Current Date

Search
Close this search box.
Search
Close this search box.

ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-2

‘നീ അലിയോട് യുദ്ധം ചെയ്യുന്നതാണ്, അപ്രകാരം നീ അലിയോട് അക്രമം കാണിക്കുന്നു.’- ഈ ഹദീസ് ശരിയാണോ? അവലംബനീയ ഒരു ഗ്രന്ഥത്തിലും ഈ ഹദീസ് കാണാന്‍ കഴിയുകയില്ല, ഹദീസിന്റെ പരമ്പര അറിയപ്പെട്ടതുമല്ല. സ്വഹീഹായ ഹദീസിനോട് സാദൃശ്യം തോന്നുന്ന ഈ ഹദീസ് കെട്ടിച്ചമക്കപ്പെട്ട കള്ള ഹദീസാണ്. ആയിശ(റ) യുദ്ധം ചെയ്തിട്ടില്ല, യുദ്ധത്തിനായി പുറപ്പെടുകയും ചെയ്തിട്ടില്ല. മറിച്ച്, ജനങ്ങള്‍ക്കിടയില്‍ നന്മ ഉദ്ദേശിച്ച് കൊണ്ട് മാത്രമാണ് ആയിശ(റ) പുറപ്പെട്ടത്. അവര്‍ യുദ്ധം ചെയ്തിട്ടില്ല, യുദ്ധത്തിന് കല്‍പന പുറപ്പെടുവിച്ചിട്ടുമില്ല. ഈയൊരു രീതിയില്‍ ആരും ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അമീറുല്‍ മുഅ്മിനീന്‍ അലി(റ) ആദരവോടെയും, പരിഗണനയോടെയും ആയിശ(റ)യെ അഭയസ്ഥലത്തേക്ക് തിരിച്ചയച്ചു:

ആയിശ(റ)യുടെ യാത്രക്ക് വേണ്ട വാഹനവും, ഭക്ഷണവുമെല്ലാം അലി(റ) ഒരുക്കി. ആയിശ(റ)യുടെ കൂടെ വന്നവരില്‍ രക്ഷപ്പെട്ടവരെ അലി(റ) അവരോടൊപ്പം പറഞ്ഞയച്ചു. അവിടെ തന്നെ നില്‍ക്കണമെന്ന് ആഗ്രഹമുള്ളവരൊഴികെ ബാക്കിയുള്ളവരെല്ലാം ആയിശ(റ)യുടെ കൂടെ യാത്രതിരിച്ചു. ബസ്വറയില്‍ നിന്നുള്ള നാല്‍പത് സ്ത്രീകളെ ആയിശ(റ)ക്ക് വേണ്ടി തെരഞ്ഞെടുത്തു. തുടര്‍ന്ന് അലി(റ) പറഞ്ഞു: ‘അല്ലയോ മുഹമ്മദ് ബിന്‍ ഹനഫിയ്യ, താങ്കള്‍ സജ്ജമാക്കുക, എന്നിട്ട് അവരെ അറിയിക്കുക.’ അങ്ങനെ, ആയിശ(റ) യാത്ര പുറപ്പെടുന്ന ദിവസം അവരുടെ അടുക്കല്‍വന്ന് അലി(റ) നിന്നു. ജനങ്ങള്‍ ഒരുമിച്ചു കൂടി. ജനങ്ങള്‍ ആയിശ(റ) യാത്രയയച്ചു. അവരെ യാത്രയയച്ച് കൊണ്ട് ആയിശ(റ) പറഞ്ഞു: ‘അല്ലയോ മക്കളെ, നിങ്ങള്‍ കുറഞ്ഞും കൂടിയും പരസ്പരം ആക്ഷേപിക്കുന്നു. ഏതെങ്കിലും അര്‍ഥത്തില്‍ ആക്ഷേപിക്കപ്പെട്ടുവെന്നതിന്റെ പേരില്‍ നിങ്ങളില്‍ ആരും മറ്റൊരുവനോട് അതിക്രമം കാണിക്കരുത്. അല്ലാഹുവാണ് സത്യം! പ്രവാചക പത്നിയും, ഫാത്വിമ(റ)യുടെ മാതാവിനുമിടയിലെ (അലി(റ)വിന്റെ പത്നി ഫാത്വിമ(റ)യുടെ മാതാവ്) ബന്ധമാണ് എനിക്കും അലിക്കുമിടയില്‍ പണ്ടുമുതല്‍ക്കെ ഉള്ളത്. അലി എന്റെ അടുത്ത് ഏറ്റവും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്. അലി(റ) പറഞ്ഞു: അല്ലയോ ജനങ്ങളെ, അവര്‍ പറഞ്ഞത് സത്യമാണ്. അല്ലാഹുവാണ് സത്യം! എനിക്കും അവര്‍ക്കുമിടയിലെ ബന്ധം അവര്‍ പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ പ്രവാചകന്റെ ഇഹലോകത്തെയും, പരലോകത്തെയും പത്നിയാണവര്‍.’

