Current Date

Search
Close this search box.
Search
Close this search box.

മൗദൂദിയുടെ സൗഹൃദലോകം

മൗലാനാ മൗദൂദി സാഹിബ് തന്റെ കൃതികളിൽ ക്ലാസിക്കൽ അറബി- ഉറുദു – ഫാരിസി കവിതകൾ നിർലോഭം ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും വളരെ അർഥവത്തായ കവിതകൾ ചൊല്ലുന്നതിന്റെ എമ്പാടും ഉദാഹരണങ്ങൾ കാണാം. അക്കാലത്തെ ദാർശനിക -വിപ്ലവ – ദേശീയ കവികളുമായുള്ള അദ്ദേഹത്തിന്റെ സഹവാസവും ആത്മബന്ധവും കാവ്യ കുതുകികളായ ഇസ്ലാമിസ്റ്റുകൾക്ക് വളരെ ആവേശമുണ്ടാക്കുന്നതാണ്.

ദാർശനിക കവി അല്ലാമ: ഇഖ്ബാലു (1877-1938) മായുള്ള മൗദൂദിയുടെ കത്തിടപാടുകൾ സുവിദിതമാണല്ലോ ?! ഒരിക്കൽ മാത്രമേ അദ്ദേഹവുമായി മൗദൂദി മുഖദാവിൽ സന്ധിച്ചിട്ടുള്ളൂവെങ്കിലും തന്റെ ആസ്ഥാനത്തേക്ക് വിളിക്കാൻ മാത്രം ആ ബന്ധം വളർന്നിരുന്നു. ദാറുൽ ഇസ് ലാമിലെത്തുക എന്ന സ്വപ്നം പൂവണിയാതെയാണ് ഇഖ്ബാൽ മരിച്ചത്. മൗദൂദി ചിന്തകൾ ഇഖ്ബാലിലും ഇഖ്ബാലീ ദർശനം മൗദൂദിയിലും സ്വാധീനം ചെലുത്തിയതിന് രണ്ടു പേരുടെയും കൃതികൾ സാക്ഷി .

സൂഫി ചിന്തകളുടെ സ്വാധീനമുണ്ടായിരുന്ന ഇഖ്ബാലിനോട് പുലർത്തിയിരുന്നതു പോലെ തന്നെ മൗദൂദി വ്യക്തിപരമായ സൗഹാർദ്ദം കാത്തു സൂക്ഷിച്ചിരുന്ന മറ്റു രണ്ടു കവികളാണ് ദേശീയ കവി ജോഷ് മലീഹാബാദി (1898 – 1983) യും വിപ്ലവകവി ഫൈസ് അഹ്മദ് ഫൈസും(1911-1984) .

“ജോഷ് മതവിശ്വാസിയല്ലാത്തതിനാൽ അദ്ദേഹത്തെ കുറിച്ച് ഒരുപാട് മേന്മകൾ ഞാൻ പറയില്ല , അതോടൊപ്പം ഞങ്ങൾ പണ്ടേ സുഹൃത്തുക്കളായതിനാൽ അദ്ദേഹത്തെ കുറിച്ച് മോശമായി ഒന്നും പറയാൻ ഞാനാളല്ല ” എന്നാണ്
പത്രപ്രവർത്തകർ മൗദൂദിയോട് ജോഷിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായമായി പ്രകടിപ്പിച്ചത്. ഒരിക്കൽ ‘മൗലവി’യായ മൗദൂദി പന്നിക്കൂടിന് സമാനമായ രാഷ്ട്രീയ രംഗത്ത് സജീവമാവുന്നതിൽ ജോഷ്
ആശങ്ക പ്രകടിപ്പിച്ചപ്പോൾ മൗദൂദി സാഹിബ് പ്രതികരിച്ചതിങ്ങനെ: “പിശാചുക്കൾ പിൽക്കാലത്ത് അധിനിവേശം നടത്തിയ മുൻ പ്രവാചകന്മാരുടെ മേഖലയായിരുന്നു യഥാർത്ഥ രാഷ്ട്രീയം ” . ജോഷിനെതിരെ യുവത്വകാലത്ത് ഹൈദരാബാദിലെ നിസാമിന്റെ ബഹിഷ്‌കരണ ശാസന വന്നപ്പോൾ, മൗലാന മൗദൂദിയും സഹോദരൻ അബുൽ ഖൈർ മൗദൂദിയും മാത്രമാണ് അദ്ദേഹത്തെ സ്റ്റേഷനിലെത്തിക്കാൻ വന്നതെന്ന് ‘തലമുറകളുടെ ഗുരു ‘ (നസ്ലോം കെ റഹ്നുമാ ) എന്ന കൃതിയിൽ മഹ്മൂദ് ആലം സിദ്ദീഖി അനുസ്മരിക്കുന്നു. ജോഷ് തന്റെ ആത്മകഥയായ ഓർമകളുടെ പുറപ്പാട് (യാദോം കെ ബർറാത്ത്) എന്ന കൃതിയിൽ ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഫാനായ ജവഹർലാൽ നെഹ്റുവിനെ കുറിച്ചും ചെറുപ്പകാലത്തെ ആത്മ സുഹൃത്തായിരുന്ന മൗദൂദിയെ കുറിച്ചുമെല്ലാം എഴുതുന്നുണ്ട് . ദേശീയ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെങ്കിലും വിപ്ലവ കവി (ശാഇറെ ഇൻഖിലാബ് ) എന്ന പേരിൽ ഇന്നും പാകിസ്ഥാനിൽ അറിയപ്പെടുന്നത് ഈ ജോഷാണ്.

