Current Date

Search
Close this search box.
Search
Close this search box.

ഉമർ ബ്നുൽ ഖത്താബിന്റെ അവസാന ദിനങ്ങൾ ( 2 – 4 )

ഹജ്ജ് കഴിഞ്ഞ് മദീനയിൽ മടങ്ങിയെത്തിയ ശേഷമുള്ള ഉമർ ബ്നുൽ ഖത്താബിന്റെ ആദ്യ ജുമുഅ ഖുത്വ് ബ ഹിജ്റ വർഷം 23 ദുൽഹിജ്ജ 21-ന് ആയിരുന്നു. ആ ഖുത്വ് ബയിൽ അദ്ദേഹം പറഞ്ഞു:
” ഞാൻ ഒരു സ്വപ്നം കണ്ടിരിക്കുന്നു. എന്റെ സമയമടുത്തു എന്നല്ലാതെ അത് എന്നോട് മറ്റൊന്നും പറയുന്നില്ല. സ്വപ്നം ഇതാണ്. ഒരു പൂവങ്കോഴി എന്നെ രണ്ട് കൊത്ത് കൊത്തുന്നു! ഒരു സംഘമാളുകൾ എനിക്ക് ശേഷം ഒരു ഖലീഫയെ നിശ്ചയിക്കാൻ പറയുന്നു! അല്ലാഹു ഒരിക്കലും തന്റെ ദീനിനെയോ ഖിലാഫത്തിനെയോ പാഴാക്കിക്കളയില്ല. എന്റെ സമയമടുത്തെങ്കിൽ, നബിതിരുമേനി വിട പറയുമ്പോൾ സംതൃപ്തി പ്രകടിപ്പിച്ച ആ ആറ് പേരുണ്ടല്ലോ, കൂടിയാലോചനയിലൂടെ അവരിൽ നിന്നായിരിക്കും ആ പിൻഗാമി.”

പുലർകാലത്തിന്റെ തെളിച്ചത്തോടെയുള്ള ഉമറിയൻ സ്വപ്നം. വരാൻ പോകുന്നത് അദ്ദേഹത്തിന്റെ മനസ്സിലേക്കിങ്ങനെ കടന്നുവരികയാണ്. എന്റെ സമുദായത്തിലെ ‘മുഹദ്ദസ്’ ആയിരിക്കും ഉമർ എന്ന് റസൂൽ (സ) പറഞ്ഞപ്പോൾ അതാണല്ലോ ഉദ്ദേശിച്ചത്.

മടങ്ങിയെത്തിയതിന് ശേഷം തന്റെ രക്തസാക്ഷ്യത്തിലേക്കുള്ള ആദ്യ സൂചനയായിരുന്നു ഈ പരാമർശം.

മദീനയിൽ താമസിക്കുന്നതിന് വിലക്ക്
യുദ്ധത്തിൽ പലേടങ്ങളിൽ നിന്നായി പിടിച്ച യുദ്ധത്തടവുകാരെ ഇസ്ലാമിക രാജ്യത്തിന്റെ തലസ്ഥാനമായ മദീന പട്ടണത്തിൽ താമസിപ്പിക്കരുതെന്ന് ഉമർ ഉത്തരവിറക്കിയിരുന്നു. അവരിൽ പേർഷ്യയിൽ നിന്നുള്ള മജൂസിമതക്കാരുണ്ട്; ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നുമുള്ള ക്രൈസ്തവരുമൊക്കെയുണ്ട്. അവർ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചില്ലെങ്കിലാണ് ഈ ഉത്തരവ് ബാധകമാവുക.

ഉമർ ബ്നുൽ ഖത്ത്വാബിന്റെ പ്രതിഭയുടെയും ദൂരക്കാഴ്ചയുടെയും തെളിവാണ് ഈ ഉത്തരവ്. കീഴടക്കപ്പെട്ടവർക്ക് തങ്ങളെ കീഴടക്കിയവരോട് മനസ്സിൽ പകയും വിദ്വേഷവുമുണ്ടാവുക സ്വാഭാവികമാണ്. അത് ഇസ്ലാമിനോടും ഉണ്ടാവും. അപ്പോൾ പകപോക്കാൻ അവർ കുതന്ത്രങ്ങൾ മെനയും. ഇനി ഗൂഢാലോചന നടത്തുന്നതിലും കുതന്ത്രങ്ങൾ മെനയുന്നതിലും അവരിൽ പലരും നേരിട്ട് ഇടപെട്ടില്ലെങ്കിൽ തന്നെ അവരുടെ മനസ്സ് ഈ ഗൂഢാലോചകർക്കൊപ്പമായിരിക്കും. അതിനാൽ തടവുകാരായി പിടിക്കപ്പെടുകയും അടിമകളായിത്തീരുകയും ചെയ്തവരെ മദീനാ പട്ടണത്തിൽ താമസിപ്പിക്കരുതെന്ന ഉമറിന്റെ ഉത്തരവ് ദേശസുരക്ഷ മുൻ നിർത്തിയുള്ളതായിരുന്നു. അത് അനിവാര്യമായും നടപ്പിലാക്കപ്പെടേണ്ട ഒന്നുമായിരുന്നു.

പക്ഷെ ഉമർ ഉദ്ദേശിച്ചത് പോലെ അത്ര കർശനമായി ഈ ഉത്തരവ് നടപ്പാക്കപ്പെടുകയുണ്ടായില്ല. ചില സ്വഹാബികൾ ഉമറിന്മേൽ സമ്മർദ്ദം ചെലുത്തിയതാണ് അതിന് കാരണം. തങ്ങളുടെ അടിമകളായി കഴിയുന്ന അത്തരക്കാരിൽ ചിലരെ തങ്ങളോടൊപ്പം നിർത്താൻ അനുവാദം തരണമെന്ന് അവർ ഉമറിനോട് അഭ്യർഥിച്ചു. അതിന് പല കാരണങ്ങളും അവർ നിരത്തുകയും ചെയ്തു. ഇവരില്ലാതെ ചില പണികൾ ചെയ്യാനേ കഴിയില്ല എന്നതായിരുന്നു അതിലൊന്ന്. സമ്മർദ്ദത്തിന് വഴങ്ങി ഉമറിന് അവരിൽ ചിലർക്കെങ്കിലും മദീനയിൽ താമസിക്കാൻ അനുവാദം കൊടുക്കേണ്ടി വന്നു. ദുഃഖകരമെന്ന് പറയട്ടെ, ഉമർ മുൻകൂട്ടി കണ്ട അപകടം അവിടെ പതിയിരിക്കുന്നുണ്ടായിരുന്നു. അത് മുസ്ലിം സമൂഹത്തിന് മീതെ പതിക്കുകയും ചെയ്തു.

ഇവിടെ വലിയൊരു പാഠമുണ്ട്. ദേശസുരക്ഷയുമായും സമൂഹ സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ അലംഭാവമരുത്. സുരക്ഷാ നടപടികൾ കർശനമായി നടപ്പാക്കണം. ചിലർക്ക് മാത്രമായി അതിൽ വിടുതൽ നൽകരുത്. അങ്ങനെ നൽകുന്നുണ്ടെങ്കിൽ തന്നെ കൃത്യവും വ്യവസ്ഥാപിതവുമായ അന്വേഷണത്തിന് ശേഷമായിരിക്കണം. ഇതിലെ ചെറിയ പിഴവ് പോലും വൻ ദുരന്തത്തിന് കാരണമാവും.

ഗൂഢാലോചകർ ആരൊക്കെ?
പല ചരിത്ര ഗ്രന്ഥങ്ങളിലും ഉമറുബ്നുൽ ഖത്ത്വാബിന്റെ വധത്തെ പേർഷ്യൻ മജൂസിയായ അബൂ ലുഅ്ലുഇന്റെ വ്യക്തിപരമായ തീരുമാനം എന്ന നിലക്കാണ് വിവരിച്ചിട്ടുള്ളത്. ഉമറിന്റെ ചില തീരുമാനങ്ങളിൽ അയാൾ കുപിതനും പ്രകോപിതനുമായിരുന്നു എന്നാണ് കാരണമായി പറയുന്നത്. സംഭവത്തെ തീർത്തും ഉപരിപ്ലവമായി കാണുന്നു എന്നേ ഇതെപ്പറ്റി പറയാനുള്ളൂ.

ഡോ. സ്വലാഹ് അബ്ദുൽ ഫത്താഹ് ഖാലിദി ‘ഖുലഫാഉ റാശിദുകൾ – ഭരണമേൽപ്പും രക്തസാക്ഷ്യവും’ (അൽ ഖുലഫാഉർ റാശിദൂൻ ബൈനൽ ഇസ്തിഖ്‌ലാഫി വൽ ഇസ്തിശ്ഹാദ്)എന്ന തന്റെ കൃതിയിൽ നാല് കേന്ദ്രങ്ങൾ ആസൂത്രണം ചെയ്ത കൊലപാതകമായി സംഭവത്തെ ചിത്രീകരിച്ചിട്ടുണ്ട്. അബൂലുഅ് ലുഇന്റെ വ്യക്തിവൈരാഗ്യമൊന്നുമല്ല യഥാർഥ കാരണം. ആ നാല് പേർ ആരൊക്കെയെന്ന് നോക്കാം.

ഒന്ന് – ഹുർമുസാൻ. ഇയാൾ മുതിർന്ന പേർഷ്യൻ സൈന്യാധിപരിൽ ഒരാളാണ്. അഹ് വാസിലെ രാജാവുമായിരുന്നു. പേർഷ്യൻ വംശക്കാരനും മജൂസി മതക്കാരനുമാണ്. മുസ്ലിംകൾക്കെതിരെ പലേടത്തും വീറോടെ പൊരുതി നോക്കിയിട്ടുണ്ട്. അങ്ങനെ ‘തസ്തർ’ യുദ്ധത്തിൽ മുസ്ലിംകൾ അയാളെ തടവുകാരനായി പിടിച്ചു. ഹിജ്റ പതിനെട്ടിലാണ് അയാളെ മദീനയിലേക്ക് കൊണ്ട് വരുന്നത്.

രണ്ട് -കഅ്ബുൽ അഹ്ബാർ. യമനീ ജൂതൻമാരിൽ ഒരാളാണ്. ജൂതനേതാവും പണ്ഡിതനുമാണ്. ഉമറിന്റെ ഭരണകാലത്ത് ഇസ്ലാം സ്വീകരിച്ചതായി നടിച്ചു. അതിന് ശേഷമാണ് മദീനയിലേക്ക് മാറിത്താമസിച്ചത്.

മൂന്ന് – അബൂ ലുഅ്ലുഅ ഫൈറൂസ്. മുഗീറതുബ്നു ശുഅ്ബ എന്ന സ്വഹാബിയുടെ അടിമ. പേർഷ്യൻ വംശജൻ, മജൂസിമതക്കാരൻ. ഇയാൾ പ്രഗത്ഭനായ കൊല്ലപ്പണിക്കാരനായിരുന്നു. ഇത് കാരണമാണ് മുഗീറതു ബ്നു ശുഅ്ബ ഇയാളെ മദീനയിൽ തന്നെ താമസിപ്പിക്കണമെന്ന് ഉമറിന് മേൽ സമ്മർദ്ദം ചെലുത്തിയത്. ഈ കഴിവും പ്രാഗത്ഭ്യവും മുസ്ലിംകൾക്ക് പ്രയോജനപ്പെടുമല്ലോ എന്നതായിരുന്നു ന്യായം. അങ്ങനെയാണ് ഉമർ അനുവാദം നൽകിയത്.

നാല് – ജുഫൈന. സിറിയക്കാരനും ക്രിസ്തുമത വിശ്വാസിയുമാണ്. യുദ്ധത്തിൽ തടവിലാക്കിയ ശേഷം മദീനയിലേക്ക് കൊണ്ട് വരികയായിരുന്നു.

ഇങ്ങനെ നാല് പേരുണ്ടായിരുന്നു രണ്ടാം ഖലീഫയുടെ വധത്തിന് പിന്നിൽ. എങ്ങനെയാണവർ ഈ ഗൂഢാലോചന നടപ്പാക്കിയത്? അതെക്കുറിച്ചാണ് ഇനി. (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles