ഈ കഥക്ക് അതിപ്രാചീനമായ ഒരു സാക്ഷ്യം സിറിയയിലെ ഒരു ക്രൈസ്തവ പാതിരി, ജൈംസ് സുറുജി സിറിയക് ഭാഷയില്‍ എഴുതിയ സാരോപദേശങ്ങളില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഗുഹാവാസികള്‍ പരലോകം പ്രാപിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ക്രി. പി. 452-ല്‍ ജനിച്ച ഇദ്ദേഹം 474-ന് തൊട്ടടുത്ത കാലത്താണ് ഈ സാരോപദേശങ്ങള്‍ ക്രോഡീകരിച്ചിരുന്നത്. ഈ ഉപദേശങ്ങളില്‍ അദ്ദേഹം പ്രകൃതസംഭവം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ സുറിയാനി നിവേദനമാണ് നമ്മുടെ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ലഭിച്ചത്. ഇബ്‌നുജരീറത്ത്വബരി അത് വിവിധ പരമ്പരകളോടുകൂടി തന്റെ വ്യാഖ്യാനഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ റിപ്പോര്‍ട്ട് മറുവശത്ത് യൂറോപ്പില്‍ ചെന്നെത്തുകയും ഗ്രീക്ക്-ലാറ്റിന്‍ ഭാഷകളില്‍ അതിന്റെ തര്‍ജമകളും സംഗ്രഹങ്ങളും പ്രസിദ്ധീകൃതമാവുകയും ചെയ്തു. പ്രസ്തുത രേഖകള്‍ അവലംബമാക്കി ഗിബ്ബണ്‍ തന്റെ ‘റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ 33-ആം അധ്യായത്തില്‍ ‘നിദ്രാധീനരായ ഏഴുപേര്‍’ (Seven Sleepers) എന്ന ശീര്‍ഷകത്തില്‍ സംഭവത്തിന്റെ സംഗ്രഹം ചേര്‍ത്തിട്ടുണ്ട്. അതാകട്ടെ, നമ്മുടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ റിപ്പോര്‍ട്ടുകളുമായി രണ്ടും ഒരേ മൂലത്തില്‍നിന്ന് എടുത്തിട്ടുള്ളതാണെന്ന് തോന്നുമാറ് യോജിച്ചുകാണുന്നു.
ഉദാഹരണമായി, ഏതൊരു രാജാവിന്റെ മര്‍ദനപീഡനങ്ങളില്‍നിന്ന് ഓടിയകന്നാണോ യുവാക്കളുടെ സംഘം ഗുഹയില്‍ അഭയംപ്രാപിച്ചിരുന്നത് ആ രാജാവിന്റെ പേര്‍, ദഖ്‌യനൂസ്, ദഖ്‌യാനൂസ്, ദഖ്‌യൂസ് എന്നിങ്ങനെയാണ് നമ്മുടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നത്. ഇദ്ദേഹം ക്രി.പി. 249 മുതല്‍ 251 വരെ റോമാ സാമ്രാജ്യം ഭരിച്ച സീസര്‍ ഡെസ്യൂസ് (Decius) ചക്രവര്‍ത്തി ആയിരുന്നുവെന്നും ഇദ്ദേഹത്തിന്റെ ഭരണകാലം ക്രിസ്ത്യാനികളുടെമേല്‍ നടത്തപ്പെട്ട ക്രൂരമര്‍ദനങ്ങള്‍കൊണ്ട് കുപ്രസിദ്ധമായിരുന്നുവെന്നും ഗിബ്ബണും പറയുന്നു. സംഭവം നടന്ന പട്ടണത്തിന് നമ്മുടെ മുഫസ്സിറുകള്‍ അഫ്‌സൂസ് എന്നോ എഫെസൂസ് എന്നോ ആണ് പേര്‍ നല്‍കിയതെങ്കില്‍ ഗിബ്ബണ്‍ അതിനെ Ephesus എന്നു വിളിക്കുന്നു.
ഏഷ്യാമൈനറിന്റെ പശ്ചിമതീരത്ത് റോമാക്കാരുടെ ഏറ്റവും വലിയ പട്ടണവും പ്രസിദ്ധ തുറമുഖവുമായിരുന്നു അത്. ആധുനിക തുര്‍ക്കിയിലെ ഇസ്മിര്‍ (സ്മിര്‍ണ) പട്ടണത്തില്‍നിന്ന് ഇരുപത്-ഇരുപത്തഞ്ച് മൈല്‍ തെക്കുവശത്തായി അതിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നുണ്ട്. ഗുഹാവാസികള്‍ ഉണര്‍ന്നെഴുന്നേറ്റ കാലഘട്ടത്തിലെ രാജാവിനെ നമ്മുടെ വ്യാഖ്യാതാക്കള്‍ تيدوسيس എന്നു വിളിച്ചപ്പോള്‍ സീസര്‍ തിയോഡഷ്യസ് രണ്ടാമന്റെ കാലത്താണ് ഉയിര്‍ത്തെഴുന്നേല്‍പ് സംഭവം ഉണ്ടായതെന്ന് ഗിബ്ബണും രേഖപ്പെടുത്തുന്നു. റോമാസാമ്രാജ്യം ക്രിസ്തുമതമവലംബിച്ചശേഷം 408-450 കാലത്തുള്ള റോമാചക്രവര്‍ത്തിയായിരുന്നു ഇദ്ദേഹം. ഇരു നിവേദനങ്ങളും എത്രമേല്‍ സദൃശമെന്നാല്‍ ഗുഹാവാസികള്‍ ഉണര്‍ന്നെണീറ്റശേഷം ഭക്ഷണം വാങ്ങിച്ചുവരാന്‍ പട്ടണത്തിലേക്കയച്ച കൂട്ടുകാരന്റെ പേര് يملخا എന്നു മുഫസ്സിറുകളും Jamblichus എന്നു ഗിബ്ബണും എഴുതുന്നു. കഥയുടെ വിശദാംശങ്ങളിലും രണ്ടു റിപ്പോര്‍ട്ടുകള്‍ക്കും യോജിപ്പുണ്ട്.
അതിന്റെ സാരാംശം: ഡെസ്യൂസ് ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്തുവിന്റെ അനുയായികളുടെ മേല്‍ കഠോരമായ ദണ്ഡനപീഡനങ്ങള്‍ ഏല്‍പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഈ ഏഴു യുവാക്കളുടെ സംഘം ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. പിന്നീട് സീസര്‍ തിയോഡഷ്യസിന്റെ ഭരണകാലം 38-ആം ആണ്ടില്‍ അതായത്, 445 ലോ 446 ലോ ഈ യുവാക്കള്‍ നിദ്രവിട്ടുണര്‍ന്നപ്പോള്‍ റോമാസാമ്രാജ്യം മുഴുക്കെ ഈസാനബി(അ)യില്‍ വിശ്വസിച്ചുകഴിഞ്ഞിരുന്നു. ഈ കണക്കു പ്രകാരം ഗുഹാവാസത്തിന്റെ കാലയളവ് ഏകദേശം 196 വര്‍ഷമാണെന്നുവരുന്നു. ഈ കഥയും ഖുര്‍ആനിലെ ഗുഹാവാസികളുടെ കഥയും ഒന്നുതന്നെയാണെന്നു സമ്മതിക്കാന്‍ ഓറിയന്റലിസ്റ്റുകളില്‍ (പൗരസ്ത്യകാര്യവിശാരദന്മാരില്‍) ചിലര്‍ വൈമനസ്യം പ്രകടിപ്പിച്ചിരിക്കുന്നു. ഗുഹാവാസത്തിന്റെ കാലയളവ് 309 വര്‍ഷമെന്ന് ഖുര്‍ആനില്‍ തുടര്‍ന്ന് വിവരിച്ചിട്ടുള്ളതാണ് അവരതിനു കാണുന്ന കാരണം.
ഉപര്യുക്ത സിറിയക് റിപ്പോര്‍ട്ടും ഖുര്‍ആന്റെ വിവരണവും തമ്മില്‍ ശാഖാപരമായ അല്‍പസ്വല്‍പം വ്യത്യാസമുള്ളതിനെ ആസ്പദമാക്കി, ഗിബ്ബണ് നബി(സ)തിരുമേനിയുടെ പേരില്‍ ‘അജ്ഞത’ ആരോപിച്ചിരിക്കുന്നു. ഇത്രവലിയൊരു ധാര്‍ഷ്ട്യത്തിന് അദ്ദേഹം അവലംബമാക്കിയ റിപ്പോര്‍ട്ടാണെങ്കിലോ, സംഭവം കഴിഞ്ഞ് മുപ്പതു നാല്‍പതു വര്‍ഷത്തിനുശേഷം ഒരു സിറിയക്കാരന്‍ എഴുതിയതാണെന്ന് അദ്ദേഹംതന്നെ സമ്മതിക്കുന്നുണ്ട്. വാചാ റിപ്പോര്‍ട്ടുകള്‍ ഇത്രയും കാലത്തിനകം ഒരു നാട്ടില്‍നിന്നും മറുനാട്ടിലെത്തുമ്പോള്‍ കുറയൊക്കെ വ്യത്യാസങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. ഇത്തരത്തിലൊരു റിപ്പോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരംപ്രതി ശരിയാണെന്നും അതിന്റെ വല്ലൊരംശവുമായി ഖുര്‍ആന്റെ വിവരണം ഭിന്നമായാല്‍ അബദ്ധം അനിവാര്യമായും ഖുര്‍ആന്റേതുതന്നെയാണെന്നും ധരിക്കുന്നത് മതപക്ഷപാതത്താല്‍ യുക്തിദീക്ഷയുടെ സാമാന്യമര്യാദകള്‍ അവഗണിക്കുന്നവര്‍ക്കു മാത്രമേ ഭൂഷണമാകൂ.
ഗുഹാവാസികളുടെ സംഭവവുമായി ബന്ധപ്പെട്ട എഫെസൂസ് (Ephesus) പട്ടണം, ക്രി.മു. ഏകദേശം 11-ആം നൂറ്റാണ്ടിലാണ് നിര്‍മിക്കപ്പെട്ടത്. പില്‍ക്കാലത്ത് ഇത് വിഗ്രഹാരാധനയുടെ പ്രമുഖ കേന്ദ്രമായിത്തീര്‍ന്നു. ഇവിടെ ഡൈന (Diana) എന്ന പേരിലുള്ള ചന്ദ്രികാദേവിയാണ് പൂജിക്കപ്പെട്ടിരുന്നത്. ഈ കൂറ്റന്‍ ദേവീക്ഷേത്രം പുരാതനകാലത്തെ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണപ്പെടുന്നു. ഏഷ്യാമൈനറിലെ ജനങ്ങള്‍ ഡൈനാദേവിയെ ആരാധിച്ചുപോന്നു. റോമാ സാമ്രാജ്യം അവരുടെ ദൈവങ്ങളുടെ പട്ടികയില്‍ ഡൈനക്കും സ്ഥാനം നല്‍കിയിരുന്നു. ഈസാ(അ)ക്ക് ശേഷം, റോമാസാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവ സന്ദേശം പ്രചരിച്ചു തുടങ്ങിയപ്പോള്‍ എഫെസൂസ് പട്ടണത്തിലെ ചില യുവാക്കളും ബഹുദൈവാരാധനയില്‍നിന്ന് പശ്ചാത്തപിച്ച് ഏകദൈവവിശ്വാസം ഉള്‍ക്കൊണ്ടു. അവരുടെ കഥയുടെ വിശദാംശങ്ങള്‍, ഗ്രിഗറി ഓഫ് ടൂര്‍സ് (Gregory of Tours), ‘മിറാക്കുലറം ലിബര്‍’ (Meraculorum Liber) എന്ന തന്റെ കൃതിയില്‍ ക്രൈസ്തവറിപ്പോര്‍ട്ടുകള്‍ സമാഹരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതിന്റെ സംഗ്രഹം ചുവടെ കൊടുക്കുന്നു:
”അവര്‍ ഏഴു യുവാക്കളായിരുന്നു. അവരുടെ മതപരിവര്‍ത്തന വാര്‍ത്ത കേട്ട സീസര്‍ ഡയസസ് അവരെ തന്റെ മുമ്പില്‍ ഹാജറാക്കി. ഏതാണ് നിങ്ങളുടെ മതമെന്ന് ആരാഞ്ഞു. സീസര്‍ ക്രിസ്തുവിശ്വാസികളുടെ രക്തത്തിനു ദാഹിക്കുന്നവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. പക്ഷേ, ഭയലേശമന്യെ അവര്‍ തുറന്നുപറഞ്ഞു: ‘ആകാശങ്ങളുടെയും ഭൂമിയുടെയും നാഥനാണ് ഞങ്ങളുടെ നാഥന്‍. അവനെയല്ലാതെ മറ്റൊരു ദൈവത്തെയും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നില്ല. അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ മഹാപാതകമായിരിക്കും അത്.’ ‘നാവടക്കൂ! അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ ഈ നിമിഷം കൊന്നുകളയും’-സീസര്‍ ആദ്യം കോപിഷ്ഠനായി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് അല്‍പം ശാന്തനായിപ്പറഞ്ഞു: ‘നിങ്ങള്‍ ഇപ്പോഴും ചെറുപ്പമാണ്. ഞാന്‍ നിങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്‍കുന്നു. അതിനകം നിലപാട് മാറ്റുകയും സ്വജനതയുടെ മതത്തിലേക്ക് മടങ്ങിവരുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് നന്ന്. അല്ലെങ്കില്‍ നിങ്ങളുടെ ശിരസ്സ് ഞാന്‍ ഛേദിച്ചുകളയുന്നതാണ്.’ ”ഈ അവധി ഉപയോഗപ്പെടുത്തി ഏഴു യുവാക്കളും പട്ടണത്തില്‍നിന്ന് ഒളിച്ചോടി. വല്ല ഗുഹയിലും മറഞ്ഞിരിക്കാമെന്ന പ്രതീക്ഷയില്‍ അവര്‍ പര്‍വതം ലക്ഷ്യമാക്കി നീങ്ങി. വഴിക്ക് ഒരു നായ അവരോടൊപ്പം ചേര്‍ന്നു. വളരെ ശ്രമിച്ചുനോക്കിയെങ്കിലും ഒരുവിധത്തിലും അവരെ വേര്‍പിരിയാന്‍ അത് കൂട്ടാക്കിയില്ല. അവസാനം ഒളിക്കാന്‍ പാകത്തില്‍ വലിയൊരു ഗുഹ കണ്ടെത്തിയപ്പോള്‍ അവരതില്‍ അഭയംപ്രാപിച്ചു. ഗുഹാമുഖത്ത് നായയും ഇരിപ്പുറപ്പിച്ചു.
പരിക്ഷീണിതരായ അവര്‍ വേഗം ഉറങ്ങിപ്പോയി. ക്രിസ്ത്വബ്ദം 250ലാണ് ഈ സംഭവം. 197 വര്‍ഷങ്ങള്‍ക്കു ശേഷം ക്രി. 447 ല്‍ പെട്ടെന്നവര്‍ ഉറക്കമുണര്‍ന്നു. റോമില്‍ സീസര്‍ തിയോഡഷ്യസിന്റെ ഭരണകാലമായിരുന്നു. അന്നു റോമാസാമ്രാജ്യം ക്രൈസ്തവവിശ്വാസം സ്വീകരിച്ചുകഴിഞ്ഞിരുന്നു. എഫെസൂസ് പട്ടണവാസികളും വിഗ്രഹാരാധന വര്‍ജിച്ചുകഴിഞ്ഞിരുന്നു. ”പുനരുത്ഥാനത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ചു റോമക്കാരില്‍ വലിയ വിവാദം നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ജനമനസ്സില്‍നിന്ന് പരലോക നിഷേധപ്രവണത എങ്ങനെ നീക്കാന്‍കഴിയുമെന്ന് ചിന്തിക്കുകയായിരുന്നു സീസര്‍. ജനങ്ങള്‍ക്ക് പരലോകത്തില്‍ വിശ്വാസമുണ്ടാകത്തക്ക എന്തെങ്കിലുമൊരു ദൃഷ്ടാന്തം കാണിച്ചുതരാന്‍ ഒരിക്കലദ്ദേഹം ദൈവത്തോടു പ്രാര്‍ഥിച്ചു. യാദൃച്ഛികമെന്നുപറയട്ടെ, ഇതേ കാലത്താണ് ആ യുവാക്കള്‍ ഉണര്‍ന്നതും. ”ഉണര്‍ന്നപ്പോള്‍, തങ്ങള്‍ എത്രകാലം ഉറങ്ങിയിട്ടുണ്ടാകുമെന്ന് അവര്‍ പരസ്പരം അന്വേഷിച്ചു. ചിലര്‍ പറഞ്ഞു, ഒരു ദിവസമെന്ന്; ദിവസത്തിന്റെ ഏതാനും ഭാഗമെന്ന് മറ്റുചിലരും. കൂടുതലറിയുക ദൈവത്തിനാണെന്ന് പറഞ്ഞുകൊണ്ട് പിന്നീട് എല്ലാവരും മൗനം ദീക്ഷിച്ചു.
അനന്തരം ജീന്‍ (Jean) എന്ന കൂട്ടുകാരനെ ഏതാനും വെള്ളിനാണയങ്ങളുമായി ഭക്ഷണം വാങ്ങാന്‍ പട്ടണത്തിലേക്കയച്ചു. തിരിച്ചറിയാതിരിപ്പാന്‍ കരുതലോടെ വര്‍ത്തിക്കണമെന്ന് അയാളെ ഉപദേശിക്കുകയും ചെയ്തു. ജനം തങ്ങളെ തിരിച്ചറിഞ്ഞാല്‍ പിടിച്ചുകൊണ്ടുപോയി ഡൈനാദേവിയെ പൂജിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, പട്ടണത്തിലെത്തിയ ജീന്‍ ലോകമാകെ മാറിയത് കണ്ട് അദ്ഭുതസ്തബ്ദനായിപ്പോയി. എല്ലാവരും ക്രസ്ത്യാനികളായിരിക്കുന്നു. ഡൈനാപൂജകരായി ആരുമില്ല. ഒരു കടയില്‍ ചെന്ന് അയാള്‍ കുറച്ച് അപ്പം വാങ്ങി. കടയുടമക്ക് സീസര്‍ ഡയസസിന്റെ ചിത്രം മുദ്രണം ചെയ്ത ഒരു വെള്ളിനാണയം വെച്ചുനീട്ടി. നാണയംകണ്ട് കടയുടമ വിസ്മയിച്ചു പോയി. ഇതെവിടെനിന്ന് ലഭിച്ചുവെന്ന് അയാള്‍ ചോദിച്ചു. ‘സ്വന്തം പണമാണ്. എവിടന്നും എടുത്തുകൊണ്ടുവരുന്നതല്ല’-ജീന്‍ മറുപടി പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ വാക്തര്‍ക്കമായി. ജനം തടിച്ചുകൂടി. അവസാനം കേസ് പൊലീസ് മേധാവിയുടെ അടുക്കലെത്തി. നിധികിട്ടിയ സ്ഥലം കാട്ടിക്കൊടുക്കാന്‍ പൊലീസ് മേധാവി ജീനിനോട് ആവശ്യപ്പെട്ടു. ‘എന്ത് നിധി?’ – ജീന്‍ മറുപടി പറഞ്ഞു: ഇതെന്റെ സ്വന്തം പണമാണ്. നിധിയെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ.’ ‘നിങ്ങളുടെ വാക്ക് വിശ്വാസമില്ല’ എന്നായി പോലീസ് മേധാവി. ‘നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയമാണിത്. നിങ്ങളാവട്ടെ ഒരു യുവാവ്. ഞങ്ങളുടെ മുത്തച്ഛന്മാര്‍ പോലും ഈ നാണയം കണ്ടിട്ടുണ്ടാവില്ല. ഇതിലെന്തോ രഹസ്യമുണ്ടെന്ന് തീര്‍ച്ച.’ സീസര്‍ ഡയസസ് മരിച്ചിട്ട് ഒരുപാട് കാലമായി എന്നു കേട്ടപ്പോള്‍ ജീന്‍ തെല്ലിട സ്തബ്ധമൂകനായി നിന്നുപോയി.
പിന്നീട് സാവകാശം പറഞ്ഞു: ‘ഇന്നലെയാണ് ഞാനും ആറ് കൂട്ടുകാരും ഡയസസിന്റെ മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഈ പട്ടണം വിട്ട് ഒരു ഗുഹയില്‍ അഭയം തേടിയത്.’ ജീനിന്റെ വാക്ക് കേട്ട് പൊലീസ്‌മേധാവിക്കും അദ്ഭുതമായി. ജീന്‍ പറഞ്ഞ ഗുഹയിലേക്ക് അയാളെയും കൂട്ടി നടന്നു. ഒപ്പം വമ്പിച്ച ഒരു ജനക്കൂട്ടവുമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ സീസര്‍ ഡയസസിന്റെ കാലത്തെ ആളുകളാണവരെന്ന് ജനങ്ങള്‍ക്ക് പൂര്‍ണബോധ്യമായി. സീസര്‍ തിയോഡഷ്യസിന് അവരെപ്പറ്റി വിവരം നല്‍കുകയും ചെയ്തു. അദ്ദേഹം നേരിട്ട് അവരെ സന്ദര്‍ശിച്ച് പുണ്യം വാങ്ങി. അനന്തരം ഏഴുപേരും ഗുഹക്കകത്ത് കയറി കിടന്നതും മരിച്ചതും ഒപ്പം കഴിഞ്ഞു. ഈ സ്പഷ്ടമായ ദൃഷ്ടാന്തം കണ്ടുകഴിഞ്ഞപ്പോള്‍ മരണാനന്തര ജീവിതം സത്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
പിന്നീട് സീസറിന്റെ ഉത്തരവുപ്രകാരം ആ ഗുഹക്ക് മേലെ ‘ജാറം’ പണിതു.” ക്രൈസ്തവറിപ്പോര്‍ട്ടുകളില്‍ പ്രതിപാദിക്കുന്ന ഗുഹാവാസികളുടെ ഈ കഥയും ഖുര്‍ആനിലെ പ്രതിപാദ്യ സംഭവവും വളരെ സാദൃശ്യമുള്ളതാണ്. രണ്ടും ഒന്നുതന്നെയാണെന്ന നിഗമനത്തിന് തുലോം സഹായകവുമാവുന്നുണ്ട് ഇത്. ഈ കഥ ഏഷ്യാമൈനറിലെ ഒരു പട്ടണത്തില്‍ നടന്നതാണെന്നും, അറേബ്യന്‍ പ്രദേശത്തിനു പുറത്തുള്ള സംഭവങ്ങള്‍ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യാറില്ലെന്നും അതിനാല്‍, ഈ ക്രൈസ്തവ കഥ, ഗുഹാവാസികളുടെ പേരില്‍ അടിച്ചേല്‍പിക്കുന്നത് ഖുര്‍ആനികശൈലിയില്‍നിന്നുള്ള വ്യതിയാനമായിരിക്കുമെന്നും ഇവിടെ ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
നമ്മുടെ അഭിപ്രായത്തില്‍ ഇത് ശരിയല്ല. അറേബ്യയിലെ ജനങ്ങള്‍ക്ക് സാധനപാഠമായിക്കൊണ്ട് അവര്‍ക്കറിയാവുന്ന ജനതതികളുടെയും നാടുകളുടെയും സ്ഥിതിവിശേഷങ്ങള്‍ വിവരിച്ചുകൊടുക്കുകയെന്നതാണ് വിശുദ്ധഖുര്‍ആനില്‍ പാലിക്കപ്പെട്ടിട്ടുള്ള തത്ത്വം, അവ അറേബ്യയുടെ അകത്താകട്ടെ പുറത്താകട്ടെ. തദടിസ്ഥാനത്തിലാണ് പൗരാണിക ഈജിപ്ഷ്യന്‍ ചരിത്രം ഖുര്‍ആനില്‍ പരാമൃഷ്ടമായിട്ടുള്ളത്. അറേബ്യക്ക് പുറത്തുള്ള ഒരു രാജ്യമായിരുന്നല്ലോ അത്. ഈജിപ്തിലെ സംഭവങ്ങള്‍ ഖുര്‍ആനില്‍ ചര്‍ച്ചാവിഷയമാവാമെങ്കില്‍ റോമിലേത് എന്തുകൊണ്ട് പാടില്ല. ഈജിപ്തിനെക്കുറിച്ചെന്നപോലെ റോമിനെക്കുറിച്ചും അറിയുന്നവരായിരുന്നു അറബികള്‍. റോമാസാമ്രാജ്യത്തിന്റെ അതിരുകള്‍ ഹിജാസിന്റെ ഉത്തരാതിര്‍ത്തികളുമായി സന്ധിച്ചാണ് കിടന്നിരുന്നത്. അറബികളുടെ കച്ചവടസംഘങ്ങള്‍ സദാ റോമാപ്രദേശങ്ങളില്‍ സഞ്ചരിച്ചിരുന്നു. റോമക്കാരുടെ കീഴിലായിരുന്നു ഒട്ടനേകം അറേബ്യന്‍ ഗോത്രങ്ങള്‍. റോമാ, അറബികളെസ്സംബന്ധിച്ചിടത്തോളം ഒരിക്കലും അപരിചിതമായിരുന്നില്ല. ‘സൂറത്തുര്‍റൂം’ ഇതിനു തെളിവാകുന്നു. ഇതിനെല്ലാം പുറമെ, അല്ലാഹു ഈ കഥ ഖുര്‍ആനില്‍ സ്വയമേവ പറയുകയല്ല. മക്കയിലെ സത്യനിഷേധികളുടെ ചോദ്യത്തിനുത്തരമായി പരാമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന വസ്തുതയും ശ്രദ്ധേയമാണ്. നബിയെ പരീക്ഷിക്കാന്‍വേണ്ടി അറബികള്‍ക്ക് തീരേ അപരിചിതമായിരുന്ന ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ മക്കയിലെ അവിശ്വാസികളെ വേദക്കാര്‍ പ്രേരിപ്പിക്കാറുമുണ്ടായിരുന്നു.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5