പ്രസിദ്ധ ഉർദു കവിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്ന ഫൈസ് അഹ്മദ് ഫൈസുമായും മൗദൂദി സാഹിബ് വ്യക്തിപരമായ അതേ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

ഉർദു സാഹിത്യ ചരിത്രത്തിൽ അവിസ്മരീയമായ കാവ്യവ്യക്തിത്വത്തിന് ഉടമയായിരുന്ന ഫൈസ് എക്കാലവും ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായിരുന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന ഫൈസ് സോഷ്യലിസ്റ്റ് റിയലിസം എന്ന സാഹിത്യ സങ്കേതത്തിൻ്റെ വക്താവ് കൂടിയായിരുന്നു. തൻ്റെ സമകാലീനരായ ഹബീബ് ജാലിബ്, അഹമ്മദ് ഫരാസ് എന്നിവരെപ്പൊലെ തന്നെ മാർക്സിസ്റ്റ് തത്വശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ആളായിരുന്നു ഫൈസ്.1953 ൽ മൗലാനാ മൗദൂദിയ്‌ക്കൊപ്പം ജയിലിൽ കഴിഞ്ഞ നിമിഷങ്ങൾ ഫൈസ് സാഹിബ് തന്റെ ഇന്റർവ്യൂകളിൽ പരാമർശിച്ചിട്ടുണ്ട്. മൗലാന ജീവപര്യന്തം തടവ് അനുഭവിക്കുമ്പോൾ, സെല്ലിൽ ഒന്നിച്ചിരുന്ന് കവിതയെക്കുറിച്ചുംസാഹിത്യത്തെക്കുറിച്ചുമായിരുന്നു സംസാരിക്കാറ് എന്ന് ഫൈസ് പലരോടും പിന്നീട് പറഞ്ഞിട്ടുണ്ട്. തൊട്ടടുത്ത സെല്ലുകളിൽ കഴിയുമ്പോഴും രണ്ടുപേരുടേയും വായനകളെ പരസ്പരം നിയന്ത്രിച്ചിരുന്നില്ലെന്നും മൗലാനയുടെ ‘മതം’ എന്നോട് പറയുകയോ തന്റെ വിപ്ലവം മൗദൂദിയിലടിച്ചേൽപ്പിക്കാനോ ശ്രമമുണ്ടായിട്ടില്ലെന്നും ഫൈസ് ഓർക്കുന്നു.

ഫൈസിന്റെ ഏറ്റവും മൂർച്ചയുള്ള വിപ്ലവ ഗാനമായ ഹം ജീതേംഗേയിൽ കാണുന്ന മൗദൂദീ ടച്ച് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. ഇന്നും ഇന്ത്യൻ കാമ്പസുകളെ സജീവമാക്കുന്ന പോരാട്ട വീര്യം പ്രസരിപ്പിക്കുന്ന ആ ഗാനം അത്ര ഇടത് ലിബറലല്ല എന്ന് വേണെമെങ്കിൽ നിരീക്ഷിച്ചാലത് തെറ്റല്ല.

പാകിസ്ഥാന്റെ ആദ്യ രാഷ്ട്രീയ സഖ്യമായ സിവിൽ ലിബർട്ടീസ് യൂണിയനെതിരെ ജയിലിനു പുറത്തു രണ്ടുപേരും ഒരുമിച്ചാണ് ആ നാട്ടിലെ പൗരാവകാശങ്ങൾക്കായി പോരാടിയത് .

ഇഖ്ബാൽ,ജോഷ്, ഫൈസ് എന്നീ മൂന്ന് മഹാകവികൾ എതിർദിശയിലുള്ള യാത്രക്കാരായിരുന്നു, അവരുടെ അനുയായികൾ പലപ്പോഴും പരസ്പരം പോര് വിളിച്ചിരുന്നു. ഒരേയൊരു വ്യത്യാസം ഈ മൂന്ന് പേർക്കും മൗദൂദിയോട് മാന്യമായ സഹൃദയ ബന്ധമുണ്ടായിരുന്നു എന്നതാണ്. എന്നാൽ സഹിഷ്ണുതയുടെ ഈ സംസ്കാരവും പരസ്പരം സ്നേഹത്തോടെ വിയോജിക്കാനുള്ള പ്രവണതയും ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

കവികളോടും കവിതകളോടും മൗലികമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നിട്ടും മൗദൂദിയിലെ ” മൗലവികത” ആ ബന്ധങ്ങളെ അറുത്തുമാറ്റാൻ മുതിർന്നില്ല എന്ന് മാത്രമല്ല; അവയെ നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് ചുരുക്കം. മൗദൂദിയെ പഠിക്കാൻ തയ്യാറുള്ളവർ തിരിച്ചു പിടിക്കേണ്ടതാണ് ഇത്തരം സഹൃദയ ബന്ധങ്ങൾ .

റഫറൻസ് :
1 – ആജ് കാ അഖ്ബാർ 28/7/’21 മസ്ഹർ അബ്ബാസിന്റെ ലേഖനം
2 – വിക്കിപ്പീഡിയ

(ജൂലായ് 30 ഫ്രണ്ട്ഷിപ്പ് ഡേ )

Related Articles