Also read: ‘ഇബ്‌നു തൈമിയ്യ’ ലൈബ്രറി

ഹിജ്റ മുപ്പത്തിയാറാം വര്‍ഷം റജബ് മാസത്തിന്റെ തുടക്കത്തില്‍ ശനിയാഴ്ച ആയിശ(റ) യാത്രതിരിച്ചു. ആയിശ(റ)യെ മൈലുകളോളം അലി(റ) പിന്തുടര്‍ന്നു. അലി(റ) തന്റെ മകനെ ഒരു ദിവസം ആയിശ(റ)യെ കൂടെ പറഞ്ഞയക്കുകയും ചെയ്തു. അമീറുല്‍ മുഅ്മനീന്‍ അലി(റ)വിന്റെ ഇത്തരത്തിലുള്ള മഹനീയ മാതൃക, പ്രവാചകന്‍(സ) നല്‍കിയ വസ്വിയത്തിനെ പ്രാവര്‍ത്തികമാക്കുകയായിരുന്നു. പ്രവാചകന്‍(സ) അലി(റ)വിനോട് പറഞ്ഞു: ‘താങ്കള്‍ക്കും ആയിശക്കുമിടയില്‍ ഒരു കാര്യമുണ്ടാകും. അലി(റ) ചോദിച്ചു: പ്രവാചകരെ, ഞാനോ? പ്രവാചകന്‍(സ) പറഞ്ഞു: അതെ. അലി(റ) വീണ്ടും ചോദിച്ചു: ഞാനോ? പ്രവാചകന്‍(സ) പറഞ്ഞു: അതെ. തുടര്‍ന്ന് അലി(റ) പറഞ്ഞു: പ്രവാചകരെ, അക്കാര്യത്തില്‍ ഞാന്‍ അസ്വസ്ഥപ്പെടുന്നു. പ്രവാചകന്‍(സ) പറഞ്ഞു: താങ്കള്‍ അസ്വസ്ഥപ്പെടേണ്ടതില്ല, അങ്ങനെ സംഭവിക്കുകയാണെങ്കില്‍ താങ്കള്‍ ആയിശയെ അഭയസ്ഥലത്തേക്ക് തിരിച്ചുകൊണ്ടുവരിക.’

എന്നാല്‍, വ്യഭിചാരാരോപണ വിഷയത്തിലെ അലി(റ)വിന്റെ നിലപാടില്‍ ആയിശ(റ)ക്കുണ്ടായ മാനസിക പ്രയാസമാണ് അവര്‍ ബസ്വറയിലേക്ക് പുറപ്പെടാനുണ്ടായ കാരണമെന്നത് ചിലര്‍ തെറ്റിദ്ധരിക്കുന്നു. അത് യാഥാര്‍ഥ്യത്തിനെതിരാണ്. മുനാഫിഖുകള്‍ ആയിശ(റ)ക്കെതിരില്‍ വ്യഭിചാര ആരോപണം നടത്തി. ആയിശ(റ)യെ വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ) അലി(റ)യോട് അഭിപ്രായം ചോദിച്ചു. അലി(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളെ അല്ലാഹു പ്രയാസപ്പെടുത്തുകയില്ല. അവരെ(ആയിശ(റ)യെ) കൂടാതെ ധാരാളം സ്ത്രീകളുണ്ട്. അവരുടെ പരിചാരികയോട് ചോദിക്കുകയാണെങ്കില്‍, പരിചാരിക താങ്കളോട് സത്യം പറയുന്നതാണ്.’ ആളുകള്‍ ഓരോന്ന് പറഞ്ഞുനടക്കുന്നത് കാരണമായി പ്രവാചകനുണ്ടായ ദു:ഖവും, അസ്വസ്ഥതയും കണ്ടപ്പോള്‍, പ്രവാചകന്റെ ഭാഗത്ത് നിന്ന് അലി(റ) പറഞ്ഞതാണിത്. അവരുടെ നിരപരാധിത്വം വെളിപ്പെടുന്നതുവരെ, പ്രവാചകന്‍(സ) അവരെ വേര്‍പിരിയുന്നത് പ്രവാചകന് സ്വസ്ഥത ലഭിക്കുമെന്ന് തുടക്കത്തില്‍ അലി(റ) മനസ്സിലാക്കി. ശേഷം അവരെ തിരിച്ചെടുക്കാന്‍ കഴിയുന്നതാണല്ലോ. വലിയ പ്രയാസം നീക്കാന്‍ ചെറിയ പ്രയാസം സ്വീകരിക്കുകയെന്നതാണ് ഇതില്‍ നിന്നുള്ള മനസ്സിലാക്കപ്പെടേണ്ടത്.

ഇമാം നവവി പറയുന്നു: അതിലൂടെ പ്രവാചകന്‍(സ)യുടെ നന്മയാണ് അലി(റ) കണ്ടത്. പ്രവാചകന്റെ അസ്വസ്ഥത കണ്ടപ്പോഴാണ് അദ്ദേഹം അങ്ങനെ കരുതുന്നത്. പ്രവാചക മനസ്സിന് സ്വസ്ഥത ലഭിക്കണമെന്ന് കണ്ട് അദ്ദേഹം അഭിപ്രായം നല്‍കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആയിശ(റ)യുടെ സ്വഭാവത്തെയോ അല്ലെങ്കില്‍, ധാര്‍മികതയെയോ അലി(റ) ചോദ്യം ചെയ്തുവെന്ന് മനസ്സിലാക്കപ്പെടുന്ന ഏറ്റവും ചെറിയ വാചകം പോലും അലി(റ) പറഞ്ഞതായി കാണാന്‍ കഴിയുകയില്ല. അദ്ദേഹം പ്രവാചകനോട് പറഞ്ഞത്, അല്ലാഹു താങ്ങളെ അസ്വസ്ഥപ്പെടുത്തുകയില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹം പ്രവാചകനോട് ഉപദേശപൂര്‍വം പറഞ്ഞു; ആയിശ(റ)യുടെ പരിചാരകയോട് ചോദികിക്കുക, അവര്‍ താങ്കളുടെ സത്യം പറയുന്നതാണ്. ആയിശ(റ)യെ പ്രവാചകന്‍(സ) വേര്‍പിരിയുക എന്നതിന് മുമ്പ്, എന്താണ് സത്യാവസ്ഥയെന്ന് പരിശോധിക്കുകയാണ് അലി(റ) ഇതിലൂടെ ചെയ്യുന്നത്. അഥവാ, ആയിശ(റ)യെ വേര്‍പിരിയണമെന്ന ആദ്യത്തെ അഭിപ്രായത്തില്‍ നിന്ന് പരിചാരികയോട് ചോദിക്കുകയെന്ന രണ്ടാമത്തെ അഭിപ്രായത്തിലേക്ക് അലി(റ) വരുകയുണ്ടായി. അലി(റ) യാഥാര്‍ഥ്യമെന്തെന്ന് പരിശോധിക്കുകയായിരുന്നു. ആയിശ(റ)യോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന പരിചാരികയോട് പ്രവാചകന്‍(സ) ചോദിച്ചു. ഞാന്‍ ആയിശയില്‍ നിന്ന് നന്മയല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ലെന്ന് പരിചാരിക ഉറപ്പിച്ചുപറഞ്ഞു. പരിചാരികയോട് ആയിശ(റ)യെ കുറിച്ച് ചോദിച്ച ദിവസം പ്രവാചകന്‍(സ) പുറപ്പെട്ടു. അബ്ദുല്ലാഹിബിന്‍ ഉബയ്യില്‍നിന്ന് ക്ഷമാപണം ആവശ്യപ്പട്ട് പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലയോ മുസ്ലിംകളെ, തന്റെ കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാക്കിയ ഒരുവന് വേണ്ടി ആരാണ് എന്നോട് വിട്ടുവീഴ്ച തേടുന്നത്. അല്ലാഹുവാണ് സത്യം! ഞാനെന്റെ കുടുംബത്തെ കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും അറിയുന്നില്ല.’

അലി(റ) അഭിപ്രായം ആരാഞ്ഞത് ആയിശ(റ)വിന്റെ നന്മ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന്, പ്രവാചകന്‍(സ) തന്റെ കുടുംബത്തിന്റെ നന്മയെ കുറിച്ച് കൂടുതല്‍ തൃപ്തനായി. വ്യഭിചാരാരോപണ വിഷയത്തിലെ അലി(റ)വിന്റെ നിലപാട് ആയിശ(റ)യെ അസന്തുഷ്ടയാക്കിയില്ല. ആയിശ(റ) വിദ്വേഷം മനസ്സില്‍ നിറച്ച് ഉസ്മാന്‍(റ) കൊല അലി(റ)വില്‍ ആരോപിച്ചുമില്ല. ഒരു കൂട്ടം മുസ്ലിംകളാണ് അലി(റ)വിനെതിരില്‍ പുറപ്പെട്ടതെന്ന് ശീഈ റാഫിദകള്‍ നിര്‍മിച്ചെടുത്ത ഹദീസ് നിവേദനങ്ങളില്‍ അകപ്പെട്ട് ചില ഗവേഷകര്‍ വാദിക്കുന്നു.

Also read: ആത്മബോധത്തിൽ നിന്നുണരുന്ന വ്യക്തിത്വബോധം

അവര്‍ക്ക് സംഭവിച്ചതില്‍ അവര്‍ ഖേദിക്കുന്നു:

ഇമാം ഇബ്നു തൈമിയ പറയുന്നു: ‘പൂര്‍വികരെല്ലാം ഇപ്രകാരമായിരുന്നു. യുദ്ധത്തില്‍ പ്രവേശിച്ചതില്‍ അവര്‍ ഖേദിക്കുന്നു. ത്വല്‍ഹ, സുബൈര്‍, അലി തുടങ്ങിയവര്‍ ഖേദം പ്രകടപ്പിച്ചു. ജമല്‍ യുദ്ധമെന്നത് ഇവരുടെ ഉദ്ദേശത്തോടെ സംഭവിച്ചതില്ല, വിചാരിക്കാതെ സംഭവിച്ചുപോയതാണ്.’
അലി(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ‘ആളുകള്‍ക്കിടയില്‍ അവര്‍ വാള്‍ ഉറയില്‍നിന്ന് ഊരിപിടിച്ചത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതിന് ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ മരണപ്പെട്ടിരുന്നുവെങ്കില്‍!’
നഈമ്ബിന്‍ ഹമ്മാദ്, ഹസന്‍ ബിന്‍ അലിയിലേക്ക് ചേര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു: ഹസന്‍ ബിന്‍ അലി സുലൈമാന്‍ ബിന്‍ സര്‍ദിനോട് പറഞ്ഞു: ‘യുദ്ധം കൊടുംമ്പിരിക്കൊണ്ടപ്പോള്‍ അലി എന്റെ ചാരത്തുവന്ന് പറഞ്ഞു: അല്ലയോ ഹസന്‍, ഇതിന് ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ മരണപ്പെട്ടിരുന്നവെങ്കില്‍!’
ഹസന്‍ ബിന്‍ അലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അമീറുല്‍ മുഅ്മിനീന്‍ അലി ഒരു കാര്യം ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഓരോ കാര്യങ്ങള്‍ അതിനെ തുടര്‍ന്ന് വരികയായിരുന്നു. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.’

ഹസന്‍ ബിന്‍ അലിയില്‍ നിന്ന് സുലൈമാന്‍ ബിന്‍ സര്‍ദ് നിവേദനം ചെയ്യുന്നു: ‘അവരുടെ വാളിലേക്ക് നോക്കി അലി പറയുന്നത് ഹസന്‍ കേള്‍ക്കുകയുണ്ടായി; അല്ലയോ ഹസന്‍, ഇതു നമ്മെ ഇല്ലാതാക്കുകയാണോ? ഇരുപതോ, നാല്‍പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മരണപ്പെട്ടിരുന്നുവെങ്കില്‍!’
ആയിശ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ‘ജമല്‍ യുദ്ധത്തെ ഓര്‍ത്ത് ആയിശ(റ) പറയുമായിരുന്നു; പ്രവാചക അനുചരന്മാര്‍ വീട്ടിലിരുന്നതുപോലെ, ഞാനും വീട്ടിലിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ അടുക്കല്‍ ഏറ്റവും പ്രിയകരമായത് പ്രവാചകന്‍(സ)യില്‍ നിന്ന് അബ്ദുറഹ്മാന്‍ ബിന്‍ സുബൈറിനെ പോലെ, അബ്ദുറഹ്മാന്‍ ബിന്‍ ഹാരിസ് ബിന്‍ ഹിഷാമിനെ പോലെ പത്തേളം സന്താനങ്ങള്‍ ഉണ്ടാകണമെന്നതാണ്.’
“وَقَرْنَ فِي بُيُوتِكُنَّ” ഈ സൂക്തം പാരായണം ചെയ്യുമ്പോള്‍, മുഖവസ്ത്രം നനയുംവിധം ആയിശ(റ) കരയുമായിരുന്നു.
ആയിശ(റ) പറയുന്നു: ‘പ്രവാചകന്‍(സ)യില്‍ നിന്ന് അബ്ദുറഹ് മാന്‍ ബിന്‍ ഹാരിസ് ബിന്‍ ഹിഷാമിനെപോലെ ഇരുപത് സന്താനങ്ങളുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവരെല്ലാം തനിക്ക് നഷ്ടപ്പെട്ടു. ഞാന്‍ ജമല്‍ യുദ്ധത്തിന് സാക്ഷിയായില്ലായിരുന്നുവെങ്കില്‍!’

ഇമാം ഇബ്നു തൈമിയ പറയുന്നു: ‘തീര്‍ച്ചയായും, ആയിശ(റ) യുദ്ധം ചെയ്തിട്ടില്ല. അവര്‍ യുദ്ധത്തിനായല്ല പുറപ്പെടുന്നത്. മറിച്ച്, ജനങ്ങള്‍ക്കിടയിലെ നന്മയെ മുന്‍നിര്‍ത്തി കൊണ്ടാണ് പുറപ്പെട്ടത്. പുറപ്പെടുന്നതിലൂടെ മുസ്ലിംകള്‍ക്ക് നന്മയുണ്ടാകുമെന്ന് അവര്‍ കരുതി. എന്നാല്‍, പുറപ്പെടാതിരിക്കലാണ് ഉത്തമമെന്ന് പിന്നീടാണ് അവര്‍ക്ക് ബോധ്യപ്പെട്ടത്. അവര്‍ പുറപ്പെട്ടതിനെ സംബന്ധിച്ച് ഓര്‍ക്കുകയാണെങ്കില്‍ മുഖവസ്ത്രം നനയുംവിധം കരയുമായിരുന്നു. പൂര്‍വികര്‍ ഇപ്രകാരമായിരുന്നു; യുദ്ധത്തില്‍ പ്രേവശിച്ചതില്‍ അവര്‍ ഖേദിക്കുന്നു. അലി, സുബൈര്‍, ത്വല്‍ഹ തുടങ്ങിയവര്‍ അവര്‍ക്ക് സംഭവിച്ചതില്‍ ഖേദച്ചു. ഇവരുടെ ഉദ്ദേശത്തോടെ നടന്നതല്ല ജമല്‍ യുദ്ധം, വിചാരിക്കാതെ സംഭവിക്കുകയായിരുന്നു.’
ഇമാം അദ്ദഹബി പറയുന്നു: ബസ്വറയിലേക്ക് യാത്ര പുറപ്പെട്ടതിലും, ജമല്‍ യുദ്ധത്തില്‍ പങ്കുകൊണ്ടതിലും ആയിശ(റ) നിര്‍വ്യാജമായി ഖേദിച്ചുവെന്നതില്‍ ഒരു സംശയവുമില്ല. അങ്ങനെ സംഭവിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല.’

വിവ: അര്‍ശദ് കാരക്കാട്

Related Articles