ഉമർ മക്കയിൽ നിന്ന് മദീനയിൽ മടങ്ങിയെത്തിയതിന് ശേഷം സംഭവങ്ങളൊക്കെ പെട്ടെന്നായിരുന്നു. ഏറെ വൈകാതെ സച്ചരിതരായ ഖലീഫമാരിൽ രണ്ടാമനായ ഉമറുൽ ഫാറൂഖിന്റെ അവസാന മണിക്കൂറുകൾക്ക് ഇസ്ലാമിക സമൂഹം സാക്ഷിയാകും.
പേർഷ്യക്കാരനായ അബൂ ലുഅ്ലുഅ ഉമറിന്റെ അടുത്ത് തന്റെ യജമാനനായ മുഗീറതുബ്നു ശുഅ്ബക്കെതിരെ ഒരു പരാതിയുമായി വന്നിരിക്കുകയാണ്. താൻ പണിയെടുത്തുണ്ടാക്കുന്നതിൽ നിന്ന് ഓരോ ദിവസവും മുഗീറ നാല് ദിർഹം വാങ്ങുന്നു എന്നാണ് പരാതി. ഉമർ ഉടൻ അബൂ ലുഅ്ലുഅയോട് അയാളുടെ ജോലിയുടെ സ്വഭാവം, ഓരോ ദിവസത്തെയും സമ്പാദ്യം തുടങ്ങിയ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പറഞ്ഞു: ‘മുഗീറ നിങ്ങളോട് ധാരാളം പണമൊന്നും ആവശ്യപ്പെടുന്നില്ലല്ലോ. പടച്ചവനെ സൂക്ഷിക്കണം. യജമാനനുമായി നല്ല നിലയിൽ നിൽക്കണം.’ ഏതായാലും കൊല്ലപ്പണിക്കാരനായ ഇദ്ദേഹത്തിന് ആശ്വാസം നൽകുന്നതിന് മുഗീറയുമായി സംസാരിക്കാൻ ഉമർ തീരുമാനിച്ചു.
ഏതൊരു നേതാവും ഇങ്ങനെത്തന്നെയാണല്ലോ ചെയ്യുക. തർക്കത്തിൽ ഇരുപക്ഷത്തെയും കേൾക്കണം. പക്ഷെ അബൂ ലുഅ്ലുഅ തന്റെ അമർഷം പ്രകടിപ്പിക്കുകയും മദീനാ തെരുവുകളിലൂടെ ഇങ്ങനെ പാടി നടക്കുകയുമാണ് ചെയ്തത് :’ ഉമറിന്റെ നീതി എല്ലാവർക്കുമുണ്ട്; എനിക്ക് മാത്രമില്ല!’ ഇങ്ങനെ ബഹളം വെക്കുന്നത് അണിയറയിൽ പലരാൽ ആസൂത്രണം ചെയ്യപ്പെടുന്ന ഗൂഢാലോചനയിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ച് വിടാനാണ്. ആൾക്കാരുടെ മനസ്സിൽ ഇയാളുടെ സംസാരമല്ലേ ഉണ്ടാവൂ. ഇയാൾക്ക് ഉമറുമായുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നമായി ജനം അത് മനസ്സിലാക്കിക്കൊള്ളും.
സുരക്ഷാവീഴ്ച
സുരക്ഷാവീഴ്ചയെന്ന് പറയാവുന്ന രണ്ട് സംഭവങ്ങൾ തൊട്ടു മുമ്പ് സംഭവിക്കുന്നുണ്ട്. അവ രണ്ടിലെയും സൂചനകൾ കാര്യഗൗരവത്തോടെ എടുത്തിരുന്നെങ്കിൽ അത്യാഹിതം ഒഴിവാക്കാൻ പറ്റിയേനെ.
ഒന്നാമത്തെ സംഭവം: പ്രമുഖരായ സ്വഹാബികളുമൊത്ത് ഉമർ മദീനാ തെരുവിൽ നടക്കുകയായിരുന്നു. അപ്പോൾ ഉമർ അവിടെ വെച്ച് അബൂലുഅ്ലുഅയെ കണ്ടു. ഉമർ അയാളോട് ചോദിച്ചു: ‘കാറ്റു കൊണ്ടോ വെള്ളം കൊണ്ടോ പ്രവർത്തിപ്പിക്കുന്ന ആട്ടു യന്ത്രം ഞാനുണ്ടാക്കും എന്ന് നിങ്ങൾ പറഞ്ഞതായി കേട്ടല്ലോ.’
അതിന് അബൂലുഅ്ലുഅയുടെ മറുപടി ഇങ്ങനെ:’ ജനം സംസാരിക്കുന്ന ഒരു ആട്ടു യന്ത്രം ഞാൻ നിങ്ങൾക്ക് ഉണ്ടാക്കിത്തരുന്നുണ്ട്.’
അപ്പോൾ ഉമർ തന്റെ കൂടെയുള്ള സ്വഹാബിമാരെ നോക്കി പറഞ്ഞു:’ ഈ അടിമ എന്നെ ഭീഷണിപ്പെടുത്തുകയാണ്.’
ഉമർ അയാളുടെ സംസാരത്തിൽ കണ്ടത് നേർക്ക് നേരെയുള്ള, ഒട്ടും അവ്യക്തമല്ലാത്ത ഭീഷണി തന്നെയാണ്. പക്ഷെ ഇതിന്റെ പേരിൽ ഉമറിന് കാവലേർപ്പെടുത്തുകയോ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുകയോ ഒന്നും ചെയ്തില്ല. മറ്റു സ്വഹാബികളും വിവരമറിഞ്ഞെങ്കിലും ആരുമത് കാര്യഗൗരവത്തിലെടുത്തില്ല.
സുരക്ഷാവീഴ്ചയെന്ന് പറയാവുന്ന രണ്ട് സംഭവങ്ങൾ തൊട്ടു മുമ്പ് സംഭവിക്കുന്നുണ്ട്. അവ രണ്ടിലെയും സൂചനകൾ കാര്യഗൗരവത്തോടെ എടുത്തിരുന്നെങ്കിൽ അത്യാഹിതം ഒഴിവാക്കാൻ പറ്റിയേനെ.
രണ്ടാമത്തെ സംഭവം: ഗൂഢാലോചകരായ മൂന്ന് പേർ (ഹർമുസാൻ, ജുഫൈന, അബൂലുഅ്ലുഅ ) ജനങ്ങളിൽ നിന്ന് അകലെ മാറി ഇരിക്കുന്നുണ്ടായിരുന്നു. അവരവിടെ മാറി നിൽക്കുന്നത് കൊലപാതകത്തിന് തഞ്ചം നോക്കിയാണെന്ന് വ്യക്തം. ആ സമയത്താണ് യാദൃഛികമായി അബൂബക്കർ സിദ്ദീഖിന്റെ മകൻ അബ്ദുർ റഹ്മാൻ ആ വഴി വന്നത്. ഗൂഢാലോചകർ പരിഭ്രാന്തരായി ചാടിയെണീറ്റു. മുഖത്ത് നോക്കിയിരുന്നെങ്കിൽ അവർ ശരിക്കും ഭയന്നതായി കാണാമായിരുന്നു. എണീക്കുന്നതിനിടക്ക് അബൂലുഅ്ലുഅ ഒളിപ്പിച്ച് വെച്ചിരുന്ന ഇരുതലകളുള്ള കത്തി താഴെ വീഴുകയും ചെയ്തു. ഉമറിനെ വധിക്കാനായി പ്രത്യേകം പണിയിച്ച കത്തിയായിരുന്നു അത്. എന്തോ, അബ്ദുർ റഹ്മാന് ഈ കാഴ്ചയിൽ അസ്വാഭാവികമായൊന്നും തോന്നിയില്ല. ഇതൊക്കെ അദ്ദേഹത്തിന്റെ കാഴ്ചയിൽ പെട്ടെങ്കിലും നിസ്സാരമായി കണ്ട് അവഗണിക്കുകയാണുണ്ടായത്. സംഭവം നടന്നയുടനെ അതെല്ലാം അദ്ദേഹം ഓർമ്മിക്കുകയും സ്വഹാബാക്കളെ വിവരമറിയിക്കുകയും ചെയ്തു. പക്ഷെ കോടാലി കഴുത്തിൽ വീണതിന് ശേഷമായിരുന്നുവെന്ന് മാത്രം.
സുരക്ഷാ കാര്യത്തിൽ എന്ത് കൊണ്ട് ഈ ആലസ്യമുണ്ടായി എന്ന് ആലോചിക്കണം. എനിക്ക് തോന്നുന്നത് ഇതാണ്. ഇസ്ലാമിക രാഷ്ട്രം അതിന്റെ ശക്തിയുടെ ഉച്ചിയിൽ നിൽക്കുന്ന സന്ദർഭമാണ്. അതിന്റെ തലസ്ഥാനമാകട്ടെ അതിർത്തികളിൽ നിന്നൊക്കെ വളരെ വിദൂരമാണ്. അതിനാൽ ശത്രു നുഴഞ്ഞ് കയറി ഇങ്ങോട്ടെത്തുമെന്ന് ആരും കരുതിയില്ല. മേൽപറഞ്ഞ രണ്ട് സംഭവങ്ങൾ അറിഞ്ഞിട്ടും വേണ്ട മുൻകരുതൽ എടുക്കാക്കാതിരുന്നതിന് ഇതാകാം കാരണം.
ആ ഫജ്ർ നമസ്കാരം
ഹി . 23 ദുൽഹിജ്ജ 26 ബുധനാഴ്ച പ്രഭാതത്തിൽ നമസ്കാരത്തിന് നേതൃത്വം നൽകാനായി പതിവ് പോലെ ഉമർ മസ്ജിദുന്നബവിയിലെത്തി. ഇമാമായി നിൽക്കുന്നതിന് മുമ്പ് അണി ശരിപ്പെടുത്തുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. അണിയോട് ചേർന്ന് അവർക്ക് അഭിമുഖമായി നിൽക്കും. അങ്ങനെ അവരുമായുള്ള സ്നേഹ ബന്ധം പുതുക്കി പുതിയൊരു ദിനം ആരംഭിക്കുകയാണ്. സ്വഫ്ഫ് ശരിയാക്കിയ ശേഷം അദ്ദേഹം ഇമാമിന്റെ സ്ഥാനത്തേക്ക് കയറി നിന്നു. തൊട്ടു പിറകിൽ നിൽക്കുന്നത് അബ്ദുല്ലാഹിബ്നു അബ്ബാസ്, അബ്ദുർ റഹ്മാൻ ബ്നു ഔഫ് എന്നിവരാണ്. ഉമർ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി. ഫാതിഹ ചൊല്ലാനിരിക്കെ എല്ലാവരെയും സ്തബ്ധരാക്കി ഒരാൾ അണികളെ വകഞ്ഞ് മാറ്റി മുന്നാട്ട് ചാടി. അയാൾ മൂന്ന് തവണ ഉമറിനെ ആഞ്ഞാഞ്ഞ് കുത്തി. ഒന്ന് ചുമലിൽ, ഒന്ന് വയറ്റത്ത്, ഒന്ന് അരക്കെട്ടിൽ.
ഉമർ നിലത്തു വീണു. ചോര കുത്തിയൊഴുകി. എല്ലാം ദൈവ നിശ്ചിതം എന്ന് ഉമർ ഉരുവിട്ടു കൊണ്ടിരുന്നു. തന്നെ തടുക്കാൻ വന്നവരെ അബൂലുഅ്ലുഅ നാല് പാടും കുത്തിക്കൊണ്ടിരുന്നു. വിഷം പുരട്ടിയ കത്തിയാണ്. പതിമൂന്ന് പേരെ അയാൾ കുത്തി. അവരിൽ ഏഴ് പേർ അവിടെത്തന്നെ മരിച്ചു വീണു. ചടുലമായ ഒരു നീക്കത്തിൽ അബ്ദുർ റഹ്മാനുബ്നു ഔഫ് അയാളുടെ തലയിൽ തലപ്പാവെറിഞ്ഞ് ചുറ്റി വരിഞ്ഞു. കണ്ണ് കാണാനോ ചലിക്കാനോ പറ്റാത്ത അവസ്ഥയായി. കീഴ്പ്പെടുത്തപ്പെടുമെന്ന് ഉറപ്പായപ്പോൾ അയാൾ സ്വയം കുത്തി ആത്മഹത്യ ചെയ്തു. അപ്പോഴേക്കും റസൂലിന്റെ പള്ളിയിൽ ഒരു കൂട്ടക്കൊല അയാൾ നടത്തിക്കഴിഞ്ഞിരുന്നു.
അബ്ദുർ റഹ്മാൻ ബ്നു ഔഫ് മുന്നോട്ട് കയറി നിന്ന് വളരെ പെട്ടെന്ന് നമസ്കാരം പൂർത്തിയാക്കി. പിന്നെ എല്ലാവരും ചേർന്ന് അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബിനെ താങ്ങിയെടുത്ത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അങ്ങനെ ഉമർ ബ്നുൽ ഖത്താബിന്റെ ജീവിതത്തിലെ സംഭവ ബഹുലമായ അവസാനത്തെ നാല് ദിവസം ആരംഭിക്കുകയായി. (തുടരും)
വിവ : അശ്റഫ് കീഴുപറമ്പ്
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp