്കുന്നു. അവര്‍ക്ക് ഒരു ഗംഭീരമായ സിംഹാസനമുണ്ട്. അവരും അവരുടെ ജനവും അല്ലാഹുവിന് പകരം സൂര്യന്നു പ്രണാമം ചെയ്യുന്നതായുംഞാന്‍ കണ്ടു.’അവരുടെ ആചാരങ്ങള്‍ ചെകുത്താന്‍ അവര്‍ക്ക് ആകര്‍ഷകമാക്കിയിരിക്കുന്നു. അവനവരെ രാജവീഥിയില്‍നിന്ന് തടഞ്ഞു. അതിനാല്‍, അവര്‍ സന്മാര്‍ഗം പ്രാപിക്കുന്നില്ല. അതായത്, വാനലോകത്തും ഭൂമിയിലും മറഞ്ഞുകിടക്കുന്ന വസ്തുക്കള്‍ പുറത്തുകൊണ്ടുവരുന്നവനുംനിങ്ങള്‍ ഒളിച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമായ സകല സംഗതികളും അറിയുന്നവനുമായഅല്ലാഹുവിനെ പ്രണമിക്കുന്നില്ല. അല്ലാഹുവോ, അവനല്ലാതെ ആരാധനക്കര്‍ഹനായിട്ടാരുമില്ല. അവന്‍ മഹത്തായ സിംഹാസനത്തിനുടയവനാകുന്നു. സുലൈമാന്‍ പറഞ്ഞു: ‘നീ സത്യം പറഞ്ഞുവോ, അതല്ല കളവ് പറയുന്നവരില്‍ പെട്ടവനോ എന്ന് നാം ഇപ്പോള്‍തന്നെ പരീക്ഷിക്കുന്നുണ്ട്. എന്റെ ഈ എഴുത്ത് കൊണ്ടുപോയി അവര്‍ക്ക് എറിഞ്ഞുകൊടുക്കുക. അനന്തരം മാറിനിന്നിട്ട്, അവരെന്തു പ്രതികരിക്കുന്നുവെന്ന് നോക്കുക.” (അന്നംല്: 20-28)

സൂറത്തു നംലിലെ മേല്‍പറഞ്ഞ ആയത്തുകള്‍ നമുക്ക് സുലൈമാന്‍ നബിയുടെ മരംകൊത്തിയുടെ കഥപറഞ്ഞു തരുന്നുണ്ട്. മഹാനായ ആ നബിയുടെ കഴിവിലെ അത്ഭുതവും അത് വിവരിച്ചു തരുന്നു. മറ്റ് മരംകൊത്തികളെ പോലെ ഒരു സാധാരണ മരംകൊത്തിയായിരുന്നില്ല അതെന്ന് ഒന്നാമതായി നാം മനസ്സിലാക്കേണ്ടതുണ്ട്. സവിശേഷ ഇനത്തില്‍ പെട്ട മരംകൊത്തിയായിരുന്നു അത്. ആ അമാനുഷികതയുടെ വിവിധ വശങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

1. ആകാംക്ഷയുളവാക്കുന്ന മുഖവുര
ഈ കഥയുടെ തുടക്കത്തില്‍ മരംകൊത്തി ആകാംക്ഷയുണ്ടാക്കുന്ന ശൈലി സ്വീകരിച്ചിരിക്കുന്നത് കാണാം. അതിങ്ങനെയാണ് പറഞ്ഞു തുടങ്ങുന്നത്: ”ഞാന്‍ അങ്ങയുടെ അറിവില്‍ പെടാത്ത ചില വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നു. സബഇനെ സംബന്ധിച്ച് ഉറപ്പുള്ള ചില വാര്‍ത്തകളുമായിട്ടാണ് ഞാന്‍ വന്നിട്ടുള്ളത്.” കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും അപഗ്രഥിക്കുകയും ചെയ്തിരിക്കുന്നു എന്ന ആശയം നല്‍കുന്ന ‘അഹാത്വ’ എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ആ കാര്യം സുലൈമാന്‍ നബിക്ക് അറിയില്ലെന്ന് അത് അറിയുകയും ആണയിടുകയും ചെയ്യുന്നു. രാജാവിന്റെ കാര്‍ക്കശ്യത്തെ കുറിച്ച് മരംകൊത്തിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്റെ അസാന്നിദ്ധ്യമെന്ന വിഷയത്തെ മറികടക്കുന്ന ആകസ്മികമായ കാര്യം പറഞ്ഞുകൊണ്ടാണത് സംസാരം ആരംഭിക്കുന്നത്. അതിലൂടെ രാജാവത് കേള്‍ക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ‘നിങ്ങള്‍ക്കറിയാത്ത കാര്യം എനിക്കറിയാം’ എന്ന് തന്റെ പ്രജ പറഞ്ഞാല്‍ ഏത് രാജാവാണ് അതിന് ചെവികൊടുക്കാന്‍ തയ്യാറാവുക!

ആ ഗ്രാമത്തിന്റെ പേര് ‘സബഅ്’ ആണെന്ന് പറയുന്നതിലൂടെ താന്‍ കൊണ്ടു വന്ന വിവരത്തിലെ കൃത്യതയാണ് അറിയിക്കുന്നത്. യമന്‍ പ്രദേശത്താണത്. സുലൈമാന്‍ ആദ്യതവണ കേള്‍ക്കുന്ന ഒരു വാര്‍ത്തയാണത് അവിടെ നിന്നും കൊണ്ടു വന്നിരിക്കുന്നത്. താങ്കള്‍ നിലവില്‍ ജീവിക്കുന്ന നാടിനപ്പുറത്തെ മറ്റൊരു നാട്ടിലെ വിവരങ്ങളാണ് താന്‍ പങ്കുവെക്കുന്നതെന്നാണ് ‘ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു’ എന്ന പ്രയോഗം കുറിക്കുന്നത്.

താല്‍പര്യം ജനിപ്പിക്കുന്ന ശൈലിയാണ് മരംകൊത്തി സ്വീകരിച്ചിരിക്കുന്നത്. ഒരു ബ്രേക്കിംഗ് ന്യൂസുമായിട്ടാണ് അത് സുലൈമാന്‍ നബിയുടെ അടുക്കലെത്തുന്നത്. കൊണ്ടുവരുന്ന വാര്‍ത്തയെ കുറിച്ച് ഉറച്ച ബോധ്യം അതിന്നുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ദൃഢബോധ്യമുള്ള വാര്‍ത്തയെന്ന പ്രയോഗം. തന്റെ അസാന്നിദ്ധ്യം കാരണമുള്ള കോപം ശമിപ്പിക്കുന്നതിന് താല്‍പര്യജനകമായ മുഖവുരയോടെയാണ് മരംകൊത്തി വാര്‍ത്തയറിയിക്കുന്നത്. വ്യക്തമായ ന്യായമില്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുകയോ അറുക്കുകയോ ചെയ്യുമെന്ന് പറഞ്ഞ സുലൈമാന്‍ നബിയുടെ രോഷത്തെ ശമിപ്പിക്കാനും തന്നോട് കൂടിയാലോചിക്കുന്ന തലത്തിലേക്ക് എത്തിക്കാനും അതിന് സാധിച്ചു.

2. പരസ്പര ചേര്‍ച്ച
തലക്കെട്ട്, ആമുഖം, വാര്‍ത്തയുടെ ഉള്ളടക്കം, സമാപനം എന്നിവയെല്ലാം ചേര്‍ന്നതാണ് പത്രവാര്‍ത്തയെന്ന് മാധ്യമ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുലൈമാന്‍ നബിയുടെ മരംകൊത്തിയുടെ കഥയിലേക്ക് നോക്കുമ്പോള്‍ പത്രപ്രവര്‍ത്തന ലോകത്ത് പുതിയൊരു കണ്ടെത്തല്‍ നടത്തുന്നതായി കാണാം. ദൃഢബോധ്യമുള്ള വാര്‍ത്തയുടെ ഉള്ളടക്കത്തെ രണ്ടായി തിരിക്കുന്നത് കാണാം.

മാധ്യമ പ്രവര്‍ത്തകന്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ട് കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അതില്‍ ഒന്നാമത്തേത്.
– അവിടെ ഒരു വനിതയെ കണ്ടു. അവരാണ് ആ ജനത്തെ ഭരിക്കുന്നത്; അതൊരു സ്ത്രീയാണെന്ന് അത് മനസ്സിലാക്കി. സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചറിയാന്‍ മരംകൊത്തിക്ക് കഴിവുണ്ടെന്ന് അത് തെളിയിക്കുന്നു.
– അവരുടെ ഭരണാധികാരവും മരംകൊത്തി തിരിച്ചറിയുന്നു. അവര്‍ അവിടത്തെ ജനതയെ നയിക്കുകയോ അവര്‍ക്ക് നേതൃത്വം നല്‍കുകയോ അവരുടെ മുന്നില്‍ നില്‍ക്കുകയോ മാത്രമല്ല ചെയ്യുന്നതെന്ന് അതിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. കേവലം ഉടമപ്പെടുത്തലിനപ്പുറം അവരെ ഭരിക്കുന്നു എന്നാണത് പറയുന്നത്.
– അവര്‍ക്ക് സകലവിഭവങ്ങളും ലഭിച്ചിരിക്കുന്നു; മരംകൊത്തി അവരുടെ അധികാരം കണ്ട് മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തിരിക്കുന്നു എന്നാണത് അര്‍ഥമാക്കുന്നത്. കാണുന്ന വസ്തുക്കളെ വിലയിരുത്തുന്നതിലുള്ള അതിന്റെ പരിചയം അത് വ്യക്തമാക്കുന്നു.
– അവര്‍ക്ക് ഒരു ഗംഭീരമായ സിംഹാസനമുണ്ട്; അത് അതിന്റെ വ്യാപ്തി കണക്കാക്കുകയും ഗാംഭീര്യം വിലയിരുത്തുകയും ചെയ്യുന്നു. ആരാണതിനെ അത് പഠിപ്പിച്ചത്? സര്‍വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവാണത്. മേല്‍പറയപ്പെട്ട നാല് കാര്യങ്ങളും അതിന് ലഭിച്ചത് പഞ്ചേന്ദ്രിയങ്ങളോ അവയില്‍ ചിലതോ ഉപയോഗിച്ചാണ്.

പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള വിവരങ്ങളാണ് രണ്ടാമത്തേത്. ചിലരിലെ ബുദ്ധിയിലും മനസ്സിലുമുള്ള കാര്യങ്ങളാണത്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അവ കണ്ടെത്താനാവില്ല, മറിച്ച് ബുദ്ധി കൊണ്ട് മാത്രമേ സാധിക്കൂ. അത്തരം കാര്യങ്ങളാണ് ചുവടെ:
– അവരും അവരുടെ ജനവും അല്ലാഹുവിന് പകരം സൂര്യന്നു പ്രണാമം ചെയ്യുന്നതായും ഞാന്‍ കണ്ടു; ഒരു കൂട്ടം ആളുകള്‍ പ്രണമിക്കുന്നത് കണ്ടതുകൊണ്ട് മാത്രം അവര്‍ പ്രണമിക്കുന്നത് അല്ലാഹുവിനെയാണോ സൂര്യനെയാണോ അതല്ല വെറും നാട്യമാണോ എന്ന് അറിയാനാവില്ല. പുറംകാഴ്ച്ചയില്‍ അറിയാന്‍ സാധിക്കാത്ത അവരുടെ ഉദ്ദേശ്യത്തില്‍ നിന്ന് മാത്രമേ അത് വ്യക്തമാകൂ. എന്നാല്‍ മരംകൊത്തി അവരുടെ മനസ്സിലുള്ളത് അറിഞ്ഞു.
– അവനവരെ യഥാര്‍ത്ഥ വീഥിയില്‍നിന്ന് തടഞ്ഞു; ഇതും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് കിട്ടാത്ത വാര്‍ത്തയാണ്. മറിച്ച് മനസ്സ് ചികഞ്ഞെടുക്കേണ്ട കാര്യമാണ്.
– അവര്‍ സന്മാര്‍ഗം പ്രാപിക്കുന്നില്ല; സന്‍മാര്‍ഗവും ദുര്‍മാര്‍ഗവും മരംകൊത്തിക്ക് വേര്‍തിരിച്ചറിയാം എന്നാണിത് അര്‍ത്ഥമാക്കുന്നത്. താന്‍ ഉദ്ദേശിക്കുന്ന ആശയം പ്രകടമാക്കാന്‍ ഏറ്റവും അനുയോജ്യമായ പദങ്ങളാണ് അത് ഉപയോഗിച്ചിരിക്കുന്നതെന്നും കാണാം.

3.വ്യക്തികളെയും സംഭവങ്ങളെയും വിവരിക്കുന്നതിലെ വൈവിധ്യം:
സുലൈമാന്‍ നബിയുടെയും മരംകൊത്തിയുടെയും കഥയിലെ പ്രധാന സവിശേഷതയാണിത്. വിവിധ കഥാപാത്രങ്ങളെയും അവര്‍ക്കിടയിലെ വൈവിധ്യവും നമുക്ക് കാണാം. ഒരിക്കല്‍ മരംകൊത്തിയെ അന്വേഷിക്കുന്ന സുലൈമാന്‍ നബിയെയാണ് കാണുന്നത്. അപ്പോള്‍ മരംകൊത്തിയെ കാണുന്നില്ല. നിങ്ങള്‍ക്കറിയാത്ത കാര്യം എനിക്കറിയാമെന്ന് പറഞ്ഞ് സുലൈമാന്‍ നബിയുടെ മുമ്പില്‍ സംസാരിക്കുന്ന മരംകൊത്തിയെയാണ് പിന്നീട് കാണുന്നത്. മൂന്നാം തവണ കാണുന്നത് സബഇലെ രാജ്ഞിയെയാണ്. അല്ലാഹുവിന് പകരം അവരും അവരുടെ ജനതയും സൂര്യനെയാണ് ആരാധിക്കുന്നത്. ഇപ്രകാരം കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവതരിപ്പിക്കുന്നതില്‍ വൈവിധ്യം പുലര്‍ത്തിയിരിക്കുന്നത് കാണാം.

4. ആരോപണത്തിലെ ക്രമാനുഗത:
ഈ കഥ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ സുലൈമാന്‍ നബി ആരോപണം ഉന്നയിക്കുന്നത് കാണാം. ‘ഞാന്‍ മരംകൊത്തിയെ കാണുന്നില്ലല്ലോ’ എന്ന് അദ്ദേഹം സ്വന്തത്തിനെതിരെ ആരോപണം ഉന്നയിച്ചാണ് തുടങ്ങുന്നത്. പിന്നീടാണ് ‘അത് എവിടെയെങ്കിലും അപ്രത്യക്ഷമായോ?’ എന്ന് മരംകൊത്തിക്ക് നേരെ ആരോപണം ഉന്നയിക്കുന്നത്. തുടര്‍ന്ന് ശിക്ഷയെ കുറിച്ച് പറയുമ്പോഴും ലഘുവായത് ആദ്യം പറഞ്ഞ ശേഷം കഠിനമായ ശിക്ഷയിലേക്ക് കടക്കുന്നതാണ് കാണുന്നത്. കഠിനമായി ശിക്ഷിക്കുമെന്നും അറുക്കുമെന്നും പറഞ്ഞ ശേഷം വ്യക്തമായ കാരണം ബോധിപ്പിച്ചാല്‍ പരിപൂര്‍ണ മാപ്പ് നല്‍കുമെന്നും പറയുന്നു. ഈ ക്രമാനുഗത മാറ്റം വിശ്വാസത്തിന്റെ ഭാഗമാണെന്നതില്‍ സംശയമില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സ്വന്തത്തെ കുറ്റപ്പെടുത്താനുള്ള സാധ്യത മനുഷ്യന്‍ വിട്ടുകളയുന്നില്ല. അപ്രകാരം അതിവൈകാരികതക്ക് സ്വന്തത്തെ വിട്ടുകൊടുക്കാതെ മാപ്പുകൊടുക്കുന്നതിലേക്ക് എത്തുന്നത് വരെ ശാന്തനാവുകയും ചെയ്യുന്നു.

5. ആത്മപ്രതിരോധത്തിനുള്ള കഴിവ്:
താങ്കള്‍ക്കറിയാത്തത് ഞാനറിഞ്ഞിട്ടുണ്ട് എന്ന് മരംകൊത്തി സുലൈമാന്‍ നബിക്ക് മുമ്പില്‍ കാരണം ബോധിപ്പിക്കുമ്പോള്‍ ‘എക്‌സ്‌ക്ലൂസീവ്’ എന്ന് പത്രപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന തരത്തിലുള്ള മുഖവുരയാണതില്‍ പ്രകടമാകുന്നത്. തന്റെ അസാന്നിദ്ധ്യം എന്ന വിഷയത്തെ അത് മറച്ചുകളയുകയും നബി തന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

6. വാക്കുകള്‍ തെരെഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത:
ആഴത്തില്‍ മനസ്സിലാക്കാനുതകുന്ന വാക്കുകളാണ് മരംകൊത്തിയുടെ കഥയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. സംസാരിക്കുന്ന ആള്‍ ഉദ്ദേശിക്കുന്ന ഒരേ ഒരു അര്‍ത്ഥം മാത്രം ലഭിക്കുന്ന തരത്തിലുള്ള വാക്കുകളാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു സംഭവത്തിന്റെ മുഴുവന്‍ വശങ്ങളും അറിഞ്ഞ് മനസ്സിലാക്കുന്നതിനെ കുറിക്കുന്ന ‘അഹ്വാത്വ’ എന്നാണ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിന്റെ ഒന്നും വിട്ടുപോയിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പ്രയോഗമാണത്. ഉറപ്പുള്ള വാര്‍ത്തയെന്ന് പറയാന്‍ ഉപയോഗിച്ചത് ‘ഖബര്‍’ എന്നതിനേക്കാള്‍ കൂടുതല്‍ സത്യസന്ധമായ ‘നബഅ്’ എന്ന പദമാണ്. താന്‍ പറയുന്ന കാര്യത്തിലെ ഉറച്ച ബോധ്യത്തെയാണത് പ്രകടമാക്കുന്നത്.

7. സംഭവങ്ങള്‍ ചിത്രീകരിക്കുന്നതിലെ നൈപുണ്യം:
സുലൈമാന്‍ നബിയുടെ മരംകൊത്തിയുടെ കഥ വിവരിക്കുന്ന ആയത്തുകളിലൂടെ കണ്ണോടിക്കുമ്പോള്‍ അതിലെ സംഭവങ്ങള്‍ വായനക്കാരന്റെ കണ്‍മുമ്പില്‍ നേരിട്ടെന്ന പോലെ ചിത്രീകരിക്കുന്ന തരത്തിലാണ് വിവരണം. സുലൈമാന്‍ നബി മരംകൊത്തിയെ അന്വേഷിക്കുന്ന മനോഹരമായ രംഗത്തോടെ ആരംഭിക്കന്നു. കണ്‍മുമ്പില്‍ നടക്കുന്നത് പോലെ മരംകൊത്തി സബഇല്‍ നിന്ന് വാര്‍ത്തയുമായി വരുന്നു. മരംകൊത്തിയുടെ വികാരങ്ങളും സബഇലെ ജനത സൂര്യനെ ആരാധിക്കുന്നതിലുള്ള അതിന്റെ ദുഖവും അതില്‍ പ്രകടമാണ്.

8. സംക്ഷിപ്ത വിവരണം:
സുലൈമാന്‍ നബിയുടെ മരംകൊത്തിയുടെ കഥയുടെ പ്രധാന സവിശേഷതയാണിത്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ഒട്ടനവധി ചിന്തകള്‍ പ്രകടിപ്പിക്കുന്ന ശൈലി ഖുര്‍ആനില്‍ നമുക്ക് കാണാം. അതിന്റെ ഉത്തമ ഉദാഹരണമാണ് ‘അവര്‍ക്ക് സകലതും ലഭിച്ചിരിക്കുന്നു.’ എന്ന പ്രയോഗം.

9. ചെത്തിമിനുക്കിയ അവതരണം:
സംഭവങ്ങള്‍ ചെത്തിമിനുക്കി അവതരിപ്പിക്കുന്നത് നമുക്കിതില്‍ കാണാം. ഞാന്‍ സബഇല്‍ നിന്നും ഉറപ്പുള്ള ഒരു വാര്‍ത്തയുമായാണ് വന്നിരിക്കുന്നതെന്ന് മരംകൊത്തി പറയുന്നു. എന്താണ് ആ വാര്‍ത്തയെന്ന സുലൈമാന്‍ നബിയുടെ ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ആ ചോദ്യം പരാമര്‍ശിക്കാതെ മരംകൊത്തിയുടെ മറുപടിയിലേക്കാണ് കടക്കുന്നത്. ആ മരംകൊത്തിയുടെ ഇത്തരം സവിശേഷതകളായിരിക്കാം സുലൈമാന്‍ നബിയുടെ അടുക്കല്‍ അതിന് ഉയര്‍ന്ന സ്ഥാനവും വിശ്വാസവും നല്‍കിയത്. സവിശേഷ ഇനത്തില്‍ പെട്ടതും പ്രത്യേക പരിചരണവും പരിശീലനവും ലഭിച്ച മരംകൊത്തിയായിരുന്നു അതെന്നാണ് ഇതെല്ലാം ദ്യോതിപ്പിക്കുന്നത്.

 

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles