Current Date

Search
Close this search box.
Search
Close this search box.

ശൈഖ് അഹമദ് യാസീന്‍: പോരാട്ടത്തിന്റെ മഹനീയ മാതൃക

ahmed-yaseen.jpg

1936 ജൂണില്‍ ഇന്നത്തെ ഇസ്രാഈല്‍ നഗരമായ അശ്കലോണിലെ അല്‍ജുറ ഗ്രാമത്തിലാണ് അഹ്മദ് ഇസ്മാഈല്‍ ഹസ്സന്‍ യാസീന്റെ ജനനം. യാസീന് മൂന്ന് വയസ്സായപ്പോള്‍ പിതാവ് അബ്ദുള്ള നിര്യാതനായി. സയണിസ്റ്റ് അധിനിവേശം ശക്തമായതിനെ തുടര്‍ന്ന് യാസീന്റെ 12-ാം വയസ്സില്‍ കുടുംബം ജന്മനാടുവിട്ട് ഗസ്സയിലേക്ക് പലായനം ചെയ്തു. അവിടെ അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലായിരുന്നു വാസം. ഒരു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ക്യാമ്പില്‍ 23,000 അഭയാര്‍ഥികളാണ് ഞെരുങ്ങിക്കഴിഞ്ഞിരുന്നത്.

1952-ല്‍ യാസ്സീന്ന് 16 വയസ്സുള്ളപ്പോള്‍ കളിക്കൂട്ടുകാരനുമായുളള മല്‍പിടുത്തത്തില്‍ യാസീന്റെ കഴുത്തിനു സാരമായി പരിക്കേറ്റു. വൈദ്യപരിശോധനയില്‍ നട്ടെല്ലിന്ന് കാര്യമായ ക്ഷതം പററിയതായി വ്യക്തമായി. ശരീരം ആകെ തളര്‍ന്നു. പക്ഷേ ആ യുവാവിന്റെ വിജ്ഞാനതൃഷ്ണ ഒട്ടും നഷ്ടപ്പെട്ടിരുന്നില്ല. ആ കാലത്തെ ഏറ്റവും മികച്ച കലാശാലയായിരുന്ന ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉപരിപഠനത്തിന് ചേര്‍ന്നെങ്കിലും ക്ലാസ്സില്‍ പോകാന്‍ വയ്യാത്തതിനാല്‍ വീട്ടിലിരുന്ന് തത്വശാസ്ത്രം, മതം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ വായനയും പഠനവും തുടര്‍ന്നു. വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന യാസീന്‍ ഇസ്‌ലാമികവിഷയങ്ങളില്‍ ഒരു മികച്ച പ്രാസംഗികനായി വളര്‍ന്നതോടെ അല്‍ശാത്തിലെ പള്ളിയിലെ അദ്ദേഹത്തിന്റെ ഖുതുബകള്‍ ജനങ്ങളെ  ആകര്‍ഷിച്ചു തുടങ്ങി. തുടര്‍ന്ന് ഗസ്സയിലെ സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു. 1960-ല്‍ വിവാഹിതനായ യാസീന്ന് 11 സന്താനങ്ങളാണുണ്ടായിരുന്നത്. ഗസ്സ അന്ന് ഈജിപപ്തിന്റെ കീഴിലായിരുന്നു. ശഹീദ് ഹസനുല്‍ബന്നയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് യാസീന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ സംഘടനയുമായി ബന്ധപ്പെട്ടുതുടങ്ങി.. ഇഖ്‌വാന്നെതിരായി നടപടികളാരംഭിച്ച പ്രസിഡന്റ് നാസിര്‍ പള്ളികളില്‍ ഖുത്ബ നടത്തുന്നതിന്റെ പേരില്‍ യാസീനെ അറസ്റ്റ്‌ചെയ്‌തെങ്കിലും ശരീരം തളര്‍ന്ന അദ്ദേഹത്തെ ജയിലില്‍ കൊണ്ടുപോകുന്നത് വിഷമമായതിനാല്‍ മേലില്‍ പള്ളിയില്‍ ക്ലാസ് നടത്തില്ലെന്ന് എഴുതിവാങ്ങി വീട്ടുതടങ്കലിലാക്കുകയാണുണ്ടായത്. പിന്നീട് മോചിതനായപ്പോള്‍ പൊതുജന സമ്മര്‍ദ്ദത്തിന് വഴങ്ങി വീണ്ടും തുടര്‍ന്ന ഖുതുബകളും ക്ലാസ്സുകളും  ഗസ്സയിലുടനീളം അദ്ദേഹത്തിന്ന് വലിയൊരു ശിഷ്യഗണം നേടിക്കൊടുത്തു.

1967-ലെ അറബ്-ഇസ്രാഈല്‍ യുദ്ധവും ഗസ്സയിലും വെസ്റ്റ്‌ബേങ്കിലുമുണ്ടായ അധിനിവേശവും ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അധിനിവേശത്തെ ശക്തമായി നേരിടാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരാവാനും സ്ത്രീകളുള്‍പ്പെടെ എല്ലാവരും ക്ലാസ്സുകളില്‍ പങ്കെടുക്കാനും യാസീന്‍ ആഹ്വാനം ചെയ്തുതുടങ്ങി. അന്നുവരെ അവിടെ പുരുഷന്മാര്‍ മാത്രമേ ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നുള്ളു. വിപ്ലവകരമായ ഈ തീരുമാനങ്ങള്‍ ഇസ്രാഈല്‍ അധീനതയിലായിരുന്ന ഗസ്സയിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ ശ്രദ്ധയില്‍പെട്ടതുമുതല്‍ അഹ്മദ് യാസീനെ മൊസ്സാദ് നിരീക്ഷിച്ചുതുടങ്ങി. നൂറുകണക്കിന് ഫലസ്തീനികള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി മാറുന്നതും സ്ത്രീകളും യുവാക്കളും  അദ്ദേഹത്തിന്റെ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതും അവര്‍ക്ക് വലിയ ഭീഷണിയായി. 1970-ല്‍ വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജോലി നഷ്ടപ്പെട്ടതോടെ അദ്ദേഹം ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്ന് കൂടുതല്‍ സമയം കണ്ടെത്തി. 1973-ല്‍ ഫലസ്തീനികളില്‍ വിമോചനാവേശം വളര്‍ത്താനും ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് മാര്‍ഗദര്‍ശനത്തിനുമായി ഗസ്സ, നബുലസ്, ഹിബ്രോന്‍, ജറൂസലം എന്നിവിടങ്ങളില്‍ ഇഖ്‌വാന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സൊസൈറ്റികള്‍ സ്ഥാപിച്ചുതുടങ്ങി.

ഇഖ്‌വാന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട യാസീന്‍ 1976-ല്‍ ഗസ്സയില്‍ ഫലസ്തീനികള്‍ക്കിടയില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ ക്ലാസുകളില്‍ ഹസനുല്‍ബന്നയുടേയും സയ്യിദ് ഖുത്ബിന്റേയും പ്രസംഗങ്ങളും രചനകളും സജീവ ചര്‍ച്ചാവിഷയമാക്കി. 1967-ലെ അധിനിവേശം ഇരുപത് വര്‍ഷം പിന്നിട്ടപ്പോള്‍ ഗസ്സയിലും വെസ്റ്റ്ബാങ്കിലും പള്ളികള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.

1982-ല്‍ ഏരിയല്‍ ഷാരോണ്‍ പ്രതിരോധമന്ത്രിയായതോടെ പി. എല്‍. ഒ. ക്കെതിരായി ശക്തമായ അടിച്ചമര്‍ത്തല്‍ ആരംഭിച്ചു. പി..എല്‍ .ഒ ആസ്ഥാനം തുനീഷ്യയിലേക്ക് മാറ്റപ്പെട്ടു. ഫതഹ് സന്നദ്ധപോരാളികള്‍ വിവിധ അറബ് നാടുകളിലേക്ക് ചിന്നിച്ചിതറിപ്പോയെങ്കിലും യാസീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗികമായി സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. പി.എല്‍. ഒ. യെ ചെറുക്കാനുള്ള മൊസാദിന്റെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഈ സൂത്രം. പക്ഷെ സെക്യുലരിസത്തില്‍ ഊന്നിയുള്ള പി.എല്‍. ഒ. യുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്രാഈലി അിധിനിവേശത്തിന്ന് പരിഹാരമാവില്ലെന്നും ഇസ്‌ലാമിക മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് അധിനിവേശത്തിനെതിരെ പടപൊരുതാന്‍ ഫലസ്തീന്‍ യുവാക്കളെ സജ്ജമാക്കുകയാണ് വേണ്ടതെന്നും യാസീന്‍ നിരീക്ഷിച്ചു. എങ്കിലും പി. എല്‍. ഒ. യോട് ഏറ്റുമുട്ടുന്ന ഒരുസമീപനവും അദ്ദേഹം സ്വീകരിച്ചില്ല.

ഇസ്രാഈലിനെതിരായ ചെറുത്തുനില്‍പ്പാണ് ഓരോ ഫലസ്തീനിയുടേയും കടമയെന്ന് അദ്ദേഹം അനുയായികളെ ഓര്‍മിപ്പിച്ചു. ജൂതന്മാരായതുകൊണ്ടല്ല നാം അവരോട് പോരാടുന്നത്. ഞങ്ങളെ ആക്രമിക്കുകയും, വധിക്കുകയും, ഭൂമിപിടിച്ചെടുക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തവരോടാണ് പോരാട്ടം. അവര്‍ ഞങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും പോലും വെറുതെവിട്ടില്ല. അവകാശങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. അനാവശ്യമായി ചോര ചിന്തപ്പെടുന്നത കടുത്ത അപരാധമായാണ് അത് കാണുന്നത്. എന്നാല്‍ അക്രമികള്‍ക്കും നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കുമെതിരെ പോരാടാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. ജന്മനാട്ടില്‍ അടിമകളായി കഴിയേണ്ടവരല്ല തങ്ങളെന്നും സയണിസ്റ്റുകളെ കെട്ടുകെട്ടിക്കാന്‍ ആവശ്യമായ കരുത്ത് ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഖുതുബകളില്‍ ആഹ്വാനം ചെയ്തു. ഇതിനായി ആയുധപരിശീലനം നേടാനും വിഭവസമാഹരണത്തിനും യാസീന്‍ ഉല്‍ബോധിപ്പിച്ചു. ഈ ലക്ഷ്യത്തോടെ 1982-ല്‍ മുജാഹിദുല്‍ ഫലസ്തീന്‍ എന്ന പേരില്‍ ഒരു സായുധസേനക്ക് രൂപം കൊടുത്തു. ഈ സംഘടനക്കുള്ളില്‍ നുഴഞ്ഞുകയറിയ രഹസ്യാന്വേഷണവകുപ്പ് ആയുധങ്ങളും രേഖകളും പിടിച്ചെടുത്ത് യാസീനെയും ഭാരവാഹകളേയും അറസ്റ്റ്‌ചെയ്തു.

1985-ല്‍ ജയില്‍ മോചിതനായശേഷം സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമെ സായുധ നീക്കങ്ങള്‍ക്കും മറ്റും ഇറങ്ങാവൂ എന്ന തീരുമാനത്തോടെ ഇസ്രായീലിനെതിരെ ഇന്‍തിഫാദ എന്ന ആശയം അംഗീകരിച്ച് ഹമാസ് പ്രവര്‍ത്തനം തുടര്‍ന്നു. ഇന്‍തിഫാദയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഹമാസ് കൈകാര്യം ചെയ്തപ്പോള്‍ സൈനിക വിഭാഗത്തെ യാസീന്‍ നിയന്ത്രിച്ചു. 1989 ഫെബ്രുവരിയിലും, മേയിയിലും രണ്ട് ഇസ്രാഈലി സൈനികോദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തില്‍  യാസീനെയും 1500-ല്‍ പരം പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുകയുണ്ടായി.

കസ്റ്റഡിയില്‍ രാവും പകലും മണിക്കൂറുകളോളം യാസീനെ ചോദ്യം ചെയ്ത് പീഡിപ്പിക്കുക മാത്രമല്ല പതിനാറുകാരനായ അദ്ദേഹത്തിന്റെ പുത്രനെ കണ്‍മുമ്പില്‍ വെച്ച് ഭീകരമായി മര്‍ദ്ദിച്ചവശനാക്കുകയുമുണ്ടായി. ശൈഖിന്റെ പ്രസ്താവനകളില്‍ മിതത്വം കാണുന്നുണ്ടെന്നും യാസര്‍ അറഫാത്തുമായി ഇപ്പോള്‍ അകല്‍ച്ച കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നേരെ നില്‍ക്കാന്‍ പോലും വയ്യാതെ തളര്‍ന്നവശനായ യാസീനെ മോചിപ്പിക്കുന്നത് ഹമാസിന്റെ കടുത്ത നിലപാടില്‍ മാറ്റമുണ്ടാക്കുമെന്നും രഹസ്യാന്വേഷണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശൈഖ് യാസീന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഹമാസ് നേതാക്കള്‍ സജീവമാക്കിക്കൊണ്ടിരിക്കെ  യുവനേതാക്കളില്‍ പ്രമുഖനായ ഖാലിദ് മിശ്അലിനുനേരെ  ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ഇസ്രായീലി ചാരസംഘടന ഒരു വധശ്രമം നടത്തുകയുണ്ടായി.

വധശ്രമം പരാജയപ്പെടുകയും ഒറിജിനല്‍ കനേഡിയന്‍ പാസ്‌പോര്‍ട്ടുപയോഗിച്ച് ടൂറിസ്റ്റുകളെന്ന വ്യാജേന എത്തിയ മൊസ്സാദ് ഏജന്റുമാര്‍ പോലീസിന്റെ പിടിയില്‍ പെടുകയും ചെയ്തതോടെ കാര്യം കൂടുതല്‍ വഷളായി. മാത്രമല്ല പ്രസിഡന്റ് ക്ലിന്റന്റെ നേതൃത്വത്തില്‍ ഒരു സമാധാനക്കരാര്‍ നിലനില്‍ക്കുന്ന ജോര്‍ഡാനിനകത്തുവെച്ച് ഇസ്രാഈല്‍ ചെയ്ത ഈ അതിക്രമം ജോര്‍ഡാനെ രോഷാകുലരാക്കുകയും, കനഡയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുകയും കൂടാതെ അമേരിക്കയുടെ കഠിനമായ അപ്രീതിക്ക് കാരണമാവുകയും ചെയ്തു. ഖാലിദ് മിശ്അലിന്റെ ദേഹത്ത് ചാരന്മാര്‍ സ്‌പ്രേചെയ്ത മാരക വിഷത്തിനുള്ള മറുമരുന്ന് 48 മണിക്കൂറിനകം എത്തിക്കുകയും ഈ നീചകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പുപറഞ്ഞ് പ്രായശ്ചിത്തമായി ഇസ്രാഈലി തടവില്‍ കഴിയുന്ന ഹമാസിന്റെ പരമോന്നത നേതാവ് ശൈഖ് അഹ്മദ് യാസീനെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇസ്രാഈലി ചാരന്മാരെ ലോക വാര്‍ത്താ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി വിചാരണചെയ്ത് തൂക്കിലേറ്റുമെന്നുള്ള ഹുസ്സൈന്‍ രാജാവിന്റ കടുത്ത താക്കീത് ഇസ്രാഈലി പ്രധാനമന്ത്രി നെതന്യാഹുവിനെ ഞെട്ടിച്ചു. വഴങ്ങാന്‍ മടിച്ചുനിന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ കുതന്ത്രങ്ങളെല്ലാം പരാജയപ്പെട്ടു. അവസാനം ബില്‍ ക്ലിന്റനും കയ്യൊഴിഞ്ഞതോടെ ഇസ്രഈല്‍ മുട്ടുകുത്തി.

1997 സെപ്തമ്പര്‍ 30-ാം തിയതി രാത്രി രണ്ടുമണിക്ക് ശൈഖ് യാസീനെയും സഹപ്രവര്‍ത്തകനെയും വഹിച്ചുള്ള ജോര്‍ഡാനിയന്‍ സൈനിക ഹെലികോപ്റ്റര്‍ ഗസ്സയിലെ ജയിലില്‍ നിന്ന് അമ്മാനിലെ അല്‍ഹുസൈന്‍ മെഡിക്കല്‍ സെന്റര്‍ ലക്ഷ്യമിട്ട് പറന്നുയര്‍ന്നു. ഹെലിപാഡില്‍ ഹുസൈന്‍ രാജാവും, പ്രധാനമന്ത്രി അബ്ദുസ്സലാം അല്‍മജാലിയും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പ്രഗല്‍ഭ ഡാക്ടര്‍മാരും, ഹമാസ് പ്രതിനിധികളും ശൈഖ് യാസീനെ വരവേറ്റു. എട്ടു വര്‍ഷം ഇസ്രാഈലി തടവറയില്‍ കഴിഞ്ഞിട്ടും ശാരീരിക അസ്വസ്ഥതകള്‍ മാത്രമായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പ്രസംഗിക്കുമ്പോള്‍ യാസര്‍ അറഫാത്തിനെ  ഹമാസിന്റെ സൈനികവിഭാഗത്തെ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 1998-ല്‍ അറഫാത്തിന്റെ ഫലസ്തീന്‍ സേന ശൈഖ് യാസീനെ വീട്ടുതടങ്കലിലാക്കി. പിന്നീട് മോചിതനായ ശേഷം 1999-ല്‍ അദ്ദേഹം സഊദി അറേബ്യ, കുവൈത്ത്, ഇറാന്‍, യമന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തുകയുണ്ടായി. ഇറാന്റെ ഇസ്‌ലാമിക വിപ്ലവബോധം യാസീനെ അതിയായി ആകര്‍ഷിച്ചു.

താലിബാന്റെ ചെയ്തികള്‍ ഇസ്‌ലാമിന്ന് വലിയദോഷമുണ്ടാക്കുമെന്ന് താക്കീത് നല്‍കിയ യാസീന്‍ അവരുമായി ഹമാസിന്ന് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
”സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കും, അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുമായി പോരാടുന്ന ഏത് സംഘടനയേയും ഞങ്ങള്‍ പിന്തുണക്കും. എന്നാല്‍ അത്തരം പ്രസ്ഥാനങ്ങളുമായി ഒരു സഖ്യവുമുണ്ടാകില്ല. ഇസ്രാഈലുമായുള്ള പോരാട്ടം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിലെ സമരങ്ങളില്‍ ഇടപെടല്‍ ഞങ്ങളുടെ ലക്ഷ്യമല്ല.” അല്‍ഖാഇദയുമായി ഹമാസിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പ്രതികരിച്ചു.

ഫലസ്തീനിലെ ഇന്‍തിഫാദ എന്ന ചെറുത്തു നില്‍പ് സമരത്തിന്റെ സൂത്രധാരന്‍ എന്ന് ആരോപിക്കപ്പെടുന്ന യാസീനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ എന്ന ചര്‍ച്ച പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ മാസങ്ങളായി നടന്നു വരികയായിരുന്നു. ഒടുവില്‍ അവര്‍ ശൈഖ് അഹ്മദ് യാസീനെ വധിക്കാന്‍തന്നെ തീരുമാനിച്ചു.  2004 മാര്‍ച്ച് 22 തിങ്കളാഴ്ച പുലര്‍ച്ചെ 4.30-ന് പൈലറ്റില്ലാത്ത ഒരു ചെറു വിമാനം  ശൈഖ് യാസീന്‍ പള്ളിയിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ ആകാശത്തുനിന്ന് സൈനിക കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുകൊണ്ടിരുന്നു. ഉടന്‍ അവര്‍ ഒരു അപാച്ചി ഹെലികോപ്റ്റര്‍ പള്ളിക്കുനേരെ അയച്ചു. യാസീന്‍ പള്ളിയില്‍നിന്ന് ഇറങ്ങിയതോടെ കോപ്റ്ററില്‍ നിന്ന് മൂന്ന് മിസ്സൈലുകള്‍ അദ്ദേഹത്തിന്റെ നേരെ തൊടുത്തുവിടുകയും ശൈഖ് യാസീനും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും അംഗരക്ഷകനും ഉള്‍പ്പെടെ എട്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ രക്തസാക്ഷികളാവുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹമാസിന്റെ സ്ഥാപകനും ബുദ്ധികേന്ദ്രവുമായിരുന്ന ശൈഖിന്റെ ജീവിതാഭിലാഷമായിരുന്നു പിറന്ന മണ്ണിനുവേണ്ടിയുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയാവുകയെന്നത്. സുബ്ഹി നമസ്‌കാരാനന്തരം 200 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ഇസ്രാഈലി മിസ്സൈലുകള്‍ അദ്ദേഹത്തിന്റെ അഭിലാഷം പൂര്‍ത്തീകരിച്ചുകൊടുത്തു. ശരീരം തളര്‍ന്ന ഭാഗികമായി  അന്ധത ബാധിച്ച ഒരു മത പണ്ഡിതനെ അതും പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇങ്ങിനെ വധിച്ചത് നിഷ്ഠുരമായിപ്പോയെന്ന് മനസ്സാക്ഷിയുള്ളവര്‍ പ്രതികരിച്ചു.

1967 മുതല്‍ യു. എന്‍. രക്ഷാസമിതി  ഇസ്രയേലിനെതിരെ പരിഗണിച്ച പ്രമേയങ്ങളില്‍ 35 എണ്ണം വിറ്റോചെയ്ത അമേരിക്കയുടെ ജൂതപ്രേമം പരസ്യമാണ്. യാസീന്‍ വധത്തെ അപലപിക്കുന്നതിന് രക്ഷാസമിതിയിലെ ഏക അറബ് പ്രതിനിധി അല്‍ജീരിയ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക വിറ്റോ ചെയ്തു. ജനീവ ആസ്ഥാനമായ യു. എന്‍. മനുഷ്യാവകാശ കമ്മീഷന്‍ രണ്ടിനെതിരെ 31 വോട്ടുകളോടെ പ്രമേയം പാസ്സാക്കിയെങ്കിലു യൂറോപ്യന്‍ യൂനിയനിലേതുള്‍പ്പെടെ 18 രാഷ്ട്രങ്ങള്‍ വിട്ടുനില്‍ക്കുകയാണ് ചെയ്തത്.

1983-ലാണ് സയണിസ്റ്റ് ഭരണകൂടം  ശൈഖ് അഹ്മദ് യാസീനെ ആദ്യമായി അറസ്റ്റ്‌ചെയ്ത് ജയിലിലാക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം അവര്‍  മോചിപ്പിച്ചെങ്കിലും 1989-ല്‍ വീണ്ടും അറസ്റ്റ്‌ചെയ്ത് ജീവപര്യന്തം തടവിന് ശീക്ഷിച്ചു  അത് ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടിത്താന്‍് കാരണമായി. രണ്ട് ഇസ്രായിലി ഭീകരരുടെ മോചനത്തിനായി ജോര്‍ഡാന്‍ നടത്തിയ വിലപേശലിലൂടെ 1997-ല്‍ യാസീനെ വിട്ടയക്കേണ്ടിവന്നു. ഇസ്ലാമിക ലോകത്തെ ചെറുത്തുനില്‍പിന്റെ പ്രതീകമായ യാസീന്റെ മരണത്തിന് അറബ് ഭരണകൂടങ്ങളും  കണക്കുപറയേണ്ടതുണ്ടെന്ന ഇഖ്‌വാന്‍ നേതാവ് മഹ്ദി ആകിഫിന്റെ പ്രസ്താവന ഏറെ പ്രസക്തമാണ്. അല്‍ അഖ്‌സാ പള്ളി സന്ദര്‍ശിക്കാനെത്തിയ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി അഹ്മദ് മാഹിറിനെ ചെരുപ്പ് മാലകൊണ്ട് അഭിഷേകം ചെയ്ത രോഷാകുലരായ ഫലസ്തീനികളുടെ നടപടിയോട് പ്രതികരിക്കവെ ”ചെരിപ്പുകള്‍ക്ക് അഭിവാദ്യങ്ങള്‍” എന്നാണ് ലണ്ടനിലെ അല്‍ ഖുദ്‌സ് ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ അബ്ദുല്‍ബാരി അത്‌വാന്‍ എഴുതിയത്.

മൊസാദിന്റെ വധശ്രമങ്ങളില്‍നിന്ന് ഒന്നിലേറെ തവണ രക്ഷപ്പെട്ട നസറുല്ല വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴിയാണ് ഹിസ്ബുല്ലയുടെ വന്‍ പൊതുയോഗങ്ങളെ അഭിസംബോധനചെയ്യാറുള്ളത്.  ഖാലിദ് മിശ്അല്‍ ഉള്‍പ്പെടെ ഹമാസിന്റെ മുന്‍നിര നേതാക്കളാവട്ടെ ഇപ്പോഴും ഇസ്രായേലിന്റെ ചാരക്കണ്ണുകളില്‍ പെടാതിരുക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുപോരുന്നു. ഗസ്സയില്‍ ശൈഖ് അഹ്മദ് യാസീന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ടു ലക്ഷത്തിലേറെ പലസ്തീനികളാണ് അദ്ദേഹത്തിന്റെ ജനാസയെ അനുഗമിച്ചത്.

Related Articles